22 Wednesday
October 2025
2025 October 22
1447 Joumada I 0

വെല്‍ഫയര്‍ പാര്‍ട്ടിയുടെ വളര്‍ച്ച ഫേസ്ബുക്കില്‍ മാത്രം

ശ്രീജ നെയ്യാറ്റിന്‍കര

യു ഡി എഫിന് വിജയമുറപ്പിക്കാനിറങ്ങിയ ബദല്‍ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി 19 മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു. അതില്‍ തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് മണ്ഡലത്തിലും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ മണ്ഡലത്തിലും നോട്ടയ്ക്കും പിന്നില്‍ പോയി. മിക്കയിടങ്ങളിലും കഴിഞ്ഞ തവണ മത്സരിച്ചു നേടിയ വോട്ടിനേക്കാള്‍ ദയനീയമായ രീതിയില്‍ പാര്‍ട്ടി പിന്നിലേക്കെറിയപ്പെട്ടു.
നോക്കൂ, വെല്‍ഫെയര്‍ പാര്‍ട്ടി ആദ്യമായി നേരിട്ട നിയമസഭാ തെരെഞ്ഞെടുപ്പായിരുന്നു 2016-ലേത്. അന്ന് പാര്‍ട്ടി സെക്രട്ടറി ശശി പന്തളം മത്സരിച്ച ചിറയിന്‍കീഴ് മണ്ഡലത്തില്‍ അദ്ദേഹം നേടിയത് 955 വോട്ടുകള്‍. അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഇത്തവണ അതേ മണ്ഡലത്തില്‍ പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാ നേതാവ് നേടിയത് 616 വോട്ടുകള്‍. അതേ മണ്ഡലത്തില്‍ നോട്ടയ്ക്ക് 758 വോട്ടുകള്‍. ശശി പന്തളം നേടിയ വോട്ടെങ്കിലും ഇത്തവണത്തെ സ്ഥാനാര്‍ഥി നേടിയിരുന്നെങ്കില്‍ നോട്ടയ്ക്ക് പിന്നില്‍ പോകേണ്ട ഗതികേട് വരില്ലായിരുന്നു.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ മണ്ഡലത്തില്‍ 2016-ല്‍ മത്സരിച്ചത് ജില്ലാ നേതാവ് നാസര്‍ ആറാട്ടുപുഴ. അദ്ദേഹത്തിന്റെ വോട്ട് 878. ഇത്തവണ അതേ മണ്ഡലത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വനിതാ വിഭാഗം സംസ്ഥാന നേതാവ് സുഭദ്രാമ്മ തോട്ടപ്പള്ളിയായിരുന്നു സ്ഥാനാര്‍ഥി. വോട്ട് 525. അവിടെ നോട്ടയുടെ വോട്ട് 591. അവിടെയും ഗതി അത് തന്നെ.
കൊല്ലം ജില്ലയിലെ ചടയമംഗലം മണ്ഡലത്തില്‍ 2016-ല്‍ മത്സരിച്ചത് പാര്‍ട്ടിയുടെ സംസ്ഥാന നേതാവ് സജീദ് ഖാലിദ്. വോട്ട് 1222. ഇത്തവണ മത്സരിച്ചത് പാര്‍ട്ടി വിദ്യാര്‍ഥി- യുവജന വിഭാഗമായ ഫ്രറ്റേണിറ്റിയുടെ സംസ്ഥാന നേതാവ് അര്‍ച്ചന പ്രജിത്ത്. വോട്ട് 605. ബാക്കി വോട്ട് എങ്ങോട്ടു പോയതാണോ ആവോ. എറണാകുളം ജില്ലയിലെ ആലുവ മണ്ഡലത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച ജില്ലാ നേതാവ് സമദ് നെടുമ്പാശേരിക്ക് 2031 വോട്ട്. ഇത്തവണ ഫ്രറ്റേണിറ്റി സംസ്ഥാന നേതാവിന് 1713 വോട്ട് തൃശൂര്‍ ജില്ലയിലെ കയ്പമംഗലത്ത് കഴിഞ്ഞ തവണ വോട്ട് 2002, ഇത്തവണ 1671.
പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ കഴിഞ്ഞ തവണ വോട്ട് 815. ഇത്തവണ 801. മലപ്പുറം ജില്ലയിലെ പൊന്നാനി മണ്ഡലത്തില്‍ 2016ലെ സ്ഥാനാര്‍ഥി പൊന്നാനി മണ്ഡലം നേതാവ് ശാക്കിര്‍ ചങ്ങരംകുളം നേടിയ വോട്ട്. 2048. ഇത്തവണ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയംഗം ഗണേശ് വടേരിയുടെ വോട്ട് 1863. അതേ ജില്ലയിലെ വണ്ടൂര്‍ മണ്ഡലത്തില്‍ സംസ്ഥാന നേതാവ് കൃഷ്ണന്‍ കുനിയില്‍ കഴിഞ്ഞ തവണ നേടിയ വോട്ട്3399. ഇത്തവണ അതേ സ്ഥാനാര്‍ഥി നേടിയത് 2883. മലപ്പുറം മണ്ഡലത്തില്‍ കഴിഞ്ഞ തവണയും ഇത്തവണയും മത്സരിച്ചത് ഒരാള്‍ തന്നെ, പാര്‍ട്ടി ദേശീയ നേതാവ് ഇ സി ആയിഷ കഴിഞ്ഞ തവണ 3330 വോട്ട് ഇത്തവണ 3194. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലത്തില്‍ കഴിഞ്ഞ തവണ 959വോട്ട്. ഇത്തവണ 889. കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ കിട്ടിയത് 1029 വോട്ട്. ഇത്തവണ 817.
മേല്പറഞ്ഞ 11 മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ വോട്ട് കുറവ്
അഥവാ അഞ്ചു വര്‍ഷങ്ങളിലെ പ്രവര്‍ത്തനം കൊണ്ട് നേടിയത് വളര്‍ച്ചയല്ല തളര്‍ച്ചയെന്ന് സാരം. 5 മണ്ഡലങ്ങളില്‍ മാത്രമാണ് കഴിഞ്ഞ തവണത്തേക്കാള്‍ വര്‍ധനവ് നേടിയത്. അതും നേരിയ വര്‍ദ്ധനവ്. കുന്ദമംഗലം (1057), എലത്തൂര്‍(2000) തരൂര്‍(985). ഈ മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ മത്സരിച്ചിട്ടില്ല
പെരുമ്പാവൂര്‍, 2021 (1038), 2016 (971), വര്‍ധനവ് (67). വേങ്ങര 2021 (2047), 2016 (1864) വര്‍ധനവ് (183). കൊണ്ടോട്ടി 2021 (2472), 2016 (2344), വര്‍ധനവ് (128). കല്യാശേരി 2021 (1169), 2016(1080), വര്‍ധനവ് (89). തലശേരി 2021 (1963), 2016 (1337), വര്‍ധനവ് (626).
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഈ ദയനീയ അവസ്ഥയ്ക്ക് ഒരൊറ്റ കാരണമേയുള്ളൂ ബദല്‍ രാഷ്ട്രീയം പറഞ്ഞു വരികയും ഒരു ഘട്ടത്തില്‍ തെരുവുകളില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി ഉജ്ജ്വല പ്രതിപക്ഷ ശബ്ദം ആകുകയും ചെയ്ത വെല്‍ഫെയര്‍ പാര്‍ട്ടി യു ഡി എഫുമായി രാഷ്ട്രീയ ബാന്ധവം സ്ഥാപിച്ചു. തുടര്‍ന്ന് രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്കപ്പുറം സി പി ഐ എം വിരുദ്ധത എന്നൊരൊറ്റ ചിന്തയില്‍ അഭിരമിച്ചു. രാഷ്ട്രീയ ധാര്‍മികത പോലും നഷ്ടപ്പെടുത്തി.

Back to Top