ദുര്‍ബലമാകുന്ന കോണ്‍ഗ്രസ് ശക്തിപ്പെടുത്തേണ്ട ‘ഇന്‍ഡ്യ’
അബ്ദുല്‍ഹസീബ്
നാലു നിയമസഭകളിലേക്കുതിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം പുറത്തു വന്നിരിക്കുന്നു. മൂന്നിടത്തും ബി ജെ പിയാണ് അധികാരമുറപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ കയ്യിലുണ്ടായിരുന്ന സംസ്ഥാനങ്ങള്‍ അ വര്‍ക്ക് നഷ്ടപ്പെട്ടു. ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ച് അത്ര സുഖകരമായ വാര്‍ത്തയല്ല ഈ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.
‘മൂന്നാം വട്ടവും മോദി സര്‍ക്കാര്‍’ എന്ന മുദ്രാവാക്യം ഇപ്പോള്‍ കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങുന്നുണ്ട്. മധ്യപ്രദേശ് മറ്റൊരു കൈയില്‍ പോകാതെയും, രാജസ്ഥാനും ഛത്തീസ്ഗഢും കൈയില്‍ വച്ചിരുന്നവരെ താഴെ വീഴ്ത്തിയും നേടിയ മൂന്നു വിജയങ്ങള്‍ മൂന്നാംവട്ടവും കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ തന്നെയെന്ന് ഉറപ്പിക്കാന്‍ തക്ക ആത്മവിശ്വാസം ബിജെപിക്കും അവരുടെ എന്‍ഡിഎ സഖ്യത്തിനും നല്‍കിയിട്ടുണ്ട്. ബിജെപിയുടെ മുഖ്യ എതിരാളി എന്നാണ് കോണ്‍ഗ്രസ് സ്വയം വിശേഷിപ്പിക്കുന്നത്. അങ്ങനെയല്ല എന്നാണ് ഹിന്ദി ഹൃദയ ഭൂമിയില്‍ ഉണ്ടായ മൂന്നിരട്ടി ആഘാതമുള്ള പരാജയം തെളിയിച്ചിരിക്കുന്നത്. 2024-ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ഉണ്ടാക്കിയ പ്രതിപക്ഷ സഖ്യം ‘ഇന്‍ഡ്യ’യെ നയിക്കാനുള്ള ധാര്‍മികതയും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.
പരാജയങ്ങള്‍ വ്യക്തമാക്കുന്ന യഥാര്‍ത്ഥ്യം; ഹിന്ദി ബെല്‍റ്റില്‍ കോണ്‍ഗ്രസിന് ഇനി തനിച്ചൊന്നും ചെയ്യാനാകില്ലെന്നാണ്. ഇതുവരെ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാന നേതാവ് തങ്ങളാണെന്ന് കോണ്‍ഗ്രസ് വാദിച്ചിരുന്നു. ഹിമാചല്‍ പ്രദേശ് പോലൊരു ചെറിയ സംസ്ഥാനത്തില്‍ മാത്രമാണ് ഇന്നവര്‍ക്ക് ഭരണം. വടക്കേയിന്ത്യയില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന വിലപേശല്‍ ശക്തി തീര്‍ത്തും ഇല്ലാതായി. പ്രതിപക്ഷ സഖ്യം ഒരുമിച്ച് നില്‍ക്കണമെങ്കില്‍, ഓരോരുത്തരും മാന്യമായി പരിഗണിക്കപ്പെടണം. അതുണ്ടാകുന്നില്ലെന്നാണ് പലര്‍ക്കുമുള്ള പരാതി. ആ പരാതികളെല്ലാം കോണ്‍ഗ്രസിനെ വിരല്‍ ചൂണ്ടിക്കൊണ്ടുമാണ്.
ഇന്ത്യയുടെ ഓരോ ഭാഗങ്ങളിലും ബിജെപിയെ ദുര്‍ബലപ്പെടുത്തണമെങ്കില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്കൊന്നും ചെയ്യാനാകില്ല. കിഴക്ക്-വടക്ക്-പശ്ചിമ ഇന്ത്യയിലൊന്നും തന്നെ കോണ്‍ഗ്രസിന് ശക്തിയില്ല. ബിഹാറിലോ യുപിയിലോ ബംഗാളിലോ മഹാരാഷ്ട്രയിലോ ഒന്നും. ഹിമാചല്‍ ഒഴിച്ചുള്ള വടക്ക്-കിഴക്കന്‍ മേഖലകളിലോ ഒറ്റയ്ക്ക് ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനെക്കൊണ്ടാകില്ല. ദക്ഷിണേന്ത്യയിലും സ്ഥിതി അത്രകണ്ട് മെച്ചമല്ല, അവിടെയും അതാത് സംസ്ഥാനങ്ങളിലെ പ്രബലരായ സഖ്യകക്ഷികളുടെ സഹായമോ പിന്തുണയോ ആവശ്യമാണ്.
ഒരുമിച്ച് നിന്ന് പോരാടാനാണ് ‘ഇന്‍ഡ്യാ’ സഖ്യം ശ്രമിക്കേണ്ടത്. അതുണ്ടാവണമെങ്കില്‍ എല്ലാവരും ഒരുപോലെ പരിഗണിക്കപ്പെടണം. യഥാര്‍ഥ ശത്രു ആരാണെന്ന തിരിച്ചറിവിലേക്കെത്തണം. ഇല്ലായെങ്കില്‍ നിരാശ മാത്രമായിരിക്കും ബാക്കിയാവുക.