വ്രതത്തിന്റെ സാമൂഹിക മുഖവും ആരോഗ്യ നേട്ടങ്ങളും
സര്‍താജ് അഹ്മദ്; വിവ. ഡോ. സൗമ്യ പി എന്‍
റമദാന്‍ വ്രതം എന്നത് ഇസ്ലാമിക കലണ്ടര്‍ പ്രകാരം വര്‍ഷം തോറും ചിട്ടയായി ഒരു മാസം മുഴുവനാചരിക്കുന്ന മതപരമായ വ്രതമാണ്. ഇസ്ലാമില്‍ പരിശുദ്ധ റമദാന്‍ മുഴുവന്‍ ഉദയം മുതല്‍ അസ്തമയം വരെ വ്രതമെടുക്കുക എന്നത് നിര്‍ബന്ധമായ കാര്യമാണ്. പകല്‍ പൂര്‍ണമായി ഭക്ഷണവും ദുര്‍വിചാരങ്ങളും വെടിയുമ്പോള്‍ മാത്രമേ നോമ്പ് സ്വീകാര്യമാവുകയുള്ളൂ.
പ്രായപൂര്‍ത്തിയായ ആരോഗ്യമുള്ള വ്യക്തികള്‍ നിര്‍ബന്ധമായും ആചരിക്കേണ്ടതാണ് റമദാന്‍ വ്രതം എന്നിരിക്കിലും വ്രതം ഒരുവന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കുമെങ്കില്‍, അയാള്‍ രോഗിയാണെങ്കില്‍ അയാളെ വ്രതമെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ”ദൈവം നിങ്ങള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളെക്കുറിച്ചും ആലോചിച്ചിരിക്കുന്നു, അവന്‍ നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല”. ഖുര്‍ആനില്‍ ഇപ്രകാരം നിര്‍ദേശിച്ചിരിക്കുന്നു ”അല്ലയോ സത്യവിശ്വാസികളേ! നിങ്ങള്‍ക്ക് മുന്‍പുള്ളവര്‍ക്ക് എന്നപോലെ തന്നെ നിങ്ങള്‍ക്കും വ്രതം നിര്‍ദേശിച്ചിരിക്കുന്നു, അതുവഴി നിങ്ങള്‍ക്ക് തഖ്‌വ (സദ്പ്രവര്‍ത്തികളും ദൈവിക ബോധവും) പഠിക്കാനാവും.” (2:182,183)
പ്രായപൂര്‍ത്തിയായ ആരോഗ്യമുള്ള മുസ്ലിംകള്‍ വ്രതമെടുക്കുന്നതുകൊണ്ട് ദുര്‍ബലരാവും എന്ന് പേടിക്കേണ്ടതില്ല, നേരെ മറിച്ച് അത് അവരുടെ ആരോഗ്യവും ശക്തിയും വര്‍ധിപ്പിക്കും. 1994 ല്‍ കാസബ്ലാങ്കയില്‍ വെച്ച് റമദാനും ആരോഗ്യവും എന്ന വിഷയത്തില്‍ നടന്ന ആദ്യ അന്താരാഷ്ട്ര സെമിനാറില്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നുമായി വ്രതത്തിന്റെ വൈദ്യശാസ്ത്രപരമായ മൂല്യങ്ങള്‍ സംബന്ധിച്ച അമ്പതോളം ഗവേഷണപ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ലഘുവായതും സാമാന്യം ഗൗരവമുള്ളതുമായ ഉദാഹരണത്തിന് ഇന്‍സുലിന്‍ ആശ്രയിക്കേണ്ടാത്ത പ്രമേഹം, എസ്സെന്‍ഷ്യല്‍ ഹൈപ്പര്‍ടെന്‍ഷന്‍, ശരീരഭാരം നിയന്ത്രിക്കല്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ചുകൊണ്ടുവരല്‍, കൊളസ്‌ട്രോള്‍ നില താഴ്ത്തല്‍ മുതലായവക്ക് ഉത്തമമായ ചികിത്സാരീതിയായി നിര്‍ദേശിക്കപ്പെടുന്നു. ഗുരുതരമായ രോഗങ്ങള്‍ പിടിപെട്ടവരും ടൈപ്പ് 1 ഡയബെറ്റിസ്, ഹൃദ്രോഗം, വൃക്കയില്‍ കല്ല് എന്നിവയൊക്കെ ഉള്ളവരും മറ്റും വ്രതമെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. അവര്‍ വ്രതമെടുക്കരുത് എന്ന് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു.
വ്രതമെടുക്കുന്ന വിശ്വാസികളുടെ ജീവിതശൈലിയിലും പെരുമാറ്റരീതികളിലും മാറ്റങ്ങള്‍ കൊണ്ടുവന്ന് അവരെ ഉത്തമ മനുഷ്യരാക്കുക എന്നതാണ് ഒരു മാസം നീളുന്ന ഈ പ്രക്രിയയുടെ പ്രാഥമിക ലക്ഷ്യം. അതിനായി മറ്റുള്ളവരെക്കുറിച്ച് മോശമായി ചിന്തിക്കുകയോ സംസാരിക്കുകയോ കേള്‍ക്കുകയോ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. ഈ ശുദ്ധീകരണ പ്രക്രിയയുടെ പ്രഭാവം തുടര്‍ന്നുള്ള മാസങ്ങളിലും നിലനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനു ശേഷം അടുത്ത വര്‍ഷം പ്രക്രിയ ആവര്‍ത്തിക്കപ്പെടുന്നു.
വ്രതത്തിന്റെ
മനശ്ശാസ്ത്ര ഫലങ്ങള്‍
റമദാന്‍ വ്രതത്തിന്റെ മനഃശാസ്ത്രപരമായ സ്വാധീനം വ്രതമെടുക്കുന്നവര്‍ നിരീക്ഷിച്ചിട്ടുണ്ട്. പരിശുദ്ധ ഖുര്‍ആന്‍ മനുഷ്യരാശിക്ക് മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്ന മഹത്തായ ഉറവിടമാണ് അതില്‍ പ്രയോജനപ്രദമല്ലാത്ത ഒന്നും തന്നെ ഇല്ല.
ഭക്ഷണവും വെള്ളവും ഉപേക്ഷിക്കുന്നത് മാത്രമല്ല വ്രതമെന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നു. സംസാരത്തിലും പ്രവര്‍ത്തിയിലുമെല്ലാമുള്ള തെറ്റില്‍നിന്ന് വിട്ടുനില്‍ക്കുക, തര്‍ക്കങ്ങളില്‍ നിന്നും വഴക്കില്‍ നിന്നും ഭോഗേച്ഛയില്‍ നിന്നും വിട്ടുനില്‍ക്കുക എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് വ്രതം. അതുകൊണ്ട് തന്നെ വ്രതം ചോദനകളെ നിയന്ത്രിക്കുന്നതിനും നല്ല പെരുമാറ്റം വളര്‍ത്തിയെടുക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിന്റെയും മനസ്സിന്റെയും ഈ ശുദ്ധീകരണം വ്യക്തിയുടെ ആന്തരികവും ബാഹ്യവുമായ സന്തുലിതാവസ്ഥക്ക് കാരണമാവുന്നു. മുസ്ലിംകള്‍ ഭക്ഷണം കുറക്കുന്നത് വഴി ശരീരം മെച്ചപ്പെടുത്താനും ആരോഗ്യകരമായ ജീവിതശൈലി കൈവരിക്കാനും ശ്രമിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് നിരുത്സാഹപ്പെടുത്തുകയും വിശപ്പടക്കാന്‍ മാത്രമായി ഭക്ഷണം കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മുസ്ലിംകള്‍ സദാ പ്രവര്‍ത്യുന്മുഖരായിരിക്കുകയും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നതില്‍ വിശ്വസിക്കുന്നു.
വ്രതം പവിത്രതയും വിനയവും വളര്‍ത്താന്‍ സഹായിക്കുകയും പാപത്തെയും കടിഞ്ഞാണില്ലാത്ത കാമനകളെയും ആസക്തികളെയും തടയുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. വാക്കിലും പ്രവര്‍ത്തിയിലും തിന്മയില്‍നിന്ന് വിട്ടുനില്‍ക്കുക, അജ്ഞതയോടെ, മാന്യമല്ലാതെ ഉള്ള സംസാരം, വാക്കുതര്‍ക്കം, വഴക്ക്, ഭോഗേച്ഛ എന്നിവ ഒഴിവാക്കുക എന്നിവയെല്ലാം വ്രതത്തില്‍ ഉള്‍പ്പെടുന്നു. അതുകൊണ്ട് തന്നെ വ്രതം ചോദനകളെ നിയന്ത്രിക്കുന്നതിനും നല്ല പെരുമാറ്റം വളര്‍ത്തിയെടുക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിന്റെയും മനസ്സിന്റെയും ഈ ശുദ്ധീകരണം വ്യക്തിയുടെ ആന്തരികവും ബാഹ്യവുമായ ലയനത്തിന് കാരണമാവുന്നു. ധാര്‍മികമായ തലത്തില്‍ വിശ്വാസികള്‍ ഏറ്റവും ഗുണപരമായ സ്വഭാവസവിശേഷതകള്‍ കൈവരിക്കുന്നതിനും നിത്യജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനും ശ്രമിക്കുന്നു.
കരുണയും വിശാലമനസ്‌കതയും അപരനോട് ദയയും കാണിക്കാനും ക്ഷമയുള്ളവരാവാനും ക്രോധം നിയന്ത്രിക്കാനും അവര്‍ ശ്രമിക്കുന്നു. ചുരുക്കത്തില്‍ മുസ്ലിംകള്‍ സദ്‌സ്വഭാവങ്ങളും നല്ല ശീലങ്ങളും വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നു. മുസ്ലിംകള്‍ ദിവസം അഞ്ച് നേരം നമസ്‌കരിക്കുകയും രാത്രികളില്‍ അധികമായി 11 റക്അത്ത് തറാവീഹ് നമസ്‌കരിക്കുകയും ചെയുന്നു. ഇത് ഭക്ഷണം കൂടുതല്‍ ആഗിരണം ചെയ്യപ്പെടുന്നതിനും അധികമായി കാലറി ഉപയോഗിക്കപ്പെടുന്നതിനും കാരണമാകുന്നു. പ്രാര്‍ഥനകളും സദ്പ്രവര്‍ത്തികളും കൂടുതലായി ചെയ്യുന്നതിനും ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നു. ഖുര്‍ആന്‍ പാരായണം ചെയുന്നത് മനസ്സിനും ഹൃദയത്തിനും ശാന്തി നല്‍കുന്നതിനോടൊപ്പം ഓര്‍മശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
മുസ്ലിംകള്‍ ഇക്കാലത്തു ആന്തരികമായ ശാന്തിയും സമാധാനവും നേടുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. ഇത് ദേഷ്യം അടക്കുകയും നല്ല പ്രവൃത്തികള്‍ ചെയ്യുകയും വ്യക്തിപരമായ അച്ചടക്കം പാലിക്കുകയും നല്ല മുസ്ലിമായും നല്ല വ്യക്തിയായും സ്വയം പാകപ്പെടുത്തുകയും എല്ലാം ഉള്‍പ്പെടുന്നതാണ്. ദൈവത്തെക്കുറിച്ചുള്ള നമ്മുടെ ബോധം വളര്‍ത്തുന്നതിനും ആത്മനിയന്ത്രണം വളര്‍ത്തുന്നതിനും ഇത് സഹായിക്കുന്നു. ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതിന് പുറമെ നല്ല വിചാരങ്ങള്‍ വളര്‍ത്തുന്നതിനായി മനസ്സിനെ ഉയര്‍ന്ന തലത്തിലെത്തിക്കുന്നതും വ്രതത്തിന്റെ ഭാഗമാണ്.
വ്രതത്തിന്റെ
സാമൂഹികമായ
സ്വാധീനങ്ങള്‍
ആത്മീയവും ധാര്‍മികവും സാമൂഹികവുമായ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുക കൂടി റമദാന്‍ വ്രതത്തില്‍ ഉള്‍പ്പെടുന്നു. സമൂഹത്തിലെ വ്യക്തികള്‍ക്കിടയില്‍ സമത്വത്തിന്റെ സന്ദേശമാണ് അത് നല്‍കുന്നത്. പാവങ്ങള്‍ക്ക് വേണ്ട ശ്രദ്ധയും സേവനത്തിന്റെ പ്രയോജനങ്ങളും നല്‍കുന്നു, വിശ്വാസികള്‍ നല്ല അയല്‍ക്കാരായി ആതിഥ്യ മര്യാദ കാണിക്കുന്നു. ഈ ആത്മ ശുദ്ധീകരണ പ്രക്രിയയില്‍ ഏര്‍പ്പെടുന്നത് വഴി മനസും ശരീരവും ശുദ്ധമാകുന്നതോടൊപ്പം സാമൂഹികമായി അംഗീകരിക്കാനാവാത്ത തിന്മകളെ ഉപേക്ഷിക്കുകയും സഹജീവികളെ സഹായിക്കുകയും ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. അയല്‍പക്കം എന്ന ആശയവും ഏറെ പ്രധാനമാണ്. അത് വിപുലമായ തോതില്‍ ലോകത്തെയാകെമാനവും അതിനപ്പുറവും ചെല്ലുന്നതാണ്.
മുസ്ലിംകള്‍ക്ക് മദ്യപാനവും പുകവലിയും നിഷിദ്ധമാണ്. ആരോഗ്യം നശിപ്പിക്കുകയും പണം ചെലവാക്കുകയും ചെയ്യുന്ന അത്തരം ശീലങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ക്ക് അവയില്‍ നിന്ന് വിമുക്തി നേടാന്‍ പറ്റിയ സമയമാണ് ഇത്. ഒരു മാസത്തേക്ക് അവയില്‍ നിന്ന് വിട്ടു നില്കുന്നതിനാല്‍ തുടര്‍ന്നുള്ള ജീവിതത്തിലും അങ്ങനെ ചെയ്യേണ്ടതാണ്.
ബ്രിട്ടനില്‍ പല ആരോഗ്യ വകുപ്പുകളും ജനങ്ങള്‍ക്കിടയില്‍, വിശേഷിച്ചും ആഫ്രിക്കക്കാര്‍ക്കും ഏഷ്യക്കാര്‍ക്കും ഇടയില്‍ ലഹരി ഉപയോഗം കുറച്ച് കൊണ്ടുവരാന്‍ റമദാന്‍ മാതൃക ഉപയോഗിച്ചു വരുന്നു.
പാവങ്ങള്‍ക്കും പണക്കാര്‍ക്കുമിടയില്‍ സമാന അനുഭവം സൃഷ്ടിക്കാന്‍ വ്രതം എല്ലാവരെയും സഹായിക്കുന്നു. ഈ മാസം വ്രതമെടുക്കുന്നതിന്റെ ഏറ്റവും വലിയ പ്രയോജനം ഒരുവനില്‍ സത്യം പറയുന്ന ശീലം വളര്‍ത്തിയെടുക്കുന്നു എന്നതാണ്. ആത്മനിയന്ത്രണത്തിനുള്ള പരിശീലനമാണ് യഥാര്‍ഥത്തില്‍ റമദാന്‍ വ്രതം. തുടര്‍ച്ചയായി പുക വലിക്കുന്നവര്‍ക്കും എന്തെങ്കിലും കൊറിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ചായയോ കാപ്പിയോ ഇടയ്ക്കിടെ കുടിക്കുന്നവര്‍ക്കും അത്തരം ശീലങ്ങളില്‍ നിന്ന് വിടുതല്‍ നേടാന്‍ നല്ലൊരു മാര്‍ഗമാണിത്.
ലോകത്ത് പല മതങ്ങളും വ്രതം അനുശാസിക്കുന്നുണ്ട്. ഇസ്ലാം പ്രത്യേകിച്ച് റമദാനില്‍ ഒരു മാസം മുഴുവന്‍ വ്രതത്തിനായി നീക്കിവെച്ചിരിക്കുന്നു. അത് ഒരു ശാരീരികവും മാനസികവും ആത്മീയവുമായ അനുഭവമാണ്. ഉപവാസത്തിലൂടെയുള്ള ആത്മനിയന്ത്രണത്തിന് പ്രതിഫലം മെച്ചപ്പെട്ട ആരോഗ്യമാണെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. റമദാന്‍ ആത്മനിയന്ത്രണത്തിന്റെ, ആത്മശുദ്ധീകരണത്തിന്റെ, സത്യസന്ധതയുടെ, ആത്മ പരിശീലനത്തിന്റെ മാസമാണ്. ഈ പരിശീലനം തുടര്‍ന്നുള്ള ജീവിതത്തിലും നിലനില്‍ക്കും എന്നാണ് പ്രതീക്ഷ. ഉപവാസത്തിന്റെ ഒരു ഗുണം പാവങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന കിട്ടുന്നു, സഹായങ്ങള്‍ ലഭിക്കുന്നു എന്നതാണ്.
വ്രതത്തിന്റെ ശാരീരികമായ പ്രയോജനങ്ങളില്‍ പെടുന്നതാണ് രക്തത്തിലെ ഷുഗര്‍ നില, കൊളെസ്‌ട്രോള്‍ നില, ബ്ലഡ് പ്രഷര്‍ എന്നിവ കുറയുന്നത്. ചെറിയ ചെറിയ, സാരമല്ലാത്ത രോഗങ്ങള്‍ക്ക് ഒരു പരിഹാരമായികൂടി ഇത് നിര്‍ദേശിക്കാവുന്നതാണ്. നമ്മുടെ ശരീരത്തിന് സ്വയം സുഖപ്പെടുത്തുന്നതിനുള്ള ശക്തിയുണ്ട്. അത് പ്രവര്‍ത്തിപ്പിക്കാനായി വയറ് ഒഴിച്ചിടേണ്ടതുണ്ട്. മിക്കവാറും രോഗങ്ങളില്‍നിന്നും രക്ഷ നേടാന്‍ ശരിയായ രീതിയില്‍ വ്രതമെടുക്കുന്നത് സഹായിക്കും. ഭക്ഷണ ക്രമം ശ്രദ്ധിക്കുകയും ലഹരി അടിമത്തം ഉപേക്ഷിക്കുകയും സത്യം പറയുകയും അയല്‍പക്കത്തെ സഹായിക്കുന്ന ശീലം വളര്‍ത്തിയെടുക്കുകയും നിത്യേന പ്രാര്‍ഥന നടത്തുകയും ചെയുന്നത് വഴി അവര്‍ ഉത്തമ മനുഷ്യരാവും എന്ന് മാത്രമല്ല ദൈവാനുഗ്രഹത്തിനും അത്യാവശ്യ ഘട്ടങ്ങളില്‍ രക്ഷക്കും പാത്രമാവുന്നതാണ്.