15 Wednesday
October 2025
2025 October 15
1447 Rabie Al-Âkher 22

ഒറ്റയ്ക്ക് നടക്കുക

സി കെ റജീഷ്‌


ടാഗോര്‍ രചിച്ച പ്രശസ്ത ബംഗാളി ഗാനത്തിലെ ആദ്യവരിയുടെ ആശയം ഇങ്ങനെയാണ്: ‘നിങ്ങളുടെ ആഹ്വാനം അവര്‍ കേള്‍ക്കില്ലെങ്കില്‍ ഒറ്റയ്ക്ക് നടക്കുക’. ‘ഏക് ലാ ചോലോ രേ’ എന്ന് ആവര്‍ത്തിക്കുന്ന ഈ ഗാനം ഗാന്ധിജിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.
സ്വാതന്ത്ര്യസമര രംഗത്തെ അനന്യനായ നേതാവായിരുന്നു ഗാന്ധിജി. എന്നിട്ടും അദ്ദേഹത്തെ ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനും ആളുകളുണ്ടായിരുന്നു. ഇക്കാരണത്താല്‍ ‘ഒറ്റയ്ക്ക് നടക്കുക’ എന്ന ടാഗോറിന്റെ വരികളുടെ ആശയം മനസ്സിനെ പഠിപ്പിക്കാന്‍ ഗാന്ധിജി ശ്രമിച്ചു. സ്വാതന്ത്ര്യപ്പിറവി ദിനത്തില്‍ നേതാക്കളെല്ലാം ഡല്‍ഹിയിലെ ആഘോഷത്തില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്. അപ്പോഴും ഗാന്ധിജി കൊല്‍ക്കത്തയില്‍ ഒറ്റയാള്‍ പട്ടാളമായി പ്രവര്‍ത്തിക്കുകയായിരുന്നു. അവിടെയുള്ള ജനങ്ങള്‍ക്ക് സ്‌നേഹ സന്ദേശം നല്‍കി അദ്ദേഹം മാതൃകയായി. ഒരിക്കല്‍ ഗാന്ധിജി ഇങ്ങനെ പറഞ്ഞു: ‘ആള്‍ക്കൂട്ടത്തില്‍ ഒരാളാവുന്നവനല്ല നേതാവ്. ചിലപ്പോഴൊക്കെ ഒറ്റയാനായി സഞ്ചരിച്ച് ജനങ്ങളുടെ പിറകില്‍ നടക്കേണ്ടിയും വന്നേക്കാം’.
സദാ നമ്മെ വലയം ചെയ്തു കൊണ്ടിരിക്കുന്ന സമൂഹം നമുക്കുണ്ട്. സമൂഹത്തിന്റെ സ്വാധീന വലയത്തില്‍ നിന്ന് എളുപ്പം മോചിതരാകാന്‍ നമുക്കാവില്ല. സമൂഹവുമായി ഇഴുകിച്ചേരുമ്പോഴും സ്വന്തമായ അസ്തിത്വം നമ്മോടൊപ്പമുണ്ടാവും. അത് കാത്തുസൂക്ഷിച്ച് നിലപാടുള്ളവരായി മാറാന്‍ നമുക്കാവണം. നാം വിശ്വസിക്കുന്ന ആദര്‍ശ മൂല്യങ്ങളായിരിക്കണം നിലപാടുകളെ രൂപപ്പെടുത്തുന്നത്.
അന്യരുടെ സമ്മര്‍ദത്തിന് മുന്‍പില്‍ ബലികഴിക്കേണ്ടതല്ല നാം വിശ്വസിക്കുന്ന ആദര്‍ശ മൂല്യങ്ങള്‍. ഉറക്കെ പറയാനും ഒറ്റയ്ക്ക് നടക്കാനും തികഞ്ഞ ആത്മവിശ്വാസമുള്ളവര്‍ എതിര്‍ ശബ്ദങ്ങളെ ഭയക്കില്ല. നിലപാട് തറയില്‍ നിന്നുകൊണ്ട് ഒറ്റയ്ക്ക് നീങ്ങേണ്ട അവസരങ്ങള്‍ പോലും തിരിച്ചറിയാനുള്ള വിവേകം അവര്‍ക്കുണ്ട്. സദാ സ്വാഭിപ്രായം മാത്രം ശരിവെച്ച് ഒറ്റയ്ക്ക് നീങ്ങണമെന്നല്ല പറഞ്ഞു വരുന്നത്. സ്വന്തം അസ്തിത്വം നിലനിര്‍ത്തി നിലപാട് സ്വീകരിച്ചവര്‍ക്കാണ് വ്യക്തിത്വത്തിന് തിളക്കമുണ്ടാക്കാന്‍ കഴിയുന്നത്.
സമൂഹ ജീവിതമെന്നത് ഒരു ജനക്കൂട്ടത്തിനുള്ളിലെ ജീവിതമാണ്. ജനങ്ങളാണെങ്കില്‍ ഭിന്ന സ്വഭാവക്കാരും. വ്യത്യസ്ത പ്രകൃതക്കാരും. ഇവിടെ നാം ചിലത് സ്വീകരിക്കുകയോ, മറ്റു ചിലത് തിരസ്‌കരിക്കുകയോ വേണ്ടി വരും. ഈ സ്വീകരണവും തിരസ്‌കരണവും ഒക്കെ നമ്മുടെ നിലപാടിനെ സാധൂകരിക്കുന്നതാകണം. നബി(സ) പറഞ്ഞു: നിങ്ങള്‍ ഒരു കൂട്ടമാകരുത് (കൂടെ കൂടികളാവരുത്). ആളുകള്‍ നല്ലവരാണെങ്കില്‍ ഞങ്ങള്‍ നല്ലത് ചെയ്യുമെന്ന് അവര്‍ പറയുന്നു. അവര്‍ അന്യായമാണെങ്കില്‍ ഞങ്ങള്‍ അന്യായം കാണിക്കുമെന്നും അവര്‍ പറയുന്നു. എന്നാല്‍ നിങ്ങള്‍ നിങ്ങളോട് തന്നെ സ്‌നേഹമുള്ളവരായിരിക്കുക.
ജീവിതത്തിന്റെ കനല്‍വഴികളില്‍ നമുക്ക് ഒറ്റയ്ക്ക് തന്നെയാണ് സഞ്ചരിക്കാനുള്ളത്. കൂട്ടിനാരുമില്ലാതെ ഒറ്റയ്ക്ക് സാധിച്ചെടുക്കേണ്ട ജീവിതവഴികളില്‍ ഒറ്റപ്പെട്ടല്ലോ എന്ന ചിന്തയരുത്. ചിലപ്പോള്‍ ഒറ്റയ്ക്ക് പോകുമ്പോള്‍ ജീവിതത്തിന്റെ സഞ്ചാരവേഗം കൂടും. എന്നാല്‍ ഒരുമിച്ചു നീങ്ങിയാലോ ഏറെ ദൂരം സഞ്ചരിക്കാനുമാവും. ഒരു കാര്യം തീര്‍ച്ചയാണ്. ഒറ്റയാന്മാരായി, വന്നവര്‍ സ്രഷ്ടാവിലേക്ക് മടങ്ങിച്ചെല്ലുന്നതും ഒറ്റയാന്മാരായിട്ടാണ്. കവി പൂന്താനം പാടിയത് നമുക്കോര്‍ക്കാം.
കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിന്നു നാം വൃഥാ!

Back to Top