29 Friday
March 2024
2024 March 29
1445 Ramadân 19

ആരാണ് യഥാര്‍ഥ മുഅ്മിന്‍?

എം ടി അബ്ദുല്‍ഗഫൂര്‍


ഫദാലത്ബ്‌നു ഉബൈദ്(റ) പറയുന്നു: ഹജ്ജത്തുല്‍ വദാഇന്റെ വേളയില്‍ നബി(സ) പറഞ്ഞു: സത്യവിശ്വാസി ആരാണെന്ന് നിങ്ങള്‍ക്ക് ഞാന്‍ അറിയിച്ചുതരട്ടെയോ? ജനങ്ങള്‍ അവരുടെ സ്വത്തിലും ശരീരത്തിലും ആരില്‍ നിന്ന് നിര്‍ഭയരാവുന്നുവോ അവനാണ് യഥാര്‍ഥ മുഅ്മിന്‍. മറ്റുള്ളവര്‍ തന്റെ നാവില്‍നിന്നും കൈയില്‍നിന്നും സുരക്ഷിതമാവുമ്പോഴാണ് ഒരാള്‍ യഥാര്‍ഥ മുസ്‌ലിമാവുന്നത്. അല്ലാഹുവിനെ അനുസരിക്കുന്ന വിഷയത്തില്‍ മനസ്സിനെ പാകപ്പെടുത്താന്‍ ത്യാഗപരിശ്രമം ചെയ്യുന്നവനാണ് മുജാഹിദ്. തെറ്റുകളും കുറ്റങ്ങളും വെടിയുന്നവനാണ് യഥാര്‍ഥ മുഹാജിര്‍. (അഹ്മദ്)

ഈമാനും ഇസ്്‌ലാമും ജിഹാദും ഹിജ്‌റയും എന്താണെന്ന് സംക്ഷിപ്തമായി വിവരിക്കുന്ന ഒരു നബിവചനമാണിത്. തന്റെ പ്രബോധന കാലയളവില്‍ പറയുകയും പ്രാവര്‍ത്തികമാക്കി മാതൃക കാണിച്ചതുമായ കാര്യങ്ങളുടെ ആകെത്തുകയാണ് വിടവാങ്ങല്‍ പ്രസംഗത്തിന്റെ വേളയില്‍ നബി(സ) വ്യക്തമാക്കുന്നത്. വിശ്വാസരംഗത്ത് തനിക്കും കര്‍മരംഗത്ത് മറ്റുള്ളവര്‍ക്കും നിര്‍ഭയത്വം ലഭിക്കുക എന്നത് ഒരാളുടെ ഈമാനിന്റെ ലക്ഷണമാകുന്നു. ഹൃദയത്തിലേക്ക് ഈമാന്‍ കടന്നുചെന്നിട്ടുള്ള ഒരു വ്യക്തിയില്‍ നിന്നും മറ്റുള്ളവര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നത് വിശ്വസ്തതയുടെ സംരക്ഷണവും ഇടപാടുകളിലെ സത്യസന്ധതയുമായിരിക്കും. അവര്‍ക്കാണ് മറ്റുള്ളവരെ ഉപദ്രവിക്കുന്നതില്‍ നിന്നും അവരുടെ സമ്പത്ത് അപഹരിക്കുന്നതില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിയുക.
ഇസ്്‌ലാമിന്റെ പൂര്‍ണത വാക്കിലും പ്രവൃത്തിയിലുമാണ് പ്രകടമാവേണ്ടത്. തന്റെ നാവുകൊണ്ടോ കൈ കൊണ്ടോ ഉപദ്രവകരമായ യാതൊന്നും മറ്റാരും അനുഭവിക്കേണ്ടി വരാതിരിക്കുമ്പോഴാണ് ഒരാള്‍ യഥാര്‍ഥ മുസ്‌ലിമാവുന്നത്. അന്യരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനോ അവരുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കാനോ നാം തുനിയുമ്പോള്‍ അത് നമ്മുടെ ഇസ്്‌ലാമിനെയാണ് കളങ്കപ്പെടുത്തുന്നത്.
അലസതയിലേക്കും അനാവശ്യങ്ങളിലേക്കും മനസ്സ് ചായുക എന്നത് സ്വാഭാവികമത്രെ. അത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷമ അവലംബിക്കുന്നതിനും അല്ലാഹുവിന്റെ കല്പനകള്‍ അനു സരിക്കുന്നതില്‍ ഉറച്ചുനില്‍ക്കാന്‍ മനസ്സിനെ പാകപ്പെടുത്തുന്നതിനുമുള്ള ത്യാഗപൂര്‍ണമായ പരിശ്രമമാണ് ജിഹാദ് എന്ന് ഈ തിരുവചനം നമ്മെ പഠിപ്പിക്കുന്നു. ശ്രേഷ്ഠമായ ജിഹാദ് സ്വന്തം മനസ്സിനോടും ദേഹേച്ഛകളോടുമുള്ള ജിഹാദാണെന്ന നബിവചനം ശ്രദ്ധേയമത്രെ. നാടും വീടും കൂട്ടുകുടുംബവും വിട്ട് പലായനം ചെയ്യുകയെന്നത് ഏറെ ശ്രമകരമായ പ്രവൃത്തിയാണ്. കുറ്റകൃത്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നത് അതിലേറെ ശ്രമകരമായ പുണ്യകര്‍മവുമത്രെ. മനസ്സാന്നിധ്യം കൊണ്ടേ വിശ്വാസിക്ക് അത് നേടിയെടുക്കുവാന്‍ സാധിക്കുകയുള്ളൂ. തെറ്റുകുറ്റങ്ങളെ വെടിയുക എന്നത് മനസ്സിന്റെ ഒരു പലായനമാണ്. അല്ലാഹുവല്ലാത്തവരുടെ സ്‌നേഹത്തില്‍ നിന്ന് അല്ലാഹുവിന്റെ സ്‌നേഹത്തിലേക്കുള്ള പലായനം. അതാണ് ഹിജ്‌റയുടെ കാതല്‍ എന്ന് ഈ നബിവചനം പഠിപ്പിക്കുന്നു.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x