യുദ്ധത്തിന്റെ വ്യാകരണം
രണ്‍ജിത് നടവയല്‍
ആദിമ മനുഷ്യന്‍ തൊട്ട്
ആധുനിക മനുഷ്യന്‍ വരെ
ഒരിക്കല്‍പോലും കേള്‍ക്കാതെ
പറയാതെ വായിക്കാതെ എഴുതാതെ
ഏറ്റവും ലളിതമായി പ്രയോഗിക്കാന്‍
കഴിയുന്ന ഭാഷയാണ് യുദ്ധം.
അംഗീകാരം കിട്ടാത്ത
ഒരു യൂണിവേഴ്‌സല്‍ ലാംഗ്വേജ്.
വ്യവസ്ഥകള്‍ പാലിക്കാത്ത
വ്യാകരണ നിയമങ്ങള്‍.
നീ നിന്റേതെന്നും ഞാന്‍ എന്റേതെന്നും
അവര്‍ അവരുടേതെന്നും വിളിക്കുന്ന
വ്യത്യസ്തമായ ലിപികള്‍.
പറയാന്‍ തുടങ്ങുമ്പോള്‍ മാത്രം
എങ്ങനെയാണ് ഈ ലിപികളെല്ലാം
കൂടിച്ചേര്‍ന്ന് ഒരേ ഭാഷയാകുന്നത്.
വള്ളിയും പുള്ളിയും ദീര്‍ഘവും ഹ്രസ്വവും
സംവൃതോകാരവുമെല്ലാം
ഒരിക്കല്‍ കണ്ടാല്‍ ഹൃദിസ്ഥമാക്കുന്ന
ടെക്‌നിക് ആര് പഠിപ്പിച്ചതാണ്.?
ലോകത്തിലെ ഭാഷകളെല്ലാം
കടലെടുത്താലും
ലിപികളെല്ലാം നശിച്ചാലും
മനുഷ്യകുലം ഉള്ളിടത്തോളം കാലം
അന്യോന്യം വ്യത്യസ്തങ്ങളായ
ഈ ലിപികളില്‍ ആളുകള്‍
സംവദിച്ചു കൊണ്ടേയിരിക്കും.