27 Wednesday
March 2024
2024 March 27
1445 Ramadân 17

ശാരീരിക അകലം സാമൂഹിക അടുപ്പം സൈബറിടത്തിലെ ഹൃദ്യമായ പെരുന്നാള്‍

വി കെ ജാബിര്‍

സാമൂഹിക പൊരുത്തവും ഐക്യവുമാണ്‌ പെരുന്നാള്‍ ആഘോഷങ്ങളുടെ വലിയ സന്തോഷം. പെരുന്നാള്‍ വ്യക്തിപരമായ ആഘോഷമല്ല. കുടുംബവും സമൂഹവും കൈ കോര്‍ക്കുമ്പോഴാണത്‌ ഹൃദ്യവും പൂര്‍ണവും മനോഹരവുമാകുന്നത്‌.
സംഘടിത നമസ്‌കാരത്തിനും സൗഹൃദ സന്ദര്‍ശനങ്ങള്‍ക്കും സൗഹൃദം നിറയുന്ന വിരുന്നിനും പെരുന്നാള്‍ ദിനത്തില്‍ വലിയ പ്രാധാന്യമുണ്ട്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീഷണമായി ഉയര്‍ന്ന കൊറോണ പകര്‍ച്ച ചില രാജ്യങ്ങളില്‍ നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുമ്പോഴും നാം മഹാമാരിയുടെ പകര്‍ച്ചപ്പേടിയിലാണ്‌. ജീവിത സാഹചര്യങ്ങള്‍ പോലും വഴിമുട്ടി നില്‍ക്കുമ്പോള്‍ ആഘോഷങ്ങളെക്കുറിച്ച്‌ ആധിയുണ്ടാവുക സ്വാഭാവികമാണ്‌.

കോവിഡ് ആശങ്കയുടെ അടച്ചിടൽ കാലം

കുടുംബ ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പുതിയ അനുഭവങ്ങള്‍ സമ്മാനിച്ച വേളയാണ്‌ ലോക്‌ഡൗണ്‍, അല്ലെങ്കില്‍ അടച്ചിടല്‍ കാലം. സ്വതന്ത്രമായി നടക്കാന്‍ പോലും വിലങ്ങു തീര്‍ക്കുന്ന വേളകള്‍ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ കൂടി അസൗകര്യമുണ്ടാക്കി. അടച്ചിടലിന്റെ അലയൊലികള്‍ വ്യക്തിപരമായും സാമൂഹികമായും നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ലോക്‌ഡൗണ്‍ ഒഴിവാക്കിയെങ്കിലും കണ്ടെയിന്‍മെന്റ്‌ മേഖലകളും റെഡ്‌ സോണുകളും ചുറ്റുപാടും ദിനേനെ കൂടിക്കൊണ്ടിരിക്കുന്നു.
നാം ശീലിച്ച പലതിനോടും നമുക്കു ഗുഡ്‌ബൈ പറയേണ്ടി വന്നിരിക്കുന്നു. നാം അനുഭവിച്ച പല സ്വാതന്ത്ര്യങ്ങള്‍ക്കും മുന്നില്‍ നിര്‍ബന്ധിതമോ അല്ലാത്തതോ ആയ വിലങ്ങുകള്‍ വന്നു വീണിരിക്കുന്നു. എന്തിന്‌ സ്വസ്ഥമായി ശ്വാസം എടുക്കാന്‍ പോലും കഴിയാത്ത വിധം നമ്മുടെ ശീലങ്ങള്‍ മാറ്റേണ്ടി വന്നിരിക്കുന്നു. ശാരീരിക അകലമാണ്‌ വൈറസ്‌ പകര്‍ച്ചയില്‍ നിന്നു രക്ഷപ്പെടാനുള്ള വഴിയെന്നാണ്‌ അധികൃതര്‍ പറഞ്ഞു തരുന്നത്‌. വൈറസിന്റെ കണ്ണിയറുക്കാനുള്ള വഴികളാണ്‌ ആരോഗ്യവകുപ്പും ബന്ധപ്പെട്ടവരും ദിനേനെയെന്നോണം നമ്മെ അറിയിച്ചുകൊണ്ടിരിക്കുന്നത്‌. അപ്പോള്‍ അതിസൂക്ഷ്‌മ ജീവിയുടെ പകര്‍ച്ച തടയാന്‍ വേണ്ടി അല്‌പ കാലം സ്വയം അടങ്ങിയൊതുങ്ങി കഴിയുകയാണ്‌ നാം.

അടച്ചിരുപ്പിൽ തുറന്ന ഓൺലൈൻ ലോകം

അടച്ചിടല്‍ കാലം പുതിയ വഴികള്‍ തുറക്കാന്‍ നമ്മെ പ്രേരിപ്പിച്ച, നിര്‍ബന്ധിതമാക്കിയ അവസരം കൂടിയാണ്‌. പ്രായം ചെന്നവര്‍ പോലും വാട്‌സാപ്പ്‌, ഫേസ്‌ബുക്ക്‌, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം പോലുള്ള ആപ്ലിക്കേഷനുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും എക്കൗണ്ട്‌ തുറന്നിരിക്കുന്നു. പേരമക്കളുടെ സഹായത്തോടെ അവര്‍ സാമൂഹിക മാധ്യമങ്ങളുടെ ലോകത്ത്‌ പിച്ചവെച്ചു തുടങ്ങി ഇപ്പോള്‍ ഏറെക്കുറെ സ്വയം നടക്കാന്‍ പഠിച്ചിട്ടുണ്ടാകും.
സ്‌കൂളുകളും മദ്‌റസകളും ട്യൂഷന്‍ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ വഴി പഠനം സജീവമായി നടത്തുന്നതിനാല്‍ ഏറെക്കുറെ മുഴുവന്‍ കുടുംബങ്ങളും വിവിധ ഓണ്‍ലൈന്‍ ഇടങ്ങളില്‍ സജീവമാണ്‌. അതുകൊണ്ട്‌ പുതിയ വഴിയിലൂടെ ആഘോഷങ്ങളുടെ പൊലിമ കൂട്ടാനുളള വഴികള്‍ ആലോചിക്കുന്നതിന്‌ വലിയ തടസ്സമില്ല. പ്രതിസന്ധികളാണ്‌ പുതിയ ആകാശങ്ങള്‍ തുറന്നുതരിക.

സാമൂഹിക അടുപ്പത്തിന്റെ ഓൺലൈൻ ആഘോഷം

ഓണ്‍ലൈന്‍ പെരുന്നാളിന്റെയും ആഘോഷങ്ങളുടെയും വേദി കൂടിയാണ്‌ കാലം നമ്മുടെ മുമ്പിലേക്കു വച്ചുനീട്ടിത്തന്നിരിക്കുന്നത്‌. അടച്ചുപൂട്ടലിനെ തുടര്‍ന്ന്‌ വീടകങ്ങളില്‍ ഒതുങ്ങിയ മനുഷ്യര്‍ മാനസികമായി സംഘര്‍ഷങ്ങളിലേക്ക്‌ എത്തിപ്പെടാനുള്ള സാധ്യത ഏറെയാണ്‌. അതുകൊണ്ടു തന്നെ ശാരീരിക അകലം പാലിച്ചുകൊണ്ട്‌ സാമൂഹിക അടുപ്പം കൂട്ടേണ്ട കാലമാണിത്‌.
സാമൂഹിക അകലമെന്നത്‌ കൊറോണ പകര്‍ച്ച തടയാനുള്ള സദുദ്ദേശ്യപൂര്‍വമുള്ള മുദ്രാവാക്യമാണെങ്കിലും സാമൂഹിക അടുപ്പം ഏറെ ശക്തിപ്പെടുത്തേണ്ട സന്ദര്‍ഭമാണിത്‌. ഒറ്റപ്പെട്ടവര്‍ക്കും മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്കും ക്വാറന്റൈനില്‍ ചടഞ്ഞുകൂടുന്നവര്‍ക്കും അകലത്തിരുന്നു കൈത്താങ്ങാകാനുള്ള വഴികളാണ്‌ നാം ആവിഷ്‌കരിക്കേണ്ടത്‌. അതാണ്‌ സന്ദര്‍ഭം നമ്മോടാവശ്യപ്പെടുന്നത്‌.
കുളിച്ച്‌ പുതുവസ്‌ത്രങ്ങളണിഞ്ഞ്‌ പള്ളിയില്‍ പോകാന്‍ അവസരമുളളവര്‍ അതു ചെയ്‌തും അല്ലാത്തവര്‍ വീടുകളില്‍ പെരുന്നാള്‍ നമസ്‌കരിച്ചും ദിവസം തുടങ്ങും. ബലികര്‍മങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകളുമുണ്ടാകും. സൗകര്യവും സാഹചര്യവും സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ച്‌ പുതിയ സാഹചര്യങ്ങളോട്‌ പൊരുത്തപ്പെടുന്ന രീതിയില്‍ അവ പൂര്‍ത്തിയാക്കാം.
ശേഷം ഒതുങ്ങിക്കൂടലിന്റെ വേദനിപ്പിക്കുന്ന കാലത്ത്‌ നമുക്കൊരുപാട്‌ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ഫോണ്‍ വിളികള്‍ നമ്മുടെ ചിരപരിചിതമായ ആശയ വിനിമയ മാര്‍ഗമാണ്‌. ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അയല്‍ക്കാര്‍, രോഗികള്‍, അടച്ചിടലിന്റെ ഒറ്റപ്പെടലനുഭവിക്കുന്നവര്‍ അങ്ങനെ പരമാവധി പേരെ വിളിച്ച്‌ സുഖാന്വേഷണങ്ങളും ആശംസകളും പങ്കുവയ്‌ക്കാം. വീഡിയോ കോള്‍ ആകുമ്പോള്‍ ആശയവിനിമയം കുറെക്കൂടി കളറാകും. ഹൃദയസ്‌പര്‍ശിയാകും. ഫേസ്‌ബുക്ക്‌ മെസഞ്ചറില്‍ ഗ്രൂപ്പുണ്ടാക്കിയാല്‍ ഗ്രൂപ്പ്‌ വിഡിയോ കോള്‍ ചെയ്യാന്‍ കഴിയും. പിന്നെയും ഒരുപാട്‌ മാര്‍ഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളുടെ പുതിയ കാലം നമുക്കു മുന്നില്‍ തുറന്നിട്ടുതരുന്നുണ്ട്‌.
കുടുംബ വാട്‌സാപ്പ്‌ ഗ്രൂപ്പുകളില്‍ മത്സരങ്ങളും വിവിധ പരിപാടികളും നടത്തിയ ഒട്ടേറെ അനുഭവങ്ങള്‍ നമുക്കു മുന്നിലുണ്ട്‌. ഇത്തവണയും ചില കുടുംബങ്ങള്‍ ഇബ്‌റാഹിം നബിയുടെ കഥ പറയുന്ന ഗാനങ്ങള്‍ ചിട്ടപ്പെടുത്തി കുടുംബാംഗങ്ങളുടെ ആലാപനം സംഘടിപ്പിക്കുന്നുണ്ട്‌. പല കുടുംബങ്ങളും ഈദുല്‍ ഫിത്വറിന്‌ പാട്ടു പാടിയും കഥ പറഞ്ഞും ഖുര്‍ആന്‍ പാരായണ മത്സരങ്ങള്‍ നടത്തിയും അകലങ്ങളിലും ഇഴയടുപ്പത്തിന്റെ വശ്യമായ താളങ്ങള്‍ രചിപ്പിട്ടുണ്ട്‌.
മുന്നേ ആലോചിച്ച്‌ ഓരോ കുടുംബങ്ങള്‍ക്കും വാട്‌സാപ്പ്‌ ഗ്രൂപ്പുകളിലോ ഫേസ്‌ബുക്ക്‌ പേജുകളിലോ ടെലിഗ്രാമിലോ കഥയും പാട്ടും അനുഭവ വിവരണവും കാലിഗ്രഫി പ്രദര്‍ശനവും അനുയോജ്യമായ മറ്റു പരിപാടികളും നടത്താനാവും. ഫേസ്‌ബുക്ക്‌ ലൈവ്‌ ആയി സംഗീത, കലാ വിരുന്നുകള്‍ സംഘടിപ്പിക്കാം. ഫേസ്‌ബുക്കില്‍ പ്രത്യേകമായി ക്ലോസ്‌ഡ്‌ ഗ്രൂപ്പുകള്‍ രൂപീകരിച്ചാല്‍, കുടുംബാംഗങ്ങള്‍ക്ക്‌ പരസ്‌പരം സംവദിക്കാനും ചര്‍ച്ചകള്‍ നടത്താനും അറിവുകള്‍ പങ്കുവയ്‌ക്കാനും കുടുംബസംഗമങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ വേദിയൊരുക്കാന്‍ കഴിയും. ആസ്വാദകര്‍ക്കു അഭിപ്രായങ്ങള്‍ പറഞ്ഞും എഴുതിയും പങ്കെടുക്കാം. സമീപ കാലത്ത്‌ പ്രചാരത്തിലായ യൂട്യൂബ്‌ ലൈവ്‌ പരിപാടികള്‍ക്കും സ്വീകാര്യത വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ സൗകര്യങ്ങളും സവിശേഷതകളും അറിഞ്ഞുവരുന്നേ ഉള്ളൂ. കുടുംബത്തിലെ കാരണവന്മാരെ പരിചയപ്പെടുത്തിയും മുതിര്‍ന്നവരുടെ പെരുന്നാള്‍ സന്ദേശം പകര്‍ത്തിയും മുമ്പത്തെക്കാള്‍ അടുപ്പം കൂട്ടാനാകും.
കുടുംബാംഗങ്ങള്‍ക്കായി മൈലാഞ്ചിയിടല്‍ മത്സരം നടത്തി സമ്മാനം കൊടുക്കാം. കുടുംബങ്ങളിലുണ്ടാക്കിയ വിഭവങ്ങളുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‌തും അനുഭവങ്ങളും രസകരമായ അമളികളും പങ്കുവെച്ചും സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പെരുന്നാള്‍ പൊലിമയില്‍ പങ്കാളികളാകാം. പെരുന്നാളിനു മുന്നേ പുതിയ വിഭവങ്ങളുടെ പാചക വിധികള്‍ (റെസിപ്പി) പങ്കുവയ്‌ക്കുകയും ശേഷം അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യാം. വിരുന്നു മേശകളില്‍ ഒരുമിച്ചിരുന്നില്ലെങ്കിലും വെര്‍ച്വല്‍ വിരുന്നുകളില്‍ രുചികള്‍ പരസ്‌പരം പകരാം.
ആശംസാ സന്ദേശങ്ങള്‍ കൈമാറാന്‍ മറക്കരുത്‌. ഏതൊക്കെയോ ഡിസൈനര്‍മാര്‍ രൂപകല്‌പന ചെയ്‌ത ജീവനില്ലാത്ത പതിവു വാക്യങ്ങള്‍ ഫോര്‍വേഡ്‌ ചെയ്യുന്നത്‌ നിര്‍ത്തുക. പകരം ആത്മാവുള്ള ആശംസകള്‍ നേരാന്‍ കഴിയുമ്പോള്‍ അതിനു വേറെ ഫീല്‍ തന്നെയുണ്ടാകും. അനുഭവങ്ങളും കുടുംബ വിശേഷങ്ങളും രേഖപ്പെടുത്തിയ വോയ്‌സ്‌ നോട്ടുകളോ വിഡിയോ ക്ലിപ്പുകളോ ആയി സന്ദേശങ്ങള്‍ അയയ്‌ക്കാം. കുടുംബ ചരിത്രവുമായി ബന്ധപ്പെട്ട ക്വിസുകള്‍, പ്രബന്ധങ്ങള്‍, പ്രസംഗങ്ങള്‍, കഥകള്‍, കവിതകള്‍ എന്നിവയുടെ അവതരണവും മത്സരവും നടത്താനുമാകും.
നമസ്‌കാരം, സദ്യ തുടങ്ങിയവ ഉള്‍പ്പെടുത്തി കുടുംബ ഫോട്ടോകള്‍ ഫാമിലി ഗ്രൂപ്പുകളില്‍ പങ്കുവെക്കുന്നതും പരസ്‌പരം അറിയാനും ഓര്‍ക്കാനും രേഖപ്പെടുത്തി സൂക്ഷിക്കാനും നല്ലതാണ്‌.
അല്‌പം മുന്നേ ആസൂത്രണം ചെയ്‌താല്‍ വെര്‍ച്വല്‍ കുടുംബ സംഗമങ്ങള്‍ ഒരുക്കാനാകും. ഫേസ്‌ബുക്ക്‌ ലൈവ്‌, ഗൂഗ്‌ള്‍ മീറ്റ്‌, സൂം തുടങ്ങി നിരവധി പ്ലാറ്റ്‌ ഫോമുകള്‍ വെര്‍ച്വല്‍ കുടുംബ സംഗമങ്ങള്‍ക്ക്‌ ഉപയോഗിക്കാം. പരിപാടികള്‍ നേരത്തെ ആലോചിച്ചും സ്വാഗതം മുതല്‍ കലാപരിപാടികള്‍ വരെ ചിട്ടപ്പെടുത്തിയും അടച്ചിരിപ്പു കാലത്തെ പെരുന്നാള്‍ ആഹ്ലാദത്തിന്റെ സൈബര്‍ പെരുന്നാളായി പരിവര്‍ത്തിപ്പിക്കാം.
വെര്‍ച്വല്‍ റിയാലിറ്റിയുടെ കാലത്ത്‌ നാം അകലത്തിരുന്നാലും സാമുഹികമായ അടുപ്പവും ഇമ്പവും തൊട്ടിയുരുമ്മിയിരിക്കാതെ തന്നെ സാധിക്കും. നാട്ടിലുള്ളവര്‍ക്കും മറുനാട്ടിലുള്ളവര്‍ക്കും, സാധാരണ നിലയില്‍ എത്തിപ്പെടാന്‍ സാധിക്കാത്തവര്‍ക്കും ഓണ്‍ലൈന്‍ പെരുന്നാളുകളില്‍ പങ്കാളികളാകാം, മനം കുളിര്‍പ്പിക്കാം. കോവിഡ്‌ ഭീഷണിയില്‍ വീടുകളിലും അല്ലാതെയും ക്വാറന്റൈനില്‍ ഒതുങ്ങിക്കഴിയുന്നവര്‍ക്കു കൂടി ആഘോഷവേളയില്‍ പങ്കാളികളാകാം. അത്‌ ഓണ്‍ലൈന്‍ ലോകത്തു മാത്രം സാധ്യമാകുന്ന, മുന്‍കാലത്ത്‌ അചിന്ത്യമായ സംഗതിയാണ്‌. എല്ലാവര്‍ക്കും സമയമുണ്ടാകുമെന്നതിനാല്‍ പങ്കെടുക്കാനാകില്ലെന്ന സന്ദേഹം വേണ്ടല്ലോ.
പൊലിമ നിറഞ്ഞതും വൈവിധ്യം നിറഞ്ഞതുമായ ഈദ്‌ ആഘോഷങ്ങള്‍ ലോകത്തോടു പങ്കുവെക്കാനും യൂ ട്യൂബ്‌ പോലുള്ള ഇടങ്ങളുണ്ട്‌. പരിപാടികള്‍ കോര്‍ത്തിണക്കി എഡിറ്റു ചെയ്‌ത്‌ യൂ ട്യൂബില്‍ അപ്പ്‌ലോഡ്‌ ചെയ്‌താല്‍ അത്‌ ലോകത്തിനു സമ്മാനിക്കുന്ന പെരുന്നാള്‍ അനുഭവമാകും. ആഘോഷങ്ങളുടെ പൊലിമ കുറഞ്ഞാലും ഓര്‍മകള്‍ക്കു മങ്ങലുണ്ടായാലും സൈബര്‍ ഇടങ്ങളില്‍ രേഖപ്പെടുത്തുന്ന ചിത്രങ്ങള്‍ മായാതെ കിടക്കും. ഫേസ്‌ബുക്ക്‌ പോലുള്ള മാധ്യമങ്ങള്‍ അതു നമ്മെ വര്‍ഷം തോറും ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കും.
മലപ്പുറം നഗരത്തോട്‌ ചേര്‍ന്ന മൈലപ്പുറം നിവാസികള്‍ ലോക്‌ഡൗണ്‍ കാലത്തെ ചെറിയ പെരുന്നാളിനു ചില മാതൃകകള്‍ കാണിച്ചിരുന്നു. ആഘോഷങ്ങള്‍ വീടുകളിലൊതുങ്ങിയപ്പോള്‍ ഇവര്‍ സൈബറിടത്തില്‍ ഈദാഘോഷിച്ചു. കലാവിരുന്നും മത്സരങ്ങളും ആര്‍പ്പുവിളിയുമായി ആ നാട്‌ ആഘോഷം കേമമാക്കുകയായിരുന്നു. നാട്ടിലും മറുനാട്ടിലുമുള്ള ആയിരങ്ങള്‍ വാട്‌സാപ്പ്‌ വഴിയും യൂട്യൂബ്‌ വഴിയും നാടിന്റെ ആഘോഷത്തിമിര്‍പ്പുകള്‍ ആസ്വദിച്ചു. കാലിക വിഷയങ്ങളില്‍ സംവാദം, ചിത്രകല, കാലിഗ്രഫി മത്സരങ്ങള്‍, വെര്‍ച്വല്‍ വിളംബര യാത്ര, പെരുന്നാള്‍ ദിനത്തില്‍ സ്‌നേഹ സന്ധ്യ അങ്ങനെ പലതും ചിട്ടയോടെ സംഘടിപ്പിച്ചു.

അതിജീവനത്തിന്റെ പാഠങ്ങൾ

സാഹചര്യങ്ങളോട്‌ പൊരുത്തപ്പെട്ടു ജീവിക്കാന്‍ പഠിക്കുകയെന്നത്‌ അതിജീവനത്തിന്റെ വലിയ പാഠങ്ങളിലൊന്നാണ്‌. ഏതു പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാന്‍ കരുത്തു പകരുന്നതാണ്‌ അചഞ്ചലമായ വിശ്വാസവും പ്രാര്‍ഥനയും. പ്രതികൂല കാലാവസ്ഥയില്‍ ഭരമേല്‌പിക്കാനും മനസ്സിന്റെ നൊമ്പരങ്ങള്‍ ഇറക്കിവയ്‌ക്കാനും `ശ്വാസം മുട്ടലിന്റെ’ സമ്മര്‍ദത്തിന്‌ അയവുണ്ടാക്കാനും ഒരത്താണിയുണ്ടാവുക മഹാ അനുഗ്രഹമാണ്‌. ഉള്ളില്‍ നിറയുന്ന ബലത്തില്‍ പുതിയ വഴികളിലൂടെ മഹാമാരിയുടെ അടച്ചിടല്‍ കാലത്തും നമുക്ക്‌ ജീവിതം ആഘോഷിക്കാനാകും. പെരുന്നാള്‍ ഇമ്പം നിറഞ്ഞ പെരും നാളാക്കാം.
തൊഴിലും കച്ചവടവും ബിസിനസും ദീര്‍ഘകാലമായി മുടങ്ങിയ വേള കൂടിയാണിത്‌. വരുമാനം നഷ്ടപ്പെട്ട്‌ വലയുന്നവര്‍ നമ്മുടെ ചുറ്റുപാടിലും കുടുംബത്തിലുമുണ്ടാകും. അവര്‍ക്ക്‌ കരുതലിന്റെ സമ്മാനപ്പൊതികള്‍ ഓണ്‍ലൈനായും അല്ലാതെയും കൈമാറാം. അപ്പോള്‍ ഈ പെരുന്നാളിന്‌ മൊഞ്ചേറും.
ബലി പെരുന്നാള്‍ മഹാ ത്യാഗത്തിന്റെ ഓര്‍മകള്‍ അയവിറക്കല്‍ കൂടിയാണ്‌. കോവിഡ്‌ കാലത്തെ ഈ പെരുന്നാളിലും അനുബന്ധ ദിനങ്ങളിലും അസൗകര്യങ്ങളുടെയും പരിമിതിയുടെയും വലയത്തിലാണ്‌ നാം. സമര്‍പ്പണത്തിന്റെ ആഘോഷത്തിന്‌ ത്യാഗാനുഭവങ്ങളിലൂടെയാണ്‌ നാം സാക്ഷിയാകുന്നത്‌. ലോക്‌ ഡൗണിലും കണ്ടെയിന്‍മെന്റിലും ഉറങ്ങിത്തീര്‍ക്കാതെ പുതിയ സാധ്യതകള്‍ വഴി നമുക്ക്‌ പെരുന്നാള്‍ ജീവിപ്പിക്കാം. സമ്മര്‍ദങ്ങളും ഒറ്റപ്പെടലും ഉരുക്കിക്കളയുന്ന ആനന്ദ പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങാം

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x