14 Friday
August 2026
2026 August 14
1448 Rabie Al-Awwal 0

എന്താണ് പുരോഗമനം?


മതാചാരങ്ങള്‍ ഉപേക്ഷിക്കുന്നത് പുരോഗമനമായി മനസ്സിലാക്കുന്ന ആളുകളുണ്ട്. അവരുടെ ഭാഷയില്‍ ബാഹ്യസ്വാധീനത്തിന് വിധേയമായി ചെയ്യുന്നതെന്തും പിന്തിരിപ്പന്‍ ആശയമാണെന്നും അത് തള്ളിക്കളയുന്നതാണ് പുരോഗമനമെന്നുമാണ് വാദിക്കുന്നത്. ഉദാ. ശിരോവസ്ത്രം ധരിക്കാന്‍ മതം പറയുന്നുണ്ടെങ്കില്‍ അത് ഉപേക്ഷിക്കുക എന്നതും ആരെങ്കിലും ശിരോവസ്ത്രം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചാല്‍ അത് ധരിക്കുക എന്നതും പുരോഗമനമായാണ് അവര്‍ കണക്കുകൂട്ടുന്നത്. അവരുടെ ഭാഷയില്‍ ജനാധിപത്യമെന്നത് വ്യക്തിവാദത്തില്‍ അധിഷ്ഠിതമായ ഇച്ഛയാണ്. അതിനാല്‍ സ്വദേഹ ഇച്ഛക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണ് പുരോഗമനം. അതിനെ ചോയ്‌സ് എന്നാണവര്‍ വിളിക്കുന്നത്. ഇപ്പറയുന്നതെല്ലാം മധുരത്തില്‍ പൊതിഞ്ഞ വെറുംവാക്കുകള്‍ മാത്രമാണെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു.
ഒരു മുസ്ലിം പെണ്‍കുട്ടി തട്ടം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതയായാല്‍ ആ സന്ദര്‍ഭത്തിലൊന്നും വ്യക്തിസ്വാതന്ത്ര്യത്തിന്റെയോ പുരോഗമനത്തിന്റെയോ വായ്ത്താരികള്‍ കേള്‍ക്കാറില്ല. കേരളത്തിലെ പല സ്വകാര്യ സ്‌കൂളുകളിലും ശിരോവസ്ത്രം വിലക്കിയിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ തന്നെ സ്റ്റുഡന്റ് പോലീസ് സംവിധാനത്തില്‍ ശിരോവസ്ത്രം അനുവദിച്ചിട്ടില്ല. സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളുകളുടെ കാര്യത്തില്‍ പുരോഗമനം പറയുന്നവരൊന്നും തന്നെ ഇക്കാലം വരെ ഇടപെട്ടിട്ടില്ല. എസ് പി സിയുടെ കാര്യത്തിലാവട്ടെ, ശിരോവസ്ത്രം വിദ്യാര്‍ഥി സേനയുടെ മതേതര ബോധത്തെ ദോഷകരമായി ബാധിക്കുമെന്നാണ് കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയത്. അതുകൊണ്ടുതന്നെ ഒരു മതാചാരം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍, പിന്തുണയുമായി ‘പുരോഗമന’ കക്ഷികളാരും തന്നെ വരാറില്ല. അതിന്റെ അടിസ്ഥാന കാരണം, മതചിഹ്നങ്ങളും ആചാരങ്ങളും ഉപേക്ഷിക്കുന്നത് പുരോഗമനമായാണ് അവര്‍ മനസ്സിലാക്കുന്നത്. മതം അടിച്ചമര്‍ത്തലിനുള്ള ഉപാധിയാണ്, അത് പിന്തിരിപ്പനാണ് എന്നൊക്കെയുള്ള തിസീസുകളിലൂടെയാണ് പുരോഗമനത്തെ അവര്‍ വായിക്കുന്നത്.
യഥാര്‍ഥത്തില്‍, ബാഹ്യസ്വാധീനമുള്ളതെല്ലാം ഉപേക്ഷിക്കുന്നത് പുരോഗമനമാണോ? മനുഷ്യന്‍ യാതൊരു ബാഹ്യസ്വാധീനവുമില്ലാതെ സ്വദേഹ ഇച്ഛക്കനുസരിച്ച് മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്നവനാണോ? വസ്ത്രധാരണത്തെ തന്നെ ഉദാഹരണമായെടുക്കാം. കമ്പോളം, പരസ്യവിപണി, ലഭ്യത, സാമ്പത്തികം, പാരമ്പര്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഒരാളുടെ വസ്ത്രം തെരഞ്ഞെടുക്കുന്നതിനെ സ്വാധീനിക്കുന്നുണ്ട്. മതസംസ്‌കാരത്തിന് പുറമെയുള്ള ഘടകങ്ങളാണിത്. ദേഹേച്ഛക്കനുസരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ പോലും ബാഹ്യസ്വാധീനത്തിലുള്ളതെല്ലാം ഉപേക്ഷിക്കാന്‍ സാധിക്കില്ല. കാരണം, മനുഷ്യന്‍ സാമൂഹികജീവിയെന്ന നിലയില്‍ നാനാവിധ സ്വാധീനങ്ങളിലൂടെയാണ് വ്യക്തിത്വം രൂപപ്പെടുത്തുന്നത്. ഇനി, നിര്‍ബന്ധിതാവസ്ഥയെ നിരാകരിക്കുന്നതെന്തോ അതാണ് പുരോഗമനമെന്ന് വാദിക്കുന്നവരുണ്ട്. അതിനെ പരമാവധി വ്യക്തിവാദത്തില്‍ അധിഷ്ഠിതമായ ദേഹേച്ഛ എന്നേ പറയാനാവൂ. അപ്പോഴും പുരോഗമനം എന്നത് മുന്നോട്ട് ഗമിക്കുന്ന വഴികളാണ്. ജീവിതത്തിന്റെ ഭൗതികവും ആത്മീയവുമായ മേഖലകളില്‍ മുന്നോട്ടുള്ള ദിശയില്‍ സഞ്ചരിക്കുന്നതാണ് പുരോഗമനം. ആത്മീയ മേഖലകളെ പാടെ അവഗണിക്കുന്നതോ ഭൗതികതയെ ത്യജിക്കുന്നതോ പുരോഗമനമല്ല.
ഭൗതികവാദികളായ ആളുകള്‍ പുരോഗമനത്തെ കാണുന്നത് ഭൗതികമായ നേട്ടങ്ങളിലൂടെ മാത്രമാണ്. ഭൗതികമായുണ്ടാകുന്ന ഏത് നഷ്ടവും അവരുടെ കണ്ണില്‍ പുരോഗമനത്തിന് തടസ്സമാണ്. വ്യക്തിയുടെ ഇച്ഛകള്‍ക്കനുസരിച്ച് നിയന്ത്രണങ്ങളേതുമില്ലാതെ പ്രവര്‍ത്തിക്കുക എന്നത് അരാജകത്വമാണ്. അതിര്‍ത്തികള്‍ ലംഘിക്കാനുള്ള മനുഷ്യമനസ്സിന്റെ ചാഞ്ചാട്ടത്തെ നിയന്ത്രിക്കുകയാണ് മതങ്ങള്‍ ചെയ്യുന്നത്. അതില്‍ പ്രാമാണികമായ ദര്‍ശനങ്ങള്‍ സ്വീകരിക്കുക എന്നതാണ് ആത്മീയ മേഖലയില്‍ മുന്നോട്ട് പോകാനുള്ള വഴി. ജനാധിപത്യ ബോധവും നൈതികതയും പുലര്‍ത്തിക്കൊണ്ട് ഭൗതിക മേഖലയില്‍ മുന്നോട്ട് പോവുക എന്നതാണ് ആ മേഖലയിലെ പുരോഗമനം. പുരോഗമനം എന്നാല്‍ മനുഷ്യനെ കൂടുതല്‍ മികച്ചതും ക്രിയാത്മകവുമായ ഒരു വ്യക്തിത്വമാക്കി മാറ്റുന്ന പ്രക്രിയയാണ്. അല്ലാതെ, മതചിഹ്നങ്ങള്‍ ഉപേക്ഷിക്കുന്നതിനോ മതാചാരങ്ങള്‍ വെടിയുന്നതിനോ പുരോഗമനവുമായി ഒരു ബന്ധവുമില്ല.

Back to Top