2 Friday
December 2022
2022 December 2
1444 Joumada I 8

യുദ്ധവും സമാധാനവും: നാം ഏത് പക്ഷത്ത്?

ഡോ. പി എം മുസ്തഫ കൊച്ചിന്‍


‘യുദ്ധവും സമാധാനവും’ എന്നത് റഷ്യന്‍ എഴുത്തുകാരന്‍ ലിയോ ടോള്‍സ്‌റ്റോയ് (1828- 1910) 1865-69 കാലത്ത് രചിച്ച ചരിത്ര നോവലാണ്. ഫ്രഞ്ച് സൈനിക നേതാവും യുദ്ധം കാട്ടാളപ്രവൃത്തിയാണെന്ന് പറയുകയും ചെയ്തിരുന്ന നെപ്പോളിയന്‍ ബോണ പാര്‍ട്ടിന്റെ (1769-1821) നപ്പോളിയനിക് യുദ്ധങ്ങളുമായി (1803- 1815) ബന്ധപ്പെടുത്തി മനുഷ്യ യുദ്ധങ്ങളുടെ ഉദ്ദേശ്യ രാഹിത്യമാണ് ഇതിലെ ഇതിവൃത്തം. സമാധാനവുമായി ബന്ധപ്പെട്ട ഒരൊറ്റ ചിന്താരീതി മാത്രേമയുള്ളൂവെങ്കില്‍ യുദ്ധവുമായി ബന്ധപ്പെട്ട അനവധി ചിന്താവഴികളുണ്ട്. യുദ്ധം അനിവാര്യമാണ് എല്ലായ്‌പോഴും എന്നു വാദിക്കുന്ന യുദ്ധക്കൊതിയന്മാരുടെ രണ്ടു ചിന്താധാരകളുണ്ട്:
ഒന്ന്: ബ്രിട്ടീഷ് ധനശാസ്ത്രജ്ഞനായ തോമസ് റോബര്‍ട്ട് മാല്‍ത്തൂസ് (1766-1834) പോലുള്ളവരുടെ വീക്ഷണമനുസരിച്ച് ജനസംഖ്യ നിയന്ത്രണാതീതമാകുമ്പോള്‍ യുദ്ധമാണ് ജനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നത്.
രണ്ട്: ജനനം മുതല്‍ പ്രതികാരം വീട്ടി മരിക്കാനുള്ള ഒരു ത്വര ഓരോ വ്യക്തിയിലുമുണ്ട്. അവസരം അനുയോജ്യമാകുമ്പോള്‍ അതിന്റെ പ്രതിഫലനമാണ് യുദ്ധത്തില്‍ കാണുന്നത്.
മാസിഡോണിയന്‍ രാജാവ് അലക്‌സാണ്ടര്‍ ചക്രവര്‍ത്തി (ബിസി 356-323), വടക്കനാഫ്രിക്കന്‍ പടത്തലവന്‍ ഹാനീബാല്‍ (ബിസി 247), പേര്‍ഷ്യന്‍ രാജാവ് കാമ്പിസെസ് രണ്ടാമന്‍ (ബിസി 522), മംഗോളിയന്‍ പടനായകന്‍ ചെങ്കിസ്ഖാന്‍ (എഡി 1227) എന്നിവ ഇതിനുദാഹരണമായി എടുത്തുകാട്ടപ്പെടുന്നു. ഇറ്റലിയിലെ റോം കൊളോസിയത്തില്‍ എഡി 399 മുതല്‍ നടന്ന ഗ്ലാഡിയേറ്റര്‍ യുദ്ധങ്ങളും ഇതിന് ഉത്തമോദാഹരണങ്ങളാണ്. ഈ യുദ്ധങ്ങള്‍ ഫ്‌ളാവിയസ് ഹൊണോറിയോസ് (എഡി 384-423) ചക്രവര്‍ത്തിയുടെ കാലത്താണ് നിരോധിച്ചത്.
അന്യായ യുദ്ധം
ന്യായമെന്നോ?

സമാധാനം സംരക്ഷിക്കാനുള്ള മികച്ച മാര്‍ഗമായാണ് അമേരിക്കയുടെ ഒന്നാം രാഷ്ട്രപതി ജോര്‍ജ് വാഷിങ്ടണ്‍ (1723-1799) യുദ്ധത്തിന് തയ്യാറായിരിക്കലിനെ പരിചയപ്പെടുത്തിയത്. ഇതിന് മറുപടിയെന്നോണം 35ാമത്തെ രാഷ്ട്രപതി ജോണ്‍ എഫ് കെന്നഡി (1917-1963) പറഞ്ഞു: ”യുദ്ധത്തിന് തയ്യാറെടുക്കുന്നതിലൂടെ മാത്രമേ നമുക്ക് സമാധാനം ഉറപ്പുവരുത്താന്‍ കഴിയൂ എന്നത് ഒരു നിര്‍ഭാഗ്യകരമായ വസ്തുതയാണ്. മനുഷ്യകുലത്തെ യുദ്ധം നാമാവശേഷമാക്കുന്നതിനു മുമ്പായിത്തന്നെ യുദ്ധത്തെ നാം നാമാവശേഷമാക്കുക.” ഇറ്റാലിയന്‍ രാഷ്ട്ര മീമാംസകനായ നിക്കോലോ മാകിയവെല്ലി(1469-1527)യുടെ ‘ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു’ എന്ന മാകിയവെല്ലിയന്‍ ന്യായീകരണത്തിന്റെ സ്വാധീനം ജോര്‍ജ് വാഷിങ്ടണിന്റെ അന്യായമായ യുദ്ധനയത്തില്‍ പ്രകടമാണ്. ഇത് യുദ്ധ വിഷയത്തില്‍ പ്രമുഖ കാഴ്ചപ്പാടായി ഇന്നും നിലകൊള്ളുന്നു. ഇത് മൂന്നാമത്തെ ചിന്താരീതിയാണെന്ന് ഗണിക്കാം. യുദ്ധമെന്ന ഉളി കൊണ്ട് സമാധാനമെന്ന ശില്‍പത്തെ രൂപപ്പെടുത്താനാണ് ഈ കൂട്ടര്‍ ശ്രമിക്കുന്നത്!
സൈന്യം
വേണമെന്നോ?

ലോകത്തിലെ ഇരുപതോളം രാജ്യങ്ങള്‍ക്ക് മാത്രമേ സ്വന്തമായി സൈന്യമില്ലാത്ത അവസ്ഥയുള്ളൂ. ബാക്കിയെല്ലാ രാജ്യങ്ങളും സൈനികസന്നാഹങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പനാമയ്ക്കും ഹെയ്തിക്കും സൈന്യമില്ല. സൈന്യം വേണ്ടെന്ന് തീരുമാനമെടുത്ത രാജ്യമാണ് കോസ്റ്ററിക്ക. അയല്‍രാജ്യങ്ങളായ എല്‍സാല്‍വഡോറും നിക്കരാഗ്വയും തമ്മിലുള്ള ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ച കോസ്റ്ററിക്കന്‍ പ്രസിഡന്റ് ഓസ്‌കാര്‍ അരിയസ് സാഞ്ചസി(1941-2013)നെ തേടി 1987ല്‍ സമാധാന നൊബേല്‍ എത്തി.
ഐസ്‌ലാന്റ്, പാലാവ് എന്നീ രാജ്യങ്ങള്‍ക്ക് അമേരിക്കന്‍ സൈന്യവും വത്തിക്കാന്‍, സാന്‍മാരിനോ എന്നിവയ്ക്ക് ഇറ്റാലിയന്‍ സൈന്യവും സമോവാ, കിരിബാറ്റി എന്നിവയ്ക്ക് ന്യൂസിലാന്റ് സൈന്യവും മൊണാക്കോക്ക് ഫ്രഞ്ച് സൈന്യവും ലീചെന്‍സ്റ്റീന് സ്വിസ് സൈന്യവും അന്‍ഡോറയ്ക്ക് സ്പാനിഷ് സൈന്യവും രാജ്യസുരക്ഷാ ചുമതല നിര്‍വഹിക്കുന്നു. സ്വന്തം സൈന്യമില്ലാത്ത ഈ രാജ്യങ്ങളാണ് ലോകത്ത് സമാധാനമായി ജീവിക്കുന്നത്.
‘പോരാടാതെ തന്നെ ശത്രുമനസ്സിനെ കീഴടക്കുന്നതാണ് പരമമായ യുദ്ധതന്ത്രം’ എന്ന ചൈനീസ് യുദ്ധതന്ത്ര തത്വശാസ്ത്ര വിദഗ്ധനായ സണ്‍സൂ (ബിസി 544-496)വിന്റെ മൊഴി അടിയുറച്ച് വിശ്വസിക്കുന്നവരാണ് ഈ രാജ്യക്കാര്‍.
ഇസ്‌ലാമും
സമാധാനവും

സമാധാനം, ശാന്തി, സ്വസ്ഥത, സുരക്ഷിതത്വം എന്നീ അര്‍ഥങ്ങള്‍ നല്‍കാവുന്ന അറബി പദങ്ങളാണ് സില്‍മ്, സലാം, സലാമാ… എന്നിവ. ഇവ അകര്‍മക (ശിൃേമിശെശേ്‌ല) പദങ്ങളാണ്. സമാധാനവും ശാന്തിയും സ്വസ്ഥതയും സുരക്ഷിതത്വവും നല്‍കല്‍ എന്ന അര്‍ഥത്തിലുള്ള സകര്‍മക പദമാണ് ഇസ്‌ലാം. ഖുര്‍ആന്‍ 8 പ്രാവശ്യം ഇസ്‌ലാം എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. സലാം എന്നത് 41 പ്രാവശ്യവും സല്‍മ് (ൃേലമ്യേ) എന്നത് രണ്ടിടത്തും. ഇസ്‌ലാം മതത്തെ സൂചിപ്പിക്കാനായി സില്‍മ് (സമാധാനം) എന്നത് ഒരിടത്തും (2:208) പ്രയോഗിച്ചിട്ടുണ്ട്.
സ്വന്തത്തിനും സ്വന്തം ഇണയ്ക്കും അപരന്റെ ഇണയ്ക്കും, സ്വന്തം മാതാപിതാക്കള്‍ ക്കും അപരന്റെ മാതാപിതാക്കള്‍ക്കും, സ്വന്തം മക്കള്‍ക്കും അപരന്റെ സന്താനങ്ങള്‍ക്കും, സ്വന്തം കുടുംബക്കാര്‍ക്കും അപരന്റെ ബന്ധുക്കള്‍ക്കും, സ്വദേശത്തിനും വിദേശത്തിനും സകല ജീവജാലങ്ങള്‍ക്കും എല്ലാ സസ്യലതാദികള്‍ക്കും മുഴുവന്‍ നിര്‍ജീവ വസ്തുക്കള്‍ക്കും സ്വാസ്ഥ്യവും സമാധാനവും ശാന്തിയും നല്‍കുന്നവനാണ് ഇസ്‌ലാമിന്റെ സമ്പൂര്‍ണ സത്യവിശ്വാസിയായ മുസ്‌ലിം. അതുകൊണ്ടാണ് യുദ്ധം, പോരാട്ടം, സംഘട്ടനം, സംഘര്‍ഷം, കൈയേറ്റം, അധിനിവേശം, അക്രമം, അനീതി, കൊല, കൊള്ള എന്നീ തിന്മകളൊക്കെ ഇസ്‌ലാം നിരോധിച്ചത്. ‘മര്‍ദന പീഡനം കൊലപാതകത്തെക്കാള്‍ ഭീകരമാണ്’ (2:191, 217) എന്നതാണ് ഖുര്‍ആനിന്റെ നയം.
ഈമാന്‍ അഥവാ
അഭയം നല്‍കല്‍

നിര്‍ഭയത്വം, അഭയം എന്നീ അര്‍ഥം നല്‍കാവുന്ന അറബി വാക്കാണ് അംന്. ഈ അകര്‍മക (ലാസിം) വാക്കിന്റെ സകര്‍മക (മുതഅദ്ദീ) പദമാണ് ഈമാന്‍. നിര്‍ഭയത്വവും അഭയവും നല്‍കല്‍ എന്ന് ഇതിന് അര്‍ഥം നല്‍കാവുന്നതാണ്. ഖുര്‍ആന്‍ അഞ്ചു തവണ അംന് എന്നും 44 തവണ ഈമാന്‍ എന്നും ഉപയോഗിച്ചിട്ടുണ്ട്. നിര്‍ഭയത്വം (6:81,82), അഭയം (92:125), പേടിയുടെ വിപരീതം (4:83, 24:35) എന്നീ അര്‍ഥങ്ങളിലാണ് അംന് എന്ന പദം ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുള്ളത്.
സ്വയം മുതല്‍ സര്‍വ ലോകങ്ങള്‍ വരെ നിര്‍ഭയത്വമേകുന്ന സമ്പൂര്‍ണ സത്യവിശ്വാസമാണ് ഈമാന്‍ കൊണ്ടുദ്ദേശിക്കുന്നത്. അത് സ്വാംശീകരിച്ച് ജീവിതത്തില്‍ പകര്‍ത്തുന്നവനാണ് സമ്പൂര്‍ണ സത്യവിശ്വാസിയായ മുഅ്മിന്‍. ‘പ്രാര്‍ഥനാനിരതനും ദൈവവിശ്വാസിയുമായ മനുഷ്യന്‍ തനിക്കും ലോകത്തിനും സമാധാനം നല്‍കുന്നു’ എന്നാണ് മഹാത്മാ ഗാന്ധി പറഞ്ഞത്. ഖുര്‍ആന്‍ പറയുന്നു: ‘അക്കാരണത്താല്‍ ഇസ്‌റാഈല്‍ സന്തതികള്‍ക്ക് ഇപ്രകാരം നാം വിധി നല്‍കി. മറ്റൊരാളെ കൊന്നതിനു പകരമായോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍ അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിനു തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍ അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു’ (5:23) ‘ഒരാളെ കൊന്നാല്‍ അത് കൊലപാതകം. പക്ഷേ, ആയിരങ്ങളെ കൊന്നാലോ, അത് ധീരത’ എന്നാണ് മുന്‍ അമേരിക്കന്‍ അറ്റോര്‍ണി ജനറലായ റോബര്‍ട്ട് എഫ് കെന്നഡി (1925-1968) അത്ഭുതം കൂറി പറഞ്ഞത്.
ശാന്തിയുടെ മതം
ഇസ്‌ലാം യുദ്ധം നിരോധിച്ച മതമാണ്. പ്രതിരോധ യുദ്ധത്തിനല്ലാതെ, സമാധാനവും ശാന്തിയും സ്വാസ്ഥ്യജീവിതവും പുനഃസ്ഥാപിക്കാന്‍ സാധ്യമല്ലാത്ത അനിവാര്യമായ പരിതസ്ഥിതിയില്‍ ഒരു അറ്റകൈ പ്രയോഗമായി ഒരു ഇസ്‌ലാമിക ഭരണകൂടത്തിന് യുദ്ധത്തിനനുവാദം നല്‍കുന്നുണ്ട്. അന്യായമായി യുദ്ധം അടിച്ചേല്‍പിക്കുമ്പോള്‍ പ്രതിരോധിക്കാനുള്ള അനുവാദം മാത്രമാണത്. അക്രമവും പീഡനവും മര്‍ദനവും അനീതിയും മൗലികാവകാശങ്ങള്‍ക്കു നേരെയുള്ള കൈയേറ്റവും ജനജീവിതത്തിന് ബുദ്ധിമുട്ടാവുമ്പോള്‍ സൈ്വരജീവിതം ഉറപ്പുവരുത്താന്‍ യുദ്ധമല്ലാതെ മറ്റൊരു പോംവഴിയുമില്ലാത്ത അവസ്ഥ സംജാതമായാല്‍ അവിടെ സമാധാനത്തിനു വേണ്ടിയുള്ള യുദ്ധം അനിവാര്യമായിത്തീരുന്നു. ഒരു സമാധാനസന്ധിയിലൂടെ യുദ്ധം അവസാനിക്കുകയാണെങ്കില്‍ അതിന് ആദ്യം സ്വാഗതമോതുന്നത്് ഇസ്‌ലാമായിരിക്കും. ‘കരാര്‍ ലംഘിക്കുകയും പ്രവാചകനെ പുറത്താക്കാന്‍ മുതിരുകയും ചെയ്ത ജനവിഭാഗമാണല്ലോ നിങ്ങളോട് ആദ്യ തവണ യുദ്ധമാരംഭിച്ചത്’ (9:13), ‘നിങ്ങളോട് യുദ്ധം ചെയ്യുന്നവര്‍ക്കെതിരെ യുദ്ധം ചെയ്യാനുള്ള അനുവാദം നിങ്ങള്‍ക്കുമുണ്ട്’ (2:190) എന്നിങ്ങനെ ഖുര്‍ആന്‍ അത് പറയുന്നുണ്ട്.
ജിഹാദ് എന്നാല്‍
കര്‍മകുശലത

കര്‍മകുശലത, കഠിനപ്രയത്‌നം, തീവ്രപരിശ്രമം എന്നീ അര്‍ഥങ്ങള്‍ക്ക് അറബിഭാഷയില്‍ ഉപയോഗിക്കുന്ന പദമാണ് ജിഹാദ് അല്ലെങ്കില്‍ മുജാഹദ. ഓറിയന്റലിസ്റ്റുകളാണ് ഈ വാക്കിന് ‘വിശുദ്ധ യുദ്ധം’ എന്ന് ആദ്യമായി മൊഴിമാറ്റം നടത്തിയത്. അങ്ങനെയൊരര്‍ഥം തന്നെ അതിനില്ല. ‘ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കുകയും’ ചെയ്യുന്ന രീതിശാസ്ത്രമാണ് ഇസ്‌ലാമിന്റെ എതിരാളികള്‍ ഇതിലൂടെ ചെയ്തത്. ഖുര്‍ആന്‍ ഉപയോഗിച്ചുള്ള നിസ്വാര്‍ഥമായ ആശയപ്രചാരണമാണ് വമ്പന്‍ ജിഹാദ് (ജിഹാദുല്‍ കബീര്‍) എന്ന് ഖുര്‍ആന്‍ (25:52) പറയുന്നു. അമുസ്‌ലിം മാതാപിതാക്കള്‍ മുസ്‌ലിം മക്കളോട് ചെയ്യുന്നത് ജിഹാദാണെന്ന് ഖുര്‍ആന്‍ (31:15) പറയുന്നതില്‍ നിന്ന് മുസ്‌ലിംകളുടെ വിശുദ്ധ യുദ്ധമല്ല ജിഹാദ് എന്ന് ഏത് സാധാരണക്കാരനും മനസ്സിലാക്കാനാവും.
ജനങ്ങള്‍ സുപ്രസിദ്ധമായ (മഅ്‌റൂഫ്) കാര്യങ്ങളില്‍ നിന്നും ഉചിത വഴിത്താര(സ്വിറാതുല്‍ മുസ്തഖീം)യില്‍ നിന്നും വഴിവിട്ട ജീവിതം നയിച്ച് ഇഹലോകക്ഷേമം നശിപ്പിക്കുകയും അതുവഴി പാരത്രികലോകത്തെ ശാശ്വതമോക്ഷം നഷ്ടപ്പെട്ടെന്ന രീതിയില്‍ കുപ്രസിദ്ധമായ (മുന്‍കര്‍) കാര്യങ്ങളില്‍ അഭിരമിക്കുകയും അപരരെ അതിലേര്‍പ്പെടാന്‍ പ്രേരണ ചെലുത്തുകയും ചെയ്യുന്നത് കാണുമ്പോള്‍, അവര്‍ക്ക് സുരക്ഷ നല്‍കാന്‍ നിസ്വാര്‍ഥമായ സന്മാര്‍ഗോപദേശം എന്ന കടമ നിര്‍വഹിക്കാന്‍ ശ്രമിച്ചവരെ സായുധ ആക്രമണത്തിലൂടെ തടയാന്‍ ശ്രമിച്ചതാണ് റോമന്‍-പേര്‍ഷ്യന്‍ സായുധ പോരാട്ടങ്ങളിലേക്ക് വലിച്ചിഴച്ചത് എന്നത് ചരിത്രാന്വേഷികള്‍ക്ക് അറിയാവുന്ന കാര്യമാണ്.
ഖുര്‍ആന്‍ പറയുന്നു: ”മതകാര്യങ്ങളില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടകങ്ങളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങള്‍ അവരോട് നീതി കാണിക്കുന്നതും നിങ്ങളോട് അല്ലാഹു വിരോധിക്കുന്നില്ല… മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ച് മാത്രമാണ് അവരോട് മൈത്രി കാണിക്കുന്നത് അല്ലാഹു നിരോധിക്കുന്നത്” (60:8,9).
ഇസ്‌ലാമിന്റെ അഭിവാദന വാചകമാണ് ‘അസ്സലാമു അലൈക്കും’ എന്നത്. അതിന് സമാധാനം/ശാന്തി നിങ്ങളില്‍ ഭവിക്കട്ടെ എന്നോ സമാധാനവും ശാന്തിയും നീണാള്‍ വാഴട്ടെ എന്നോ മൊഴിമാറ്റം നല്‍കാവുന്ന ഘടനയും സന്ദര്‍ഭവുമാണ് അതിനുള്ളത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
വെള്ളരിപ്രാവും
അംറും മാര്‍സും

റോമക്കാരുടെ പുരാണ ഇതിഹാസത്തിലെ യുദ്ധദേവനാണ് മാര്‍സ്. തന്റെ യുദ്ധമാസമായ മാര്‍ച്ചില്‍ യുദ്ധത്തിന് ഒരുങ്ങിപ്പുറപ്പെട്ടപ്പോള്‍ തന്റെ ലോഹത്തൊപ്പിക്കകത്ത് ഒരു വെള്ള മാടപ്രാവ് കൂടുകൂട്ടി മുട്ടയിട്ട് അടയിരിക്കുന്നു. ഇതു കണ്ട മാര്‍സിന് കോപം വന്ന് മുട്ട ഉള്‍പ്പെടെ പ്രാവിന്‍കൂട് പുറത്തെറിയാന്‍ ഒരുങ്ങി. മുട്ട വിരിഞ്ഞ് പ്രാവിന്‍ കുഞ്ഞുങ്ങള്‍ പറക്കമുറ്റുന്നതുവരെ അവയെ ഉപദ്രവിക്കരുതെന്നും, അതുവരെ യുദ്ധം നീട്ടിവെക്കണമെന്നും ദേവതയായ അഫ്രോഡൈറ്റ് അപേക്ഷിച്ചു. അത് അംഗീകരിച്ചുകൊണ്ട് മാര്‍സ് യുദ്ധത്തിന് പുറപ്പെട്ടില്ല. ഒരു വലിയ യുദ്ധം നീട്ടിവെക്കാന്‍ നിമിത്തമായ പ്രാവ് അന്നു മുതല്‍ സമാധാനത്തിന്റെ അടയാളമായി മാറി.
റോമക്കാരുമായുള്ള ഈജിപ്തിലെ പോരാട്ടത്തില്‍ എഡി 641ല്‍ ബാബിലോണിയന്‍ കോട്ടയായ ഖസ്ര്‍ ശംഅ് വിജയിച്ചടക്കിയ ഘട്ടത്തില്‍ കയ്‌റോവിനടുത്ത് അംറുബ്‌നുല്‍ ആസ്വ് (എഡി 573-663) എന്ന നബിയുടെ അനുചരന്‍ ഒരു കൂടാരത്തില്‍ തമ്പടിച്ചിരുന്നു. അലക്‌സാണ്ട്രിയയിലേക്ക് പോകാനൊരുങ്ങവെ തമ്പഴിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനു മുകളില്‍ മുട്ടയിട്ട് വിരിഞ്ഞ പ്രാവിനെ കണ്ട അംറ്(റ) പറഞ്ഞു: ‘കൂടൊരുക്കിയ പ്രാവിനെ ആദരിച്ചുകൊണ്ട് ആ കൂടാരം (ഫുസ്താത്) അതേപോലെ നിലനിര്‍ത്തി നമുക്ക് നീങ്ങാം.’ അതിനടുത്ത് ഒരു കാവല്‍ഭടനെയും ഏല്‍പിച്ചാണ് ആ സംഘം അവിടെ നിന്ന് പുറപ്പെട്ടത്. ഈ നിസ്തുല ചരിത്രം ഇബ്‌നു അബ്ദില്‍ ഹകം അല്‍മിസ്വ്‌രി(എഡി 802-870)യുടെ ഫുതൂഹ മിസ്ര്‍ എന്ന ഗ്രന്ഥത്തിലും മുഹമ്മദ് ബിന്‍ ഇയാസിന്റെ (1447-1522) ബദാഇഉസ്സുഹൂര്‍ ഫീ മഖാഇഇദ്ദുഹൂര്‍ എന്ന കൃതിയിലും രേഖപ്പെടുത്തിയിട്ടുണ്ട്.
ഈജിപ്ത് വിജയാനന്തരം തിരിച്ചുവന്നപ്പോള്‍ സ്ഥാപിച്ച പട്ടണമാണ് പില്‍ക്കാലത്ത് കയ്‌റോയുടെ ഭാഗമായ ഫുസ്താത് നഗരം. അംറുബ്‌നുല്‍ ആസ്വി(റ)ന്റെ തമ്പ് സംഭവത്തെ അനുസ്മരിപ്പിക്കാനും ഇന്നും അതിന്റെ പേര് കൂടാരം എന്നര്‍ഥം വരുന്ന ഫുസ്താത് എന്ന് നല്‍കിയിരിക്കുന്നു. ഒരു പ്രാവിനു പോലും സമാധാനം നല്‍കണമെന്നതാണ് ഇസ്‌ലാമിന്റെ താല്‍പര്യമെന്ന് നബി(സ)യുടെ അനുചരന് അറിയാമായിരുന്നുവെന്ന് ചരിത്ര സംഭവം വ്യക്തമാക്കുന്നു.
പച്ച ഒലീവിലയും
നൂഹും

ഖുര്‍ആനിലും പഴയ-പുതിയനിയമ വേദങ്ങളില്‍ ഒലീവ് പരാമര്‍ശവിഷയമാണ്. നൂഹ് നബി(അ)യുടെ കപ്പലില്‍ നിന്ന് പറത്തിവിട്ട പ്രാവ് ചുണ്ടില്‍ പച്ച ഒലീവുചില്ലയുമായി വൈകുന്നേരം മടങ്ങിയെത്തിയപ്പോള്‍ ഭൂമിയില്‍ പ്രളയം അവസാനിച്ചുവെന്ന് അദ്ദേഹം അറിഞ്ഞു എന്ന് പഴയനിയമം (ഉല്‍പത്തി 8:11) പറയുന്നു. അതോടെ ഒലീവിലയും പ്രാവും സമാധാനത്തിന്റെ പ്രതീകമായെന്ന് വിശ്വസിക്കപ്പെടുന്നു. ഖുര്‍ആനില്‍ ഈ സംഭവം വ്യക്തമായി പറയുന്നില്ല. ”ഭൂമിയേ, നിന്റെ വെള്ളം നീ വിഴുങ്ങൂ. ആകാശമേ, മഴ നിര്‍ത്തൂ എന്ന് കല്‍പന നല്‍കപ്പെട്ടപ്പോള്‍ വെള്ളം വറ്റുകയും നൂഹ് നബി(അ)യുടെ കപ്പല്‍ ജൂദീ മലമുകളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു” എന്ന് മാത്രമേ ഖുര്‍ആന്‍ (11:44) പറയുന്നുള്ളൂ.
നിര്‍ഭയത്വമുള്ള മക്കാ നാടിനൊപ്പം സമാധാനത്തിന്റെ ഒലീവിനെയും ഖുര്‍ആന്‍ (95:1-3) ചേര്‍ത്തു പറഞ്ഞിട്ടുണ്ട്. ഒലീവി(80:29)നെ അനുഗൃഹീത വൃക്ഷം (24:35) എന്നും ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. ഒലീവില്‍ (6:141) വിശ്വസിക്കുകയും (6:99) ചിന്തിക്കുകയും (16:11) ചെയ്യുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്.
ലോകസമാധാനത്തിന് യു എന്‍
‘യുദ്ധം ആരംഭിക്കുന്നത് ജനമനസ്സുകളിലാകയാല്‍, ജനമനസ്സുകളില്‍ വേണം സമാധാനം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍’ എന്ന് യുനെസ്‌കോയുടെ ഭരണഘടനയുടെ തുടക്കത്തില്‍ കാണാനാവും. രണ്ട് ലോകമഹായുദ്ധങ്ങളുടെ വന്‍കെടുതികള്‍ സഹിച്ച് ലോകജനത തുടങ്ങിയ ഐക്യരാഷ്ട്രസഭ(യു എന്‍)യുടെ കീഴില്‍ 1945ലാണ് യുനെസ്‌കോയുടെ തുടക്കം.
ലോകസമാധാനത്തിനായി കണ്ണില്‍ എണ്ണയൊഴിച്ച് മുക്കാല്‍ നൂറ്റാണ്ടായി ഉണര്‍ന്നിരിക്കുന്ന ഏറ്റവും വലിയ ആഗോള കൂട്ടായ്മയാണ് ഐക്യരാഷ്ട്ര സംഘടന. അമേരിക്കയുടെ 32-ാമത്തെ രാഷ്ട്രപതി ഫ്രാങ്ക്‌ലിന്‍ റൂസ്‌വെല്‍റ്റ് (1882- 1945) ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ (1874-1965) എന്നിവര്‍ ചേര്‍ന്ന് 1942ല്‍ ഒപ്പുവെച്ചതിന്റെ അടിസ്ഥാനത്തിലാണ് 1945 ഒക്ടോബര്‍ 24ന് യുഎന്‍ രൂപീകരിച്ചത്.
1950ല്‍ ബ്രിട്ടീഷ് ഗണിതജ്ഞനായ ബര്‍ട്രാന്റ് റസ്സലും (1872-1970) അമേരിക്കന്‍ രസതന്ത്രജ്ഞനായ ലീനസ് പോളിങും (1901-1994) ‘രണ്ടായിരാമാണ്ടു വരെ ലോകം നിലനില്‍ക്കാനിടയില്ല’ എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഒന്നും രണ്ടും ലോകമഹായുദ്ധം കഴിഞ്ഞ് രൂപീകരിച്ച യുഎന്നിനു മൂന്നാം ലോകമഹായുദ്ധത്തെ ചെറുക്കാനായി.
‘ഐക്യരാഷ്ട്ര സഭ രൂപീകരിച്ചത് മാനവരാശിയെ സ്വര്‍ഗത്തിലേക്ക് ആനയിക്കാനല്ല, അതിനെ നരകത്തില്‍ നിന്ന് രക്ഷിക്കാനാണ്’ എന്നാണ് സ്വീഡന്‍കാരനായ യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ ഡാഗ് ഹമ്മര്‍സ് ജോല്‍ഡ് (1905-1961) പറഞ്ഞത്. എന്നാല്‍ ഓസ്ട്രിയക്കാരനായ യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കുര്‍ട്ട് വാല്‍ഡ് ഹീം (1918-2007) പറഞ്ഞത് ഇങ്ങനെയാണ്: ‘ഐക്യരാഷ്ട്ര സംഘടനയ്ക്ക് എല്ലാ പ്രശ്‌നങ്ങളെയും പരിഹരിക്കാനാവില്ല. യുദ്ധം ഉണ്ടാവുമ്പോള്‍ സമാധാനത്തിനു വേണ്ടി അവര്‍ക്ക് സഹായിക്കാനാവും. അവര്‍ക്ക് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം നന്നാക്കി ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനാവും.’
യുഎന്നിനെക്കുറിച്ച് ശശി തരൂര്‍ പറഞ്ഞു: ‘പരസ്പരം തുളകള്‍ വീഴ്ത്തി പീഡിപ്പിക്കാന്‍ ഒരു യുദ്ധത്തേക്കാള്‍ എന്തുകൊണ്ടും നല്ലത്, ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളും ഒന്നിച്ചിരുന്ന് അന്യോന്യം ചിലപ്പോഴെങ്കിലും വാക്കുകൊണ്ട് പീഡിപ്പിക്കാന്‍ ഒരു പൊതുസ്ഥലം ഉണ്ടാകുന്നതല്ലേ?’ 1954ല്‍ ആഫ്രിക്ക ഒഴികെയുള്ള എല്ലാ വന്‍കരകളിലെയും കുട്ടികള്‍ സമ്മാനിച്ച നാണയത്തുട്ടുകള്‍ കൊണ്ട് ഒരു ബെല്‍ നിര്‍മിച്ചിരുന്നു. ‘ലോക സമാധാനം നീണാള്‍ വാഴട്ടെ’ എന്ന് വശങ്ങളില്‍ എഴുതിച്ചേര്‍ത്ത ജാപ്പനീസ് സമാധാന മണി എല്ലാ വര്‍ഷവും ലോകസമാധാന ദിനമായ സപ്തംബര്‍ 21ന് ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് മുഴങ്ങാറുണ്ട്.
(തുടരും)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x