ആരാണ് ഔലിയാക്കള്‍?
പി കെ മൊയ്തീന്‍ സുല്ലമി
അല്ലാഹുവിന്റെ ഇഷ്ടത്തിനും സ്‌നേഹത്തിനും വിധേയരായ സത്യവിശ്വാസികള്‍ക്കാണ് ഔലിയാക്കള്‍ എന്നു പറയുന്നത്. വലിയ്യ് എന്ന പദത്തിന് വ്യത്യസ്ത അര്‍ഥങ്ങളുണ്ടെങ്കിലും അല്ലാഹുവിന്റെ വലിയ്യെന്നു പറയുമ്പോള്‍ അല്ലാഹുവിന് ഇഷ്ടപ്പെട്ട വ്യക്തി എന്നാണ് ഉദ്ദേശ്യം. വലിയ്യ് എന്ന പദത്തിന്റെ ബഹുവചനമാണ് ഔലിയാഅ്. വലിയ്യ് എന്ന പദം വലായത്ത് (സ്‌നേഹിതനാവുക) എന്നതില്‍ നിന്ന് നിഷ്പന്നമായതാണ്.
അല്ലാഹുവിന്റെ ഔലിയാക്കള്‍ ആരാണെന്നത് അല്ലാഹുവിനു മാത്രമേ അറിയൂ. ഒരു വ്യക്തിയുടെ രഹസ്യവും പരസ്യവും അല്ലാഹുവിന് മാത്രമേ അറിയാനാവൂ. സത്യവിശ്വാസികളെയും കപടന്മാരെയും നബി(സ)ക്കു പോലും തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ”നിങ്ങളുടെ ചുറ്റുമുള്ള അറബികളിലും കപടവിശ്വാസികളുണ്ട്. മദീനക്കാരുടെ കൂട്ടത്തിലുമുണ്ട്. കാപട്യത്തില്‍ അവര്‍ കടുത്തുപോയിരിക്കുന്നു. താങ്കള്‍ക്ക് അവരെ അറിയില്ല. നമുക്ക് അവരെ അറിയാം” (തൗബ 101).
അല്ലാഹുവിന്റെ ഔലിയാക്കള്‍ ദീനീചിട്ടകളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നവരായിരിക്കും. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരും അക്കാര്യം വിശദീകരിച്ചു തന്നിട്ടുണ്ട്. ഒരു വ്യക്തി എത്രത്തോളം സത്കര്‍മങ്ങള്‍ ചെയ്യുന്നുവോ അത്രത്തോളം അവന്‍ അല്ലാഹുവിലേക്ക് അടുക്കുമെന്നാണ് ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്നത്. ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കാനുള്ള മാര്‍ഗം തേടുകയും അവന്റെ മാര്‍ഗത്തില്‍ സമരത്തിലേര്‍പ്പെടുകയും ചെയ്യുക. നിങ്ങള്‍ക്ക് (അതുമൂലം) വിജയം കരസ്ഥമാക്കാം” (മാഇദ 35).
ഇവ്വിഷയകമായി വന്ന ദീര്‍ഘമായ ഹദീസിന്റെ ചുരുക്കം ഇപ്രകാരമാണ്: എന്റെ ഒരു ദാസന്‍ സുന്നത്തായ കര്‍മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് എന്നിലേക്ക് അടുത്തുകൊണ്ടേയിരിക്കും. അങ്ങനെ ഞാന്‍ (അല്ലാഹു) അവനെ ഇഷ്ടപ്പെടും. അവനെ ഇഷ്ടപ്പെട്ടുകഴിഞ്ഞാല്‍ ഞാന്‍ അവന്‍ കേള്‍ക്കുന്ന കാതും അവന്‍ കാണുന്ന കണ്ണും അവന്‍ പിടിക്കുന്ന കൈയും അവന്‍ നടക്കുന്ന കാലുമായിത്തീരുന്നതാണ്. അവന്‍ എന്നോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവനു നാം നല്‍കുന്നതുമാണ്. അവന്‍ എന്നോട് ശരണം തേടുന്നപക്ഷം തീര്‍ച്ചയായും ഞാന്‍ അവനു ശരണം നല്‍കുന്നതാണ്” (ബുഖാരി 6502).
യാഥാസ്ഥിതിക പണ്ഡിതന്മാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ദുര്‍വ്യാഖ്യാനം നടത്തുകയും ചെയ്യുന്ന ഒരു ഹദീസാണിത്. ‘ഞാന്‍ അവനെ ഇഷ്ടപ്പെട്ടാല്‍, ഞാന്‍ അവന്‍ കേള്‍ക്കുന്ന കാതും കാണുന്ന കണ്ണും പിടിക്കുന്ന കൈയും നടക്കുന്ന കാലുമായിത്തീരുന്നതാണ്’ എന്നതിനെ അവര്‍ വ്യാഖ്യാനിക്കാറുള്ളത് ഔലിയാക്കന്മാര്‍ക്ക് അല്ലാഹുവിന്റെ കേള്‍വിശക്തിയും കാഴ്ചശക്തിയും ലഭിക്കുമെന്നാണ്.
ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നു ഹജര്‍(റ) രേഖപ്പെടുത്തുന്നു: ”ഞാന്‍ അവന്‍ കേള്‍ക്കുന്ന കാതായിത്തീരും എന്നു പറഞ്ഞാല്‍ ഞാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളല്ലാതെ അവന്‍ അവന്റെ ചെവി കൊണ്ട് കേള്‍ക്കുകയില്ല എന്നാണ്. ഞാന്‍ അവന്‍ കാണുന്ന കണ്ണായിത്തീരും എന്നു പറഞ്ഞാല്‍ ഞാന്‍ കല്‍പിച്ചതിലേക്കല്ലാതെ അവന്‍ നോക്കുകയില്ലയെന്നുമാണ്. ഞാന്‍ അവന്റെ അവയവങ്ങള്‍ക്ക് (തെറ്റുകളില്‍ നിന്നു) സംരക്ഷണം നല്‍കുമെന്നുമാണ്.”
ഇമാം ത്വൂഫി പറയുന്നു: ”ഈ ഹദീസിന് വ്യാഖ്യാനം നല്‍കപ്പെട്ടിട്ടുള്ളത് ലക്ഷണാലങ്കാരപ്രകാരവും മറുനാമപ്രകാരവുമാണ്. എന്നാല്‍ അദ്വൈതവാദികള്‍ ഇത് യാഥാര്‍ഥ്യമാണെന്ന് വാദിച്ചിരിക്കുന്നു” (ഫത്ഹുല്‍ബാരി 14:528). മേല്‍പറഞ്ഞ ഹദീസില്‍ നിന്നു നമുക്ക് മനസ്സിലാക്കാവുന്ന ഒരു കാര്യം ‘തെറ്റുകളില്‍ നിന്നുള്ള ആത്മീയമായ സംരക്ഷണവും കറാമത്തിന്റെ ഒരു ഭാഗം തന്നെയാണ്’ എന്നതാണ്.
എന്താണ് കറാമത്ത്
അല്ലാഹുവിന്റെ ഒരു ദാസന്‍ വിഷമിക്കുമ്പോഴോ അവന്റെ പ്രാര്‍ഥനയുടെ ഫലമായോ അല്ലാഹു സാന്ദര്‍ഭികമായി നല്‍കുന്ന സഹായമാണ് കറാമത്ത്. അത് പരീക്ഷണമെന്ന നിലയ്ക്കും അല്ലാഹു നല്‍കിയേക്കാം. സ്വാലിഹായ ഒരു അടിമ ഉദ്ദേശിക്കുമ്പോഴെല്ലാം അവന് കറാമത്ത് വെളിപ്പെടുത്താന്‍ സാധ്യമല്ല. മുഅ്ജിസത്തുകള്‍ പോലെ അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ മാത്രമേ അത് വെളിപ്പെടുത്താന്‍ കഴിയൂ. കറാമത്തിന്റെ നിര്‍വചനം ഇപ്രകാരമാണ്: ”അല്ലാഹുവിന്റെ സദ്‌വൃത്തനായ ജീവിച്ചിരിക്കുന്ന ഒരു അടിമയുടെ കൈയാല്‍ അല്ലാഹു വെളിപ്പെടുത്തുന്ന അസാധാരണ സംഭവത്തിനാണ് കറാമത്ത് എന്നു പറയുന്നത്” (മജല്ലതുല്‍ ബുഹൂസില്‍ ഇസ്‌ലാമിയ്യ, പേജ് 157).
മര്‍യമിന്റെ(അ) സംഭവങ്ങള്‍ അതാണ് പഠിപ്പിക്കുന്നത്. ”മിഹ്‌റാബില്‍ (പ്രാര്‍ഥനാ വേദിയില്‍) സകരിയ്യ(അ) കടന്നുചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത് എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മര്‍യമേ, നിനക്ക് എവിടെ നിന്നാണ് ഇത് ലഭിച്ചത്? അവള്‍ മറുപടി പറഞ്ഞു: അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്നതാകുന്നു. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്കു നോക്കാതെ നല്‍കുന്നു” (ആലുഇംറാന്‍ 37).
മര്‍യമിന്റെ(അ) മറ്റൊരു സംഭവം: ”അവള്‍ പറഞ്ഞു: (പരിഹാസം കാരണം) ഞാന്‍ ഇതിനു മുമ്പുതന്നെ മരിക്കുകയും പാടേ വിസ്മരിച്ചു തള്ളപ്പെട്ടവളാവുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായേനെ! ഉടനെ അവളുടെ താഴ്ഭാഗത്തു നിന്ന് ഒരാള്‍ വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട. നിന്റെ രക്ഷിതാവ് നിന്റെ താഴ്ഭാഗത്ത് ഒരു അരുവി ഉണ്ടാക്കിത്തന്നിരിക്കുന്നു. നീ നിന്റെ ഈത്തപ്പനമരം നിന്റെ അടുക്കലേക്ക് പിടിച്ചുകുലുക്കിക്കൊള്ളുക. അത് നിനക്ക് പാകമായ ഈത്തപ്പഴം വീഴ്ത്തിത്തരുന്നതാണ്. അങ്ങനെ അത് നീ തിന്നുകയും കുടിക്കുകയും കണ്ണുകളുണര്‍ത്തി ഇരിക്കുകയും ചെയ്യുക” (മര്‍യം 23-26).
മേല്‍ സംഭവങ്ങളില്‍ നിന്ന് ‘കറാമത്ത്’ അല്ലാഹു അവന്‍ ഉദ്ദേശിക്കുമ്പോള്‍ നല്‍കുന്ന സഹായമാണെന്ന് ബോധ്യപ്പെടും. ഇവിടെ തടാകവും ഈത്തപ്പനയും മര്‍യ(അ)മിനോടുള്ള അല്ലാഹുവിന്റെ ആദരവ് കാരണത്താല്‍ അല്ലാഹു സാന്ദര്‍ഭികമായി സംവിധാനിച്ചതാണ്. കറാമത്തിനെക്കുറിച്ച് നിരവധി യക്ഷിക്കഥകളും മായാവിക്കഥകളും സമൂഹത്തില്‍ നിലവിലുണ്ട്. അതൊക്കെ പൗരോഹിത്യത്തിന്റെ ജല്‍പനങ്ങളാണ്. അതില്‍ പെട്ടതാണ് ‘ഔലിയാക്കള്‍ ജീവിതകാലത്തും മരണശേഷവും അല്ലാഹു കൊടുത്ത കഴിവില്‍ നിന്നു സഹായിക്കും’ എന്നത്.
അല്ലാഹു കൊടുത്ത എല്ലാ കഴിവുകളും പിന്‍വലിക്കുന്നത് മരണത്തോടു കൂടിയാണ്. ജീവിച്ചിരിക്കുമ്പോള്‍ സാധിക്കാത്ത കാര്യങ്ങള്‍ എങ്ങനെ മരണശേഷം സാധിക്കും? പ്രവാചകന്‍ പറയുന്നു: ”ഒരു മനുഷ്യന്‍ മരണപ്പെട്ടാല്‍ മൂന്നു കാര്യങ്ങള്‍ ഒഴികെ അവന്റെ എല്ലാ പ്രവര്‍ത്തനങ്ങളും മുറിഞ്ഞുപോയി. ജാരിയായ സ്വദഖ, ഉപകാരപ്രദമായ അറിവ്, സ്വാലിഹായ സന്താനത്തിന്റെ പ്രാര്‍ഥന എന്നിവയാണവ” (മുസ്‌ലിം).
ജീവിതകാലത്തു പോലും അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ മാത്രമേ വെളിപ്പെടുത്താന്‍ കഴിയൂ എന്നിരിക്കെ മരണപ്പെട്ട അന്‍ബിയാക്കളും ഔലിയാക്കളും മുഅ്ജിസത്തും കറാമത്തും കാണിക്കുമെന്ന് ഏത് ആയത്തിലാണുള്ളത്? ഏത് സ്വഹീഹായ ഹദീസിലാണുള്ളത്? എങ്കിലും ചില സത്യവിശ്വാസികളുടെ ജീവിതകാലത്തെ ഇംഗിതങ്ങളും ശരീരവും അവരുടെ മരണശേഷവും അല്ലാഹു സംരക്ഷിക്കുമെന്ന് വിശുദ്ധ ഖുര്‍ആന്‍ കൊണ്ടും സുന്നത്തു കൊണ്ടും മനസ്സിലാക്കാം. അതില്‍ പെട്ടതാണ് മൂസാനബി(അ)യും ഖിള്ര്‍ നബി(അ)യും ഒരു നാട്ടില്‍ ചെല്ലുകയും ഖിള്ര്‍ നബി(അ) അവിടെ പൊളിഞ്ഞുവീഴാറായ ഒരു മതില്‍ നന്നാക്കിക്കൊടുക്കുകയും ചെയ്തു എന്നത്. പ്രസ്തുത മതില്‍ അദ്ദേഹം നന്നാക്കിക്കൊടുക്കാനുള്ള കാരണം മൂസാ നബി(അ)യോട് വിശദീകരിക്കുന്നത് ശ്രദ്ധിക്കുക:
”ആ മതിലാണെങ്കിലോ അത് പട്ടണത്തിലെ അനാഥരായ രണ്ടു കുട്ടികളുടേതായിരുന്നു. അതിനു ചുവട്ടില്‍ അവര്‍ക്കുള്ള ഒരു നിധിയുണ്ടായിരുന്നു. അവരുടെ പിതാവ് ഒരു നല്ല മനുഷ്യനായിരുന്നു. അതിനാല്‍ അവര്‍ ഇരുവരും യൗവനം പ്രാപിക്കുകയും എന്നിട്ടവരുടെ നിധി പുറത്തെടുക്കുകയും ചെയ്യണമെന്ന് താങ്കളുടെ റബ്ബ് ഉദ്ദേശിച്ചു”. (കഹ്്ഫ്: 82) ഖിള്ര്‍ നബി(അ) മരണപ്പെട്ടുപോയ ആ നല്ല മനുഷ്യന്റെ ഇംഗിതം പൂര്‍ത്തീകരിക്കാനാണ് മതില്‍ നന്നാക്കിക്കൊടുത്തത്. അല്ലാത്തപക്ഷം ആ അനാഥബാലന്മാരുടെ സമ്പത്ത് ആരെങ്കിലും കൈയടക്കും. അതുപോലെ തന്നെയാണ് ആസ്വിമിന്റെ(റ) ജനാസ വികൃതമാക്കാന്‍ ശത്രുക്കള്‍ വന്നപ്പോള്‍ ഒരുതരം തേനീച്ചകള്‍ അദ്ദേഹത്തിന്റെ മൃതശരീരം പൊതിഞ്ഞത്. അത് ഇമാം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്.
വലായത്ത്
അത്ഭുതങ്ങള്‍ കാണിക്കുന്ന ഒരു വ്യക്തിയുടെ ‘വലായത്ത്’ (ദൈവിക സ്‌നേഹം) സ്ഥാപിക്കപ്പെടുന്നത് കുടുംബമഹിമകള്‍ കൊണ്ടോ പ്രത്യേക വേഷഭൂഷാദികള്‍ കൊണ്ടോ മറ്റുള്ള അത്ഭുതങ്ങള്‍ പ്രകടിപ്പിക്കുന്നതുകൊണ്ടോ അല്ല, മറിച്ച്, വ്യക്തിയുടെ മതനിഷ്ഠയും തഖ്‌വയുമാണ് അതിന് അടിസ്ഥാനം. അത്ഭുതങ്ങള്‍ കാണിക്കുന്നവരൊക്കെ ഔലിയാക്കളാണെങ്കില്‍ ജാതി-മതഭേദമെന്യേ സകല മജീഷ്യന്മാരും ഔലിയാക്കളാണെന്ന് പറയേണ്ടിവരും. അക്കാര്യം അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്.
പ്രസ്തുത വിഷയത്തില്‍ ഇമാം ശാഫിഈയുടെ അഭിപ്രായം ഇബ്നു കസീര്‍ രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ”നിങ്ങള്‍ ഒരു വ്യക്തി വെള്ളത്തിനു മീതെ നടക്കുന്നതായോ വായുമണ്ഡലത്തിലൂടെ പറക്കുന്നതായോ കണ്ടാല്‍ പോലും ശരി, അയാളുടെ ജീവിതം ഖുര്‍ആനിനും സുന്നത്തിനും അനുസരിച്ചാകുന്നു എന്ന് ബോധ്യപ്പെടുന്നതുവരെ അയാള്‍ വലിയ്യാണെന്ന് തെറ്റിദ്ധരിക്കരുത്” (ഇബ്‌നു കസീര്‍ 1:378).
ഇബ്‌നു ഹജര്‍(റ) പറയുന്നു: ”അസാധാരണ സംഭവങ്ങള്‍ കാണിക്കുന്നവരെല്ലാം അല്ലാഹുവിന്റെ ഔലിയാക്കളാകുന്നു എന്നതാണ് പൊതുജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിശ്വാസം. അത് തെറ്റാണ്. തീര്‍ച്ചയായും അസാധാരണ സംഭവങ്ങള്‍ അസത്യവാദികളായ മാരണക്കാരന്‍, ജോത്സ്യന്‍, പുരോഹിതന്‍ എന്നിവരുടെ കൈയാല്‍ വെളിപ്പെട്ടേക്കാം. ഒരു വ്യക്തി ദീനിന്റെ കല്‍പനകള്‍ മുറുകെപ്പിടിച്ചു ജീവിക്കുന്നപക്ഷം അത് അവന്‍ അല്ലാഹുവിന്റെ വലിയ്യാണ് എന്നതിന്റെ ലക്ഷണമായേക്കാം. അങ്ങനെയല്ല ഒരാളുടെ ജീവിതമെങ്കില്‍ അത്തരക്കാരന്‍ അല്ലാഹുവിന്റെ ഔലിയാക്കളില്‍ പെട്ടവനുമല്ല” (ഫത്ഹുല്‍ബാരി 7:383).
ഔലിയാക്കളെ സംബന്ധിച്ച് പല മായാവിക്കഥകളും നിലവിലുണ്ടെന്നു പറഞ്ഞുവല്ലോ? അതില്‍ പെട്ടതാണ് ഔലിയാക്കള്‍ക്ക് ഒന്നിലധികം ശരീരമുണ്ട് എന്ന വാദം. ലോകത്ത് ഏറ്റവും വലിയ വലിയ്യായി അറിയപ്പെടുന്ന വ്യക്തി നബി(സ)യാണ്. പിന്നീട് മറ്റുള്ള പ്രവാചകന്മാരാണ്. പിന്നെ സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്ത് സഹാബിമാരാണ്. ഈ മാതൃകാ പുരുഷന്മാര്‍ക്കാര്‍ക്കും നല്‍കപ്പെടാത്ത ഒന്നിലധികം ശരീരം നമസ്‌കാരം പോലും നിര്‍വഹിക്കാത്ത സമസ്തക്കാരുടെ ഔലിയാക്കള്‍ക്ക് എവിടെ നിന്നാണ് ലഭിച്ചത്?
ഒരു മനുഷ്യന് ഒരു ശരീരം മാത്രമേ ഉണ്ടാകൂ. ”(അല്ലാഹു പറയും): നിങ്ങളെ നാം ആദ്യഘട്ടത്തില്‍ സൃഷ്ടിച്ചതുപോലെത്തന്നെ നിങ്ങളിതാ നമ്മുടെ അടുക്കല്‍ ഒറ്റപ്പെട്ടവരായി വന്നെത്തിയിരിക്കുന്നു” (അന്‍ആം 94). അഥവാ മനുഷ്യന്‍ പ്രസവം മുതല്‍ പരലോക വിചാരണ വരെ ഒറ്റയാണ്. ”അല്ലാഹുവിന്റെ സൃഷ്ടിവ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല” (റൂം 30). ഒന്നിലധികം ശരീരം പോയിട്ട് ഒന്നിലധികം ഹൃദയം പോലും അല്ലാഹു ലോകത്താര്‍ക്കും നല്‍കിയിട്ടില്ല. ”ഒരു മനുഷ്യനും അവന്റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദയങ്ങളുണ്ടാക്കിയിട്ടില്ല” (അഹ്‌സാബ് 4).