ഇപ്പോള്‍ കാണുന്നത് മാത്രമല്ല യാഥാര്‍ഥ്യം
അബ്ദുല്‍ ഹസന്‍
ഫലസ്തീന്‍- ഇസ്രായേല്‍ വിഷയത്തില്‍ പലരും നിലപാട് കൈക്കൊള്ളുന്നത് തങ്ങളുടെ കാഴ്ചയില്‍ മാത്രമുള്ളതിനെ വിലയിരുത്തിയാണ്. അങ്ങനെ വിലയിരുത്തിയാല്‍ മനസിലാക്കാവുന്ന ഒന്നല്ല ഇത്. 1917ലാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബാല്‍ഫോറിന്റെ നേതൃത്വത്തില്‍ ബാല്‍ഫോര്‍ ഡിക്ലറേഷന്‍ ഉണ്ടാകുന്നത്. ഫലസ്തീനില്‍ ജൂതന്മാര്‍ക്ക് സ്വന്തം രാജ്യം ഉണ്ടാക്കാന്‍ ബ്രിട്ടീഷുകാരുടെ പിന്തുണ അറിയിക്കുന്നതായിരുന്നു ഇത്. അതിനെ തുടര്‍ന്നാണ് ആലിയ എന്ന് ജൂതന്മാര്‍ വിളിക്കുന്ന ഫലസ്തീനിലേക്കുള്ള ജൂത കുടിയേറ്റം ആരംഭിക്കുന്നത്.
ജൂതന്മാര്‍ക്ക് സ്വന്തമായി ഒരു രാജ്യം ഫലസ്തീനില്‍ നല്‍കാമെന്ന് ബ്രിട്ടണ്‍ തീരുമാനിക്കുന്ന സമയത്ത് ആകപ്പാടെ 25,000 ജൂതന്മാരേ ഫലസ്തീനില്‍ ഉണ്ടായിരുന്നുള്ളൂ. മൊത്തം ജനസംഖ്യയുടെ മൂന്നു ശതമാനം. ഇപ്പോഴത്തെ ഇസ്രാഈല്‍, വെസ്റ്റ് ബാങ്ക്, ഗസ്സ എന്നിവ ചേര്‍ന്നതായിരുന്നു അന്നത്തെ ഫലസ്തീന്‍. ജൂത കുടിയേറ്റം തുടങ്ങി ഇരുപത് വര്‍ഷം കഴിഞ്ഞപ്പോള്‍ ജൂത ജനസംഖ്യ ഏകദേശം മറ്റൊരു 25,000 കൂടി വര്‍ധിച്ചു. ഇതേ സമയം യൂറോപ്പില്‍ ഹിറ്റ്ലര്‍ ജൂതര്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. യൂറോപ്പ് മുഴുവന്‍ പ്രകടിപ്പിച്ച ജൂത വിരുദ്ധതയുടെയും കൂട്ടക്കൊലകളുടേയും ശിക്ഷ ഏറ്റുവാങ്ങിയത് പക്ഷേ ഫലസ്തീനികളായിരുന്നു. യൂറോപ്പിലെ അതിഭീകരമായ ജൂത പീഡനങ്ങളെ തുടര്‍ന്ന് 1930 മുതല്‍ 1945 വരെ ഏകദേശം അഞ്ചു ലക്ഷത്തോളം ജൂതന്മാര്‍ ഫലസ്തീനില്‍ അഭയാര്‍ഥികളായി എത്തി. അഞ്ച് ശതമാനത്തില്‍ നിന്ന് 30 ശതമാനത്തിലേക്ക്! 1947ല്‍ ബ്രിട്ടീഷ് നേതൃത്വത്തില്‍ ഐക്യരാഷ്ട്രസഭ ഫലസ്തീന്‍ വിഭജിക്കാന്‍ തീരുമാനിച്ചു. രണ്ടു കാര്യങ്ങള്‍ കൊണ്ട് ഫലസ്തീനികള്‍ ഈ വിഭജനം നിരസിച്ചു. ഒന്നാമത്, കുറെ അഭയാര്‍ത്ഥികള്‍ വന്നു എന്ന കാരണം കൊണ്ട് ഒരു രാജ്യവും വിഭജിക്കപ്പെടാറില്ല. രണ്ടാമത്, വിഭജിച്ചാല്‍ തന്നെ 33% ശതമാനം ജനസംഖ്യയുള്ളവര്‍ക്ക് 55% ഭൂമിയും 67% ജനസംഖ്യയുള്ളവര്‍ക്ക് 45% ഭൂമിയും എന്നത് കൊടിയ അനീതിയായി ഫലസ്തീനികള്‍ കരുതി.
യൂറോപ്യര്‍ ജൂതരോട് ചെയ്തതു മുഴുവന്‍ ഇസ്രായേലികള്‍ ഫലസ്തീന്‍ ജനതയോട് ചെയ്തതാണ് പിന്നെ കണ്ടത്. കനത്ത വംശഹത്യ അരങ്ങേറി. ആദ്യം ഫലസ്തീനികള്‍ താമസിക്കുന്ന ഒരു ഗ്രാമത്തിലേക്ക് ഇസ്രായേലി മിലീഷ്യ മെമ്പര്‍മാര്‍ തോക്കും ബോംബുമായി ചെല്ലും. അവിടെ താമസിക്കുന്നവരോട് ഓടി രക്ഷപ്പെടാന്‍ പറയും. അനുസരിക്കാത്തവരെ കൊല്ലും, അവരുടെ സ്ഥലം പിടിച്ചെടുത്തു ഹൗസിങ് കോളനി പണിയും. എന്നിട്ട് ചുറ്റുമുള്ള റോഡുകളില്‍ ചെക്‌പോയിന്റ് സ്ഥാപിച്ച് ഫലസ്തീനികളെ ആ റോഡുകളുടെ സഞ്ചരിക്കുന്നത് തടയും. അങ്ങനെ രണ്ടു ഫലസ്തീനി ഗ്രാമങ്ങള്‍ തമ്മില്‍ ബന്ധമില്ലാതാക്കും. പിന്നെ അടുത്ത ഗ്രാമത്തിലേക്ക്. ഹിറ്റ്ലര്‍ പോലും നടത്താത്ത ഈ മനുഷ്യവേട്ട എല്ലാ ദിവസവും ഇന്നും വെസ്റ്റ് ബാങ്കില്‍ തുടരുന്നു. ഒരു കൊല്ലം ഏകദേശം 5,00,000 സെറ്റ്‌ലര്‍മാര്‍ ഇങ്ങനെ വരും. കഴിഞ്ഞ കൊല്ലവും വന്നു.
അമേരിക്കയിലും യൂറോപ്പിലും നല്ലവണ്ണം ജീവിക്കുന്ന, പണക്കാരായ, ഇരട്ട പൗരത്വമുള്ളവരാണ് ഇങ്ങനെ വന്നു പാവപ്പെട്ട ഗ്രാമീണരെ അവരുടെ വീട്ടില്‍ നിന്ന് ഓടിക്കുന്നത്. ഗസ്സയില്‍ ഈ മനുഷ്യവേട്ട അവസാനിപ്പിച്ചത് ഹമാസ് ആണ്. ഹമാസിന്റെ ചെറുത്തു നില്‍പ്പ് കാരണമാണ് ഗസ്സയിലെ മുഴുവന്‍ സെറ്റില്‍മെന്റും അവസാനിപ്പിച്ച് 2005ല്‍ മുഴുവന്‍ അനധികൃത കുടിയേറ്റക്കാരും ഓടിപ്പോകുന്നത്. കൊന്നു തീര്‍ക്കാനാവില്ല എന്നത് കൊണ്ട് തന്നെ ഫലസ്തീന്‍കാര്‍ക്ക് ഒന്നുകില്‍ സ്വാതന്ത്ര്യം അല്ലെങ്കില്‍ തുല്യാവകാശം എന്നീ രണ്ടു പരിഹാരം മാത്രമേ ഉണ്ടാകാനുള്ളൂ.