25 Thursday
April 2024
2024 April 25
1445 Chawwâl 16

ദുരിതങ്ങളെ അതിജീവിക്കാന്‍ കൂടിയാണ്‌ പെരുന്നാള്‍

വി എസ്‌ എം കബീര്‍

പിന്‍ഗാമിയായൊരാണ്‍തരി പിറവി കൊള്ളാത്തതിന്റെ നോവ്‌ നെഞ്ചിന്‍കൂട്ടില്‍ വിങ്ങിക്കൊണ്ടിരിക്കവെ ഒരു നാള്‍, അബ്രഹാം പ്രവാചകന്‍ തന്റെ കുടിലില്‍ ഏകാന്തനായി തലചായ്‌ച്ച്‌ കിടന്നു. പെട്ടെന്നൊരു വിളി അദ്ദേഹം കേട്ടു: `ഓ, അബ്രഹാം…!’ തലയുയര്‍ത്തി ചുറ്റും നോക്കി. ആരെയും കണ്ടില്ല. വീണ്ടും തലചായ്‌ക്കവെ അശരീരി തുടര്‍ന്നു: `ഓ, അബ്രഹാം, പുറത്തു വരൂ…!’ അത്‌ ദൈവവിളിയാണെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ അബ്രഹാം കുടിലിന്‌ പുറത്തേക്കിറങ്ങി. `ഓ, അബ്രഹാം… ആകാശത്തേക്ക്‌ നോക്കൂ. അസംഖ്യം താരകങ്ങള്‍ കാണുന്നില്ലേ നീ?’ -ദൈവം ചോദിച്ചു. അപ്പോഴദ്ദേഹം വിണ്ണിലേക്ക്‌ മുഖമുയര്‍ത്തി. പാല്‍നിലാ പുഞ്ചിരി തൂകി നില്‍ക്കുന്ന എണ്ണമറ്റ നക്ഷത്രക്കൂട്ടങ്ങളെ കണ്ടപ്പോള്‍ അബ്രഹാം പറഞ്ഞു: `അതേ, കാണുന്നുണ്ട്‌’. ദൈവം തുടര്‍ന്നു: `ഓ, അബ്രഹാം… നിന്റെ സന്താന പരമ്പരയും ഇതുപോലെയാവും.’ (ഉല്‌പത്തി പുസ്‌തകത്തില്‍ നിന്ന്‌)
ആയിരം പൂര്‍ണ ചന്ദ്രന്‍മാരെ കണ്ടുകഴിഞ്ഞിരിക്കുന്നു ഇബ്‌റാഹീം. ഭാര്യ സാറയാകട്ടെ, 75-ന്റെ അവശതകള്‍ പേറിക്കഴിയുകയാണ്‌. അങ്ങനെയുള്ള തങ്ങളോടാണ്‌, ഒരു കുഞ്ഞിക്കാലെങ്കിലും കാണാന്‍ കൊതിമൂത്തിരിക്കുന്നവരോടാണ്‌ പറയുന്നത്‌ ആകാശലോകത്തെ നക്ഷത്രക്കൂട്ടങ്ങളെപ്പോലെ സന്താന പരമ്പരകള്‍ വരാനുണ്ടെന്ന്‌! എങ്ങനെ വിശ്വസിക്കുമെന്നല്ലേ? എന്നാല്‍ ഇബ്‌റാഹീമിന്‌ സന്ദേഹത്തിന്റെ ലാഞ്‌ഛന പോലുമുണ്ടായിരുന്നില്ല.
കാരണം, തന്നോട്‌ ഇക്കാര്യം പറഞ്ഞിരിക്കുന്നത്‌ ദൈവമാണ്‌. തനിക്ക്‌ ജന്‍മം തന്ന സ്രഷ്ടാവ്‌. മാര്‍ഗദര്‍ശനം നല്‍കിയ വഴികാട്ടി, സൂര്യ, ചന്ദ്ര, നക്ഷത്രാദികളെ സൃഷ്ടിച്ച്‌ പരിപാലിക്കുന്ന നിയന്താവ്‌. ആ ദൈവത്തിലേക്കാണ്‌ ഇതുവരെ താന്‍ പ്രാര്‍ഥനകളും പ്രതീക്ഷകളുമായി കരങ്ങളുയര്‍ത്തിയത്‌. ആ ദൈവം നല്‍കിയ വാഗ്‌ദാനമാണിത്‌. അത്‌ സഫലമാകാനുള്ളതാണ്‌. ആ വാഗ്‌ദാനം പുലരുക തന്നെ ചെയ്‌തു.
വൃദ്ധയായ സാറ തനിക്ക്‌ കിട്ടിയ സമ്മാനമായ ഹാജറെന്ന അടിമ സ്‌ത്രീയെ തന്റെ തന്നെ സഹകളത്രമാക്കാന്‍ ഭര്‍ത്താവ്‌ ഇബ്‌റാഹീമിന്‌ അനുവാദം നല്‍കുന്നു. മക്കള്‍ക്കായുള്ള പ്രിയതമന്റെ കരളുരുകും പ്രാര്‍ഥന സഫലമാകട്ടെയെന്ന ആഗ്രഹമായിരുന്നു അവര്‍ക്കതിന്‌ പ്രേരണയായത്‌. കാത്തിരിപ്പ്‌ പിന്നെയും നീണ്ടെങ്കിലും നിരാശരാകാന്‍ മൂവരും ഒരുക്കമല്ലായിരുന്നു. ഒടുവില്‍ ആദ്യം ഹാജറിലൂടെയും വൈകാതെ സാറായിലൂടെയും തന്റെ ആത്മമിത്രത്തെ ദൈവം പിതൃപദവി നല്‍കി അനുഗ്രഹിച്ചു. ഇസ്‌മാഈലിന്റെയും ഇസ്‌ഹാഖിന്റെയും പിറവി ഇബ്‌റാഹീമിനെ കുറച്ചൊന്നുമല്ല ആനന്ദിപ്പിച്ചത്‌. ഈ രണ്ട്‌ മക്കളിലൂടെ പില്‌ക്കാലത്ത്‌ പിറവിയെടുത്ത വംശാവലി വിണ്ണിലെ താരഗണങ്ങളെപ്പോലെ മണ്ണില്‍ വെളിച്ചം വിതറിക്കൊണ്ടേയിരുന്നു.

ചരിത്രം പോലും വിസ്‌മയം കൊണ്ട ചില അസുലഭ നിമിഷങ്ങള്‍ നാമുമായി പങ്കുവെക്കുന്നുണ്ട്‌ ഗതകാലം. ആ കഥകളില്‍ കഥാപാത്രങ്ങളായി വ്യക്തികളുണ്ട്‌, സമൂഹങ്ങളുണ്ട്‌. പുരുഷന്‍മാരും സ്‌ത്രീകളും കുട്ടികളുമുണ്ട്‌. ചിലപ്പോഴത്‌ ദുരന്തങ്ങളുടെയും മഹാമാരികളുടെയും മുമ്പിലാകും. ചിലപ്പോള്‍ യുദ്ധങ്ങളുടെയും വിപ്ലവങ്ങളുടെയും മുമ്പിലും. എന്നാല്‍ ഒരു പിതാവും മാതാവും മകനും മാത്രമടങ്ങുന്ന കുടുംബത്തിന്റെ ജീവിതം കണ്ട്‌ ചരിത്രം കണ്ണു മിഴിച്ചിട്ടുണ്ടാവുക ഒറ്റത്തവണ മാത്രമാകും. സംശയം വേണ്ട, അത്‌ നാലായിരം സംവല്‍സരങ്ങള്‍ക്കപ്പുറം ബാബിലോണിയയില്‍ ജീവിച്ച ഹസ്രത്ത്‌ ഇബ്‌റാഹീമിന്റെ കുടുംബത്തിന്റെ ജീവിതം കണ്ടാവും. ഹജ്ജും ബലി പെരുന്നാളും കടന്നുവരുമ്പോഴൊക്കെയും ആ സ്‌മരണകള്‍ നമ്മില്‍ ജ്വലിച്ചുയരുന്നത്‌ അതുകൊണ്ടാണ്‌. അതുകൊണ്ട്‌ മാത്രമാണ്‌.
ജീവിതം പരീക്ഷണങ്ങളുടെ സമാഹാരമാണെന്ന്‌ ഇബ്‌റാഹീമിന്റെയും കുടുംബത്തിന്റെയും ചരിത്രം അനുസ്‌മരിച്ചു കൊണ്ട്‌ ഖുര്‍ആന്‍ പറഞ്ഞു തരുന്നുണ്ട്‌. ദൈവ കല്‌പനകള്‍ ശിരസ്സാവഹിച്ചുള്ള പ്രവര്‍ത്തനങ്ങളും ഒപ്പം പ്രാര്‍ഥനകളും പ്രതീക്ഷകളുമായി കഴിയുന്നവര്‍ക്ക്‌ ഏത്‌ ദുരന്തങ്ങളെയും മറികടക്കാനാവുമെന്നാണ്‌ ഖലീലുല്ലായുടെ ജീവിതപാഠങ്ങള്‍ നമ്മോട്‌ പറയുന്നത്‌.
നംറൂദും പ്രജകളും കുമ്പിട്ടുപാസിച്ചിരുന്ന വിഗ്രഹങ്ങള്‍ക്കു നേരെ കോടാലി ചുഴറ്റാന്‍ ഇബ്‌റാഹീമിനെ ഒരുക്കിയത്‌ അല്ലാഹുവാണ്‌. തന്നെ കാത്തിരിക്കുന്നത്‌ മരണശിക്ഷയാണെന്നറിഞ്ഞിട്ടും ഇബ്‌റാഹീം അത്‌ ചെയ്‌തു. ദൈവങ്ങളെ വെട്ടിനശിപ്പിച്ചവന്‌ നംറൂദൊരുക്കിയത്‌ അഗ്‌നിവലയം തന്നെയായിരുന്നല്ലോ. ദൂരെ നില്‌ക്കുന്നവരെപ്പോലും ചുട്ടു പൊള്ളിച്ച ആ തീക്കുണ്ഡത്തിലേക്ക്‌ പീരങ്കിയില്‍ തൊടുത്താണ്‌ ആരാച്ചാര്‍മാര്‍ `വിഗ്രഹ ധ്വംസക’നെ എറിഞ്ഞത്‌. അത്‌ കത്തിത്തീരും വരെ ആര്‍ത്തുല്ലസിച്ചുനിന്ന ആ ജനതയെ മുഴുവന്‍ വിഡ്‌ഢികളാക്കി ചാരക്കൂനയില്‍ നിന്ന്‌ ഇബ്‌റാഹീം പുനര്‍ജനിച്ചു. ഭൂമിയില്‍ ദൈവഹിതം നടപ്പാക്കുന്നവന്‌ ദുരിതങ്ങളും വിപത്തുകളും വരാം. പക്ഷേ ഒടുവിലെ വിജയപ്പുഞ്ചിരി അവന്റേതു തന്നെയാവും.
ഹാജറിനെ നോക്കൂ. ഒരു കൈയില്‍ കഠാര പിടിച്ച്‌ കുന്നിന്‍ ചെരിവിലേക്ക്‌ പുറപ്പെട്ട ഇബ്‌റാഹീമിന്റെ മറുകൈയിലേക്ക്‌ സ്വന്തം മകന്റെ കുഞ്ഞുകരം ഏല്‌പിച്ചു കൊടുത്തത്‌ ഹാജറായിരുന്നുവല്ലോ. പണ്ട്‌, വിജനവും വരണ്ടുണങ്ങിയതുമായ മരുഭൂമിയില്‍ ദാഹജലത്തിനായി കാലിട്ടടിച്ച്‌ കരഞ്ഞ ഇതേ കുഞ്ഞിന്റെ ചങ്ക്‌ നനയ്‌ക്കാന്‍ സഫയുടെയും മര്‍വയുടെയുമിടയില്‍ ഓടിപ്പാഞ്ഞതും ഇതേ ഹാജറായിരുന്നു. ഇപ്പോഴിതാ ആ കുഞ്ഞിന്റെ ചങ്ക്‌ പിളര്‍ത്താന്‍ അവന്റെ പിതാവിനെ ഏല്‌പിക്കുന്നു. എന്തൊരു പരീക്ഷണമാണിത്‌! പക്ഷെ പതറാന്‍ ഒരുക്കമായില്ല ഹാജര്‍. എല്ലാം കഴിഞ്ഞപ്പോള്‍ അവര്‍ പുഞ്ചിരിക്കുന്നതാണല്ലോ നാം കണ്ടത്‌.
മക്കയെന്ന വിശുദ്ധ നഗരം പിറവി കൊണ്ടതിന്‌ പിന്നില്‍ ഹാജറിന്റെ ധീരതയുണ്ട്‌. ജലഫലജനശൂന്യമായിരുന്ന മക്കയില്‍ ഒരു കുട്ട കാരക്കയും ഒരു കുടം വെള്ളവും കൂടെ കൈക്കുഞ്ഞിനെയും ഹാജറിനെ ഏല്‌പിച്ചാണ്‌ ഇബ്‌റാഹീം ശാമിലേക്ക്‌ പോയത്‌. അവര്‍ കുഞ്ഞിനെ മാറോട്‌ ചേര്‍ത്ത്‌ ഭര്‍ത്താവിനോട്‌ ചോദിച്ചു: “താങ്കളീ ചെയ്യുന്നത്‌ അല്ലാഹുവിന്റെ കല്‌പനപ്രകാരമാണോ?” `അതേ’ എന്നായിരുന്നു ഉത്തരം. “എങ്കില്‍ പൊയ്‌ക്കോളൂ, അവന്‍ ഞങ്ങളെ കൈവിടില്ലെ”ന്ന്‌ ഹാജറും. ആ തവക്കുലിന്റെ പ്രതീകമായാണ്‌ മക്ക പിറവി കൊണ്ടത്‌.
ഇവരുടെ മകനാണല്ലോ ഇസ്‌മാഈല്‍. അണമുറിയാത്ത നീരുറവ ലോകത്തിന്‌ കിട്ടിയത്‌ ഇസ്‌മാഈലിന്റെ കാലടയാളത്തില്‍ നിന്നാണ്‌. കഅ്‌ബയുടെ കല്ലുകളിലും ആ ബാലകരങ്ങളുടെ സ്‌പര്‍ശമുണ്ട്‌. “പ്രിയ പിതാവേ, കല്‌പിക്കപ്പെട്ടതെന്തോ അത്‌ താങ്കള്‍ ചെയ്‌തേക്കുക. ദൈവം ഇച്ഛിക്കുന്ന പക്ഷം ക്ഷമയുള്ളവനായി എന്നെ താങ്കള്‍ക്ക്‌ കാണാം” എന്ന്‌ ബാലനായ ഇസ്‌മാഈല്‍ പറഞ്ഞത്‌ ആരോടാണെന്നോ, തന്നെ അറുക്കാന്‍ അനുവാദം ചോദിച്ച പ്രിയ പിതാവിനോട്‌! സ്വകണ്‌ഠം പിളര്‍ക്കാന്‍ പിതാവിനനുവാദം നല്‍കിയ ഒരു മകനെ ലോകം ഇന്നേവരെ കണ്ടിട്ടില്ല; ദൈവഹിതം നടപ്പാക്കുന്നതില്‍ അത്രയേറെ പ്രതിജ്ഞാബദ്ധത കാണിച്ചു ഈ ബാലന്‍ പോലും.

ദുരിതപ്പെരുന്നാൾ
കോവിഡ്‌ മഹാമാരിയില്‍ ആഘോഷങ്ങളില്ലാതെയാണ്‌ ഈ ബലി പെരുന്നാളിനെ നാം സ്വീകരിക്കുക. എന്നാല്‍ ആരാധനകള്‍ നാം മുടക്കുന്നുമില്ല. ഹജ്ജ്‌ മുടക്കമില്ലാതെ നടന്നു. എന്നാല്‍ ദശ ലക്ഷങ്ങള്‍ സംഗമിച്ചിരുന്ന മിനായിലും അറഫയിലും ജനസാഗരമുണ്ടായില്ല. വിശുദ്ധ കഅ്‌ബ കഴുകലും പുതിയ ഖില്ല അണിയിക്കലും നടന്നെങ്കിലും ത്വവാഫുകള്‍ക്കെത്തുന്നവരുടെ എണ്ണം കുറഞ്ഞു. ദുല്‍ഹജ്ജ്‌ ഒന്‍പതിലെ സുന്നത്ത്‌ നോമ്പ്‌ ലോകമെങ്ങുമുള്ളവര്‍ നോറ്റു. പെരുന്നാള്‍ നമസ്‌കാരവും നിര്‍വഹിച്ചു. എന്നാല്‍ ആബാലവൃദ്ധം വിശ്വാസികള്‍ക്ക്‌ എത്താന്‍ ഈദ്‌ഗാഹുകള്‍ ഒരുങ്ങിയില്ല. ബലികര്‍മം നടന്നു. പക്ഷെ, പലര്‍ക്കും അതില്‍ പങ്കെടുക്കാനായില്ല. ഇങ്ങനെ സങ്കടങ്ങളോടെയാണ്‌ പെരുന്നാള്‍ സന്തോഷങ്ങള്‍ നാം പങ്കുവെക്കുന്നത്‌. ഇതും ഇബ്‌റാഹിമീ ഓര്‍മകള്‍ അയവിറക്കാനുള്ള അവസരമാണെന്ന്‌ നാം തിരിച്ചറിയണം.
ഏത്‌ പരീക്ഷണങ്ങളെയും അതിജീവിക്കാനുള്ള വിശ്വാസപരമായ കരുത്ത്‌ നേടാനാണ്‌ ഇബ്‌റാഹീം പ്രവാചകന്റെ ജീവിതം നമ്മെ ആഹ്വാനം ചെയ്യുന്നത്‌. പെരുന്നാള്‍ നമസ്‌കാരത്തിലും ബലിപീഠങ്ങളിലും അയ്യാമുത്തശ്‌രീഖിലും നാമുച്ചരിക്കുന്ന തക്‌ബീറുകള്‍ ഈ സന്ദേശമാണ്‌ നമുക്കു നല്‍കേണ്ടത്‌.
നാം അതിജീവിച്ച മഹാമാരികളെക്കാള്‍ വലുതല്ല കോവിഡ്‌. നാം കീഴ്‌പെടുത്തിയ വൈറസുകളെക്കാള്‍ ഭീകരനല്ല കൊറോണ. നാം അഭിമുഖീകരിച്ച ദുരന്തങ്ങളില്‍ ഏറ്റവും വലുതല്ല ഇപ്പോഴത്തേത്‌. ഇതെല്ലാം കടന്നു പോകും. ഒടുവില്‍ വിജയം പുഞ്ചിരിയോടെ കടന്നു വരും. അഗ്‌നിയില്‍ നിന്ന്‌ ഇബ്‌റാഹീം വന്നതുപോലെ, സംസം ഉറവ കണ്ട്‌ ഹാജറ ആശ്വാസം കൊണ്ടതുപോലെ, ജിബ്‌രീല്‍ മാലാഖ കൊണ്ടുവന്ന ആടിനെ കണ്ട്‌ ഇസ്‌മാഈല്‍ ദീര്‍ഘനിശ്വാസമിട്ടതു പോലെ. ദുല്‍ഹിജ്ജ മാസം പിറവി കൊള്ളുമ്പോള്‍ മാത്രമല്ല, ജീവിതത്തില്‍ പ്രതിസന്ധികളും വെല്ലുവിളികളും നേരെ വരുമ്പോഴെല്ലാം ഈ മാതൃക കുടുംബം വിശ്വാസികള്‍ക്ക്‌ മുന്നില്‍ പ്രചോദനമായി തെളിയണം. ഇബ്‌റാഹീമീ മില്ലത്തും അതിന്റെ നേരവകാശിയായ തിരുനബി(സ)യുടെ ചര്യയും പിന്തുടരുന്നവര്‍ക്ക്‌ കാവലായി പടച്ചവനുണ്ടാവും. തീര്‍ച്ച.
അല്ലാഹു അക്‌ബര്‍…
വലില്ലാഹില്‍ ഹംദ്‌….

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x