22 Wednesday
September 2021
2021 September 22
1443 Safar 14

വാഗണ്‍ കൂട്ടക്കൊല ഒരു മരണവണ്ടിയുടെ ചൂളം വിളി

ഗഫൂര്‍ കൊടിഞ്ഞി


മലബാര്‍ സമരത്തിലെ ജ്വലിക്കുന്ന ഓര്‍മകളുണര്‍ത്തുന്ന വാഗണ്‍ കൂട്ടക്കുരുതിക്ക് ഒരു നൂറ്റാണ്ട് തികയുകയാണ്. ‘വാഗണ്‍ ട്രാജഡി’ എന്ന് ബ്രിട്ടീഷുകാരനാല്‍ ലഘൂകരിക്കപ്പെട്ട ഈ കിരാതസംഭവം ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ അരങ്ങേറിയ ഏറ്റവും നിഷ്ഠൂരമായ അധ്യായങ്ങളിലൊന്നായിരുന്നു. ചരിത്ര ഭൂപടത്തില്‍ നിന്ന് മലബാര്‍ മാപ്പിളയുടെ പേര് മായ്ച്ച് കളയാന്‍ സംഘപരിവാര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നതിനിടയില്‍ തന്നെയാണ് ബ്രിട്ടീഷ് കരാളതയുടെ ആഴവും പരപ്പും തുറന്ന് കാട്ടുന്ന വാഗണ്‍ കൂട്ടക്കൊലയ്ക്കും ഒരു നൂറ്റാണ്ട് തികയുന്നത്. കൊളോണിയല്‍ അധിനിവേശ ശക്തികള്‍ മലബാറിലെ നിരാലംബരും നിസ്സഹായരുമായ ജ നതയോട് കാണിച്ച തുല്യതയില്ലാത്ത അനേകം ക്രൂരതകളില്‍ ഒന്നു മാത്രമായിരുന്നു അത്.
ബ്രിട്ടീഷ് ‘മാര്‍ഷല്‍ ലോ’ നിലനിന്നിരുന്ന മലബാര്‍ പ്രദേശത്താണ് ഈ മരണവണ്ടി ചെന്ന് നിന്നിരുന്നത് എങ്കില്‍ ഈ കൊടുംക്രൂരത പുറത്ത് വരില്ലായിരുന്നു. നൂറുകണക്കിന് കൊളോണിയല്‍ കൂട്ടക്കുരുതികളില്‍ ഒന്ന് മാത്രമായി ഈ വാഗണ്‍ ദുരന്തവും അവശേഷിച്ചേനെ. വണ്ടി ചെന്നു നിന്ന പോത്തനൂര്‍ അന്ന് ‘മാര്‍ഷല്‍ ലോ’ക്ക് പുറത്തായത് കൊണ്ടാണ് ഈ സംഭവം നീറിപ്പുകഞ്ഞത്. തമിഴ്‌നാട്ടിലെ മാധ്യമങ്ങളും ജനങ്ങളും വഴിയാണ് ഈ ദാരുണ വൃത്താന്തം യഥാസമയം പുറത്തുവന്നത്.
സംഭവം പാശ്ചാത്യ മാധ്യമങ്ങള്‍ കൂടി ഏറ്റെടുത്തതോടെ സ്വാഭാവികമായും വലിയ കോളിളക്കം സൃഷ്ടിച്ചു. നില്‍ക്കകള്ളിയില്ലാതെ പ്രതിരോധത്തിലായ ബ്രിട്ടീഷ് ഭരണകൂടത്തിന് അന്വേഷണം നടത്താതെ പിടിച്ചു നില്‍ക്കാനാവാത്ത അവസ്ഥ വന്നു. വിരോധാഭാസമെന്ന് പറയട്ടെ, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിറ്റി പോലും ഒരു പ്രഹസനമായിരുന്നു. മലബാറില്‍ സമരം അടിച്ചമര്‍ത്താന്‍ നിയോഗിക്കപ്പെട്ട ക്രൂരനായ ജനറല്‍ കെ ആര്‍ നാപ്പിനെ തന്നെയായിരുന്നു ദുരന്തം അന്വേഷിക്കുന്നതിന്റെ തലപ്പത്തും അവരോധിച്ചത്. അതിന്റെ ഗുണം കൊളോണിയല്‍ ശക്തികള്‍ക്ക് ലഭിക്കുകയും ചെയ്തു.
റയില്‍വെ ഇന്‍സ്പക്’ര്‍ ആന്‍ഡ്രൂസിന്റെയും റീവിന്റെയും അശ്രദ്ധയില്‍ വന്ന ഒരു സ്വാഭാവിക ദുരന്തം എന്ന് പറഞ്ഞ് രക്ഷപ്പെടുകയാണ് സര്‍ക്കാര്‍ ചെയ്തത്. റീവാവട്ടെ റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് മുമ്പ് തന്നെ മരിക്കുകയും ചെയ്തു.
ദുരന്തത്തില്‍ മരണം വരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രഹസനം പോലെ മുന്നൂറ് രൂപ വീതം നഷ്ടപരിഹാരം നിര്‍ദ്ദേശിച്ചെങ്കിലും അഭിമാനികളായ ഇരകളുടെ കുടുംബങ്ങള്‍ അത് നിരസിക്കുകയാണ് ചെയ്തത്. ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു ഇന്ത്യക്കാരന് മുന്നൂറ് രൂപയാണോ വില നിശ്ചയിച്ചിരിക്കുന്നത് എന്നാണ് സ്വദേശമിത്രവും കല്‍ക്കത്തയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ബസുതി പത്രവും അന്ന് ചോദിച്ചത്. അതേ സമയം ക്രൂരതക്ക് കാരണക്കാരായ ഹിച്ച്‌കോക്കിനും സര്‍ജന്റ് ആന്‍ഡൂസിനും മറ്റും വന്‍ തുക പാരിതോഷികമാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ് നല്‍കിയത്.
ഇങ്ങനെയൊക്കെയായിട്ടും കൊളോണിയല്‍ ഭരണകൂടം അവരുടെ കുടുംബങ്ങളെ വേട്ടയാടി. ഇരകളുടെ പേരില്‍ എഴുതിച്ചേര്‍ത്തിരുന്ന ഭീമന്‍ പിഴയിലേക്ക് ഈ സംഖ്യ വരവ് വെച്ച് ബാക്കി പണത്തിന് വേണ്ടി അവരുടെ സ്വത്തുവഹകള്‍ വരെ കണ്ടു കെട്ടി.
വാഗണ്‍ ദുരന്തത്തിന് മുന്‍പ് തന്നെ ആയിരക്കണക്കിന് ആളുകളെ മേല്‍ വിവരിച്ച മട്ടില്‍ കാറ്റും വെളിച്ചവും കയറാത്ത ബോഗികളില്‍ ബല്ലാരിയിലേക്കും സേലത്തേക്കും കോയമ്പത്തൂരിലേക്കും ആടുമാടുകളെ പോലെ കയറ്റി അയക്കുക പതിവായിരുന്നു എന്ന് ഈ അന്വേഷണത്തില്‍ പുറത്തുവന്നു എന്നത് മാത്രമാണ് ആകെയുണ്ടായ നേട്ടം. അത്തരത്തില്‍ കൊണ്ടുപോയ എത്ര പേര്‍ അവിടെ എത്തി എന്നതും എത്ര പേര്‍ ശ്വാസംമുട്ടി പരലോകം പൂകി എന്നതും സ്വാഭാവികമായും ഉത്തരം കിട്ടാത്ത ചോദ്യമായി ഇന്നും അവശേഷിക്കുന്നു. ഇത് സംബന്ധമായി മദ്രാസ് നിയമസഭയില്‍ പല വാഗ്വാദങ്ങളും നടന്നതിന് അന്നത്തെ രേഖകള്‍ സാക്ഷിയാണ്.
ഇത്തരം കാടത്തത്തിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് അന്നത്തെ മലബാറിലെ പോലീസ് സൂപ്രണ്ടായിരുന്ന ഹിച്ച്‌കോക്കും കലക്റ്റര്‍ തോമസും ആമു പോലീസുമായിരുന്നു. ഇവരാരും പ്രതിപ്പട്ടികയില്‍ വന്നില്ല എന്ന് മാത്രമല്ല കള്ളനെ താക്കോല്‍ ഏല്‍പ്പിച്ച മട്ടില്‍ അന്വേഷണത്തില്‍ ഇടപെട്ടതും ഇവരൊക്കെ തന്നെയായിരുന്നു.
1924-ലെ തിരൂരങ്ങാടി വെടിവെപ്പിലൂടെ കൂടുതല്‍ കലുഷിതമായ മലബാറില്‍ മാപ്പിള പോരാളികളെ തിരഞ്ഞു പിടിച്ച് വേട്ടയാടുന്നതിന് വേണ്ടി ഗൂര്‍ഖാ പട്ടാളത്തെയടക്കം പത്തോളം വിവിധ റജിമെന്റുകളേയാണ് പോലീസ് മേധാവി ഹിച്ച്‌കോക്കും കൂട്ടരും മലബാറിലേക്ക് വിളിച്ചു വരുത്തി ഒരുക്കി നിര്‍ത്തിയത്. ഇവരെ ഉപയോഗിച്ച് തിരൂരങ്ങാടിയിലും പൂക്കോട്ടൂരും പാണ്ടിക്കാടും കരുവാരക്കുണ്ടും മറ്റും നൂറുകണക്കിന് പോരാളികളെയാണ് ഇവര്‍ നായാടിപ്പിടിച്ചത്. ഈ കുരുതികള്‍ക്ക് പിന്നിലെല്ലാം മുന്‍ സൂചിപ്പിച്ച പോലെ ഹിച്ച്‌കോക്കിന്റെയും കലക്ടര്‍ തോമസ്സിന്റെയും ആമു സൂപ്രണ്ടിന്റെയും കരങ്ങള്‍ തന്നെയായിരുന്നു. അതേ കരാള ഹസ്തങ്ങള്‍ തന്നെയായിരുന്നു വാഗണ്‍ ദുരന്തത്തിന്റെയും പിന്നില്‍ പ്രവര്‍ത്തിച്ചത്.
തിരൂരങ്ങാടി, പൂക്കോട്ടൂര്‍ സംഭവങ്ങളെ തുടര്‍ന്ന് ബ്രിട്ടീഷ് പട്ടാളം നിസ്സഹായരായ നാട്ടുകാരെ പേപ്പട്ടികളെ പോലെ വേട്ടയാടിയിട്ടും ഇവര്‍ക്ക് മനുഷ്യ രക്തത്തോടുള്ള ആര്‍ത്തി തീര്‍ന്നിരുന്നില്ല. ആലി മുസ്‌ല്യാരുടെ അറസ്റ്റിനെ തുടര്‍ന്ന് രംഗത്തിറങ്ങിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മലയാളനാട് പരീക്ഷണം കൂടിയായപ്പോള്‍ അടി കൊണ്ട പാമ്പിനെപ്പോലെ ബ്രിട്ടീഷ് ശക്തികള്‍ പൂര്‍വാധികം രോഷത്തോടെ സടകുടഞ്ഞെണീറ്റു. നാലു മാസം മലബാറിന്റെ കടിഞ്ഞാണ്‍ കൈകളില്‍ നിന്ന് നഷ്ടപ്പെട്ട ഹിച്ച്‌കോക്ക്- തോമസ് പ്രഭൃതികള്‍ക്ക് മലബാര്‍ മാപ്പിളമാരോടുള്ള പകയാല്‍ ഭ്രാന്ത് പിടിച്ച അവസ്ഥയായിരുന്നു. കണ്ണില്‍ കണ്ടവരെയെല്ലാം തിരഞ്ഞു പിടിച്ച് കൊടിയ പീഡനങ്ങള്‍ അഴിച്ചുവിട്ടു. ജീവന്‍ രക്ഷിക്കാനായി വീടുവിട്ടോടിയ അവരുടെ കൂരകളില്‍ കയറി സ്ത്രീജനങ്ങളെ ഭേദ്യം ചെയ്തു. കുട്ടികളെ മര്‍ദിച്ചു. കൃഷികള്‍ നശിപ്പിച്ചു. വീടുകള്‍ക്ക് തീയിട്ടു.
കയ്യില്‍ കിട്ടിയ ജനങ്ങളെ കാലികളെ പോലെ അന്തമാന്‍ അടക്കമുള്ള ജയിലറകളിലേക്ക് തെളിച്ചു കൊണ്ടുപോയി. അത്തരം ഒരു ദൃശ്യത്തിന്റെ ഭീബല്‍സ ചിത്രം ഖിലാഫത്ത് സ്മരണകള്‍ എന്ന പുസ്തകത്തില്‍ മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് വരച്ചിടുന്നുണ്ട്.
”പട്ടാളം തിരതല്ലി ഞങ്ങളെ തെക്കോട്ട് നിരത്തില്‍ കൂടി ആട്ടി. വഴിക്ക് ഓവുകള്‍ക്ക് പാലമില്ല. മരങ്ങള്‍ അടിക്കടി മുറിച്ച് അങ്ങനെ ഇട്ടിരിക്കുന്നു. ഓട്ടത്തിന് വേഗത മതിയാവാഞ്ഞിട്ട് പട്ടാളക്കാര്‍ ഞങ്ങളുടെ തലക്ക് വടി കൊണ്ടും മുഷ്ടി കൊണ്ടും കൊട്ടിത്തുടങ്ങി. ഓടാനാണെങ്കില്‍ ഞങ്ങള്‍ക്ക് ‘വയം’ ഇല്ല വായുവില്ല. കാരണം കൈകള്‍ പിന്നോട്ട് വലിച്ച് കെട്ടിയിരിക്കുന്നു. പോരെങ്കില്‍ എല്ലാവരേയും ആടുകളെ പോലെ പരസ്പരം കെട്ടിയിരിക്കുന്നു. എന്നിട്ടും ഞങ്ങളുടെ ഓട്ടത്തിന് മുറുക്കക്കുറവില്ല. ഓരോരുത്തരും ഒറ്റക്ക് കുതിച്ചു മണ്ടുന്നതിലും വേഗത്തില്‍ ഞങ്ങള്‍ ജീവന്‍ കയ്യില്‍ പിടിച്ച് മണ്ടുന്നുണ്ട്. നിമിഷം പ്രതി ഓട്ടത്തിന്റെ വേഗത കൂടുന്നു. കുതിരകളുടെ ലാടം തട്ടി കാലിന്റെ മടമ്പില്‍ നിന്നും ചോര പൊട്ടിയൊലിക്കുന്നു. വീര്‍പ്പുമുട്ടി കിതപ്പ് നേര്‍ക്കുന്നു. പട്ടാളക്കാര്‍ ഉന്മേഷത്തോടെ കുതിരകളെ ഓടിക്കുന്നു.” ബ്രിട്ടീഷ് പട്ടാളം സമരക്കാരെ കൊണ്ടുപോയിരുന്നത് ഇമ്മട്ടിലായിരുന്നു.
കോയമ്പത്തൂരിലേയും ബല്ലാരിയിലേയും കണ്ണൂരിലേയും ജയിലറകള്‍ ഈ ഹതഭാഗ്യരെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. മലബാറില്‍ നിന്ന് ഇമ്മട്ടില്‍ പിടിച്ചു കൊണ്ടുപോയവരെ തിരൂരിലേയും ഷൊര്‍ണൂരിലേയും മറ്റും റയില്‍വെ സ്റ്റേഷനുകളില്‍ എത്തിച്ച് അവിടെ നിന്ന് ആടുമാടുകളെ കയറ്റുന്ന വാഗണുകളില്‍ ബല്ലാരിയിലേക്കും കോയമ്പത്തൂരിലക്കും കയറ്റി വിടുകയായിരുന്നു പതിവ്.
എന്നാല്‍ നവംബര്‍ 19-ന് അത്തരം മൂടിയില്ലാത്ത ബോഗികള്‍ തിരൂര്‍ സ്റ്റേഷനില്‍ ഇല്ലായിരുന്നു. പകരം റെയില്‍വെ ടെലഗ്രാഫ് സാമാനങ്ങള്‍ കൊണ്ടു പോകുന്നതിന് ഉപയോഗിച്ചിരുന്ന മദ്രാസ് സൗത്ത് മറാഠാ കമ്പനിക്കാരുടെ വായുസഞ്ചാരമില്ലാത്ത എം എസ് എം- എല്‍ വി 1711 നമ്പര്‍ ബോഗിയിലാണ് തടവുകാരെ ബെല്ലാരിയിലേക്ക് കൊണ്ടു പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചത്.
അതിനകത്ത് കാറ്റ് കടക്കാന്‍ ഒരു സുഷിരം പോലുമില്ലായിരുന്നു. കഷ്ടിച്ച് അന്‍പത് പേര്‍ക്ക് ഞെരുങ്ങി നില്‍ക്കാവുന്ന മൂന്ന് അറകളുള്ള ഒരു ബോഗിയായിരുന്നു അത്. അതിലാണ് നൂറോളം മനുഷ്യ ജന്മങ്ങളെ ചാക്ക് അട്ടിക്കിടുന്ന പോലെ കുത്തിത്തിരുകിയത്. കുടിക്കാന്‍ വെള്ളം പോലും ആര്‍ക്കും നല്‍കിയില്ല. സമരക്കാരില്‍ അധിക പേരും വള്ളുവനാട്ടെ കരുവമ്പലത്തുകാരായിരുന്നു. പുലാമന്തോള്‍ പാലം പൊളിച്ചു എന്ന കുറ്റമായിരുന്നു അവര്‍ക്ക് മേല്‍ ചാര്‍ത്തിയിരുന്നത്. മരണവണ്ടി ഷൊര്‍ണ്ണൂരിലും പാലക്കാട്ടും എത്തിയപ്പോള്‍ ബോഗിയില്‍ നിന്ന് ജീവന് വേണ്ടിയുള്ള നിലവിളി കേട്ടതായി സാക്ഷികളില്‍ പലരും മൊഴി കൊടുത്തിട്ടുണ്ട്. ഈ മരണവണ്ടിയില്‍ നിന്ന് ഭാഗ്യത്തിന്റെ പിന്‍ബലത്തില്‍ മാത്രം രക്ഷപ്പെട്ട മലപ്പുറം കോട്ടപ്പടിയിലുള്ള കൊന്നോല അഹമ്മദ് ഹാജിയുടെ സംഭവ വിവരണം ആരുടേയും കരളലിയിക്കുന്നതാണ്. അറവ് മൃഗങ്ങളെ പോലെ പരസ്പരം കൂട്ടിക്കെട്ടി ഭക്ഷണമോ വെള്ളമോ നല്‍കാതെ ബയണറ്റു കൊണ്ട് കുത്തിയും ലാത്തികൊണ്ടടിച്ചും തിരൂര്‍ സ്റ്റേഷനിലെത്തിച്ച ഞങ്ങളെ ബോഗികളിലേക്ക് തോക്കിന്റെ ചട്ടകൊണ്ട് തള്ളിക്കയറ്റുകയാണ് ചെയ്തത് എന്ന് ഹാജി വിവരണത്തില്‍ പറയുന്നുണ്ട്. രക്ഷപ്പെട്ട രീതിയും അതിലദ്ദേഹം മറയില്ലാതെ അറിയിക്കുന്നുണ്ട്. ഹാജിയുടെ വിവരണം നോക്കുക:
”ഇരുന്നൂറ് പാദങ്ങള്‍ ഒരുമിച്ചമരാനുള്ള സ്ഥലസൗകര്യം ആ വാഗണിലുണ്ടായിരുന്നില്ല. ഒറ്റക്കാലില്‍ മേല്‍ക്കുമേല്‍ നിലം തൊടാതെ യാത്ര തുടങ്ങി. ദാഹം സഹിക്കവയ്യാതെ തൊണ്ട പൊട്ടുമാറ് ഞങ്ങള്‍ ആര്‍ത്തു കരഞ്ഞു. കൈയ്യെത്തിയവരൊക്കെ വാഗണ്‍ ഭിത്തിയില്‍ ആഞ്ഞടിച്ചു ശബ്ദമുണ്ടാക്കി. വാഗണിനകത്ത് കൂരാക്കൂരിരുട്ട്. വണ്ടി ഏതോ സ്റ്റേഷനില്‍ നില്‍ക്കാന്‍ പോകുന്നതായി തോന്നി. ഷൊര്‍ണൂരായിരുന്നു അത്. ഞങ്ങള്‍ ശേഷിച്ച ശക്തിയെല്ലാം സംഭരിച്ച് നിലവിളിച്ചു. ആരും സഹായത്തിനു വന്നില്ല. അപ്പോഴേക്കും പലരും മേല്‍ക്കുമേല്‍ മലര്‍ന്നുവീഴാന്‍ തുടങ്ങിയിരുന്നു. അറിയാതെ മലമൂത്ര വിസര്‍ജനവും. കൈക്കുമ്പിളില്‍ മൂത്രമൊഴിച്ച് കുടിച്ച് ദാഹം തീര്‍ക്കാന്‍ വിഫലശ്രമം നടത്തി. സഹോദരന്റെ ശരീരത്തില്‍ പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ നക്കിത്തുവര്‍ത്തി നോക്കി. ദാഹം സഹിക്കുന്നില്ല. ശ്വാസം കിട്ടുന്നില്ല. അന്യോന്യം മാന്തിപ്പറിച്ചും കടിച്ചു വലിച്ചും പൊട്ടിയൊലിച്ച രക്തം നക്കിക്കുടിച്ചു. മരണവെപ്രാളത്തില്‍ സഹോദര മിത്ര ബന്ധം മറന്നു. ശരിയും തെറ്റും വേര്‍തിരിച്ചറിയുന്ന മനസ്സ് നഷ്ടപ്പെട്ടു. ഞാനും യൂസുഫും കാക്കയും ചെന്നു വീണത് അസ്രായീലിന് തല്‍ക്കാലം പിടികിട്ടാത്ത ഓരത്തായിരുന്നു. എങ്ങനെയോ ഇളകിപ്പോയ ഒരു ആണിയുടെ പഴുതുള്ള ഭാഗ്യസ്വര്‍ഗത്തിന്റെ ദ്വാരത്തില്‍ മാറിമാറി മൂക്കുവെച്ച് പ്രാണന്‍ പോകാതെ ഒപ്പിച്ചു. എങ്കിലും കുറേക്കഴിഞ്ഞപ്പോള്‍ ബോധം നഷ്ടമായി.”
പോത്തന്നൂരിലെത്തി ബോഗി തുറന്നപ്പോഴേക്കും അന്‍പത്തിനാല് ജീവനുകളാണ് പൊലിഞ്ഞത്. ആ ജഡങ്ങള്‍ പോത്തനൂര്‍ സ്റ്റേഷന്‍ അധികാരികള്‍ അതേ വണ്ടിയില്‍ തന്നെ തിരൂരിലേക്ക് തിരിച്ചയച്ചു. സംഭവം മുന്‍കൂട്ടിയറിഞ്ഞ തിരൂര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ അടക്കമുള്ള ബ്രിട്ടീഷ് അധികാരികള്‍ വണ്ടിയെത്തുമ്പോഴേക്ക് സ്റ്റേഷനില്‍ നിന്ന് തടി തപ്പിയിരുന്നു. ഒടുവില്‍ നാട്ടുകാര്‍ മുന്‍കയ്യെടുത്താണ് ഈ മയ്യിത്തുകള്‍ മറമാടിയത്. അവരില്‍ നാല്‍പ്പത്തിനാലാളുകളെ കോരങ്ങത്ത് പള്ളി ഖബര്‍സ്ഥാനിലും എട്ട് പേരെ കോട്ട് ജുമുഅത്ത് പള്ളി ശ്മശാനത്തിലും ഖബറടക്കി. ബാക്കി അമുസ്‌ലിം രക്തസാക്ഷികളെ മുത്തൂര്‍ പൊതുശ്മശാനത്തിലും സംസ്‌കരിച്ചു.
മരണാസന്നരായ പതിമൂന്ന് പേര്‍ കോയമ്പത്തൂരിലെ വിവിധ ആശുപത്രികളില്‍ വെച്ചും ചിലര്‍ വഴിമധ്യേയും ജീവന്‍ പൊലിഞ്ഞു. ഈ പതിമൂന്ന് പേരുടെ ഖബറുകള്‍ ഇന്നും പോത്തനൂര്‍ റയില്‍വെ സ്റ്റേഷന് പിറകിലുള്ള ഖബര്‍സ്ഥാനില്‍ ഒരു ദുരന്ത സ്മൃതിയായി കാണാം.
വാഗണ്‍ ദുരന്തം കേവലം ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഒരു നോട്ടപ്പിശക് മാത്രമായിരുന്നില്ല. അതിന് പിന്നില്‍ ആസൂത്രിതമായ ഒരു കൊളോണിയല്‍ അജണ്ടയുണ്ടായിരുന്നു. കാലമെത്ര കഴിഞ്ഞാലും അതിന്റെ സ്മൃതികള്‍ ഒരു നേര്‍ത്ത നൊമ്പരമായി മലബാറിന്റെ ഹൃദയത്തില്‍ അവശേഷിക്കുക തന്നെ ചെയ്യും.
റഫറന്‍സ്
1- വാഗണ്‍ ട്രാജഡി: കനല്‍വഴിയിലെ കൂട്ടക്കുരുതി: ഡോ ശിവദാസന്‍ പി
2- ഖിലാഫത്ത് സ്മരണകള്‍: മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്.
3- വാഗണ്‍ ട്രാജഡി: അബ്ദു ചെറുവാടി.

1 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x