8 Friday
August 2025
2025 August 8
1447 Safar 13

സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹം സൃഷ്ടിക്കപ്പെടണം – സി പി ഉമര്‍ സുല്ലമി


തിരൂര്‍: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി യൂണിറ്റി സര്‍വീസ് മുവ്‌മെന്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉത്തര കേരള വളണ്ടിയര്‍ സംഗമം പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ട് പ്രൗഢമായി. പാലക്കാട് മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളില്‍ നിന്നുള്ള വളണ്ടിയര്‍മാരാണ് പങ്കെടുത്തത്. സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു.
സാമൂഹിക തിന്മകള്‍ക്കും വിശ്വാസ ജീര്‍ണതകള്‍ക്കുമെതിരില്‍ പൊരുതാന്‍ ആര്‍ജവമുള്ള സമൂഹസൃഷ്ടിപ്പിനായി ശ്രമം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. സഹജീവികളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും ഏറ്റെടുത്ത് പരിഹാരത്തിന് ശ്രമിക്കുന്ന യുവതയെയാണ് കാലം ആവശ്യപ്പെടുന്നത്. ജീവിതം ആഘോഷമാക്കി നശിപ്പിക്കാതെ നാടിന്റെയും സമൂഹത്തിന്റെയും പുരോഗതിക്ക് വേണ്ടി പണിയെടുക്കുന്നവരാകണം യുവത. മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷവും അസഹിഷ്ണതയും വളര്‍ത്തുന്ന ശക്തികള്‍ക്കെതിരെ വിശ്വാസികള്‍ ജാഗ്രവത്താവണമെന്നും അദ്ദേഹം പറഞ്ഞു.
നാല് ദിവസങ്ങളിലായി ജന ലക്ഷങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനവും അനുബന്ധമായി നടക്കുന്ന കാര്‍ഷിക മേള, ദി മെസ്സേജ് സയന്‍സ് എക്‌സിബിഷന്‍, കിഡ്‌സ് പോര്‍ട്ട് എന്നിവയും വിജയിപ്പിക്കുന്നതിനുള്ള വിപുലമായ കര്‍മ പരിപാടികള്‍ സംഗമം അംഗീകരിച്ചു. യൂണിറ്റി സര്‍വീസ് മുവ്‌മെന്റ് വൈ. ചെയര്‍മാന്‍ കെ പി അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. എം അഹ്മദ്കുട്ടി മദനി, കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, സഹല്‍ മുട്ടില്‍, ഡോ. കെ ടി അന്‍വര്‍ സാദത്ത്, ആദില്‍ നസീഫ് മങ്കട, ഡോ. ഇസ്മായില്‍ കരിയാട്, നൗഫല്‍ ഹാദി, സിദ്ദീഖ് നടുവണ്ണൂര്‍, റഫീഖ് നല്ലളം, നസീം മടവൂര്‍, ഫഹീം പുളിക്കല്‍, അബ്ദുര്‍റശീദ് ഉഗ്രപുരം പ്രസംഗിച്ചു.

Back to Top