യുദ്ധവും സമാധാനവും; മനുഷ്യനും ശാസ്ത്രവും തോല്‍ക്കുന്നു
ഡോ. പി എം മുസ്തഫ കൊച്ചിന്‍
1914 ജൂണ്‍ 28-ന് ഓസ്ട്രിയന്‍ കിരീടാവകാശി ആര്‍ച്ച് ഡ്യൂക്ക് ഫ്രാന്‍സ് ഫെര്‍ഡിനന്റും പത്‌നി സോഫീയും ബോസ്‌നിയയില്‍ വെടിയേറ്റു മരിച്ചപ്പോഴാണ് ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഒന്നാം ലോകമഹായുദ്ധാനന്തരം അമേരിക്കയുടെ 28-ാമത്തെ രാഷ്ട്രപതി വുഡ്രോ വില്‍സന്റെ(1856-1924) നിര്‍ദേശപ്രകാരം 1919-ല്‍ പാരീസില്‍ ലീഗ് ഓഫ് നേഷന്‍സ് രൂപീകൃതമായി. 1939-ല്‍ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ ഇതിന്റെ മരണമണി മുഴങ്ങി. രണ്ട് ലോകമഹായുദ്ധങ്ങള്‍ക്കിടയിലെ സമാധാനകാലത്ത് മാത്രം ജീവനോടെ നിലനിന്ന സംഘടനയാണ് ലീഗ് ഓഫ് നേഷന്‍സ്.
6,000-ലധികം കിലോമീറ്ററുകള്‍ 11 ദിവസമെടുത്ത് നിശ്ശബ്ദമായി ശാന്തസമുദ്രത്തിലൂടെ സഞ്ചരിച്ചു വന്ന് 1941 ഡിസംബര്‍ 7 ഞായറാഴ്ച അമേരിക്കയിലെ ഹവായിയിലെ ഓയാഹു ദ്വീപില്‍ നിന്നും 400 കിലോമീറ്റര്‍ ദൂരെയുള്ള കടലില്‍ മുപ്പത് ജാപ്പനീസ് വിമാനവാഹിനിക്കപ്പലുകള്‍ നങ്കൂരമിട്ടു. കടല്‍ നിറയെ ജാപ്പനീസ് യുദ്ധക്കപ്പലുകളാണെന്ന് അമേരിക്കയുടെ യു എസ് എസ് ഫോര്‍ഡ് എന്ന യുദ്ധക്കപ്പലിലെ ക്യാപ്റ്റന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പരിചയമില്ലാത്ത വിമാനങ്ങള്‍ വരുന്നതായി ഒയാഹുവിലെ വടക്കന്‍ തീരത്തുള്ള റഡാര്‍ സ്റ്റേഷനും സൂചന നല്‍കി. എന്നാല്‍ പേള്‍ഹാര്‍ബറില്‍ നിന്ന് മികച്ച ഓഫീസര്‍മാരെയും കപ്പലുകളെയും ആക്രമണത്തിനു മുമ്പുതന്നെ അവിടന്ന് മാറ്റുകയും ജപ്പാന്റെ ആക്രമണത്തിന് ബോധപൂര്‍വം നിന്നുകൊടുക്കുകയുമായിരുന്നു അമേരിക്ക. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുക്കാനുള്ള അമേരിക്കന്‍ ജനസമ്മതി ലഭിക്കാനുള്ള യുദ്ധതന്ത്രമായിരുന്നു ഇത്.
ജാപ്പനീസ് കപ്പല്‍വ്യൂഹത്തില്‍ 183 ബോംബര്‍ വിമാനങ്ങളും തുടര്‍ന്ന് 163 യുദ്ധവിമാനങ്ങളും പറന്നുയര്‍ന്നു. അമേരിക്കന്‍ സേനയുടെ ഹൃദയമായ അരിസോണയിലെ പേള്‍ ഹാര്‍ബര്‍ നാവികത്താവളം തകര്‍ക്കപ്പെട്ടു. ജപ്പാന് നൂറില്‍ താഴെ സൈനികരും 27 വിമാനങ്ങളും 5 മുങ്ങിക്കപ്പലുകളും നഷ്ടമായപ്പോള്‍ അമേരിക്കക്ക് നഷ്ടമായത് 2400 ജീവനും 188 വിമാനങ്ങളും 20 കപ്പലുകളുമായിരുന്നു. അമേരിക്കയുടെ അന്നത്തെ രാഷ്ട്രപതി ഫ്രാങ്ക്‌ലിന്‍ റൂസ്‌വെല്‍റ്റ് (1882-1945) പറഞ്ഞത് ഇങ്ങനെയാണ്: ”പേള്‍ ഹാര്‍ബര്‍ ദുരന്തദിനം പരമനിന്ദ്യമായ ഒരു ദിവസമാണ്. ആ തിരിച്ചടി മറികടക്കാന്‍ എത്ര ദിവസമെടുക്കുമെന്നത് പ്രശ്‌നമല്ല. അന്തിമ വിജയം അമേരിക്കന്‍ ജനതയുടേതായിരിക്കും.”
”ഹിറ്റ്‌ലര്‍ പോലും അന്ത്യശാസനം കൊടുക്കാതെ ഇത്തരമൊരു കടുംകൈക്ക് മുതിരില്ല” എന്നാണ് പേള്‍ ഹാര്‍ബര്‍ ദുരന്തത്തെപ്പറ്റി പ്രശസ്തമായ ലൈഫ് മാഗസിന്‍ എഴുതിയത്. എന്നാല്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ യുദ്ധത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: ”യുദ്ധം തുടങ്ങിക്കഴിഞ്ഞാല്‍ ശരികളല്ല, വിജയമാണ് പ്രധാനം.”
അത്തരം വിജയങ്ങളെക്കുറിച്ച് അമേരിക്കയുടെ 16-ാമത്തെ രാഷ്ട്രപതി അബ്രഹാം ലിങ്കണ്‍ (1809-1865) പറഞ്ഞത് ഇങ്ങനെയാണ്: ”ബലം കൊണ്ട് എല്ലാം വെട്ടിപ്പിടിക്കാന്‍ കഴിഞ്ഞെന്നിരിക്കാം. എന്നാല്‍ അത്തരം വിജയങ്ങള്‍ക്ക് ആയുസ്സ് വളരെ ശുഷ്‌കമായിരിക്കും.” 1945 ഏപ്രില്‍ 12-ന് അമേരിക്കന്‍ രാഷ്ട്രപതി റൂസ്‌വെല്‍റ്റ് മരണമടഞ്ഞു.
ഐന്‍സ്റ്റീന്‍ സമവാക്യം പകവീട്ടലിനോ?
1945 ആഗസ്ത് 6-ന് അമേരിക്കന്‍ സൈനികത്താവളമായ ടിനിയന്‍ ദ്വീപില്‍ നിന്ന് പുറപ്പെട്ട എനോളാഗേ എന്ന ബോംബര്‍ വിമാനത്തില്‍ പോള്‍ തിബ്ബെറ്റസ്, റോബര്‍ട്ട് അല്‍വിന്‍ലെഫിസ്, ജോര്‍ജ് റോബര്‍ട്ട് കരോന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. 4400 കിലോഗ്രാം ഭാരവും 3 മീറ്റര്‍ നീളവുമുള്ള ലിറ്റില്‍ ബോയ് എന്ന യുറേനിയം അണുബോംബ് ജപ്പാനിലെ മൂന്നര ലക്ഷം ജനവാസമുള്ള ഹിരോഷിമയില്‍ വര്‍ഷിച്ചു. ഈ ബോംബ് ഐന്‍സ്റ്റീന്‍ സമവാക്യം (ഋ=ങഇ2) അനുസരിച്ച് ഊര്‍ജമാക്കി മാറ്റിയതിലൂടെ വമ്പിച്ച സ്‌ഫോടനശേഷി ലഭിച്ചത് കാരണം രണ്ട് ലക്ഷം പേരുടെ ജീവനെടുത്തു.
1945 ആഗസ്ത് 9-ന് ബോസ്‌കര്‍ എന്ന യുദ്ധവിമാനത്തില്‍ മേജര്‍ ചാള്‍സ് വില്യം സ്വീനി ജപ്പാനിലെ നാഗസാകിയിലെത്തി ഫാറ്റ്മാന്‍ എന്ന ബോംബ് വര്‍ഷിച്ചു. 4670 കിലോഗ്രാം തൂക്കവും 3.25 മീറ്റര്‍ നീളവും 1.52 മീറ്റര്‍ വ്യാസവുമുള്ള പ്ലൂട്ടോണിയം ആറ്റം ബോംബായിരുന്നു അത്. ഒന്നേകാല്‍ ലക്ഷം പേരെ അതു കൊന്നൊടുക്കി. ആഗസ്ത് 14-ന് ജപ്പാന്‍ അതോടെ നിരുപാധികം കീഴടങ്ങിയതായി അറിയിച്ചു.
”മാനവ ചരിത്രത്തിലെ അതിനിഷ്ഠുരവും വിവരണാതീതവുമായ പാതകങ്ങളാണ് ഹിരോഷിമ-നാഗസാകി ആക്രമണങ്ങള്‍” എന്നാണ് അമേരിക്കന്‍ ആക്ടിവിസ്റ്റും ഭാഷാ വിദഗ്ധനുമായ നോം ചോംസ്‌കി പറഞ്ഞത്. ”പേള്‍ ഹാര്‍ബറിനു ശേഷം ഞാന്‍ കാത്തിരുന്ന ദിനം ഇതാണ്” എന്നാണ് അമേരിക്കയുടെ അന്നത്തെ രാഷ്ട്രപതി ഹാരി ട്രൂമാന്‍ ഇതിനെക്കുറിച്ച് പറഞ്ഞത്. പേള്‍ ഹാര്‍ബറിലെ 2400 അമേരിക്കന്‍ ജീവനു പകരം നാലു ലക്ഷം ജാപ്പനീസ് ജീവനുകള്‍ ഹിരോഷിമ- നാഗസാകിയില്‍ നിന്നെടുത്തുകൊണ്ട് നാലു വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു രാഷ്ട്രപതിയാണ് പകവീട്ടിയത്. ”ക്ഷുദ്രമനസ്സുകളുടെ സന്തോഷമാണ് പ്രതികാരം” എന്നാണ് ഇറ്റാലിയന്‍ കവി ഡെസിമസ് ജുവെനല്‍ (എഡി 55) പറഞ്ഞിട്ടുള്ളത്.
ശാസ്ത്രം: രക്ഷകനും ശിക്ഷകനും
ശാസ്ത്രം ഇരുതലമൂര്‍ച്ചയുള്ള വാളിനെപ്പോലെയാണ്. അത് നന്മയ്ക്കും തിന്മയ്ക്കും ഒരേപോലെ ഉപയോഗിക്കാം. ഉപകാരത്തിനും ഉപദ്രവത്തിനും ഒരേ മാതിരി പ്രയോഗിക്കാം. ഡച്ച് ശാസ്ത്രജ്ഞനായ കൊര്‍ണേലിയസ് ഡ്രിബെല്‍ 1620-ല്‍ അന്തര്‍വാഹിനി നിര്‍മിച്ചു. സമുദ്ര ഗവേഷണത്തിനും അപകട രക്ഷാപ്രവര്‍ത്തനത്തിനും അന്തര്‍വാഹിനികള്‍ ഉപയോഗിക്കാമെങ്കിലും യുദ്ധാവശ്യങ്ങള്‍ക്കാണ് ഇന്ന് അത് അധികവും ഉപയോഗപ്പെടുത്തുന്നത്. ഭൗതിക വസ്തുക്കളുടെ ഇരുതല മൂര്‍ച്ചയെക്കുറിച്ചും അതില്‍ അല്ലാഹു നല്ലതാണ് ഉദ്ദേശിച്ചതെന്നും എന്നാല്‍ മനുഷ്യര്‍ക്ക് അതിന്റെ ഇരുവശങ്ങളിലേക്കും നീങ്ങാനുള്ള അവസ്ഥയുണ്ടെന്നും ഖുര്‍ആന്‍ പറയുന്നു.
”ഈത്തപ്പഴത്തില്‍ നിന്നും മുന്തിരിങ്ങയില്‍ നിന്നും നിങ്ങള്‍ക്ക് പാനീയം നല്‍കുന്നു. അതില്‍ നിന്ന് നിങ്ങള്‍ ലഹരിവസ്തുക്കളും സമീകൃതാഹാരവും ഉണ്ടാക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് അതില്‍ ദൃഷ്ടാന്തമുണ്ട്” (16:67). അതുകൊണ്ട് അല്ലാഹു സൃഷ്ടിച്ചവയുടെ ശല്യത്തില്‍ നിന്നും പുലരിയുടെ നാഥനോട് രക്ഷ തേടണം” എന്ന് അല്ലാഹു പറയുന്നു.
അണുശക്തി
അപാരശക്തി
വൈദ്യുതി ഉല്‍പാദിപ്പിക്കാനും കപ്പലുകള്‍ പ്രവര്‍ത്തിപ്പിക്കാനും ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാനും അണുശക്തി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ആ മേഖലയെ ദുരുപയോഗം ചെയ്ത ചരിത്രമാണ് ശാസ്ത്രത്തിന് പറയാനുള്ളത്. ജര്‍മന്‍ ശാസ്ത്രജ്ഞനായ വില്യം റോണ്‍ട്ജന്‍ എക്‌സ്‌റേ 1896-ല്‍ കണ്ടെത്തി. അതിന് അനുബന്ധമായി ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ ഹെന്റി ബെക്വറല്‍ യുറേനിയത്തില്‍ നിന്നുണ്ടാവുന്ന രശ്മികളെക്കുറിച്ച് പഠനം നടത്തി. ദമ്പതികളായ ഫ്രഞ്ച് ശാസ്ത്രജ്ഞര്‍ പിയറി ക്യൂറിയും മേരി ക്യൂറിയും പൊളോണിയവും റേഡിയവും തോറിയത്തില്‍ നിന്നുള്ള രശ്മികളെയും കണ്ടെത്തിയതോടെ അവരെ തേടി 1903ലെ ഊര്‍ജതന്ത്ര നൊബേല്‍ സമ്മാനവുമെത്തി. 1911-ല്‍ രസതന്ത്രത്തിലും മേരി ക്യൂറിക്ക് നൊബേല്‍ ലഭിച്ചു.
ന്യൂസിലാന്റ് ശാസ്ത്രജ്ഞന്‍ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ് 1919 -ല്‍ ആറ്റത്തെ വിഭജിച്ചു. ഇറ്റാലിയന്‍ ശാസ്ത്രജ്ഞനായ എന്റികോ ഫെര്‍മീയുടെ നേതൃത്വത്തില്‍ അമേരിക്കയിലെ ഷിക്കാഗോയില്‍ 1942-ല്‍ ന്യൂക്ലിയര്‍ റിയാക്ടര്‍ സ്ഥാപിച്ചുകൊണ്ട് ന്യൂക്ലിയര്‍ യുഗത്തിന് ആരംഭം കുറിച്ചു. അങ്ങനെ അദ്ദേഹം ന്യൂക്ലിയര്‍ യുഗത്തിന്റെ എന്‍ജിനീയറും ആറ്റംബോംബിന്റെ എന്‍ജിനീയറുമായിത്തീര്‍ന്നു.
1943-ല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ ആര്‍തര്‍ ഗാല്‍സ്റ്റന്‍ ചെടികള്‍ നന്നായി വളരാന്‍ കണ്ടുപിടിച്ച ഏജന്റ് ഓറഞ്ച് എന്ന രാസപദാര്‍ഥമാണ് വ്യാവസായിക ലക്ഷ്യത്തോടെ മോണ്‍സാന്റോ തുടങ്ങിയ കമ്പനികള്‍ വിയറ്റ്‌നാമിനെതിരെ പ്രയോഗിക്കാന്‍ നിര്‍മിച്ചു നല്‍കിയത്.
ശാസ്ത്രത്തിന്റെ
മാനസാന്തരങ്ങള്‍
മനുഷ്യനന്മയ്ക്കായി നടത്തിയ ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ വന്‍ വിനാശത്തിനു മാത്രം പ്രയോജനപ്പെട്ടതില്‍ മനസ്സു നീറിയാണ് പല ശാസ്ത്രജ്ഞരും അവരുടെ അന്ത്യനിമിഷങ്ങള്‍ തള്ളിനീക്കിയത്. മനുഷ്യര്‍ക്ക് പ്രയോജനപ്പെടാന്‍ വേണ്ടി താന്‍ നടത്തിയ ശാസ്ത്രീയ കണ്ടുപിടിത്തം ജനങ്ങളെ കൊന്നൊടുക്കാനായി ഉപയോഗിക്കുന്നത് കണ്ടിട്ടാണ് സ്വീഡിഷ് രസതന്ത്രജ്ഞനായ ആല്‍ഫ്രഡ് നൊബേല്‍ തന്റെ പേരില്‍ സമാധാനത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത്. 1901 മുതലാണ് സമാധാന നൊബേല്‍ സമ്മാനം നടപ്പാക്കിയത്.
ഒന്നാം ലോകമഹായുദ്ധം കാരണം 1914, 15, 16, 18 വര്‍ഷങ്ങളിലും രണ്ടാം ലോകമഹായുദ്ധം കാരണം 1939-43 വര്‍ഷങ്ങളിലും സമാധാന നൊബേല്‍ നല്‍കിയിട്ടില്ല. 1923, 24, 28, 32, 48, 55, 56, 66, 67, 72 കൊല്ലങ്ങളിലും സമാധാന നൊബേലിന് അര്‍ഹരെ കണ്ടെത്താനായില്ല.
ഫലസ്തീന്‍ മുന്‍ പ്രസിഡന്റ് യാസിര്‍ അറഫാത്ത് (1929- 2014), ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് അല്‍ബറാദി (2005), എത്യോപ്യന്‍ പ്രധാനമന്ത്രി അബീ അഹ്മദ് (2019), ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ് (2006), ഇറാനിലെ ഷിറിന്‍ ഇബാദി (2003), യമനിലെ തവക്കുല്‍ കര്‍മാന്‍ (2011), പാകിസ്താനിലെ മലാല യൂസുഫ് സായ് (2014), ഇറാഖിലെ നാദിയ മുറാദ് (2018) എന്നിവര്‍ സമാധാന നൊബേല്‍ ജേതാക്കളില്‍ ചിലരാണ്.
രണ്ടാം ലോകമഹായുദ്ധം (1939-45) തുടങ്ങുന്നതിനു മുമ്പ് 1939 ആഗസ്ത് രണ്ടിന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്‌ലിന്‍ റൂസ്‌വെല്‍റ്റിന് ജര്‍മന്‍ ഊര്‍ജതന്ത്രജ്ഞനായ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ (1879-1955) അയച്ച കത്തില്‍ യുറേനിയം എന്ന മൂലകത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും ജര്‍മനിയിലെ നാസികള്‍ അത് വികസിപ്പിച്ചെടുത്ത് ആറ്റംബോംബുണ്ടാക്കാനുള്ള സാധ്യതയെപ്പറ്റിയും സൂചിപ്പിച്ചിരുന്നു.
അമേരിക്കന്‍ സര്‍ക്കാര്‍ മാന്‍ഹട്ടന്‍ പദ്ധതി പ്രഖ്യാപിക്കുകയും ആറു കൊല്ലത്തെ ഗവേഷണാനന്തരം 1945 ജൂലൈ 16-ന് ന്യൂമെക്‌സിക്കോയിലെ ജെമെസ് മലനിരകളില്‍ വെച്ച് ആറ്റംബോംബ് പരീക്ഷിക്കുക യും ചെയ്തിരുന്നു. ഋ=ങഇ2 എന്ന അദ്ദേഹത്തിന്റെ സമവാക്യത്തിന്റെ വികലമായ സൃഷ്ടിയായിരുന്നു ആറ്റംബോംബ്. തന്റെ സിദ്ധാന്തം ലോകം കണ്ട ഏറ്റവും ക്രൂരമായ നരവേട്ടയ്ക്ക് പ്രയോഗിക്കപ്പെട്ടതില്‍ ഐന്‍സ്റ്റീന്‍ അവസാനകാലത്ത് പശ്ചാത്തപിച്ചിരുന്നു.
അണുവിഘടനം (ന്യൂക്ലിയര്‍ ഫിഷന്‍) കണ്ടെത്തിയത് ജര്‍മന്‍ രസതന്ത്രജ്ഞനായ ഒട്ടോഹാന്‍ (1879-1968) ആണ്. ഇങ്ങനെയുണ്ടായ ഊര്‍ജം പുതിയ ഒരു ഊര്‍ജസ്രോതസ്സിനും അണുബോംബുകള്‍ പോലുള്ള വിനാശകാരികളായ ആയുധനിര്‍മാണ സാധ്യതാ ഗവേഷണത്തിനും വഴിതെളിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് മറ്റു ശാസ്ത്രജ്ഞര്‍ അണ്വായുധ പഠനത്തില്‍ മുഴുകിയപ്പോഴും ഒട്ടോഹാന്‍ മറ്റു പദ്ധതികളിലാണ് മുഴുകിയത്. 1944ല്‍ രസതന്ത്ര നൊബേല്‍ അദ്ദേഹത്തിന് ലഭിച്ചു. രണ്ടാം ലോകമഹായുദ്ധത്തില്‍ അണ്വായുധം പ്രയോഗിച്ചപ്പോള്‍ അതിന്റെ ഗവേഷണത്തിന്റെ കടുത്ത വിമര്‍ശകനായിരുന്നു അദ്ദേഹം.
ശാസ്ത്രത്തിന്
പിടിത്തം വിടുന്നു
ആറ്റംബോംബിന് ജന്മം നല്‍കിയ അമേരിക്കന്‍ ശാസ്ത്ര ഗവേഷണസംഘ തലവനായിരുന്നു റോബര്‍ട്ട് ഓപ്പന്‍ ഹൈമര്‍ (1904-1967). ന്യൂമെക്‌സിക്കോക്ക് അടുത്തുള്ള അലമോ ഗാര്‍ഡോയിലെ സൈനികത്താവള പരിസരത്ത് ലോകത്തെ ആദ്യ അണുബോംബ് പരീക്ഷണം കണ്ട ഹൈമര്‍ ‘ആയിരം സൂര്യന്മാര്‍ ഒന്നിച്ചുദിച്ച പോലെ… (ദിവ്യസൂര്യസഹസ്രസ്യ …) എന്ന ഭഗവത് ഗീതാ ശ്ലോകമാണ് ഉദ്ധരിച്ചത്. എന്നാല്‍ ആറ്റംബോംബ് സൃഷ്ടിച്ച അതിക്രൂരമായ നശീകരണ മുറ ഓപ്പന്‍ ഹൈമറില്‍ മാനസാന്തരമുണ്ടാക്കി. അത് ഇരുട്ടുനിറച്ച ആയിരം സൂര്യനാണെന്ന് അദ്ദേഹം പില്‍ക്കാലത്ത് തിരിച്ചറിഞ്ഞു.
ഹൈമര്‍ അണുമേഖലയില്‍ ഇനി ഗവേഷണപഠനം നടത്തില്ലെന്ന് 1953-ല്‍ അമേരിക്കന്‍ സര്‍ക്കാരിനെ അറിയിച്ചു. അന്നത്തെ പ്രസിഡന്റ് ഡൈ്വറ്റ് ഐസനോവര്‍ (1890-1969) അണുബോംബിന്റെ വികാസദശകള്‍ക്ക് നേതൃത്വം നല്‍കിയ ഹൈമറുടെ സേവനം അവസാനിപ്പിക്കുകയും ചെയ്തു. താന്‍ നേതൃത്വം നല്‍കിയ അതിമാരക വിനാശശക്തിയുടെ കണ്ടുപിടിത്തത്തെ തള്ളിപ്പറഞ്ഞ ഹൈമറുടെ പ്രശസ്തമായ വാക്കുകള്‍ ഇതായിരുന്നു: ”ഞാന്‍ മരണമായിക്കഴിഞ്ഞു, ലോകങ്ങളുടെ അന്തകന്‍.” (Now I am become death, the destoyer of worlds).