5 Friday
December 2025
2025 December 5
1447 Joumada II 14

പശ്ചിമേഷ്യയിലുടനീളം ബന്ധം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് ഇസ്‌റാഈല്‍


യു എ ഇക്കും ബഹ്‌റൈനും പുറമെ പശ്ചിമേഷ്യയിലുടനീളം ബന്ധം സാധാരണ നിലയിലാക്കാന്‍ ലക്ഷ്യമിട്ട് ഇസ്‌റാഈല്‍. ഇസ്‌റാഈലില്‍ പുതുതായി അധികാരത്തിലേറിയ നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് പുതിയ ലക്ഷ്യവുമായി മുന്നോട്ടു പോകുന്നത്. ഇതിന്റെ ഭാഗമായാണ് ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രിയും ബെന്നറ്റിന്റെ ഭരണപങ്കാളിയുമായ യെര്‍യ് ലാപിഡ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യു എ ഇയിലെത്തിയതും ഇസ്‌റാഈല്‍ എംബസി അബൂദബിയില്‍ ഉദ്ഘാടനം ചെയ്തതും. വിശാലമായ സമാധാനത്തിലേക്കുള്ള പാതയുടെ തുടക്കമാണ് യു എ ഇ സന്ദര്‍ശനമെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്‍ ആണവകരാര്‍ വിയന്നയില്‍ ചര്‍ച്ച ചെയ്യുന്നതിനെക്കുറിച്ചുള്ള ഇസ്‌റാഈലിന്റെ ആശങ്കയും അദ്ദേഹം കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചു. ഇറാനും ലോകശക്തികളും തമ്മിലുള്ള 2015-ലെ ആണവ കരാറിലേക്ക് വീണ്ടും മടങ്ങാനുള്ള യു എസ് നീക്കത്തെക്കുറിച്ചുള്ള ഇസ്‌റാഈലിലെയും അറബ് രാജ്യങ്ങളുടെയും അസ്വസ്ഥതയ്ക്കിടയിലാണ് ഈ യാത്ര. ഈ സന്ദര്‍ശനം സമാധാനത്തിലേക്കുള്ള പാതയുടെ അവസാനമല്ല, ഇത് ആരംഭം മാത്രമാണ്. ഞങ്ങള്‍ ഞങ്ങളുടെ കൈ നീട്ടിയിരിക്കുന്നു. ഈ സന്ദര്‍ശനം ഞങ്ങളുടെ പുതിയ ചങ്ങാതിമാര്‍ക്കൊപ്പമുള്ള ആദ്യത്തെതാണ്. പശ്ചിമേഷ്യയിലെ മുഴുവന്‍ പ്രദേശത്തും ചരിത്രം സൃഷ്ടിക്കുന്നത് തുടരുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു ലാപിഡ് മാധ്യമങ്ങളോട് പറഞ്ഞു.

Back to Top