1 Tuesday
July 2025
2025 July 1
1447 Mouharrem 5

സമ്പാദ്യത്തിന്റെ സുകൃത വഴി

സി കെ റജീഷ്‌


അന്ന് അധ്യാപകന്‍ ക്ലാസില്‍ വന്നുകയറിയപ്പോള്‍ തന്നെ കേട്ടത് ഒരു കുട്ടിയുടെ പരാതിയാണ്. അമ്മാവന്‍ സമ്മാനിച്ച കളര്‍ ബോക്‌സ് ക്ലാസില്‍ നഷ്ടപ്പെട്ടിരിക്കുന്നു. കുട്ടിക്ക് കരച്ചില്‍ അടക്കാനാവുന്നില്ല. അധ്യാപകന്‍ അവനെ ആശ്വസിപ്പിച്ചു. എന്നിട്ട് ചോദിച്ചു: ഒരു രൂപയ്ക്കു വേണ്ടി നിങ്ങളാരെങ്കിലും കള്ളം പറയുമോ? കുട്ടികളെല്ലാം ഏക സ്വരത്തില്‍ പറഞ്ഞു: ഇല്ല സര്‍. പത്ത് രൂപ കിട്ടാന്‍ ആരെങ്കിലും കള്ളം പറയുമോ? ഇല്ല. നൂറ് രൂപ കിട്ടാന്‍ കള്ളം പറയുമോ? ഇല്ല എന്ന് പറഞ്ഞെങ്കിലും ശബ്ദത്തിന്റെ ശക്തി കുറഞ്ഞിരുന്നു. ആയിരം രൂപയ്ക്കുവേണ്ടി കള്ളം പറയുമോ? എന്ന ചോദ്യത്തിന് ക്ലാസ് നിശബ്ദമായി. അധ്യാപകന്‍ പറഞ്ഞു: കുട്ടികളേ നാമെന്ത് കൈവശപ്പെടുത്തിയാലും അത് ഉപയോഗിച്ച് പെട്ടെന്ന് തീരും. എന്നാല്‍ നമ്മുടെ സമ്പാദിച്ച വഴി അത് നിലനില്‍ക്കും. എള്ളോളം കള്ളത്തരമില്ലാതെ ആ വഴി നാം വിശദമാക്കണം.
സമ്പത്ത് നമ്മുടെ നിലനില്പിനുള്ള ഒരു മാര്‍ഗം മാത്രമാണ്. മാര്‍ഗം മാത്രമായി കാണേണ്ടതിനെ ലക്ഷ്യമായി കാണുമ്പോഴാണ് ജീവിതത്തിന്റെ ചുവടുകള്‍ പിഴയ്ക്കുന്നത്. ലക്ഷ്യം പോലെ തന്നെ മാര്‍ഗവും വിശുദ്ധമാകുമ്പോഴേ ജീവിതവും സാര്‍ഥകമാവൂ. നമ്മുടെ സമ്പാദ്യത്തില്‍ നന്മയുടെ അംശമുണ്ടെങ്കില്‍ ജീവിതവഴിയും തെളിമയുള്ളതാകും.
സമ്പത്ത് മനുഷ്യന് ഒരു പ്രലോഭനമാണ്. അത് നല്‍കുന്ന സുഖാസക്തിയില്‍ മൂല്യങ്ങളെ അവന്‍ മിക്കപ്പോഴും മറന്ന് പോകുന്നു. എന്ത് വില കൊടുത്തും സമ്പത്ത് സ്വന്തമാക്കാനുള്ള ത്വരയാണ് അവനെ ഭരിക്കുന്നത്. ‘ഒരാള്‍ക്ക് എത്ര ഭൂമി വേണം’ എന്ന പ്രസിദ്ധ ടോള്‍സ്‌റ്റോയി കഥയിലെ പഹാമിനെപ്പോലെ. രാവിലെ മുതല്‍ വൈകുന്നേരം വരെ ഭൂമി സ്വന്തമാക്കാന്‍ കിതച്ചോടുകയാണയാള്‍. അവസാനം മരിച്ചുവീണപ്പോള്‍ ആറടി മാത്രം ഭൂമി സ്വന്തമാക്കിയ ഹതഭാഗ്യന്‍!
വേലി കെട്ടിത്തിരിച്ച മണ്ണും ലോക്കറിലാക്കിയ പൊന്നും മാത്രമാണ് സമ്പാദ്യമെന്ന് നാം ചിന്തിച്ചുപോകുന്നുണ്ടോ? മതിലു കെട്ടി മാര്‍ഗമടച്ച് എല്ലാം സ്വകാര്യമാക്കുമ്പോഴും നാം ഓര്‍ക്കേണ്ടതായ ഒന്നുണ്ട്. മണ്ണിനും പൊന്നിനും ഒക്കെ നമുക്ക് അവകാശം പറയാന്‍ കഴിയുന്നത് നാം മണ്ണോട് ചേരുന്നതുവരെ മാത്രമാണ്. അതിരും പരിധിയുമില്ലാതെയാണ് ഇവിടെ കാറ്റുകള്‍ വീശുന്നത്, വെളിച്ചം പരക്കുന്നത്, ജീവവായു നാം ശ്വസിക്കുന്നത്. എല്ലാം നല്‍കിയ ജീവനാഥന്‍ പറയുന്നതും ഈ നന്ദിബോധം നമ്മിലുണ്ടാകണമെന്നാണ്. സമ്പത്തിനോട് പെരുത്തിഷ്ടമാണ് മനഷ്യന്. പണത്തോടുള്ള ഈ പ്രമത്തതയാണ് ദൈവത്തോട് നന്ദികെട്ടവനായി മാറാനുള്ള കാരണമെന്ന് ഖുര്‍ആന്‍ (100:8) ഓര്‍മിപ്പിക്കുന്നുണ്ട്.
ഒരാളുടെ ഏറ്റവും വലിയ സമ്പാദ്യം അയാളുടെ വസ്തുവകകളാണെന്ന ധാരണക്കാണ് ആദ്യം തിരുത്ത് വേണ്ടത്. നമ്മുടെ സമ്പാദ്യത്തിന്റെ കനത്തൂക്കത്തെ തിട്ടപ്പെടുത്തേണ്ടത് നാം പ്രസരിപ്പിക്കുന്ന നന്മകളിലും മൂല്യങ്ങളിലുമാണ്. മനസ്സ് എന്ന വളക്കൂറുളള മണ്ണ് എല്ലാവര്‍ക്കും സ്വന്തമാണ്. അതിലെന്തു നട്ടാലും ഫലമുണ്ടാകും. സ്‌നേഹം, കരുണ, പ്രത്യാശ, പക, അസൂയ എന്നിങ്ങനെ. നന്മയുടെ വിളവെടുപ്പിന് മണ്ണൊരുക്കുകയാണ് നാം വേണ്ടത്.
അതിരുകള്‍ക്കപ്പുറത്തേക്ക് നമ്മുടെ ഈ ചുരുക്കായുസ്സിലെ നന്മകള്‍ പ്രസരിക്കണം. തിന്മയുടെ കളകളെ വളരാനനുവദിക്കാതെ മനസ്സിനെ വിമലീകരിക്കണം. ഒരു സസ്യവും അതിരുനോക്കിയല്ല വളരുന്നത്. അവയുടെ വേരുകള്‍ക്കും ചില്ലകള്‍ക്കും അതിര്‍വരമ്പുകള്‍ നോക്കി വളരാനാകില്ല.
എന്നാല്‍ അതിര്‍ത്തികളോട് വലിയ അഭിനിവേശമുള്ളവനാണ് മനുഷ്യന്‍. വീടൊരുക്കുന്നതിന് മുമ്പേ മതിലുകെട്ടി സ്വകാര്യത സംരക്ഷിക്കുന്നവനാണ് അവന്‍. സ്വകാര്യതയും സംരക്ഷണവും ഒക്കെ ആവശ്യമാണെങ്കിലും സ്വാര്‍ഥതയുടെ സങ്കുചിത വൃത്തത്തിലേക്ക് മനസ്സ് വഴിമാറിപ്പോകരുത്.

Back to Top