സാമൂഹ്യ ഭദ്രത തകര്‍ക്കുന്നതില്‍ നിന്ന് പുരോഹിതന്മാര്‍ വിട്ടുനില്ക്കണം: സി പി ഉമര്‍ സുല്ലമി
വാഴക്കാട്: ‘ആദര്‍ശ സരണിയില്‍ ആത്മാഭിമാനത്തോടെ’ എന്ന സന്ദേശവുമായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ഇസ്വ്‌ലാഹീ ഫാമിലി മീറ്റുകള്‍ക്ക് ഉജ്ജ്വല തുടക്കം. സംസ്ഥാനത്തെ 600 കേന്ദ്രങ്ങളിലായി നടക്കുന്ന ഇസ്വ്‌ലാഹീ ഫാമിലീ മീറ്റിന്റെ സംസ്ഥാന തല ഉദ്ഘാടനം കെ എന്‍ എം. മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി നിര്‍വഹിച്ചു.
സമൂഹത്തിന്റെ ഐക്യവും സൗഹൃദവും കാത്തുസൂക്ഷിക്കാന്‍ ബാധ്യതപ്പെട്ട മതപണ്ഡിതന്മാരും പുരോഹിതന്മാരും വിശ്വാസികള്‍ക്കിടയില്‍ അവിശ്വാസം വളര്‍ത്തി ഛിദ്രതയുണ്ടാക്കുംവിധം വിദ്വേഷപ്രചാരണം നടത്തുന്നത് കടുത്ത അപരാധമാണെന്ന് സി പി ഉമര്‍ സുല്ലമി പറഞ്ഞു. നര്‍കോട്ടിക് ജിഹാദ്, ലൗ ജിഹാദ് തുടങ്ങിയ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് വിശ്വാസികളെ തമ്മിലടിപ്പിക്കുന്നത് ഒട്ടും ആശാസ്യമല്ല. മുസ്‌ലിം സമുദായത്തെ അപരവത്കരിക്കാന്‍ ബോധാപൂര്‍വം ശ്രമം നടക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ ബാധ്യതപ്പെട്ടവര്‍ മൗനം പാലിക്കുന്നത് ആപത്കമാണ്.
ഭദ്രമായ സാമൂഹ്യ പശ്ചാത്തലം സൃഷ്ടിച്ചെടുക്കാന്‍ കുടുംബ ബന്ധങ്ങളും സൗഹൃദ വലയങ്ങളും ശക്തിപ്പെടുത്താന്‍ മത നേതൃത്വങ്ങള്‍ ഊന്നല്‍ നല്‍കണമെന്നും സി.പി. ഉമര്‍ സുല്ലമി പറഞ്ഞു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. എം. അഹ്മദ് കുട്ടി മദനി, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, ബി പി എ ഗഫൂര്‍, വി സി മറിയക്കുട്ടി സുല്ലമിയ്യ, റുക്‌സാന വാഴക്കാട്, കുഞ്ഞാന്‍ പി മുഹമ്മദ് പ്രസംഗിച്ചു.