9 Saturday
August 2025
2025 August 9
1447 Safar 14

ഈ പക്ഷം ഏതു പക്ഷം?

ഹബീബ് റഹ്മാന്‍ കൊടുവള്ളി

ലോകത്ത് അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ ഇസ്ലാമിസ്റ്റുകളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഒന്നിച്ച് പോരാടുന്ന ഒരു സമീപനമായിരുന്നു ഈ നൂറ്റാണ്ടിന്റെ ആദ്യം വരെ ദൃശ്യമായിരുന്നത്. അതിന്റെ അലയൊലികള്‍ ഇങ്ങ് കേരളത്തിലും ദൃശ്യമായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി, വിശിഷ്യാ കേരളത്തില്‍ ഇടത് പക്ഷം കൂടുതല്‍ മുസ്‌ലിംവിരുദ്ധമാകുന്നതാണ് കാണുന്നത്. കേന്ദ്രത്തിന്റെ ഹിന്ദുത്വ വര്‍ഗീയ അജണ്ടയും ഗള്‍ഫ് പണവും സ്വാധീനവും മുഖേനയും ഇടതുപക്ഷത്തിന്റെ മുഖ്യ വോട്ടുബാങ്കുകളായ കീഴാള അധ:സ്ഥിത പിന്നാക്ക വിഭാഗങ്ങള്‍ തങ്ങളില്‍ നിന്നകലുമോ എന്ന ഭയവുമായിരിക്കാം ഒരുപക്ഷെ ഇതിന് കാരണം.
മുസ്ലിംവിരുദ്ധ വര്‍ഗീയ വിഷയങ്ങളിലൊക്കെയും ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് കേന്ദ്രമാണോ എന്ന് തോന്നുന്ന രീതിയിലാണ് ഇടപെടുന്നത് എന്നത് ഇത്തരം വര്‍ഗീയ വിദ്വേഷങ്ങള്‍ക്ക് കൂടുതല്‍ വളം വെക്കാനോ ഇത്തരം ആളുകള്‍ക്ക് കൂടുതല്‍ മരുന്നിട്ട് കൊടുക്കാനോ കാരണമാകുന്നുണ്ട്. ഹാദിയ വിഷയത്തില്‍ കാണിച്ച നിലപാടുകള്‍ മുതല്‍ പാലാ ബിഷപ്പിന്റെ പ്രസ്താവനയോട് കാണിച്ച സമീപനം വരെ ഉദാഹരണങ്ങള്‍ നിരവധി. ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ ശിക്ഷിക്കപ്പെടുന്നില്ലെന്നതോ പോകട്ടെ, അവര്‍ മഹാന്മാരും വിശുദ്ധരുമായി വാഴ്ത്തപ്പെടുന്നു. തിരിച്ച് അതി നിസ്സാര അഭിപ്രായപ്രകടനങ്ങള്‍ക്ക് പോലും യു എ പി എ വരെ ചുമത്തപ്പെടുന്നു. കൊടിഞ്ഞി ഫൈസല്‍, കാസര്‍കോട് റിയാസ് മൗലവി, എന്നിവരുടെ കൊലപാതകം, പാലത്തായി പീഡന കേസ് തുടങ്ങി ഗുരുതര സംഭവങ്ങളിലൊക്കെയും ആഭ്യന്തര വകുപ്പിന്റെ ഇടപെടലുകളില്‍ ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. ഇരകള്‍ മുസ്ലിംകളാകുമ്പോള്‍ നീതി അന്യമാകുകയോ വൈകുകയോ ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്! എന്നാല്‍ മുസ്ലിംകളെ ഇകഴ്ത്താനുള്ള സര്‍വ സന്ദര്‍ഭവും താമസംവിനാ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു! ജിഹാദ്, ഹലാല്‍, അസ്സലാമു അലൈകും, ഹിജാബ്, അല്ലാഹു അക്ബര്‍ തുടങ്ങിയ ഇസ്‌ലാമിന്റെ സംജ്ഞകള്‍ വരെ യാതൊരു ന്യായീകരണവുമില്ലാതെ വേട്ടയാടപ്പെടുന്നു.
ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ കൈവെക്കാതെ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ മാത്രം പി എസ് സി ക്ക് വിടുന്ന, തെക്കന്‍ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകള്‍ കാലിയായിക്കിടക്കെ മലബാറിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ പോലും പുറത്തായിപ്പോകുന്നതിലെ വര്‍ഗീയ രാഷ്ട്രീയമൊന്നും കാണാതിരുന്നിട്ട് കാര്യമില്ലെന്ന് മാത്രമല്ല, അടുത്ത കാലത്തൊന്നും അതിനൊരു വ്യത്യാസം പ്രതീക്ഷിക്കുക പോലും വയ്യ. സംവരണവുമായി ബന്ധപ്പെട്ട വിഷയത്തിലെ ഞാണിന്മേല്‍ കളിയിലും നമുക്കിത് ദര്‍ശിക്കാം. ഇസ്ലാമോ മുസ്ലിംകളോ ആയി ബന്ധപ്പെട്ട മുഴുവന്‍ പ്രശ്‌നങ്ങളിലും ഇത് തന്നെയാണാവസ്ഥ.
രാഷ്ട്രീയത്തിലാകട്ടെ, വിമോചന സമര കാലം തൊട്ട് തുടങ്ങിയതാണ് ഈ മുസ്ലിം വിരുദ്ധത. ഔദ്യോഗിക ലീഗും വിമത ലീഗുമൊക്കെയാക്കി മുസ്ലിംലീഗിനെ പിളര്‍ത്തിയത് മുതല്‍ തുടങ്ങിയതാണ് അക്കളി. സംഘ്പരിവാര്‍ പ്രചാരണം ഏറ്റുപിടിച്ച്, കേരളത്തെ ഇരുപതു വര്‍ഷം കൊണ്ട് ഇസ്ലാമിക രാജ്യമാക്കാനാണു ശ്രമമെന്ന അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയും സംഘ്പരിവാറിന്റെ ലൗജിഹാദ് എന്ന വിഷലിപ്ത അജണ്ട വിജയിപ്പിച്ച് ദേശാഭിമാനി ഇട്ടുകൊടുത്ത ‘ഇസ്ലാമിക പുഞ്ചിരി’യെന്ന പുതിയ വിഭവവുമൊക്കെ ഏറെ ചര്‍ച്ച ചെയ്തതാണല്ലോ. വിഷയം മുസ്ലിംകളെ സംബന്ധിച്ചാവുമ്പോള്‍ ദേശാഭിമാനിയുടെയും ജനം ടി വിയുടെയും സ്വരം എങ്ങനെ ഒരുപോലെയാവുന്നു എന്നതൊക്കെ നമുക്ക് ‘പിടികിട്ടാത്ത’ ചോദ്യമാണ്.
പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും ശോഭായാത്രകള്‍ സംഘടിപ്പിച്ചും സംസ്ഥാനത്ത് സംസ്‌കൃത സംഘങ്ങള്‍ രൂപീകരിച്ചും രാമായണ പാരായണങ്ങളും പ്രഭാഷണങ്ങളും സംഘടിപ്പിച്ചും ഇതിഹാസ ചര്‍ച്ചകള്‍ നടത്തിയും ആചാരാനുഷ്ഠാനങ്ങളില്‍ മതിമറന്നു മുങ്ങിയും ഒരു നവ ഹിന്ദുത്വ പരിസരം പാര്‍ട്ടി സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ബിജെപി പോലും തോറ്റുപോയത് ഇവരുടെ ഈ നവ ഹിന്ദുത്വത്തിനു മുന്നിലാണ്. പാര്‍ട്ടികള്‍ക്ക് ഒരു ദര്‍ശനമുണ്ട്. അതു ചോര്‍ന്നു കഴിഞ്ഞാല്‍ പിന്നെ ഒന്നും ചര്‍ച്ചയാവില്ല. പൊതു തത്വങ്ങളോ പൊതു മൂല്യങ്ങളോ ഇല്ലാത്ത സമൂഹത്തില്‍ അതിനെപ്പറ്റി ചോദ്യം ചെയ്യലുകള്‍ പോലും ഉണ്ടാകില്ല.

Back to Top