നമ്മുടെ വെള്ളംകുടി മുട്ടുമോ?
ഹബീബ്‌റഹ്‌മാന്‍ കരുവമ്പൊയില്‍
കഴിഞ്ഞ വര്‍ഷം വെള്ളം വിതരണം ചെയ്യാന്‍ സര്‍ക്കാരിന് കഴിവില്ലെന്നു കാണിച്ചതിനു ശേഷം ദക്ഷിണാഫ്രിക്കയുടെ തലസ്ഥാന നഗരമായ കേപ്ടൗണിനെ ലോകത്തെ ആദ്യത്തെ ജലരഹിത നഗരമായി പ്രഖ്യാപിച്ചു. അവിടെ കുളിക്കുന്നത് നിരോധിച്ചിരിക്കുന്നു. 10 ലക്ഷം പേരുടെ കണക്ഷനുകള്‍ വിച്ഛേദിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. പമ്പുകളില്‍ പോയി പെട്രോള്‍ വാങ്ങുന്ന രീതിയില്‍, കേപ്ടൗണിലും 25 ലിറ്റര്‍ വെള്ളം ലഭ്യമാകുന്ന വാട്ടര്‍ ടാങ്കറുകള്‍ ഉണ്ടാകും. കൂടുതല്‍ വെള്ളം ചോദിക്കുന്നവരെയും കൊള്ളയടിക്കുന്നവരെയും നേരിടാന്‍ പോലീസിനെയും സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.
നമ്മുടെ തൊട്ടടുത്ത് ബാംഗ്ലൂരിലും സ്ഥിതി രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ മനോഹരമായ പൂന്തോട്ട നഗരത്തില്‍ നിന്ന് ആളുകള്‍ വീടുകളും ഫ്‌ളാറ്റുകളുമൊക്കെ ഒഴിഞ്ഞുപോവുകയാണത്രേ. ജലക്ഷാമം രൂക്ഷമായതിനാല്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഏറ്റവും വലിയ തിരഞ്ഞെടുപ്പു പ്രചാരണായുധമായിപ്പോലും വെള്ളം മാറിയതായാണ് ബംഗളൂരുവില്‍ നിന്നു വരുന്ന റിപ്പോര്‍ട്ടുകള്‍. എല്ലാ വര്‍ഷവും മാര്‍ച്ച് 22നാണ് ലോക ജലദിനമായി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോക ജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.
1992ല്‍ ബ്രസീലിലെ റിയോയില്‍ ചേര്‍ന്ന യുഎന്‍ കോണ്‍ഫറന്‍സ് ഓണ്‍ എന്‍വയണ്‍മെന്റ് ആന്റ് ഡെവലപ്‌മെന്റില്‍ ഉയര്‍ന്നുവന്ന ലോക ജലദിനമെന്ന നിര്‍ദേശം യുഎന്‍ ജനറല്‍ അസംബ്ലി അംഗീകരിക്കുകയും 1993 മാര്‍ച്ച് 22 മുതല്‍ നടപ്പാക്കുകയുമായിരുന്നു. ‘ജലം സമാധാനത്തിന്’ എന്ന സന്ദേശമാണ് ഇക്കൊല്ലത്തെ പ്രമേയം. ജലവും സംഘര്‍ഷവും സഹകരണവും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധത്തെക്കുറിച്ചും, സമാധാനം സൃഷ്ടിക്കാനോ സംഘര്‍ഷം സൃഷ്ടിക്കാനോ ഒക്കെ വെള്ളത്തിനുള്ള ശക്തിയെക്കുറിച്ചുമാണ് സൂചന. അടുത്ത മഹായുദ്ധം നടക്കാന്‍ പോകുന്നത് കുടിവെള്ളത്തിനു വേണ്ടിയായിരിക്കും എന്നൊരു പറച്ചിലുണ്ട്. ഇപ്പോള്‍ തന്നെ ഇന്ത്യയും ബംഗ്ലാദേശും അടക്കമുള്ള പല ലോക രാജ്യങ്ങളും നദികളുടെയും കനാലുകളുടെയുമൊക്കെ പേരില്‍ സംഘര്‍ഷത്തിലാണല്ലോ. നീലസ്വര്‍ണം എന്നാണല്ലോ ജലം അറിയപ്പെടുന്നത്. എന്നാല്‍ കുടിവെള്ളത്തിന് മഞ്ഞസ്വര്‍ണത്തേക്കാള്‍ വില വരുന്ന കാലത്തേക്ക് ലോകം മാറിക്കൊണ്ടിരിക്കുന്നു. ജനസംഖ്യ വര്‍ധിക്കുകയും ഭൂമിയില്‍ ജലം കുറയുകയും ചെയ്യുന്ന സ്ഥിതിയാണ് വരാന്‍ പോകുന്നത്.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നതായാണ് പഠനങ്ങള്‍. ഉള്ള കുടിവെള്ള സ്രോതസ്സുകള്‍ തന്നെ ദിനംപ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാ നദികള്‍ പോലും ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും തണ്ണീര്‍ത്തടങ്ങളും രാസവസ്തുക്കളാലും ജൈവമാലിന്യങ്ങളാലും ഖരമാലിന്യങ്ങളാലും നിറയുന്നു. ലോക ജലദിനത്തില്‍ ഇത്തരം ഓര്‍മകളൊക്കെ നമ്മെ അലട്ടേണ്ടതുണ്ട്. ജലം ജീവന്റെ അടിത്തറയാണെന്നും ജലമില്ലെങ്കില്‍ പിന്നെ മനുഷ്യവംശത്തിന്റെ മാത്രമല്ല, സകല ചരാചരങ്ങളുടെയും മരണമാണെന്നും ലോകത്തെ ഓര്‍മപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ ഉദ്ദേശിക്കുന്നത്. ജലസംരക്ഷനത്തിന്റെയും ജലസഹകരണത്തിന്റെയും പ്രാധാന്യം ലോക ജനതയെ ബോധ്യപ്പെടുത്തുന്നതിനും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി ഐക്യരാഷ്ട്ര സംഘടന (യുഎന്‍)യുടെ ആഹ്വാന പ്രകാരം 2013 ജലസഹകരണ വര്‍ഷമായി പോലും ആചരിച്ചു.
കുടിവെള്ളം ഓരോരുത്തരുടെയും അവകാശമാണെന്നും അത് നേടിയെടുക്കുന്നതിന് പരസ്പര സഹകരണം അനിവാര്യമാണെന്നും ബോധ്യപ്പെടുത്തുന്നതോടൊപ്പം അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആഹ്വാനം ചെയ്യുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രകൃതിയെ നയിക്കുന്നതുപോലും ജലമാണെന്ന് പ്രശസ്ത ചിത്രകാരന്‍ ലിയനാര്‍ഡോ ഡാവിഞ്ചി ഒരിക്കല്‍ പ്രസ്താവിക്കുകയുണ്ടായി. ലോകത്ത് വിവിധ സംസ്‌കാരങ്ങള്‍ ഉരുവപ്പെട്ടതും പിന്നീടത് പടര്‍ന്നു പന്തലിച്ചതും ജലാശയങ്ങള്‍ കേന്ദ്രീകരിച്ചാണെന്നത് ചരിത്രം നമ്മെ ഓര്‍മപ്പെടുത്തുന്നു. എന്തിനധികം, ജീവനുണ്ടായതു തന്നെ ജലത്തിലും ജലത്തില്‍ നിന്നുമാണല്ലോ.
ഭൂമിയില്‍ ഉപരിതലത്തിന്റെ 71 ശതമാനവും വെള്ളമാണെങ്കിലും ലഭ്യമാകുന്ന വെള്ളത്തിന്റെ 97.5 ശതമാനവും ഉപ്പുവെള്ളമാണ്. ഇതില്‍ 1.78 ശതമാനം വീതം മഞ്ഞുപാളികളായും ഭൂഗര്‍ഭജലമായും സ്ഥിതി ചെയ്യുന്നു. അവശേഷിക്കുന്ന 2.5 ശതമാനത്തിന്റെ 0.3 ശതമാനം മാത്രമാണ് ജീവജാലങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നത്! ലോക ജനസംഖ്യയാകട്ടെ പ്രതിവര്‍ഷം 85 ദശലക്ഷം വീതം വര്‍ധിക്കുന്നു. പക്ഷേ, കുടിവെള്ളം ഒരു തുള്ളി പോലും വര്‍ധിക്കുന്നില്ല. ഉള്ളതുതന്നെ മലിനമാവുകയും ചെയ്യുന്നു. കണക്കുകള്‍ പ്രകാരം ലോക ജനസംഖ്യയില്‍ 1.1 ബില്യണ്‍ പേര്‍ക്ക് വര്‍ഷത്തില്‍ ഒരു മാസം ജലം കാണാന്‍ പോലും കിട്ടുന്നില്ല. 2.7 ബില്യണ്‍ പേര്‍ എക്കാലത്തും കുടിവെള്ളക്ഷാമം അനുഭവിക്കുന്നവരാണ്.
ഇന്ത്യയിലാകട്ടെ രൂക്ഷമായി വരള്‍ച്ച ബാധിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ ഈ സമയത്ത് തുള്ളി വെള്ളമെങ്കിലും കിട്ടുന്നിടത്തേക്ക് കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയുമൊക്കെ പല പ്രദേശങ്ങളിലും വെള്ളത്തിനു വേണ്ടി ലഹളകളും സംഘര്‍ഷവും ഉണ്ടാവുമെന്ന ഭയത്താല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന സ്ഥിതിവിശേഷം വരെ സംജാതമാകാറുണ്ട്. ലാത്തൂരിലേക്ക് റെയില്‍മാര്‍ഗം വെള്ളം അയക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. കേരളവും കര്‍ണാടകയും തമിഴ്‌നാടുമടക്കം പല സംസ്ഥാനങ്ങളും തമ്മിലുള്ള മുഖ്യ പ്രശ്‌നങ്ങള്‍ തന്നെ വെള്ളവും നദികളുമൊക്കെയായി ബന്ധപ്പെട്ടാണല്ലോ.
കായലുകളുടെ നാട് എന്നറിയപ്പെടുന്ന, ആറു മാസത്തോളം മഴ പെയ്യുന്ന, നാല്‍പതിലധികം നദികള്‍ ഒഴുകുന്ന നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടായ കേരളം പോലും ജലലഭ്യതയുടെ കാര്യത്തില്‍ ബുദ്ധിമുട്ടുകയാണല്ലോ. ഉള്ള ജലം തന്നെ മലിനമാക്കപ്പെടുന്ന വാര്‍ത്തകളാണ് നിത്യേനയെന്നോണം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആവശ്യത്തിന് ജലസ്രോതസ്സുകളുണ്ടായിട്ടും അത് സംരക്ഷിക്കുന്നതില്‍ കാണിക്കുന്ന അനാസ്ഥയാണ് കേരളത്തെ ഇത്തരമൊരു ദുരവസ്ഥയിലേക്ക് തള്ളിവിട്ടത്. കേരളത്തിന്റെ കിഴക്കുഭാഗം മുഴുവന്‍ മഴക്കാടുകളാലും പശ്ചിമഘട്ട മലനിരകളാലും സമ്പന്നമായിരിക്കെ നമ്മെ തുറിച്ചുനോക്കുന്ന ഈ ജലപ്രതിസന്ധി നമ്മുടെത്തന്നെ സൃഷ്ടിയല്ലേ? അനുഭവങ്ങളില്‍ നിന്ന് പാഠം പഠിച്ച് ജലസംരക്ഷണത്തിനു മുന്നൊരുക്കങ്ങളുമായി മുന്നോട്ടുപോയില്ലെങ്കില്‍ വരള്‍ച്ചയുടെ അതിരൂക്ഷമായ കെടുതികള്‍ കേരളത്തെയും പിടികൂടുമെന്നതില്‍ സംശയം വേണ്ട. ഇപ്പോള്‍ തന്നെ കുത്തനെ വര്‍ധിപ്പിച്ച വെള്ളക്കരം ചര്‍ച്ചകള്‍ കൊണ്ട് മുഖരിതമാണല്ലോ നമ്മുടെ അന്തരീക്ഷം.
വായു കഴിഞ്ഞാല്‍ മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ രണ്ടാമത്തെ ഘടകമായ വെള്ളം കുടിക്കാനും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും മാത്രമല്ല കാര്‍ഷിക-വ്യാവസായിക ആവശ്യങ്ങള്‍ക്കും വൈദ്യുതി ഉല്‍പാദനത്തിനുമെല്ലാം ഉപയോഗിക്കുന്നുണ്ട്. ഈ ജീവജലം മണ്ണിലാണ് ശേഖരിക്കപ്പെടുന്നതും സംരക്ഷിക്കപ്പെടുന്നതും ശുദ്ധീകരിക്കപ്പെടുന്നതും. അതിനാല്‍ മണ്ണും, മണ്ണിനെ മണ്ണാക്കി നിര്‍ത്തുന്നത് ജൈവവസ്തുക്കളാകയാല്‍ ജൈവവസ്തുക്കളും സംരക്ഷിച്ചുകൊണ്ടേ ജലം സംരക്ഷിക്കാനാവൂ.
ഇവയെല്ലാം പ്രകൃതിയില്‍ പരസ്പരബന്ധിതമായി നിലനില്‍ക്കുന്നു എന്ന വസ്തുത നാം ഗൗരവത്തില്‍ എടുക്കേണ്ടതുണ്ട്. ഭൂമിയില്‍ ജലലഭ്യത ഉറപ്പുവരുത്തുന്നത് മഴയാണ്. ജലപരിവൃത്തിയിലൂടെ മഴ തുടര്‍ച്ചയായി സംഭവിക്കുന്നു. മഴയായി ഭൂമിയില്‍ ലഭിക്കുന്ന വെള്ളം ഉപരിതലത്തിലൂടെ വേഗത്തിലും (സെക്കന്‍ഡില്‍ 3 മീറ്റര്‍ ദൂരം വരെ) മണ്ണിനടിയിലൂടെ സാവധാനത്തിലും (1 മീറ്റര്‍ സഞ്ചരിക്കാന്‍ 3 ദിവസം വരെ) ചലിച്ചുകൊണ്ടിരിക്കുന്നു. ഭൂഗര്‍ഭജലം പാറകളുടെയും മണ്ണിന്റെയും പാളികളിലൂടെ ജലവാഹിനികളായി സാവധാനം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെയത് ഭൂഗര്‍ഭ ജലവിതാനത്തോട് ചേരുന്നു.
ജലത്തിന്റെ ലഭ്യത, മണ്ണിന്റെ ഘടന, ഭൂപ്രകൃതി, ഭൂവിനിയോഗം എന്നിവ ജലത്തിന്റെ യാത്രയെയും ജലം ശേഖരിക്കപ്പെടുന്നതിനെയും സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ജലസ്രോതസ്സിന്റെ പ്രധാന ഭാഗം ഈ ഭൂഗര്‍ഭജലമാണ്. ലോകത്ത് ഉപയോഗിക്കുന്ന ജലത്തിന്റെ അഞ്ചിലൊരു ഭാഗം ഭൂഗര്‍ഭ ജലസ്രോതസ്സുകളില്‍ നിന്നാണ് ലഭിക്കുന്നത്. മഴവെള്ളം കൊണ്ട് വീണ്ടും അത് പരിപുഷ്ടമാകുന്നു.
അമിതമായി ജലം ഊറ്റിയെടുത്താല്‍ സമീപ പ്രദേശങ്ങളിലെ ജലവിതാനം താഴുകയും കിണറുകള്‍ വറ്റിപ്പോവുകയും ചെയ്യും. അപ്പോള്‍ അവിടേക്ക് ഉപ്പുവെള്ളം കയറി ബാക്കിയുള്ള വെള്ളവും ഉപ്പുവെള്ളമായി മാറും. ഭൂഗര്‍ഭജലം ഒരിക്കല്‍ മലിനീകരിക്കപ്പെട്ടാല്‍ ശുദ്ധീകരിക്കുക എളുപ്പമല്ല. ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളിലൊന്ന് കുടിവെള്ള മലിനീകരണമാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ യുണൈറ്റഡ് നാഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം കണക്കാക്കുന്നു.
ആഗോളതലത്തിലായാലും ദേശീയതലത്തിലായാലും പ്രാദേശികതലത്തിലായും ജലലഭ്യതയും സുരക്ഷിതമായ കുടിവെള്ളവും ഗൗരവപ്പെട്ട പ്രശ്‌നങ്ങളാണ്. വ്യാവസായിക-യന്ത്രവത്കൃത യുഗത്തിന്റെ അവശിഷ്ടങ്ങളായ മാലിന്യങ്ങള്‍ ജലസ്രോതസ്സുകളെ മുഴുവന്‍ മലിനമാക്കുന്നു. ജലത്തിന്റെ ഈ മലിനീകരണവും ദൗര്‍ലഭ്യവും മൂലം ലോകം അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണിപ്പോള്‍ വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇന്ന് ലോകത്തുണ്ടാകുന്ന മിക്ക രോഗങ്ങളുടെയും ഹേതു മലിനജലവും മലിനമായ അന്തരീക്ഷവുമാണ്.
അതോടൊപ്പം തന്നെ എല്ലാവര്‍ക്കും അവകാശപ്പെട്ട വെള്ളം ചിലര്‍ കൈയടക്കിവെക്കുകയും കച്ചവടച്ചരക്കാക്കുകയും ചെയ്യുന്നു. അങ്ങനെ ജലവും ജനങ്ങളും അമിതമായി ചൂഷണം ചെയ്യപ്പെടുന്നു. ജലക്ഷാമം നേരിടുമ്പോള്‍ തന്നെ ജലത്തിന്റെ അമിതോപയോഗവും ദുരുപയോഗവും പാഴാക്കലും നടക്കുന്നു. ജലക്ഷാമം കുടിവെള്ള പ്രശ്‌നം മാത്രമല്ല, കൃഷിയടക്കമുള്ള മറ്റിതര ജനജീവിതത്തെയും ഗുരുതരമായി ബാധിക്കുന്നു. ഭക്ഷ്യോല്‍പാദനം കുറയാനിടയാവുകയും വ്യാവസായിക പുരോഗതി നിശ്ചലമാവുകയും ചെയ്യുന്നു.
നമ്മുടെ ജലസ്രോതസ്സുകളായ മഴവെള്ളം, ഉപരിതലജലം, ഭൂഗര്‍ഭജലം എന്നിവയെ സംരക്ഷിച്ചില്ലെങ്കില്‍ നമ്മുടെയെന്നല്ല, ലോകത്തിന്റെ തന്നെ നിലനില്‍പ് അസാധ്യമായിരിക്കും. വനങ്ങളും കാവുകളും സംരക്ഷിച്ചും മരങ്ങള്‍ വെച്ചുപിടിപ്പിച്ചും മഴയുടെ ലഭ്യത വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം മഴവെള്ളം മണ്ണിലേക്കിറങ്ങി ലഭിക്കുന്ന ജലത്തിന്റെ സംരക്ഷണം ഉറപ്പാക്കാനും നടപടികള്‍ വേണം. ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും വയലുകളും സംരക്ഷിച്ചും വിപുലപ്പെടുത്തിയും കൂടുതല്‍ ജലം സംരക്ഷിച്ചു നിര്‍ത്തേണ്ടതാണ്.
കുന്നിടിക്കാതെയും വയലുകളും തണ്ണീര്‍ത്തടങ്ങളും ജലാശയങ്ങളും നികത്താതെയും മണലൂറ്റിയും മണ്ണെടുത്തും പുഴ നശിപ്പിക്കാതെയും ഉപരിതല-ഭൂഗര്‍ഭ ജലസ്രോതസ്സും ശക്തിപ്പെടുത്തേണ്ടതാണ്. ഒപ്പം സമുദ്രജലത്തില്‍ നിന്നു ശുദ്ധജലം വേര്‍തിരിച്ചെടുക്കുന്ന ഡിസ്റ്റിലേഷന്‍ പ്രക്രിയയും ത്വരിതപ്പെടുത്തേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം സാമുവല്‍ ടെയ്‌ലറിന്റെ ‘വെള്ളം വെള്ളം സര്‍വത്ര, തുള്ളി കുടിപ്പാനില്ലത്രേ’ എന്നര്‍ഥമുള്ള പ്രസിദ്ധമായ ഇംഗ്ലീഷ് കവിതയും ഇഞ്ചിക്കോട് ബാലചന്ദ്രന്റെ ‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ, മലിനമായ ജലാശയം അതിമലിനമായൊരു ഭൂമിയും’ എന്ന കവിതയുമൊക്കെ യാഥാര്‍ഥ്യമാകും, തീര്‍ച്ച.