നമുക്കും പടുത്തുയര്‍ത്താം പുതിയൊരു ലോകത്തെ
തസ്‌നീം ചാവക്കാട്
ഈയടുത്ത് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രസ്താവന ഇറങ്ങുകയുണ്ടായി വിദ്യാലയങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം കൂടി ഉള്‍പ്പെടുത്തും എന്നായിരുന്നു അത്. എന്നാല്‍ ആ നയത്തിനെ പരസ്യമായി പരിഹസിച്ചു കൊണ്ട് പ്രാക്റ്റികല്‍ കൂടി ഉള്‍പ്പെടുത്തണം, എങ്കില്‍ ഞാനൊന്ന് കൂടി വിദ്യാലയത്തില്‍ പോയി പഠിക്കാന്‍ ആഗ്രഹിക്കുന്നു, ഒരു ലേബര്‍ റൂം കൂടി തുടങ്ങാം എന്നതടക്കം മലയാളികളില്‍ നിന്ന് പരിഹാസ കമന്റുകളുടെ നീണ്ട നിര തന്നെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു.
ഇതില്‍നിന്ന് തന്നെ അത്തരത്തില്‍ കമന്റിറക്കിയവരുടെ നിലവാരം മനസിലാക്കാന്‍ സാധിക്കും. കേവലം വൈകാരികതയുടെ ത ലം മാത്രമല്ല ലൈംഗികത എന്നും, എട്ടും പൊട്ടും തിരിയാത്ത അനേകം പേര്‍ അറിവില്ലായ്മയുടെ പേരില്‍ സാമൂഹിക ദ്രോഹികളുടെ വലയില്‍ ചെന്ന് വീഴുന്നുണ്ടെന്നും പലപ്പോഴും മലയാളികള്‍ മറക്കാന്‍ കൊതിക്കുന്ന സത്യമാണ്.
അപഹരിക്കപ്പെട്ട മാനവും അഭിമാനവും വീണ്ടെടുക്കാന്‍ കഴിയാതെ വരികയും ഇരയായി ചാപ്പ കുത്തിയതിന്റെ മറവില്‍ അനുഭവിക്കേണ്ടി വരുന്ന ആരോപണങ്ങളും അത് വഴി ഉടലെടുക്കുന്ന മാനസിക പിരിമുറുക്കങ്ങളും കണ്ടില്ലെന്ന് നടിക്കാന്‍ രക്ഷിതാക്കള്‍ക്ക് എത്ര നാള്‍ കഴിയും..?
ചോദ്യങ്ങള്‍ ഇനിയുമുണ്ട്. ഉത്തരം നല്‍കിയാല്‍ മറുചോദ്യമോ വിശദീകരണമോ തന്നെ കുഴക്കുമെന്ന ഭയത്താല്‍ മൗനം പുല്കുന്നവര്‍ ഇനിയെങ്കിലും ഒന്നുറക്കെ ശബ്ദിക്കണം അതിനായില്ലെങ്കിലും സമൂഹ, മാനവിക ബോധത്തെ അന്യപ്പെടുത്തുന്നവരാവാതിരിക്കുക.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്തരുണത്തില്‍ ചട്ടങ്ങളോട് കൂടെ ലൈംഗിക വിദ്യാഭ്യാസം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അവിടുത്തെ സാമൂഹിക-കുറ്റകൃത്യ അന്തരീക്ഷം നന്നേ മാറി എന്നതിനെ സാക്ഷ്യപ്പെടുത്തി കൊണ്ട് അവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് ബാലവിവാഹങ്ങളും ഗര്‍ഭഛിദ്രവും മുന്‍ കാലങ്ങളെ അപേക്ഷിച്ച് വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചു എന്നുള്ളതാണ്. അരും കൊലകളോടും കാമക്കണ്ണുകളോടും രാജി പറഞ്ഞുകൊണ്ട് പ്രതിബന്ധങ്ങളെ വിവേക പൂര്‍വം നേരിട്ട് നമുക്കും പുതിയൊരു ലോകത്തെ പടുത്തുയര്‍ത്താം.