25 Monday
March 2024
2024 March 25
1445 Ramadân 15

വഖഫ് ബോര്‍ഡിലെ 106 തസ്തികകള്‍ പി എസ് സിക്കു വിട്ടാല്‍ കേരളം സുന്ദര സുമോഹനമാകും!

ഖാദര്‍ പാലാഴി


സ്പീക്കര്‍ എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി മുസ്ലിംകള്‍ക്ക് സംവരണം ചെയ്ത പോസ്റ്റില്‍ കാലടി സര്‍വകലാശാലയില്‍ അധ്യാപികയായി നിയമിക്കപ്പെട്ടത് വിവാദമായപ്പോള്‍ രിസാല വാരികയുടെ എഡിറ്റര്‍ ടി കെ അലി അഷ്‌റഫ് ഒരു എഫ് ബി പോസ്റ്റിട്ടിരുന്നു. അതിങ്ങനെ വായിക്കാം: ”നിനിത കണിച്ചേരി റഷീദ് കണിച്ചേരിയുടെയും നബീസയുടെയും മകളാണ്. അവര്‍ക്ക് മുസ്ലിം സംവരണത്തിന് അവകാശമുണ്ട്. മതം പ്രാക്ടീസ് ചെയ്യാത്തവര്‍ക്ക് സംവരണത്തിന് അവകാശമില്ലെന്ന് ഏത് നിയമത്തിലാണ് ഹേ, ഉള്ളത്?” (2021 ഫെബ്രുവരി 5)
ഇക്കാലത്ത് ഈ ലേഖകനിട്ട ഒരു പോസ്റ്റില്‍ ‘ഇസ്ലാം ഉപേക്ഷിച്ചാലും മുസ്ലിം ആവുമെങ്കില്‍ ഇ എ ജബ്ബാറിന്റെ ശഹാദത്ത് കലിമ ചലഞ്ചിനെക്കുറിച്ച് കേരള യുക്തിവാദി സംഘത്തിന്റെ വിശദീകരണത്തിന് കട്ട വെയ്റ്റിംഗ്’ എന്നെഴുതിയിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ട് നാസ്തികനായ സിദ്ദീഖ് പി എ എഴുതിയ കമന്റ് ഇങ്ങനെയായിരുന്നു: ”മനസില്‍ നിന്ന് ജാതിയും മതവും പോയാലും രേഖയില്‍ നിന്ന് നീക്കിയില്ലെങ്കില്‍ ഇങ്ങനെ ചില ഗുണങ്ങള്‍ ഉണ്ട്.”
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിടുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ വളരെ പ്രസക്തമായ പോസ്റ്റുകളും കമന്റുമാണിത്. എം ബി രാജേഷും നിനിതയും മക്കളെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ തങ്ങള്‍ മക്കള്‍ക്ക് രേഖയില്‍ ഒരു മതവും ചേര്‍ത്തിട്ടില്ലെന്നും മതരഹിതരായി വളര്‍ന്ന ശേഷം അവര്‍ ഇഷ്ടമുണ്ടെങ്കില്‍ മതം സ്വീകരിക്കട്ടെയെന്നും കൊട്ടിഘോഷിച്ച ശേഷമായിരുന്നു മുസ്ലിം സംവരണത്തിലൂടെ നിനിത ഉദ്യോഗത്തില്‍ കയറിയത്.
മതം പ്രാക്ടീസ് ചെയ്യാത്തവര്‍ക്ക് സംവരണത്തിന് അര്‍ഹതയില്ലെന്ന് ഏത് നിയമത്തിലാണുള്ളതെന്ന് അലി അഷ്‌റഫ് ചോദിക്കുന്നുണ്ടെങ്കിലും ആ ആനുകൂല്യം വേണ്ടെന്ന് വെക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നതും അങ്ങനെ ചെയ്യുന്നവരുണ്ടെന്നതും അദ്ദേഹം മറച്ചു വെക്കുന്നു. ജന്മനാ കിട്ടിയ ജാതിയുടേയും മതത്തിന്റേയും പേരില്‍ ലഭിക്കുന്ന സംവരണാനുകൂല്യം വേണ്ടെന്ന് വെക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ തൊഴിലിനപേക്ഷിക്കുമ്പോള്‍ ജാതി ചേര്‍ക്കണമെന്ന് നിയമപരമായി യാതൊരു നിര്‍ബന്ധവുമില്ല. പകരം പ്രൊഫൈലില്‍ ജനറല്‍ എന്ന് രേഖപ്പെടുത്താം. ജാതി ആനുകൂല്യം അവകാശപ്പെടാതെയും അപേക്ഷിക്കാം. എസ് എസ് എല്‍ സി ബുക്കില്‍ ജാതി രേഖപ്പെടുത്തിപ്പോയിട്ടുള്ളവര്‍ തൊഴിലിനുള്ള മത്സരപ്പരീക്ഷ എഴുതുകയും ലിസ്റ്റില്‍ ഉള്‍പ്പെടുകയും ചെയ്താല്‍ സ്വീകരിക്കേണ്ട നടപടി ഇതാണ്. സര്‍ട്ടിഫിക്കറ്റ് പരിശോധനാ വേളയില്‍ ‘എനിക്ക് ജാതി ആനുകൂല്യം വേണ്ട. ഭാവിയില്‍ ഞാന്‍ ഇത് സംബന്ധിച്ച് യാതൊരു അവകാശവാദവും ഉന്നയിക്കില്ല. എന്നെ ജാതി ആനുകൂല്യം നല്‍കാത്ത പൊതു വിഭാഗത്തില്‍ പരിഗണിച്ചാല്‍ മതി’ എന്ന് സത്യപ്രസ്താവന നല്‍കുകയും ഇത് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്താല്‍ മതി.
ഇപ്പോള്‍ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിടാന്‍ നിയമമുണ്ടാക്കിയപ്പോഴും അലി അഷ്‌റഫും അദ്ദേഹത്തിന്റെ പ്രസിദ്ധീകരണവും സംഘടനയും സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് രംഗത്ത് വന്നിട്ടുണ്ട്. മറ്റൊരു സംഘടന ഐ എന്‍ എല്‍ ആണ്. രണ്ട് സംഘടനകള്‍ക്കും ഇതല്ലാതെ നിര്‍വാഹമില്ല. ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് (എം)ന് കൊടുത്തപ്പോള്‍ പോലും കാസിം ഇരിക്കൂര്‍ ന്യായീകരിച്ച് രംഗത്ത് വന്ന ദയനീയവും സങ്കടകരവുമായ കാഴ്ച നാം കാണേണ്ടി വന്നു.
ലക്ഷക്കണക്കിന് വോട്ടുകള്‍ നല്‍കുന്ന കാന്തപുരം വിഭാഗവും മറ്റ് മുസ്ലിംകളും ഹജ്ജ് കമ്മിറ്റി – വഖഫ് ബോര്‍ഡ് അധ്യക്ഷ പദവികള്‍ കൊണ്ട് തൃപ്തിപ്പെടുമെന്നും ഏറിയാല്‍ ഒന്ന് മുരളുകയല്ലാതെ ഒച്ച വെക്കാനാവാത്ത വിധം അവര്‍ വിലപേശല്‍ ശക്തി നഷ്ടപ്പെട്ടവരാണെന്നും സി പി എം നന്നായി മനസിലാക്കിയിട്ടുണ്ട്. 80:20 വിഷയത്തിലും 10% സാമ്പത്തിക സംവരണം വഴി മുന്നോക്കര്‍ക്ക് പട്ടികജാതിക്കാരേക്കാള്‍ ആനുകൂല്യം ലഭിക്കാന്‍ അവസരമുണ്ടാക്കിയപ്പോഴും ന്യൂനപക്ഷ ക്ഷേമവകുപ്പ് കൊടുത്തതിന്റെ രണ്ടാം നാള്‍ തിരിച്ചു വാങ്ങിയപ്പോഴും സി എ എ, എന്‍ ആര്‍ സി വാഗ്ദാനത്തില്‍ നിന്ന് പിറകോട്ട് പോയപ്പോഴും യു എ പി എ കാര്യത്തിലും നാടൊട്ടുക്ക് മദ്യശാലകള്‍ വ്യാപകമാക്കിയപ്പോഴും നാമത് കണ്ടു. ഏറ്റവുമൊടുവില്‍ സംഘികളും ക്രിസംഘികളും ഹലാല്‍- തുപ്പല്‍ വിഷയത്തില്‍ അത്യന്തം പ്രകോപനപരമായി സോഷ്യല്‍ മീഡിയയില്‍ വിഷവിസര്‍ജനം നടത്തിയിട്ടും, തുപ്പല്‍ ഭക്ഷണമില്ലാത്ത ഹോട്ടല്‍ ലിസ്റ്റ് പ്രചരിപ്പിച്ചിട്ടും, സ്വമേധയാ ഒരു പെറ്റി കേസ് പോലുമെടുക്കാതെ നോക്കി നിന്ന് ആഹ്ലാദിക്കുന്ന ഭരണകൂടത്തെയാണ് നാം കാണേണ്ടിവന്നത്. ഒരേ സമയം ലീഗിന് മുസ്ലിംകളുടെ അട്ടിപ്പേറവകാശമില്ലെന്ന് പറയുകയും മറുവശത്ത് അവരുടെ ‘അട്ടിപ്പേറുള്ള’ പാര്‍ട്ടി മുസ്ലിംകളെ പച്ചക്ക് അവഗണിക്കുകയും ചെയ്യുന്നുവെന്നത് ആരോപണം മാത്രമല്ല. കഴിഞ്ഞ പിണറായി സര്‍ക്കാര്‍ നിയമിച്ച ബോര്‍ഡ് – കോര്‍പറേഷന്‍ – അക്കാദമി – കമ്മീഷന്‍ ചെയര്‍മാന്‍മാരേയും അംഗങ്ങളേയും നോക്കുക. 27% മുള്ള മുസ്ലിംകള്‍ക്കും 19% മുള്ള ക്രിസ്ത്യാനികള്‍ക്കും അതിനേക്കാള്‍ കുറവുള്ള സവര്‍ണ ഹിന്ദുക്കള്‍ക്കും കൊടുത്ത പ്രാതിനിധ്യം പരിശോധിക്കുക. ഈ സര്‍ക്കാര്‍ കൊടുത്തു കൊണ്ടിരിക്കുന്നതും കൊടുക്കാന്‍ പോകുന്നതുമായ പ്രാതിനിധ്യവും നിരീക്ഷിക്കുക.

നമുക്ക് വഖഫ് ബോര്‍ഡിലേക്ക് തന്നെ വരാം. ചിരിച്ച് മണ്ണ് കപ്പുന്ന ന്യായീകരണങ്ങളാണ് നിയമനങ്ങള്‍ പി എസ് സിക്ക് വിടുന്നതില്‍ സി പി എമ്മും അവര്‍ക്ക് വേണ്ടി മാന്യമായ കൂലി വാങ്ങാതെ വേല ചെയ്യുന്ന തൊഴിലാളികളും നിരത്തുന്നത്. ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിടാത്തത് അവിടെ ആയിരക്കണക്കിന് പോസ്റ്റുകളുള്ളത് കൊണ്ടാണെന്നും വഖഫ് ബോര്‍ഡില്‍ 106 പോസ്റ്റുകളേയുള്ളൂവെന്നുമാണ് ഒരു ന്യായം. ഈ ന്യായത്തോടെപ്പം തന്നെ അഴിമതി തടയാനാണെന്ന ന്യായവും ഫിറ്റ് ചെയ്യുന്നുണ്ടെന്നതാണ് ട്രോളോട് ട്രോളായിട്ടുള്ളത്. കൂടുതല്‍ അഴിമതിയും തിരിമറിയും നടന്നാലും കുറച്ച് അഴിമതിയും തിരിമറിയും നടക്കരുതെന്ന് സാരം. പി എസ് സി വഴി നിയമനം നടന്ന ഒരിടത്തും അഴിമതിയുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്നാണ് നാം മനസിലാക്കേണ്ട മറ്റൊന്ന്. അതുകൊണ്ടാണല്ലോ നമ്മുടെ തൊട്ട് മുമ്പിലുള്ള വില്ലേജ് ഓഫീസില്‍ അഴിമതിയില്ലാത്തത്, അഴിമതിയില്ലാതെ മരം മുറിക്കാന്‍ അനുവദിച്ചത്, മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലൊന്നും അത് ലവലേശമില്ലാത്തത്.
ന്യായീകരണ അടിമകള്‍ നേരിട്ട് ചോദിക്കില്ലെങ്കിലും മറ്റാരെയെങ്കിലും കൊണ്ട് ചോദിപ്പിക്കേണ്ട ഒരു ചോദ്യമുണ്ട്. വഖഫ് ബോര്‍ഡിനെ പോലെ പി എസ് സിക്ക് വിടാതെ നേരിട്ട് നിയമനം നടത്തുകയും പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ഒട്ടേറെ സ്വയംഭരണ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളുമുണ്ടല്ലോ ഈ സംസ്ഥാനത്ത്. വഖഫ് ബോര്‍ഡിനൊപ്പം അവിടത്തെ നിയമനങ്ങളും പി എസ് സിക്ക് വിട്ട് നമുക്ക് അഴിമതി തടയേണ്ടേ. സംവരണ തത്വം പോലും പാലിക്കാതെ പാര്‍ട്ടിയാപ്പീസില്‍ നിന്നുള്ള ലിസ്റ്റ് പ്രകാരമാണ് ഈ നിയമനങ്ങള്‍ നടത്തുന്നത് എന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്. വഖഫ് ബോര്‍ഡ് നിയമിക്കുന്നത് എംപ്ലോയ്‌മെന്റ്എക്‌സ്‌ചേഞ്ചില്‍ നിന്ന് തരുന്ന ലിസ്റ്റില്‍ നിന്നുള്ളവരെ എഴുത്ത് പരീക്ഷയും ഇന്റര്‍വ്യൂവും നടത്തിയാണ് എന്ന മാനദണ്ഡമെങ്കിലുമുണ്ട്.
വേറെയുമുണ്ട് കൗതുകങ്ങള്‍. വഖഫ് ബോര്‍ഡിന്റെ സ്വന്തം ഫണ്ടില്‍ നിന്നാണ് അവിടത്തെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത്. എന്നാല്‍ സര്‍ക്കാറിന്റെ സ്വന്തം ഖജനാവില്‍ നിന്നാണ് എയ്ഡഡ് അധ്യാപകര്‍ക്ക് ശമ്പളവും അവര്‍ മരിക്കും വരെ പെന്‍ഷനും മരണശേഷം കുടുംബ പെന്‍ഷനും നല്‍കുന്നത്. ഒരു ശതമാനം പോലും സാമുദായിക സംവരണമില്ലാത്ത ആ നിയമനങ്ങള്‍ പി എസ് സിക്ക് വിടണമെന്ന് പറയാന്‍ പോലും നട്ടെല്ലില്ലാത്തവരാണ് വഖഫ് ബോര്‍ഡിലെ കേവലം 62 എന്‍ട്രി പോസ്റ്റുകള്‍ പി എസ് സിക്ക് വിട്ട് അഴിമതി രഹിത കേരളം സൃഷ്ടിക്കുന്നത്.
3.38 കോടിയാണ് കേരള ജനസംഖ്യ. ഇതില്‍ 91 ലക്ഷമാണ് മുസ്ലിംകള്‍. ഇവരില്‍ മൂന്നില്‍ രണ്ട് ഭാഗമോ അതിലധികമോ മുസ്ലിംലീഗ് രാഷ്ട്രീയം അംഗീകരിക്കുന്നവരല്ല. യു ഡി എഫ് ഒന്നായി എടുത്താലും പകുതി പോലും വരില്ല. എന്നാല്‍ മുസ്ലിം താല്‍പര്യങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ എടുക്കുന്ന ഏത് തീരുമാനത്തിനും ന്യായീകരണമായി മുസ്ലിം ലീഗ് ഭരണത്തിലിരിക്കുമ്പോള്‍ അങ്ങനെ ചെയ്തില്ലേ ഇങ്ങനെ ചെയ്തില്ലേ എന്ന ന്യായീകരണമാണ് നിരത്താറ്. ഇതേ നാവ് കൊണ്ട് തന്നെ മുസ്ലിം ലീഗിന് മുസ്ലിംകളുടെ അട്ടിപ്പേറവകാശമില്ലെന്ന് പറയുകയും ചെയ്യും. എസ് എസ് എല്‍ സി പാസായ മലബാറിലെ കുട്ടികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്ത നിലവിലെ സാഹചര്യത്തിലും ‘മുസ്ലിം ലീഗ് ഭരിച്ചിട്ടും ഇതാണവസ്ഥ’ എന്ന ന്യായമാണ് നിരത്താറ്. മുസ്ലിം ലീഗുകാര്‍ മന്ത്രിസഭയിലുള്ളതിനേക്കാള്‍ കാലം അവിഭക്ത സി പി ഐയും സി പി എമ്മുമായിരുന്നു ഭരണത്തിലിരുന്നത് എന്ന കാര്യം മറച്ചുവെച്ചാണ് ഈ നാലാം തരം ന്യായം പറയുന്നത്. ഇനി മുസ്ലിം ലീഗ് കുറ്റവാളിയാണെങ്കില്‍ തന്നെ ലീഗുകാരേക്കാള്‍ കൂടുതലുള്ള മുസ്ലിംകളോട് പറയണ്ട മറുപടിയല്ലല്ലോ അത്.
വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടുന്ന കാര്യം ചര്‍ച്ചയായപ്പോഴും അവര്‍ ഈ മുസ്ലിം ലീഗ് ന്യായം എഴുന്നള്ളിക്കുന്നുണ്ട്. ബഷീറലി തങ്ങള്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനായപ്പോള്‍ 2016 ജൂലൈ 19 ന് നടന്ന യോഗത്തിലാണ് നിയമനം പി എസ് സിക്ക് വിടാന്‍ തീരുമാനിച്ചതെന്നാണ് വിശദീകരിക്കപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ തന്നെ ലീഗിന് പുറത്തുള്ള മുസ്ലിംകളോടുള്ള മറുപടിയെന്താണ്. അന്നത്തെ യോഗത്തില്‍ മന്ത്രി കെ ടി ജലീലായിരുന്നു അധ്യക്ഷത വഹിച്ചിരുന്നത്. അന്നത്തെ യോഗ മിനുട്‌സില്‍ അത്തരമൊരു തീരുമാനം എടുത്തിട്ടേയില്ലെന്നത് മറ്റൊരു കാര്യം.
പി എസ് സിക്ക് വിടാനുള്ള തീരുമാനമെടുത്തത് യഥാര്‍ഥത്തില്‍ ടി കെ ഹംസ ചെയര്‍മാനായിരുന്ന 2020 ജനുവരി 23 ന് നടന്ന യോഗത്തിലാണ്. വഖഫ് ബോര്‍ഡിലേക്ക് ജനാധിപത്യ പരമായി തെരഞ്ഞെടുക്കപ്പെട്ട എം സി മായിന്‍ ഹാജിയും അഡ്വ. പി വി സൈനുദ്ദീനും ആ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചതായി മിനുട്‌സില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുമുണ്ട്.
ഇനി നമുക്ക് നിനിത കണിച്ചേരി മുസ്ലിം സംവരണത്തിലൂടെ കാലടി സര്‍വകലാശാലയില്‍ അധ്യാപികയായതും അതിനെ ന്യായീകരിച്ചുകൊണ്ട് ടി കെ അലി അഷ്‌റഫ് നടത്തിയ കമന്റിലേക്കും വരാം. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സി ക്ക് വിടുന്നതിലുള്ള എതിര്‍പ്പിന്റെ മുഖ്യ ഊന്നല്‍ ദേവസ്വം ബോര്‍ഡ് നിയമനങ്ങളും പി എസ് സിക്ക് വിടണമെന്നതല്ല. മറിച്ച് ദേവസ്വം ബോര്‍ഡായാലും വഖഫ് ബോര്‍ഡായാലും അത് ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട സമര്‍പ്പണത്തിന്റേയും സംഘാടനത്തിന്റേയും മേഖലയാണെന്നതാണ്. ശമ്പളം പറ്റുന്നതോടൊപ്പം നിസ്വാര്‍ഥ സേവനത്തിന്റേയും ത്യാഗത്തിന്റേയും ഒരു തലം അതിനുണ്ട്. അതുകൊണ്ട്തന്നെ അതാത് മതവുമായി ബന്ധപ്പെട്ട വിശ്വാസികള്‍ അതിലെ ജീവനക്കാരായി വരുന്നതാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത്.
ഈ വാദമുയര്‍ത്തിയപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞത് പി എസ് സി മുസ്ലിംകളെ മാത്രമേ റിക്രൂട്ട് ചെയ്യുകയുള്ളൂവെന്നാണ്. എന്നാല്‍ പി എസ് സി അപേക്ഷ ക്ഷണിക്കുമ്പോള്‍ നിനിത കണിച്ചേരിമാരും സിദ്ദീഖുമാരും അപേക്ഷിക്കുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. അങ്ങനെ അപേക്ഷിക്കുന്നത് സ്വാഭാവികമാണെന്നും യാതൊരു കുഴപ്പവുമില്ലെന്നും അലി അഷ്‌റഫുമാര്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. മുജാഹിദുകാര്‍ക്കും ജമാഅത്തെ ഇസ്ലാമിക്കാര്‍ക്കും അപേക്ഷിക്കാമെങ്കില്‍ കാനേഷുമാരി മുസ്ലിംകള്‍ക്കും അപേക്ഷിച്ചു കൂടെ എന്ന് ആരെങ്കിലും ചോദിച്ചോ എന്നറിയില്ല. ചോദിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് ലക്ഷക്കണക്കിന് വോട്ടുകള്‍ക്ക് പകരമായി തങ്ങള്‍ക്ക് ലഭിക്കുന്ന ഹജ് കമ്മിറ്റിയിലും വഖഫ് ബോര്‍ഡിലും ഇത്തരക്കാരെ അടുപ്പിക്കാതിരിക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്.
കേന്ദ്ര വഖഫ് ആക്റ്റുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ വഖഫ് ചട്ടങ്ങളുണ്ടാക്കിയത്. മറ്റൊരു സംസ്ഥാനത്തും പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി വഖഫ് ജോലിക്കാരെ നിയമിക്കുന്നില്ല. സര്‍ക്കാറിന്റെ പുതിയ നീക്കം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നുറപ്പാണ്. തിരുപ്പതി ക്ഷേത്രത്തിലെ ആചാര രീതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിയില്‍ പറയുന്നത് വിശ്വാസവും ആചാരങ്ങളുമായി ബന്ധപ്പെട്ട കാര്യത്തില്‍ കോടതി ഇടപെടില്ലെന്നാണ്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള കേസില്‍ കേരള സര്‍ക്കാര്‍ വിശ്വാസികളുടെ വികാരങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ മുസ്ലിം വിരുദ്ധത ഒരു വോട്ട് ധ്രുവീകരണ യന്ത്രമാണെന്ന് തിരിച്ചറിഞ്ഞ ഇക്കാലത്ത് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ നിലപാട് മാറ്റാതിരിക്കാനുള്ള സാധ്യതക്കാണ് കൂടുതല്‍ സാധ്യത.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x