എന്താണ് ഇഹ്‌സാന്‍?
എം ടി അബ്ദുല്‍ഗഫൂര്‍
ഉമര്‍(റ) പറഞ്ഞു: ഒരു ദിവസം ഞങ്ങള്‍ നബി(സ)യുടെ അരികിലിരിക്കുമ്പോള്‍ തൂവെള്ള വസ്ത്രമണിഞ്ഞ കടുംകറുപ്പ് മുടിയുള്ള ഒരാള്‍ വന്നു. യാത്രാ ക്ഷീണിതന്റെ യാതൊരു അടയാളവും അദ്ദേഹത്തില്‍ കണ്ടില്ല. എന്നാല്‍ ഞങ്ങളിലാര്‍ക്കും അദ്ദേഹത്തെ അറിയുകയുമില്ല. അദ്ദേഹം നബി(സ)യുടെ കാല്‍മുട്ടുകള്‍ക്കു നേരെ തന്റെ കാല്‍മുട്ടുകള്‍ വെച്ച് ഇരുകൈകളും അദ്ദേഹത്തിന്റെ തുടയില്‍ വെച്ച് ഇരുന്നു.
എന്നിട്ട് പറഞ്ഞു: ”മുഹമ്മദ്, ഇസ്‌ലാം എന്താണെന്ന് പറയാമോ?”. അല്ലാഹുവിന്റെ ദൂതര്‍ പറഞ്ഞു: ഇസ്‌ലാം എന്നത് അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്‌കാരം കൃത്യമായി നിലനിര്‍ത്തുക, നിര്‍ബന്ധദാനം നല്‍കുക, റമദാന്‍ നോമ്പ് അനുഷ്ഠിക്കുക, ശേഷിയുള്ളവര്‍ കഅ്ബയില്‍ ചെന്ന് ഹജ്ജ് നിര്‍വഹിക്കുക എന്നിവയാണ്. ആഗതന്‍ പറഞ്ഞു: അങ്ങ് സത്യം പറഞ്ഞിരിക്കുന്നു. നബി(സ)യോട് ചോദ്യം ചോദിക്കുകയും മറുപടി ശരിവെക്കുകയും ചെയ്യുന്നതില്‍ ഞങ്ങള്‍ക്കത്ഭുതമായി.
അദ്ദേഹം വീണ്ടും ചോദിച്ചു: ഈമാന്‍ എന്താണെന്ന് പറയാമോ? നബി(സ) പറഞ്ഞു: അല്ലാഹുവിലും അവന്റെ മാലാഖമാരിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും അന്ത്യദിനത്തിലും നന്മയുടെയും തിന്മയുടെയും നിര്‍ണയം അല്ലാഹുവിങ്കല്‍ നിന്നാണെന്നും വിശ്വസിക്കലാണ്. അദ്ദേഹം പറഞ്ഞു: അങ്ങ് സത്യം പറഞ്ഞിരിക്കുന്നു.
എന്നാല്‍ എനിക്ക് ഇഹ്‌സാന്‍ എന്താണെന്ന് അറിയിച്ചുതരൂ. നബി(സ) പറഞ്ഞു: നീ അല്ലാഹുവിനെ കാണുന്നുണ്ട് എന്നതുപോലെ അവനെ ആരാധിക്കുക. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്. അദ്ദേഹം പറഞ്ഞു: അന്ത്യദിനത്തെക്കുറിച്ച് എനിക്ക് പറഞ്ഞുതരൂ. നബി(സ) പറഞ്ഞു: ചോദ്യകര്‍ത്താവാണ് ചോദിക്കപ്പെടുന്നവനെക്കാള്‍ നന്നായി അറിയുന്നവന്‍. അദ്ദേഹം പറഞ്ഞു: എന്നാല്‍ അതിന്റെ അടയാളങ്ങള്‍ പറഞ്ഞുതന്നാലും. നബി(സ) പറഞ്ഞു: അടിമസ്ത്രീ അതിന്റെ യജമാനത്തിയെ പ്രസവിക്കുക, പാദരക്ഷയും ഉടുതുണിയുമില്ലാത്ത ആശ്രിതരായ ഇടയന്മാര്‍ കെട്ടിടങ്ങളുടെ ഉയര്‍ച്ചയില്‍ പെരുമ നടിക്കുന്നത് നീ കാണുക എന്നിവയാണവ.പിന്നീട് അദ്ദേഹം പിരിഞ്ഞുപോയി. അല്‍പസമയശേഷം നബി(സ) ചോദിച്ചു: ഉമര്‍, ആരാണാ ചോദ്യകര്‍ത്താവ് എന്ന് താങ്കള്‍ക്കറിയുമോ? ഞാന്‍ പറഞ്ഞു: അല്ലാഹുവും അവന്റെ ദൂതനുമാണ് നന്നായി അറിയുന്നവന്‍. നബി(സ) പറഞ്ഞു: നിശ്ചയം അത് ജിബ്‌രീല്‍(അ) ആയിരുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ മതത്തെക്കുറിച്ച് പഠിപ്പിച്ചുതരാന്‍ വന്നതായിരുന്നു. (മുസ്‌ലിം)
*
മതത്തിന്റെ അടിസ്ഥാന വിശ്വാസ കാര്യങ്ങളും അനുഷ്ഠാനമുറകളും ധര്‍മചിന്തകളും പ്രബോധിത മനസ്സില്‍ നട്ടുവളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മനുഷ്യരൂപത്തില്‍ മാലാഖ തിരുമേനിയുടെ സമീപത്തെത്തിയത്. ഒരു മനുഷ്യന്റെ വിശ്വാസം എന്തെല്ലാമാവണം എന്ന വിവരണം നല്‍കി ജനങ്ങള്‍ക്ക് അവബോധം നല്‍കുകയാണ് ഈ നബിവചനം. വിശ്വാസം പോലെതന്നെ അനുഷ്ഠാനവും അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളും ഈ തിരുവചനത്തില്‍ വ്യക്തമാക്കുന്നു.
ഒരാള്‍ ഏകദൈവവിശ്വാസവും ഏകദൈവാരാധയും ഉള്‍ക്കൊണ്ടാല്‍ പിന്നെ അവന്‍ ജീവിക്കുന്നത് അല്ലാഹുവിന്റെ ദൂതനായ മുഹമ്മദ് നബി(സ)യെ പിന്‍പറ്റിക്കൊണ്ടാണ്. ജീവിതവഴിയില്‍ നന്മ തിന്മകളെ അടയാളപ്പെടുത്തുന്ന തിരുദൂതരുടെ നിര്‍ദേശങ്ങള്‍ ജീവിതരേഖയായി സ്വീകരിക്കുന്നതിലൂടെ വിജയപാത കണ്ടെത്താന്‍ കഴിയും. മനസ്സിനെയും ശരീരത്തെയും സമ്പത്തിനെയും ഒരുപോലെ വിമലീകരിക്കുന്ന നമസ്‌കാരം, സകാത്ത് , നോമ്പ്, ഹജ്ജ് തുടങ്ങിയ ആരാധനകള്‍ നമുക്ക് വെളിച്ചവും, ശുദ്ധി പ്രദാനം ചെയ്യുന്നതുമാകുന്നു. സ്രഷ്ടാവായ അല്ലാഹുവില്‍ വിശ്വസിക്കുന്നതോടൊപ്പം അവന്റെ പ്രത്യേകതരം സൃഷ്ടികളായ മലക്കുകളിലും നന്മതിന്മകള്‍ അറിയിച്ചുതരുന്നതിന് കാലാകാലങ്ങളായി അവതരിപ്പിച്ച വേദഗ്രന്ഥങ്ങളിലും മനുഷ്യരില്‍ നിന്നുതന്നെ അല്ലാഹു തെരഞ്ഞെടുത്ത പ്രവാചകന്മാരിലും വിശ്വസിക്കല്‍ ബാധ്യതയാകുന്നു.
എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ചു മാത്രമേ നടക്കുകയുള്ളൂ എന്ന വിധിയിലുള്ള വിശ്വാസമാണ് ഇഹലോകത്തെ ഏത് പ്രതിസന്ധിയിലും മുന്നോട്ട് നീങ്ങാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. ദൈവബോധവും ദൈവഭക്തിയും ഒരാളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ അവനില്‍ നിന്നുണ്ടാവുന്ന നന്മകളുടെ പ്രതികരണങ്ങള്‍ മഹത്തരമായിരിക്കും.
എപ്പോഴും നിരീക്ഷിക്കുന്നവനും എല്ലാം കാണുന്നവനുമായ ദൈവത്തിന്റെ സാന്നിധ്യവും സാമീപ്യവും ഒരാളുടെ മനസ്സില്‍ നന്മയുടെ പൂക്കള്‍ വിരിയിക്കും. അനുസരണ ശീലത്തിന്റെ അഭാവവും മൂല്യങ്ങളുടെ തകര്‍ച്ചയും പൊങ്ങച്ചവും പെരുമ നടിക്കലും തുടങ്ങി അഹങ്കാരത്തിന്റെ അടയാളങ്ങളെല്ലാം അലങ്കാരമായി അണിയുമ്പോള്‍ മനുഷ്യസമൂഹം ദുഷിക്കുമെന്നും അത് അന്ത്യദിനത്തിന്റെ അടയാളമായി മാറുമെന്നുമുള്ള പാഠമാണ് ഈ തിരുവചനം നല്‍കുന്നത്.