23 Monday
December 2024
2024 December 23
1446 Joumada II 21

വ്രതഭംഗിയില്‍ മനസ്സും ശരീരവും

ടി പി എം റാഫി


ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ പി എസ്, തിരുവനന്തപുരം ആര്‍ സി സി യിലെ ഡയറക്ടറും തന്റെ സുഹൃത്തുമായ ഡോ. സെബാസ്റ്റ്യനോട് ഒരിക്കല്‍ ചോദിച്ചു: കാന്‍സര്‍ ചികിത്സക്കെത്തുന്നവരില്‍ പൊതുവെ ആരാണ് കൂടുതല്‍? ആ ഭിഷഗ്വരന്റെ മറുപടി ഇങ്ങനെയായിരുന്നു: മുസ്ലിംകളില്‍ താരതമ്യേന ഈ രോഗം കുറവുള്ളതായി തോന്നിയിട്ടുണ്ട്. ഇതിനു കാരണം റമദാനിലെ നോമ്പും നമസ്‌കാരവുമായിരിക്കണം.
റമദാന്‍ നോമ്പ് എടുക്കുന്നവരുടെ ശരീരത്തില്‍ രോഗപ്രതിരോധശക്തി (ഓട്ടോ ഇമ്മ്യൂണ്‍ കപ്പാസിറ്റി) വര്‍ധിക്കുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. സാധാരണ രോഗങ്ങള്‍ മുതല്‍ മാറാരോഗങ്ങള്‍ക്കു വരെ ശമനമാണ് വ്രതമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.
‘നാസ’യിലെ ശാസ്ത്രജ്ഞരുടെ അനുഭവവും അദ്ദേഹം പങ്കുവെക്കുന്നു: ബഹിരാകാശത്ത് ഗുരുത്വബലം ഇല്ലാതാകുന്നതിനാല്‍ ഭക്ഷണം ഇവിടത്തെപ്പോലെ വാരിത്തിന്നാനൊന്നും കഴിയില്ല. ഭാരമില്ലാത്ത അവസ്ഥയില്‍ ഭക്ഷണം ഒഴുകിനടക്കും. ഒരു കുഴലിനകത്ത് ഭക്ഷണം വെച്ച് അതു പ്രയാസപ്പെട്ട് ഞെക്കിയെടുത്താണ് യാത്രികര്‍ അകത്താക്കുന്നത്. ഈ സംവിധാനം തകരാറിലായാല്‍ ബഹിരാകാശയാത്രികര്‍ പട്ടിണിയിലാകുമല്ലോ. ഇങ്ങനെ താത്കാലികമായി പട്ടിണിയിലായാല്‍ ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് ‘നാസ’യിലെ ഗവേഷകര്‍ പഠിച്ചു.
ഒരു മനുഷ്യന്‍ പതിനൊന്നര മണിക്കൂര്‍ ഭക്ഷണവും വെള്ളവും കഴിച്ചില്ലെങ്കില്‍ പ്രകൃതിയില്‍ അയാളുടെ ജീവന്‍ നിലനിര്‍ത്താനായി ഒരു സംരക്ഷണ പ്രക്രിയ തയ്യാറാക്കുന്നുണ്ടത്രെ. ആദ്യം കുടലില്‍ നിന്ന് ഒരു സന്ദേശം തലച്ചോറിലേക്ക് അയയ്ക്കും. ഇയാള്‍ക്ക് ഭക്ഷണം കിട്ടുന്നില്ലെന്ന സന്ദേശമാണത്. ഈ സന്ദേശത്തിനു പ്രതികരണമായി തലച്ചോറില്‍ നിന്ന് കുടലിലേക്ക് മറ്റൊരു സന്ദേശം കൈമാറും. അതോടെ കുടലിന്റെ ഇന്നര്‍ ലൈനിലെ (പെരിറ്റോണിയം) ഭിത്തിക്കകത്ത് വളരെ സൂക്ഷ്മമായ സുഷിരങ്ങളുണ്ടാകും. ഇതിലൂടെ എന്‍സൈം കുടലിലേക്ക് ഊര്‍ന്നിറങ്ങുന്നു. പിന്നെ പത്തിരട്ടി ഊര്‍ജസ്വലത അയാള്‍ വീണ്ടെടുക്കുന്നതു കാണാം. നോമ്പുകാരനെ സായാഹ്നങ്ങളില്‍ ശക്തനാക്കുന്നത് ഈ മെക്കാനിസമാണ്.
ചരിത്രാതീത കാലംതൊട്ട് മനുഷ്യ സമൂഹങ്ങളുടെ ജീവനകല കൂടിയായിരുന്നു വ്രതം. പ്രാക്തനമായ മതദര്‍ശനങ്ങളിലെന്ന പോലെ, ഇസ്‌ലാമും ഈ അനുഷ്ഠാനത്തെ പ്രാധാന്യപൂര്‍വം കാണുകയാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്: ”സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പ്പിച്ചിരുന്നതു പോലെ തന്നെ നിങ്ങള്‍ക്കും വ്രതം നിര്‍ബന്ധമായി കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കാന്‍ വേണ്ടി.” (2:183)
പൈദാഹങ്ങള്‍ അനുഭവിക്കുന്നതിലൂടെ ആത്മീയ തലത്തിലെന്നല്ല, ആരോഗ്യശാസ്ത്രപരമായും പല മേന്മകളുമുണ്ടാകുന്നുണ്ടെന്ന് ഗവേഷകര്‍ തെളിയിക്കുന്നു. വ്രതം ശരീരത്തിന്റെ നൈസര്‍ഗിക രോഗപ്രതിരോധ ശേഷിയെ വളര്‍ത്തിയെടുക്കുന്നുണ്ടെന്നാണ് ഒരു പഠനം. രോഗാണുക്കളോടു പടപൊരുതുന്ന ശ്വേതരക്താണുക്കളെ നന്നായി ഉല്പാദിപ്പിച്ചു വിടാന്‍ സ്റ്റെം കോശങ്ങള്‍ക്ക് വ്രതം പ്രചോദനമാകുന്നുണ്ടത്രെ. ശാരീരികമായ ദോഷബാധയെയും തടുക്കുന്ന പരിചയാണ് വ്രതമെന്നു മനസ്സിലാവുന്നു.
നിശ്ചിതകാലം ഉപവസിക്കുന്നത് ഹൃദയാഘാതം തടയുമെന്ന് ദുബായിലെ അമേരിക്കന്‍ ഹോസ്പിറ്റലിലെ ഹൃദ്രോഗ വിഭാഗം തലവന്‍ ഡോ. ഉമര്‍ കാമില്‍ അബ്ദുല്ല അഭിപ്രായപ്പെടുന്നു. ‘ലിപിഡ് പ്രൊഫൈലും നോമ്പും തമ്മില്‍ ഇഴപിരിക്കാനാവാത്ത ബന്ധമുണ്ടെന്നു വ്യക്തമാക്കുന്ന ആദ്യ പഠനമാണിത്’. രോഗികളുടെ രക്തമര്‍ദവും രക്തത്തിലെ ഗ്ലൂക്കോസിന്റെയും ലിപിഡുകളുടെയും അളവും മൂന്നു ഘട്ടങ്ങളിലായി ഇവര്‍ ഗവേഷണ വിധേയമാക്കി. റമദാനിന്റെ മുമ്പുള്ള മൂന്നാഴ്ചയും റമദാനിലെ മൂന്നാഴ്ചയും ശേഷമുള്ള മൂന്നാഴ്ചയുമാണ് നിരീക്ഷണത്തിനു സ്വീകരിച്ചത്. എല്‍ ഡി എല്‍ 37 ശതമാനവും ട്രൈ ഗ്ലിസറൈഡ് 15 ശതമാനവും കണ്ട് വ്രതം കുറച്ചതായി ഇവര്‍ പറയുന്നു. രോഗികളില്‍ ഹൃദയാഘാത സാധ്യത 37 ശതമാനത്തില്‍ നിന്ന് 11 ശതമാനമായി കുറയാന്‍ നോമ്പ് സഹായിച്ചുവെന്ന് യു എ ഇ കാര്‍ഡിയാക് സൊസൈറ്റി അംഗം ഡോ. ഹല്ലാക്ക് പറഞ്ഞു. 2012 ഏപ്രിലില്‍ വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് കാര്‍ഡിയോളജിയില്‍ അവതരിപ്പിച്ച ഡോ. ഹല്ലാക്കിന്റെ പ്രബന്ധം പിന്നീട് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഈ പഠനത്തിനു തുടര്‍ച്ചയായി യു എസ്സിലെ ഏജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് മറ്റൊരു പഠനം നടത്തിയിരുന്നു. ‘കൃത്യമായ കാലയളവില്‍ നോമ്പ് എടുക്കുന്ന ശീലം പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്‌സ് എന്നിവയില്‍ നിന്ന് നല്ലൊരു പരിധിവരെ തലച്ചോറിനെ സംരക്ഷിക്കും’.
ഒന്നിനു പിറകെ മറ്റൊന്നായി ഭക്ഷണം കഴിക്കുന്ന അമിത ഭോജന ശീലത്തിന് റമദാന്‍ തടയിടുന്നു. ശരീരത്തിലെ രാസപ്രവര്‍ത്തന സംവിധാനത്തെ അപകടപ്പെടുത്തുന്ന ഈ ദുശ്ശീലം ഒഴിവാക്കാന്‍ റമദാന്‍ വ്രതം സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ‘ശരീരത്തിലെ ദഹനേന്ദ്രിയത്തിലെ ഹോര്‍മോണുകളും ഇന്‍സുലിനും നോമ്പിന്റെ പകലുകളില്‍ കുറച്ചുമാത്രം ഉല്പാദിപ്പിക്കപ്പെടാനും അതുവഴി ആരോഗ്യവും ദീര്‍ഘായുസ്സും നേടിയെടുക്കാനും വ്രതം സഹായിക്കും’.
ഗവേഷണാര്‍ഥം ഒന്നിടവിട്ട ദിവസങ്ങളില്‍ ഭക്ഷണം നല്‍കിയ എലികള്‍ ദിവസവും ഭക്ഷണം കഴിക്കുന്ന എലികളേക്കാള്‍ 63 ആഴ്ച കൂടുതല്‍ ജീവിച്ചുവെന്ന് ഇവര്‍ കണ്ടെത്തി. എന്നുമാത്രമല്ല, ആയുസ്സിന്റെ അവസാനം വരെ ഈ എലികള്‍ ഊര്‍ജസ്വലരും കര്‍മനിരതരുമായിക്കണ്ടുവെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
യൂറോപ്യന്‍ ശാസ്ത്രജ്ഞരുടെ വളരെ പ്രശസ്തമായ ഒരു ആഹ്വാനമുണ്ട്: ‘ഇറ്റാലിയന്‍ ജനങ്ങളേ, അമിതഭോജനം ഇറ്റലിയുടെ പൗരന്മാരെ അകാല മരണത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ? സാംക്രമിക രോഗങ്ങളോ യുദ്ധങ്ങളോ അല്ല നമ്മുടെ പൗരന്മാരെ വന്‍തോതില്‍ കൊന്നൊടുക്കുന്നത്. അതിനാല്‍ നിലനില്‍പ്പിന് ആവശ്യമായ ഭക്ഷണം മാത്രമേ കഴിക്കൂവെന്ന് നാം തീരുമാനമെടുക്കണം’.
പിന്നീട,് കോവിഡ്-19 എന്ന മഹാസാംക്രമിക രോഗം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഇറ്റലിയിലെയും അമേരിക്കയിലെയും ബ്രസീലിലെയും ജനങ്ങളെ കൂടുതല്‍ തോതില്‍ കൊന്നൊടുക്കിയത് ഈ ദുര്‍മേദസ്സായിരിക്കുമോ? പഠിക്കേണ്ടതുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ പൊണ്ണത്തടിയന്മാരും അര്‍ബുദ രോഗികളും ഉള്ളത് അമേരിക്കയിലാണെന്ന പഠനം ഇതോടൊപ്പം ചേര്‍ത്തുവായിക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.
”മനുഷ്യന്‍ അവന്റെ വയറിനേക്കാള്‍ മോശമായ ഒരു പാത്രവും നിറയ്ക്കുന്നില്ല. അവന്റെ ജീവിതം നിലനിര്‍ത്താന്‍ ഏതാനും ഉരുളകളേ വാസ്തവത്തില്‍ ആവശ്യമുള്ളൂ” എന്ന നബിവചനം ആധുനിക സമൂഹത്തിന് വലിയ പാഠമാവുകയാണ്. ”ഭക്ഷണം കഴിക്കുമ്പോള്‍ ആമാശയത്തിന്റെ മൂന്നിലൊന്ന് ഭക്ഷിക്കട്ടെ, മൂന്നിലൊന്ന് വെള്ളം കുടിക്കട്ടെ, മൂന്നിലൊന്ന് വെറുതെ വിടട്ടെ” എന്ന പ്രവാചക വചനവും ജീവിതശൈലീ രോഗങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്നവര്‍ ഓര്‍ത്തു വെച്ചാല്‍ നന്ന്.
ദഹനേന്ദ്രിയങ്ങള്‍ക്ക് വിശ്രമം നല്‍കാനും രക്തത്തിലെ അപകടകാരികളായ കൊഴുപ്പിന്റെ (ഹശുശറ) അളവ് കുറയ്ക്കാനും മുസ്ലിംകള്‍ അനുഷ്ഠിക്കുന്നതു പോലെയുള്ള അര്‍ധോപവാസം പ്രയോജനപ്പെടുന്നുണ്ടെന്ന് ഒട്ടേറെ പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ ദിവസത്തില്‍ ഒരുനേരവും ഭക്ഷണം കഴിക്കാതെയുള്ള പൂര്‍ണോപവാസങ്ങള്‍ ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവെക്കുകയെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

ഇസ്‌ലാമിലെ നോമ്പ്, സൂക്ഷ്മാര്‍ഥത്തില്‍, ഉപവാസമല്ല. അത് ഭക്ഷണ ക്രമീകരണവും ആസൂത്രണവും മിതപ്പെടുത്തലുമാണ് (റശല േുഹമി). ശരീരത്തിലെ ലവണങ്ങളുടെയും ധാതുക്കളുടെയും ജീവകങ്ങളുടെയും അളവ് നോമ്പെടുക്കുന്നതിലൂടെ കുറയാറില്ല. എന്നുമാത്രമല്ല, നോമ്പുകാരന്റെ ഭക്ഷണത്തിലെ ദൈനംദിന കലോറിക മൂല്യം പോലും കാത്തുസൂക്ഷിക്കപ്പെടുന്നുമുണ്ട്. റമദാനിലെ മുസ്ലിംകളുടെ ആഹാര കലോറിക മൂല്യം ദേശീയ ശരാശരിക്ക് (ചമശേീിമഹ ൃലൂൗശൃലാലി േഴൗശറലഹശില)െ താഴെ പോകാറില്ലെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ശരീരശാസ്ത്ര പ്രകാരം, അര്‍ധോപവാസം (ഗലീേഴലിശര റശലെേ) വഴി പൊണ്ണത്തടി ഫലപ്രദമായി നിയന്ത്രിക്കാനാവുമെന്ന് കണ്ടെത്തിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ ധാതുക്കളും ലവണങ്ങളും ജീവകങ്ങളും നാരുകളും ധാരാളമടങ്ങിയ, കുറച്ചൊക്കെ പൂരിതകൊഴുപ്പും ചേര്‍ന്ന ഭക്ഷണം കഴിക്കുന്ന നോമ്പുകാരന് ശരീരക്ഷതമേല്‍ക്കാതെ തന്നെ രക്തത്തിലെ കൊളസ്‌ട്രോളിന്റെയും പഞ്ചസാരയുടെയും അളവ് നിയന്ത്രിക്കാനും ദുര്‍മേദസ്സ് അകറ്റാനും കരളിന്റെ ‘ഭാരം’ കുറയ്ക്കാനും കഴിയുന്നു.
അര്‍ധോപവാസവും പൂര്‍ണോപവാസവും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് അല്ലന്‍കോട്ട് പ്രസിദ്ധീകരിച്ച ‘ഫാസ്റ്റിങ് ആസ് എ വേ ഓഫ് ലൈഫ്’ എന്ന പുസ്തകത്തില്‍ പറയുന്നു. ‘അര്‍ധോപവാസങ്ങള്‍ ദഹനേന്ദ്രിയ വ്യൂഹങ്ങള്‍ക്കും കേന്ദ്ര നാഡീവ്യൂഹങ്ങള്‍ക്കും ശാന്തിയും വിശ്രമവും നല്‍കുന്നുവെന്നത് നേരാണ്. അത് ഉപാപചയ പ്രവര്‍ത്തനങ്ങളെ മിതപ്പെടുത്തുന്നു. എന്നാല്‍ പൂര്‍ണോപവാസമാവട്ടെ, ശരീരത്തിന്റെ ‘വിശപ്പിന്റെ വിളി’ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അപകടകരമായ പരിണതിയാണത്. പൂര്‍ണോപവാസം ഹൈപ്പോകലാമിയയിലേക്കും കാര്‍ഡിയാക് അരിതീമിയയിലേക്കും ശരീരത്തെ വലിച്ചിഴയ്ക്കും’-അദ്ദേഹം പറയുന്നു.
ഉദരത്തിനും കുടലുകള്‍ക്കുമുള്ള ‘ജോലിഭാരം’ ഒരുമാസക്കാലം ചുരുങ്ങുന്നതിനാല്‍ പൈല്‍സ്, പ്രോക്ടറ്റിസ്, കോലിറ്റിസ്, അപ്പന്‍ഡിസൈറ്റിസ്, എന്ററിറ്റിസ്, ഗാസ്ട്രറ്റിസ്, ടൈഫോയ്ഡ് പോലുള്ള രോഗങ്ങള്‍ക്ക് നോമ്പ് ശമനമാകുന്നു. കുടലിലെ ഭിത്തിയിലെ മ്യൂക്കസ് ലയറിലെ കേടുപാടുകള്‍ തീര്‍ക്കാനും അവയുടെ പുനര്‍നിര്‍മാണപ്രക്രിയയ്ക്കും വ്രതമാസം സഹായകമാകുന്നു.
വ്രതം കോശങ്ങള്‍ക്ക് പുത്തനുണര്‍വ് പകരുന്നു. വ്രതമനുഷ്ഠിക്കുന്ന ഒരാളില്‍ അതേ പ്രായത്തിലുള്ള വ്രതമനുഷ്ഠിക്കാത്ത മറ്റൊരാളേക്കാള്‍ യുവത്വം പൂവിട്ടുനില്‍ക്കും! അഞ്ചെട്ടു പ്രസവിച്ച, നാല്‍പ്പതു പിന്നിട്ട നോമ്പുകാരിക്ക് മുപ്പതുവയസ്സിന്റെ മേനിയും തിളക്കവുമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
ദീര്‍ഘായുസ്സുണ്ടാവാനും വാര്‍ധക്യത്തിലും ആരോഗ്യം വിരിഞ്ഞുനില്‍ക്കാനും ഇടയ്ക്കിടയ്ക്കുള്ള വ്രതാനുഷ്ഠാനം നല്ലതാണെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.
നബി(സ്വ)യുടെ കാലത്ത്, എല്ലാ ദിവസവും നോമ്പെടുക്കുമെന്ന് ശപഥം ചെയ്ത ഒരു അനുചരനോട്, ‘അത്ര നിര്‍ബന്ധമാണെങ്കില്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ നോമ്പെടുത്തോളൂ’വെന്ന് അദ്ദേഹം നിര്‍ദേശിച്ചതായി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. നബിക്കുശേഷം, വയോവൃദ്ധനായി, കുറേക്കാലം അദ്ദേഹം അതേ ശീലത്തില്‍ ജീവിച്ചതായും പ്രാര്‍ഥനയ്ക്ക് മദീനയിലെ പള്ളിയില്‍ മുട്ടിട്ടിഴഞ്ഞ് എത്തിയിരുന്നതായും ഹദീസ് ഗ്രന്ഥങ്ങളില്‍ വായിക്കാനാവുന്നു. മാനസികവും ധൈഷണികവുമായ ഉയര്‍ന്ന നിലവാരം പ്രദാനം ചെയ്യാന്‍ വ്രതത്തിനു കഴിവുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അനാവശ്യ ഭയത്തില്‍ നിന്നും ഉത്ക്കണ്ഠയില്‍ നിന്നും ആശങ്കയില്‍ നിന്നും മനസ്സിനെ നോമ്പ് കരകയറ്റുന്നു. അനിര്‍വചനീയമായ മനശ്ശാന്തിയും നിരുപമമായ ആത്മനിര്‍വൃതിയും നോമ്പെടുക്കുന്നതിലൂടെ നേടിയെടുക്കാനാവുന്നു.
ഉയര്‍ന്ന വ്യക്തിത്വവും കൈയഴിഞ്ഞ ദാനശീലവും ദീനാനുകമ്പയും സൂക്ഷ്മതാ ബോധവും വ്രതം മനുഷ്യനില്‍ വളര്‍ത്തിയെടുക്കുമെന്ന് ഒട്ടേറെ നബിവചനങ്ങള്‍ വെളിപ്പെടുത്തുന്നു. നബി(സ) നോമ്പുകാരനെ ഉപദേശിച്ചു: ”ആരെങ്കിലും വഴക്കിനോ വക്കാണത്തിനോ നിങ്ങളുടെ അടുത്തുവന്നാല്‍, ഞാന്‍ നോമ്പുകാരനാണെന്നു പറഞ്ഞൊഴിയണം.”
മസ്തിഷ്‌ക കോശങ്ങളില്‍ അടിഞ്ഞുകൂടുന്ന ആപത്തു വരുത്തുന്ന കൊഴുപ്പ് ദഹിപ്പിക്കാനും ന്യൂറോണുകളെ ഉത്തേജിപ്പിക്കാനും രക്തം കട്ടപിടിച്ചുണ്ടാകുന്ന പക്ഷാഘാതത്തെ തടുക്കാനും നോമ്പ് പ്രതിവിധിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. അമേരിക്കന്‍ ഹെല്‍ത്ത് അസോസിയേഷന്‍ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്, വ്രതം ചിന്താശീലത്തെയും ചിന്താശേഷിയെയും വര്‍ധിപ്പിക്കുന്നുണ്ടെന്നാണ്. ആരാധനയുടെ ഭാഗമായി വിശന്നിരിക്കുന്നവന്റെ ചിന്ത പവിത്രമായിരിക്കുമെന്നും വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ ‘തലയില്‍ കയറുക’ അര്‍ധപട്ടിണിയിലാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
2016ലെ യൂറോപ്യന്‍ ഫുട്‌ബോള്‍ ഫ്രാന്‍സില്‍ അരങ്ങേറിയപ്പോള്‍ പല മുസ്ലിം കളിക്കാരും, റമദാന്‍ മാസമായിരുന്നതിനാല്‍, നോമ്പെടുത്തു കൊണ്ടു തന്നെ കളിച്ചിരുന്നുവത്രെ. നോമ്പെടുക്കുന്ന നേരത്ത് കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കൂടുതല്‍ ആര്‍ജിച്ചെടുക്കാനാവുന്നുണ്ടെന്ന് അവര്‍ മനസ്സിലാക്കി. മറ്റു കായികരംഗത്തുള്ള അത്‌ലറ്റുകള്‍ക്കും ഇതേ അനുഭവമുണ്ടാകുന്നുണ്ടെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. പ്രശസ്ത എന്‍ ബി എ ബാസ്‌കറ്റ്‌ബോള്‍ കളിക്കാരന്‍ ഹക്കിം ഒലിജുവന്‍ പറയുന്നു: ‘നിര്‍ജലീകരണം കൂടുതല്‍ സംഭവിക്കാതെ നോക്കിയാല്‍ മതി. കളിയില്‍ ശ്രദ്ധ കേന്ദ്രീകരണം വ്രതാചരണത്തിലൂടെ നന്നായി നടക്കും’. നബിയുടെ കാലത്ത്, കളിയേക്കാള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരണവും ആയോധന ക്ഷമതയും ആവശ്യമായ യുദ്ധങ്ങള്‍ (ബദര്‍ യുദ്ധവും മറ്റും) അരങ്ങേറിയത് വ്രതനാളുകളിലായിരുന്നുവല്ലോ.

Back to Top