വഖഫിന്റെ മഹത്വം തിരിച്ചറിയണം
അബ്ദുസ്സലാം
കേരളത്തില്‍ വഖഫ് വിഷയം നിന്നു കത്തുകയാണ്. വഖഫ് എന്തോ ഭീകരമായ ഒന്നാണെന്നും മനുഷ്യന്‍ കഷ്ടപ്പെട്ട് നേടിയെടുത്ത സ്വത്തുവകകള്‍ അടിച്ചു മാറ്റാനുള്ള തന്ത്രമാണെന്നുമൊക്കെ പലവിധ ഭാഷ്യങ്ങളാണ് അന്തരീക്ഷത്തിലുള്ളത്. താല്ക്കാലിക നിയമനം ലഭിക്കുന്നവര്‍ ഉള്‍പ്പെടെ 130ല്‍ പരം തസ്തികകളാണ് വഖഫ് ബോര്‍ഡ് എന്ന സംവിധാനത്തിലുള്ളത്. അവര്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാറല്ല. വഖഫ് ബോര്‍ഡ് ആണ്. അതിലേക്ക് നിയമനം നടത്തിക്കൊണ്ടിരിക്കുന്നതും നടത്തേണ്ടതും വഖഫ് ബോര്‍ഡ് തന്നെ. ഇന്ത്യയിലെല്ലായിടത്തും അങ്ങനെ തന്നെയാണ്.
തങ്ങളുടെ ഭരണപരാജയങ്ങള്‍ മറച്ചുപിടിക്കാനും നിരവധി നീറുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനും മുസ്ലിം സമുദായത്തോട് പ്രത്യക്ഷമായും പരോക്ഷമായും ചെയ്യുന്ന പലവിധ അനീതികള്‍ സമുദായത്തിന്റെ ശ്രദ്ധയില്‍ വരാതിരിക്കാനും മറ്റും നടത്തുന്ന ഒരു സൂത്രം കൂടിയാണ് വഖഫ് ബോര്‍ഡിനെ മുന്‍നിര്‍ത്തി പലപ്പോഴായി അരങ്ങേറുന്ന ഈ കോലാഹലങ്ങള്‍. ഇത് വഴി നാനാജാതി മതസ്ഥര്‍ക്കിടയില്‍ വഖഫ് ബോര്‍ഡിനെ വിലയിടിച്ചു കാണിക്കുകയാണ്. വഖഫ് എന്ന മഹത് കര്‍മത്തെയും വഖഫ് സ്ഥാപനങ്ങളെയും സംവിധാനങ്ങളേയുമെല്ലാം വളരെ പുച്ഛത്തോടെ കാണാനിടവരുത്തുന്നതാണ് കോലാഹലങ്ങള്‍. മതവിരുദ്ധരായ ആളുകള്‍ക്ക് ഇസ്ലാമിനെ അമാന്യമായി പ്രഹരിക്കാന്‍ ഇത് അവസരം സൃഷ്ടിച്ചുകൊടുക്കുന്നുണ്ട്.
കേന്ദ്ര നിയമപ്രകാരം നിലവില്‍ വന്ന വഖഫ് ബോര്‍ഡുകള്‍ക്ക് ആറര ദശകത്തിന്റെ പഴക്കമുണ്ടാകും. എന്നാല്‍ പല വഖഫുകള്‍ക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ടാകും. കാലത്തിന്റെ കറക്കത്തില്‍ പലകാരണങ്ങളാല്‍ വന്നുചേര്‍ന്ന സങ്കീര്‍ണതകള്‍ക്കും അന്യാധീനപ്പെടലിന്നുമെല്ലാം വഖഫ് ബോര്‍ഡിനെ അന്ധമായും രൂക്ഷമായും അധിക്ഷേപിക്കുന്നതില്‍ ശരികേടുണ്ട്. ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും വിലപ്പെട്ട അനേകം വഖഫ് സ്വത്തുകള്‍ അന്യാധീനപ്പെട്ടിട്ടുണ്ട്. അവയൊക്കെ വീണ്ടെടുക്കാന്‍ പരമാവധി പരിശ്രമിക്കണം. ഇക്കാര്യത്തില്‍ സമുദായം ഒറ്റക്കെട്ടായിരിക്കണം.
ചില വഖഫുകള്‍ സങ്കീര്‍ണതകളില്‍ കുടുങ്ങിക്കഴിയുന്നുണ്ടാകാം, അന്യാധീനപ്പെട്ടിട്ടുണ്ടാകാം. എല്ലാ വഖഫുകളും ഒരു പോലെയല്ല. പലതിന്റെയും സ്വഭാവം പലതാണ്. വിഷയങ്ങള്‍ വിശദമായി പഠിക്കാതെ കാടടച്ച് വെടിവെക്കുന്ന ശൈലി ഒട്ടും രചനാത്മകമല്ല തന്നെ. വഖഫ് എന്നത് മുസ്ലിംകള്‍ തങ്ങളുടെ സ്വത്ത് ഒരു പ്രത്യേക സംഗതിക്കായി ദൈവപ്രീതി കാംക്ഷിച്ച് വഴിപാടാക്കലാണ് എന്ന് സമൂഹത്തിനു മനസ്സിലാക്കി നല്‍കേണ്ടതുണ്ട്. കൂട്ടത്തില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുകയും വേണ്ടതുണ്ട്. ആ അര്‍ഥത്തില്‍ വളരെ പ്രസക്തമായ ഒന്നായിരുന്നു കഴിഞ്ഞ ലക്കം ശബാബ് എന്നു പറയാതിരിക്കാന്‍ വയ്യ.