18 Saturday
October 2025
2025 October 18
1447 Rabie Al-Âkher 25

ആരാണ് പരമ ഭക്തന്‍?

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി


പരമഭക്തന്‍ നരകത്തില്‍ നിന്ന് അകറ്റപ്പെടും, ആത്മ വിശുദ്ധി നേടാനായി ധനം നല്‍കുന്നവനാണ് അവന്‍. (ലൈല്‍: 17-18 )

മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുടെ അന്ത്യം രക്ഷയോ ശിക്ഷയോ ആയിരിക്കും. ആത്യന്തികമായ കണക്കെടുപ്പ് മരണാനന്തര ജീവിതത്തിലാണെങ്കിലും ഈ ലോകത്തും അതിന്റെ പ്രതിഫലനങ്ങള്‍ അനുഭവിക്കാന്‍ കഴിയും. പൂര്‍ണാര്‍ഥത്തില്‍ സൗഭാഗ്യം നേടുന്ന വ്യക്തിയെയാണ് ഈ വചനങ്ങള്‍ അടയാളപ്പെടുത്തുന്നത്. ഈമാനിന്റെയും ഇസ്‌ലാമിന്റെയും നല്ല ഉല്‍പന്നമാണ് തഖ്‌വ. ആ യോഗ്യതയുള്ള വരെ തഖിയ്യ്, മുത്തഖി എന്നെല്ലാമാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്.
അതിന്റെയും മുകളിലാണ് ഈ ആയത്തില്‍ വന്നിരിക്കുന്ന ‘അത്ഖാ’ നിലകൊള്ളുന്നത്. വിശ്വാസം, ദൈവഭയം, സൂക്ഷ്മത, ആത്മനിയന്ത്രണം, സംസ്‌കരണം എന്നിവ ആര്‍ജിക്കുകയും അവയെ കൃത്യമായി പരിചരിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ അത്ഖാ എന്ന ശ്രേഷ്ഠതയിലെത്താന്‍ കഴിയുകയുള്ളൂ. തഖിയ്യ്, മുത്തഖി എന്നിവ നിരവധി സന്ദര്‍ഭങ്ങളില്‍ ഖുര്‍ആനില്‍ കാണാം. എന്നാല്‍ ഈ പദപ്രയോഗം രണ്ട് സന്ദര്‍ഭങ്ങളില്‍ മാത്രമാണുള്ളത്.
ഭക്തിയുടെ തിളക്കത്തില്‍ മാത്രം കൈവരിക്കാവുന്ന മാനസികാവസ്ഥയാണ് രണ്ട് സന്ദര്‍ഭങ്ങളും സൂചിപ്പിക്കുന്നത്. ഹുജുറാത്ത് അധ്യായത്തിലാണ് മറ്റൊന്ന്. ‘ജനങ്ങളേ, നിങ്ങളെ ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് നാം സൃഷ്ടിച്ചിരിക്കുന്നത്. നിങ്ങളെ ഗോത്രങ്ങളും വിഭാഗങ്ങളുമാക്കിയിരിക്കുന്നത് പരസ്പരം മനസ്സിലാക്കാനാണ്. അല്ലാഹുവിങ്കല്‍ ഏറെ ആദരിക്കപ്പെടുന്നവന്‍ നിങ്ങളിലെ പരമഭക്തനാകുന്നു'(49:13).
ഈ രണ്ട് സന്ദര്‍ഭങ്ങളിലും ഉപയോഗിച്ച അത്ഖാ സവി ശേഷമായ അര്‍ഥ കല്‍പനയിലാണ് ഉള്ളത്. മനസ്സിന്റെ ഉദാരതയും സാമ്പത്തിക ഉദാരതയുമാണ് ഇവ അനാവരണം ചെയ്യുന്നത്.
ജാതി-മത-വര്‍ണ-വര്‍ഗ ചിന്തകള്‍ക്കതീതമായി മനുഷ്യനെ കാണാന്‍ വിശാലമായ മനസ്സ് വേണം. അപ്പോള്‍ ഉണ്ടാകുന്ന സമീപനങ്ങള്‍ ഉദാരമായിരിക്കും. അപര വിദ്വേഷം, വെറുപ്പ്, അസഹിഷ്ണുത ഇവയെല്ലാം മനസ്സിനെ കുടുസ്സാക്കുന്നു. ഈ മനസ്സില്‍ നിന്ന് ഉദാര സമീപനം പുറത്തുവരില്ല. മറ്റുള്ളവരെ കുറിച്ചുള്ള നല്ല കാര്യങ്ങള്‍ക്ക് ധനം നല്‍കാനും ഉദാരമായ മനസ്സാണ് വേണ്ടത്. പണം എപ്പോഴും വേണ്ടത്ര നല്‍കാനില്ലെങ്കിലും പ്രാര്‍ഥനയിലൂടെ ആവശ്യക്കാരെ ചേര്‍ത്തുപിടിക്കാന്‍ ഈ മനസ്സാണ് വേണ്ടത്. ആത്മവിശുദ്ധിക്കായി ധനം മറ്റുള്ളവര്‍ക്ക് നല്‍കുമ്പോള്‍ പണത്തിന്റെ മൂല്യവും വര്‍ധിക്കുന്നു. നമ്മുടെ കൈകളിലുള്ള പണം നമുക്ക് ഉപകരിക്കുന്നതിനേക്കാള്‍ കൂടുതല്‍ മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്ന സന്ദര്‍ഭങ്ങളുമുണ്ടായിരിക്കും. ധനത്തിന്റെ ദുര്‍വിനിയോഗം തടയാനും ഇത് സഹായിക്കും.
അത്ഖാ എന്ന പ്രയോഗം രണ്ടിടത്തും മറ്റു മനുഷ്യര്‍ക്ക് നമ്മില്‍ നിന്ന് ലഭിക്കുന്ന ഉപകാരവും പുണ്യവുമാണ് വ്യക്തമാക്കുന്നത്. നമസ്‌കാരം, നോമ്പ്, ഹജ്ജ്, ഉംറ ഇവയെല്ലാം അത്യുല്‍കൃഷ്ട ആരാധനകള്‍ തന്നെ. പക്ഷേ, അവയൊന്നും മറ്റുള്ളവരിലേക്ക് നമ്മെ കണ്ണി ചേര്‍ക്കുന്നില്ല. അല്ലാഹുവിലേക്ക് നമ്മെ അടുപ്പിക്കാന്‍ ഈ ആരാധനകള്‍ അനിവാര്യവുമാണ്. 92:18-ലെ സാമ്പത്തിക ഉദാരതയും 49:13-ലെ ഉദാര സ്വഭാവ സമീപനങ്ങളുമാണ് ഒരേ സമയം അല്ലാഹുവിലേക്കും മനുഷ്യരിലേക്കും നമ്മെ അടുപ്പിക്കുന്നത്. ആദ്യം പറഞ്ഞ ആരാധനകളിലൂടെ നമുക്ക് മുത്തഖിയാകാം; ‘അത്ഖ’യാവാന്‍ കീശയും മനസ്സും എപ്പോഴും ഉദാരമായി നില്‍ക്കണം.

Back to Top