യുദ്ധം സമൂഹത്തിന്റെ നട്ടെല്ലൊടിക്കുന്നു
അബ്ദുസ്സത്താര്‍
രണ്ടു രാഷ്ട്രങ്ങള്‍ തമ്മിലാണ് യുദ്ധമെങ്കിലും അത് ആഗോളതലത്തില്‍ ബാധിക്കും. ആ രാഷ്ട്രങ്ങളുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധപ്പെട്ടു കിടക്കുന്ന എല്ലാവരെയും അത് ബാധിക്കും. ഒരു യുദ്ധം കഴിയുമ്പോഴേക്ക് ലോകത്തിന്റെ മൊത്തം സാമ്പത്തികാടിത്തറ തകരുന്നത് ഇക്കാരണങ്ങള്‍ കൊണ്ടാണ്.
യുക്രൈനിലെ റഷ്യന്‍ അധിനിവേശം ആഗോള സമ്പദ്വ്യവസ്ഥയുടെ മേല്‍ കനത്ത ആഘാതമാണ് ഏ ല്പ്പിച്ചു കൊണ്ടിരിക്കുന്നത്. റഷ്യയുടെ മേല്‍ പെട്ടെന്ന് ഏര്‍പ്പെടുത്തിയ ഉപരോധം രാജ്യത്തിന്റെ കറന്‍സി മൂല്യവും സാമ്പത്തിക ആസ്തികളും തകര്‍ക്കുകയും ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില അനിയന്ത്രിതമായി ഉയരാനിടയാക്കുകയും ചെയ്തു.
ലോകബാങ്കിന്റെ കണക്ക് പ്രകാരം റഷ്യയുടെ 1.5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ ലോകത്തിലെ 11-ാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. പ്രമുഖ എണ്ണക്കമ്പനികളുടെ സഹായത്തോടെ പ്രതിദിനം ദശലക്ഷക്കണക്കിന് ബാരല്‍ ക്രൂഡ്ഓയില്‍ കയറ്റുമതി ചെയ്താണ് അവര്‍ ഈ നിലയിലെത്തിയത്. ഇതോടെ പാശ്ചാത്യ ബ്രാന്‍ഡുകള്‍ റഷ്യയില്‍ ബിസിനസുകള്‍ ആരംഭിക്കുകയും റഷ്യന്‍ കമ്പനികള്‍ക്ക് വിദേശ നിക്ഷേപങ്ങള്‍ പെരുകുകയും ചെയ്തു.
എന്നാല്‍ ഉപരോധങ്ങള്‍ റഷ്യയെ വരിഞ്ഞു മുറുക്കുമ്പോള്‍, വ്യാപാരികള്‍ യുറല്‍സ് ക്രൂഡ്ഓയില്‍ ബാരല്‍ ഒഴിവാക്കുന്നു, പാശ്ചാത്യ കമ്പനികള്‍ രാജ്യം വിടുകയോ സ്ഥാപനങ്ങള്‍ അടയ്ക്കുകയോ ചെയ്യുന്നു. റഷ്യന്‍ ഓഹരികള്‍ ആഗോള സൂചികകളില്‍ നിന്ന് പുറത്താക്കപ്പെടുന്നു. ന്യൂയോര്‍ക്കിലും ലണ്ടനിലും റഷ്യന്‍ കമ്പനികളുടെ വ്യാപാരം നിര്‍ത്തിവെച്ചു. ഇതിന്റെ പ്രത്യാഘാതങ്ങള്‍ റഷ്യന്‍ ആഭ്യന്തര വിപണിയെ മാത്രം ബാധിക്കുന്നവയല്ല.
റഷ്യന്‍ പ്രതിസന്ധി ഇന്ധന വിതരണ രംഗത്ത് മാത്രമല്ല ഭക്ഷ്യവസ്തുക്കളുടെ ആഗോള വിതരണ രംഗത്തും ആഘാതമേല്പ്പിക്കുമെന്നത് തീര്‍ച്ചയാണ്. ആഗോള ഗോതമ്പ് കയറ്റുമതിയുടെ 29% റഷ്യയില്‍ നിന്നാണ്. ഉപരോധത്തിന് പിന്നാലെ ഗോതമ്പിന്റെ വിലയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകുകയും ഇത് ഭക്ഷ്യ വസ്തുക്കളുടെ നിര്‍മാണം വളരെ ചെലവേറിയതാക്കുകയും ചെയ്തു. ആ ചെലവുകള്‍ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തും.
കരിങ്കടല്‍ വഴിയുള്ള സൂര്യകാന്തി എണ്ണയുടെ കയറ്റുമതി മുടങ്ങിയത് മൂലം എണ്ണയ്ക്കായി ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നതിന്റെ തിരക്കിലാണ് വിപണികള്‍. ഇതോടെ പാമോയിലിന്റെ വില മുമ്പെങ്ങുമില്ലാത്ത തരത്തില്‍ കുതിച്ചു പൊങ്ങുകയാണ്. ഈ വിലക്കയറ്റങ്ങള്‍ പ്രധാനമായും റഷ്യന്‍ വിപണിയെയാണ് ബാധിക്കുകയെങ്കിലും ഇതര രാഷ്ട്രങ്ങളിലും പല വിധത്തില്‍ ഇത് പ്രതിഫലിക്കും. സമൂഹത്തിന്റെ സാമ്പത്തികാടിത്തറയ്ക്കാണ് യുദ്ധം പ്രഹരമേല്പിച്ചുകൊണ്ടിരിക്കുന്നത്.
നമ്മുടെ നാടുകളിലും അവശ്യസാധനങ്ങള്‍ക്കും മറ്റും വില വര്‍ധിക്കുന്നുണ്ട്. ഇതിനു പറയപ്പെടുന്നതും യുദ്ധത്തിന്റെ കാരണമാണ്. രാജ്യത്ത് സ്വര്‍ണത്തിന്റെ വില നാല്പതിനായിരത്തിനു മുകളിലെത്തിയിരിക്കുന്നു. ഇന്ധന വിലയും വര്‍ധിക്കാനിരിക്കുകയാണ്.
ഉത്തരേന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് കാരണം കേന്ദ്രസര്‍ക്കാര്‍ കണ്ണുരുട്ടിയതുകൊണ്ടാണ് എണ്ണക്കമ്പനികള്‍ ഇതുവരെ വില കൂട്ടാതിരുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതോടെ എണ്ണവില വലിയ തോതില്‍ കൂ ടാനാണ് സാധ്യത. യുദ്ധംമൂലം ക്രൂ ഡ് ഓയിലിന്റെ വിലയില്‍ വലിയ വര്‍ധനയുണ്ടായതും വിലക്കയറ്റത്തിനു കാരണമാകും. എണ്ണക്കു വില കൂടുന്നതോടെ അവശ്യസാധനങ്ങളുടെ വില വര്‍ധിക്കുകയും സാധാരണക്കാര്‍ക്ക് നേരിട്ട് ബാധിക്കുകയും ചെയ്യും.
യുദ്ധമുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ ഏറെയാണ്. ലക്ഷക്കണക്കിന് അഭയാര്‍ഥികളാണ് യുദ്ധം മൂലം ഉണ്ടായത്. മനുഷ്യവിഭവശേഷിയാണ് കൈമോശം വന്നുകൊണ്ടിരിക്കുന്നത്. എല്ലാ സാമ്പത്തിക തകര്ച്ചകളേക്കാളും വലിയ തകര്‍ച്ചയാണ് മനുഷ്യജീവനുകള്‍ ഹനിക്കപ്പെടുന്നതിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കടലാസുകളില്‍ അമര്‍ഷം രേഖപ്പെടുത്തുന്നതിനപ്പുറം ആരും ഒന്നും ചെയ്യുന്നതായി കാണുന്നില്ല. ഈ യുദ്ധം സമൂഹത്തിന്റെ നട്ടെല്ലൊടിക്കുന്നതും നോക്കി നില്‍ക്കുകയാണ് ലോകരാഷ്ട്രങ്ങള്‍ എന്നത് സങ്കടകരമാണ്.