22 Sunday
December 2024
2024 December 22
1446 Joumada II 20

ചാര്‍ളി ഹെബ്‌ദോ പ്രവാചക നിന്ദയുടെ ഫ്രഞ്ച് വിപ്ലവം!

വി കെ ജാബിര്‍

ഫ്രഞ്ച് ആക്ഷേപഹാസ്യ മാസിക ചാര്‍ളി ഹെബ്ദോ പ്രവാചകനെ നിന്ദിക്കുന്ന കാര്‍ട്ടൂണ്‍ വീണ്ടും പ്രസിദ്ധീകരിച്ചത് ഫ്രാന്‍സിലും പുറത്തും വലിയ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിരിക്കുന്നു. മുസ്‌ലിം രാജ്യങ്ങളില്‍ പ്രതിഷേധ ജ്വാലകള്‍ തെരുവില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നുണ്ടായ ഭീകരാക്രമണത്തിലെ പ്രതികള്‍ക്കെതിരായി വിചാരണ തുടങ്ങുന്നതിന്റെ തലേ ദിവസമാണ് അധിക്ഷേപാര്‍ഹമായ കാരിക്കേച്ചര്‍ വീണ്ടും പ്രസിദ്ധപ്പെടുത്തുന്നത്.
ഡന്മാര്‍ക്ക് പത്രമായ ജില്ലന്‍ഡ്‌സ് പോസ്റ്റണ്‍ 2005 സപ്‌തെംബര്‍ 30-ന് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ ഏറെ വിവാദമാവുകയും പിന്നീട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. ഈ കാര്‍ട്ടൂണ്‍ 2015 ജനുവരിയില്‍ ചാര്‍ളി ഹെബ്ദോ മാസിക കവറില്‍ പുനപ്രസീദ്ധീകരിച്ചത് ഫ്രാന്‍സിലും പുറത്തും വലിയ കോലാഹലങ്ങളാണ് സൃഷ്ടിച്ചത്.
അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം അപമാനകരമായ കാര്‍ട്ടൂണ്‍ കഴിഞ്ഞ ചൊവ്വാഴ്ച വീണ്ടും പ്രസിദ്ധീകരിക്കുന്നതിനു മുന്നോടിയായി ചാര്‍ളി ഹെബ്ദോയുടെ എഡിറ്റര്‍ പറഞ്ഞത്, തെളിവുകളുടെ ചീന്ത് വായനക്കാരെയും ഫ്രഞ്ച് പൗരന്മാരയെും കാണിക്കാതെ വിചാരണ ആരംഭിക്കുന്നത് അസ്വീകാര്യമാണ് എന്നാണ്. ഈ കാര്‍ട്ടൂണുകള്‍ പുനപ്രസിദ്ധീകരിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം ഇതാണെന്നും എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു. വിചാരണ തുടങ്ങുന്ന ഈ ഘട്ടത്തില്‍ അവ പുനപ്രസിദ്ധീകരിക്കേണ്ടത് അത്യാവശ്യമാണെന്നു കരുതുന്നുവെന്നും എഡിറ്റര്‍ പറയുന്നുണ്ട്.
2015 ജനുവരി 7-നു മാഗസിന്റെ ഓഫീസിനു നേരെ നടന്ന ആക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരരുടെ വിചാരണ ഈ ആഴ്ച തുടങ്ങാനിരിക്കേയാണ് വിവാദമായ പ്രവാചകനെ അവഹേളിക്കുന്ന കാര്‍ട്ടൂണ്‍ ചാര്‍ളി ഹെബ്ദോ മാസികയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ പുനപ്രസിദ്ധീകരിച്ചത്. ചാര്‍ളി ഹെബ്ദോയുടെ പുതിയ ലക്കത്തിന്റെ കവര്‍ പേജില്‍ വിവാദമായ കാരിക്കേച്ചര്‍ ഉള്‍പ്പെടെ ഒരു ഡസന്‍ കാര്‍ട്ടൂണുകളാണുള്ളത്.

ഫ്രഞ്ച് പ്രസിഡന്റിന്റെ പിന്തുണ

 

തന്റെ രാജ്യത്ത് വേരൂന്നുന്ന തീവ്ര മതനിലപാടുകളെ വിമര്‍ശിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ ‘ഇസ്‌ലാമിക വിഘടനവാദം’ എന്നാണ് അതിനെ വിശേഷിപ്പിച്ചത്. ഫ്രാന്‍സിന്റെ മതനിന്ദ നടത്താനുള്ള അവകാശം അംഗീകരിക്കാതെ ഫ്രഞ്ച് പൗരത്വം തേടുന്നവരെയും അദ്ദേഹം വിമര്‍ശിച്ചു. ഈ രാജ്യത്ത് പ്രസിഡന്റിനെയും മതങ്ങളെയും ആക്ഷേപിക്കാമെന്നുമാണ് വിചാരണത്തലേന്ന് മക്രോണ്‍ പ്രസ്താവിച്ചത്. മുഹമ്മദ് നബിയുടെ അവഹേളനപരമായ കാരിക്കേച്ചറുകള്‍ പ്രസിദ്ധീകരിച്ച ചാര്‍ളി ഹെബ്‌ദോയെ മാക്രോണ്‍ കഴിഞ്ഞ ദിവസം ന്യായീകരിച്ചിരുന്നു.
ഫ്രാന്‍സിന്റെ ജനാധിപത്യ ചരിത്രം ആഘോഷിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഫ്രഞ്ച് പ്രസിഡന്റ്. ”നിങ്ങള്‍ ഫ്രാന്‍സിന്റെ ആകത്തുകയെ സ്വീകരിക്കാതെ ഒരു ഭാഗം തെരഞ്ഞെടുക്കുന്നതിനെ അംഗീകരിക്കാനാവില്ല. വിഘടനവാദ സാഹസികതയെ റിപ്പബ്ലിക് ഒരിക്കലും അനുവദിക്കില്ല. വിശ്വസിക്കാനോ വിശ്വസിക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യമുണ്ടിവിടെ. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തില്‍ നിന്ന് ദൈവദൂഷണത്തിനുള്ള അവകാശം വരെ ഉണ്ട്.”
ബുധനാഴ്ച ആരംഭിച്ച വിചാരണയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ: ഫ്രഞ്ചുകാരനാകുക എന്നത് ആളുകളെ ചിരിപ്പിക്കാനും വിമര്‍ശിക്കാനും പരിഹസിക്കാനും കാരിക്കേച്ചറാക്കാനുമുള്ള അവകാശം സംരക്ഷിക്കുകയെന്നതാണ്. ഫ്രഞ്ച് പൗരന്മാര്‍ പരസ്പരം ബഹുമാനിക്കണമെന്നും അന്യോന്യം ‘വെറുപ്പിന്റെ സംഭാഷണം’ നടത്തരുതെന്നും മക്രോണ്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാനുള്ള ചാര്‍ളി ഹെബ്ദോയുടെ അവകാശത്തെ എതിര്‍ക്കുന്നില്ലെന്നും ഫ്രഞ്ച് മാധ്യമമായ ബി എഫ് എം ടിവിയോടു അദ്ദേഹം പറഞ്ഞു.
”നാളെ നടക്കാനിരിക്കുന്ന വിചാരണയ്ക്കപ്പുറം, പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ പ്രതികരിക്കേണ്ടതുണ്ടെന്ന് കരുതുന്നില്ല. ഒരു റിപബ്ലിക്കിന്റെ പ്രസിഡന്റ് ഒരിക്കലും എഡിറ്റോറിയല്‍ സ്വാതന്ത്ര്യത്തിനെതിരെയോ മാധ്യമപ്രവര്‍ത്തകനെതിരെയോ ന്യൂസ്‌റൂമിനെതിരെയോ ഉത്തരവിറക്കാന്‍ പാടില്ല. കാരണം നമുക്ക് മാധ്യമസ്വാതന്ത്ര്യമുണ്ട്” -മക്രോണ്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധത്തിന്റെ പ്രകമ്പനങ്ങള്‍
പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനു പിന്നാലെ തെരുവുകള്‍ പ്രതിഷേധങ്ങളാല്‍ പ്രകമ്പനം കൊണ്ടു. ആക്രോശങ്ങളും അട്ടഹാസങ്ങളും അക്രമങ്ങളും പുകച്ചുരുളുകള്‍ സൃഷ്ടിച്ചു. ഇതേത്തുടര്‍ന്നുണ്ടായ ഭീകരമായ പ്രതികാരത്തില്‍ ചാര്‍ളി ഹെബ്ദോയുടെ ഓഫിസിനു നേരെ റൈഫിള്‍ ധാരികള്‍ ഇരച്ചുകയാറി ആക്രമണം നടത്തുകയും എഡിറ്റര്‍ ഉള്‍പ്പെടെ 11 ജീവനക്കാരും ഒരു പൊലീസുകാരനും തോക്കുധാരികളായ അക്രമികളും കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തൊട്ടുപിന്നാലെ പാരിസിലെ കോഷര്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവെപ്പില്‍ നാലു പേരും കൊല്ലപ്പെട്ടു. അല്‍ജീരിയന്‍ വേരുകളുള്ള ഫ്രഞ്ച് പൗരന്മാരായ സെയ്ദ്, ഷരിഫ് കവാഷി എന്നിവരാണ് മാഗസിന്‍ ഓഫിസ് ആക്രമിച്ചതെങ്കില്‍ അവരുടെ സുഹൃത്ത് അമേദി കുലിബാലിയാണ് സൂപ്പര്‍മാര്‍ക്കറ്റ് ആക്രമണത്തിനു നേതൃത്വം നല്‍കിയത്. എഡിറ്റര്‍ സ്‌റ്റെഫാന്‍ കാര്‍ബൊനീര്‍ ഉള്‍പ്പെടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പ്രവാചക കാര്‍ട്ടൂണ്‍ വരച്ച കാര്‍ട്ടൂണിസ്റ്റ് റെനാള്‍ഡ് ലൂസിര്‍ പിന്നീട് മാഗസിനില്‍ നിന്നു രാജിവെച്ച വാര്‍ത്തയുണ്ടായിരുന്നു.
പത്തു മാസങ്ങള്‍ക്കു ശേഷം പാരിസ് സാക്ഷ്യം വഹിച്ച അതിമാരകമായ ചാവേര്‍ ആക്രമണത്തില്‍ 130 പേര്‍ കൊല്ലപ്പെടുകയും വിവിധ ഇടങ്ങളിലായി 400-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുലിബാലിയും കവാഷിയും പൊലീസുമായുള്ള വെടിവെപ്പില്‍ കൊല്ലപ്പെടുകയായിരുന്നു. ഈ കേസില്‍ പിടിക്കപ്പെട്ടവരും അല്ലാത്തവരുമായ പതിനാലു പേരുടെ വിചാരണയാണ് കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ചത്.

കുശുമ്പു സാഹിത്യത്തിന്റെ തമ്പുരാക്കന്മാര്‍
വിവാദ കാര്‍ട്ടൂണുകളിലൂടെയും കാരിക്കേച്ചറുകളിലൂടെയും വാര്‍ത്തകളില്‍ നിറയാറുള്ള ഫ്രഞ്ച് ആക്ഷേപഹാസ്യ പ്രസിദ്ധീകരണമാണ് ചാര്‍ളി ഹെബ്ദോ. മുസ്‌ലിം സമൂഹത്തെ കളിയാക്കുന്ന കാര്‍ട്ടൂണുകള്‍ മാഗസിന്റെ ഇഷ്ട മേഖലയാണ്. വംശീയതയെ പ്രോത്സാഹിപ്പിക്കുന്നതും മുസ്‌ലിം വിരുദ്ധ ചിത്രീകരണത്തിന്റെയും നീണ്ട പാരമ്പര്യമുള്ള പ്രസിദ്ധീകരണമാണത്.
നഗ്‌നരായി ബീച്ചിലേക്കോടുന്ന മുസ്‌ലിം യുവാവിനെയും യുവതിയെയും ചിത്രീകരിച്ച കാര്‍ട്ടൂണ്‍ അതിലൊന്നായിരുന്നു. കാന്‍സില്‍ ബീച്ചുകളില്‍ ബുര്‍ഖയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെ കളിയാക്കിയാണ് മാസിക വിദ്വേഷ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. താടി നീട്ടി വളര്‍ത്തിയ പുരുഷനും ഹിജാബ് ധരിച്ച സ്ത്രീയും നഗ്‌നരായി ബീച്ചിലേക്ക് ഓടുന്നതാണ് കാര്‍ട്ടൂണ്‍. ഇസ്‌ലാമിലെ നിയമങ്ങളില്‍ അയവുവരുത്തുക, ഇസ്‌ലാമിനെ പരിഷ്‌കരിക്കുക എന്ന അടിക്കുറിപ്പോടെയാണ് കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത്.
ആഭ്യന്തര യുദ്ധത്തിന്റെയും പട്ടിണിയുടെയും ബലിയാടായി പലായനത്തിനിടെ കടല്‍ക്കരയില്‍ മരിച്ചുകിടന്ന ഐലന്‍ കുര്‍ദിയെന്ന കൊച്ചുകുഞ്ഞിന്‍െ കമിഴ്ന്നുകിടക്കുന്ന ചിത്രം ലോക മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയതാണ്. എന്നാല്‍ ഐലന്‍ കുര്‍ദിയെ പരിഹസിച്ചും ചാര്‍ളി ഹെബ്ദോ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്നു എന്നറിയുമ്പോള്‍ എഡിറ്റോറിയല്‍ ഡെസ്‌കില്‍ രൂപം കൊള്ളുന്ന ആശയത്തിന്റെ ‘മഹിമ’ ബോധ്യമാകാന്‍ വലിയ ബുദ്ധിയൊന്നും വേണ്ടല്ലോ.
പറഞ്ഞുവരുന്നത്, അപമാനകരവും അവഹേളനപരവുമായ കാരിക്കേച്ചറുകളും ഉള്ളടക്കങ്ങളും കൊണ്ടു സമ്പന്നമായ പാരമ്പര്യമുള്ള മാഗസിനാണ് ചാര്‍ളി ഹെബ്ദോ. ന്യായമായ വിമര്‍ശനങ്ങള്‍ക്കു കഴിയാതാകുമ്പോഴാണ് കൊഞ്ഞനം കുത്തി തോല്പിക്കാന്‍ ശ്രമിക്കാറുള്ളത്. മലമെറിഞ്ഞു തോല്പിക്കുക എന്നൊരു നാടന്‍ പ്രയോഗമുണ്ട്. അവരോട് മത്സരിക്കാനുള്ള ‘കെല്പ്’ എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ലല്ലോ.
കഴിഞ്ഞ മാസം ബംഗളൂരുവില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതും പ്രവാചകനെ അവഹേളിച്ച് ഫേസ്ബുക്ക് പൊസ്റ്റ് വന്നതിനെ തുടര്‍ന്നാണ്. പോസ്റ്റിട്ടതിന്റെ പേരില്‍ ബംഗളൂരുവില്‍ അറസ്റ്റിലായ പി നവീന്‍ (26) കുറ്റം സമ്മതിച്ചതായി ഡി ജെ ഹള്ളി പൊലിസ് വെളിപ്പെടുത്തിയിരുന്നു. നവീന്‍ ബി ജെ പി അനുഭാവിയാണെന്ന് തെളിയിക്കുന്ന എഫ് ബി പോസ്റ്റുകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ആഗസ്ത് 11-ന് രാത്രി നടന്ന പ്രതിഷേധം ഡിജെ ഹള്ളി, കെ ജി ഹള്ളി, കാവല്‍ ബൈരസാന്ദ്ര മേഖലയില്‍ വ്യാപക അക്രമത്തിലും നാശനഷ്ടത്തിലും കലാശിച്ചിരുന്നു. വിദ്വേഷ പോസ്റ്റിനെതിരെ പരാതി നല്‍കിയിട്ടും നവീനെതിരെ നടപടി വൈകിയതിനെ തുടര്‍ന്നായിരുന്നു തെരുവില്‍ കത്തിപ്പടര്‍ന്ന പ്രതിഷേധം

ഇഷ്ടമുള്ളത് മാത്രം സ്വീകാര്യമാകുമ്പോള്‍
പ്രവാചക വിരുദ്ധ കാര്‍ട്ടൂണിന്റെ പേരില്‍ ആക്രമണത്തിനിരയായ ചാര്‍ളി ഹെബ്ദോയെ ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ നിലപാടുകാര്‍ ന്യായീകരിക്കുന്നതു കാണുമ്പോള്‍ തമാശ തോന്നും. ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസര്‍, ചാര്‍ളി ഹെബ്ദോ കാര്‍ട്ടൂണ്‍ വിഷയവും 2015-ലെ ഭീകരാക്രമണവും കാര്യമായി ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നു. അന്താരാഷ്ട്ര വിഷയങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്യാത്ത പ്രസിദ്ധീകരണമാണ് ഓര്‍ഗനൈസര്‍. അഭിപ്രായ സ്വാതന്ത്ര്യത്തോട് പൊതുവെ മുഖംതിരിഞ്ഞു നില്‍ക്കുന്ന നിലപാട് സ്വീകരിച്ചുകൊണ്ടിരിക്കുന്നവരാണ് തീവ്ര ഹൈന്ദവ സംഘടനകള്‍. നിരവധി യൂണിവേഴ്‌സിറ്റി പ്രബന്ധങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും സമരങ്ങള്‍ക്കുമെതിരെ എ ബി വി പിയും ശിവസേനയുടെ ബാല്‍താക്കറെയും വി എച്ച് പിയും ശിക്ഷ ബച്ചാവോ ആന്ദോളന്‍ സമിതിയും ഗുജറാത്ത് സര്‍ക്കാറും രംഗത്തു വരികയുണ്ടായി. ലോകോത്തര ചിത്രകാരന്‍ എം എഫ് ഹുസൈന്റെ ചിത്രങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും നേരെ രാജ്യത്തുണ്ടായ ആക്രമണങ്ങളും രാജ്യം മറന്നിട്ടുണ്ടാവില്ല. നിരവധി സ്വതന്ത്ര ചിന്തകരും എഴുത്തുകാരും കൊലക്കിരയാകുന്നതും കേസിന് തുമ്പില്ലാതാകുന്നതും സമീപകാലത്ത് രാജ്യത്ത് അപൂര്‍വ സംഭവം അല്ലാതായിരിക്കുന്നു. സല്‍മാന്‍ ഖുര്‍ഷിദിന്റെയും തസ്‌ലീമ നസ്‌റീന്റെയും എഴുത്തുകള്‍ക്കെതിരെ മുസ്‌ലിം ജനസാമാന്യം തെരുവിലിറങ്ങിയിരുന്നു.
പ്രതിഷേധത്തിലെ ഇരട്ടത്താപ്പു നിലപാടും ഇവിടെ ചര്‍ച്ചയാക്കപ്പെടേണ്ട സംഗതിയാണ്. തങ്ങള്‍ക്കിഷ്ടമുള്ളത് സ്വീകരിക്കാനും ഇഷ്ടമില്ലാത്തതിനോട് അക്രമണോത്സുകമായി പ്രതികരിക്കാനുമാണ് പൊതുവെ താല്പര്യം. അത് സാമാന്യബോധത്തിനും നിരക്കാത്ത സംഗതിയത്രെ. ഇത്തരം പ്രതികരണങ്ങളുടെ വൈകാരികതയും ഏകപക്ഷീയതയും നീതി ബോധത്തിനു നിരക്കാത്തതത്രെ.

നിന്ദാപരമായ സാഹിത്യങ്ങളോടെന്തു ചെയ്യും

മതനിന്ദാ നിയമം ഫ്രാന്‍സില്‍ നിലവിലില്ല. വിദ്വേഷ പ്രചാരണത്തിനെതിരെ അവിടെ നിയമമുണ്ടു താനും. ഇത്തരം വൃത്തികേടുകള്‍ക്കെതിരെ പ്രതികരിച്ച്, കൈ കൊണ്ടു തൊട്ട് അശുദ്ധമാക്കാതെ നിയമപരമായി നേരിടുകയാണ് ബുദ്ധിപരമായ പ്രതികരണം.
വിദ്വേഷപരമായ സാഹിത്യങ്ങള്‍ക്കെതിരെ കലാപവും കൊള്ളയും കൊലപാതകങ്ങളും എങ്ങനെയാണ് മറു മരുന്നാവുക. തീക്കൊള്ളിയെ പെട്രോള്‍ കൊണ്ട് അണയ്ക്കാനാകുമോ? അപ്പോള്‍, വൃത്തികേടുകള്‍ കൊണ്ടു മത്സരിക്കുന്ന ഈ രണ്ടു കൂട്ടരിലും ആര്‍ക്കാണ് കൂടുതല്‍ മാര്‍ക്കു നല്‍കുക എന്ന സന്ദേഹമുയരുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഉള്ളകങ്ങളിലെ ചെറിയ സുഷിരങ്ങളിലൂടെ ആക്ഷേപകരവും വൃത്തിവിഷലിപ്തവുമായ ആശയങ്ങള്‍ സമൂഹ മധ്യത്തിലേക്ക് ഒളിച്ചുകടത്തുന്നതും ക്യാമറക്കണ്ണുകള്‍ വെട്ടിച്ച് ബുള്ളറ്റുകള്‍ കൊണ്ട് നിസ്സഹായരെ വെടിവെച്ചു കൊല്ലുന്നതും തമ്മില്‍ ഏതാണ് നല്ലതെന്ന് എങ്ങനെയാണ് വിലയിടുക?
ചാര്‍ളി ഹെബ്ദോക്കെതിരായ ഭീകരാക്രമണത്തെ തുടര്‍ന്ന് ‘ഞാന്‍ ചാര്‍ളി ഹെബ്ദോ’ എന്ന പ്ലക്കാര്‍ഡുകളുമായി നിരവധി പേരാണ് പാരിസിന്റെ തെരുവിലിറങ്ങിയത്. ഈ മാഗസിനെ അംഗീകരിക്കാത്തവര്‍ പോലും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ചാര്‍ളി ഹെബ്ദോക്കു വേണ്ടി മുദ്രാവാക്യങ്ങളുയര്‍ത്തുകയുണ്ടായി. സംഭവത്തിനു ശേഷം ഈ മാഗസിന്റെ പ്രചാരം വര്‍ധിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായി.
ഫ്രാന്‍സില്‍ മാത്രമല്ല, ഡന്മാര്‍ക്കിലും യു എസിലും മറ്റു പല രാജ്യങ്ങളിലും കടുത്ത ഇസ്‌ലാം ഭീതിയും കറുത്തവരോടുള്ള വംശീയ വിദ്വേഷവും ത്രസിച്ചു നില്‍ക്കുന്ന സംഭവങ്ങള്‍ നിരവധിയുണ്ടായി. കറുത്ത വര്‍ഗക്കാരനായ ലോയ്ഡിനെ കഴുത്തു ഞെരിച്ചു കൊന്നത് അമേരിക്കയുടെ ഉള്ളില്‍ ആളുന്ന തീവ്രമായ വെള്ള വംശീയതയായിരുന്നു. പ്രവാചകനെ അധിക്ഷേപിക്കുന്ന സ്‌ട്രൈഫ് (ഫിത്‌ന) എന്ന സിനിമ അമരേിക്കയില്‍ 2006-ല്‍ ഇറങ്ങുകയുണ്ടായി. ടിപ്പിക്കല്‍ മുസ്‌ലിം വിരുദ്ധത വിളംബരം ചെയ്യുന്നതും അവരെ ഭീകര രൂപരായി പ്രതിനിധാനം ചെയ്യുന്നതുമായിരുന്നു സിനിമ. അവയ്‌ക്കെതിരെയും വ്യാപകമായ വൈകാരിക പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ രാജ്യത്തെ നിയമങ്ങള്‍ കൊണ്ടു തന്നെ അധിക്ഷേപാര്‍ഹമായ ഇത്തരം സൃഷ്ടികളെ നേരിടുന്നതില്‍ താല്പര്യം കാണിക്കാതെ വൈകാരികമായി പ്രതികരിച്ചതിനെ പല മുസ്‌ലിം ബുദ്ധിജീവികളും ചോദ്യം ചെയ്തിരുന്നു.
ആരോഗ്യകരമായ സംവാദം ജനാധിപത്യ ബോധത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും നല്ല ലക്ഷണമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടാറുള്ളത്. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ ബോധത്തിന്റെയും വലിയ പാരമ്പര്യമുള്ള നാടാണ് ഫ്രാന്‍സ്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളും അത്തരം അവകാശവാദം ഉന്നയിക്കുന്നുണ്ട്. അവിടെ നിന്നാണ് ആരോഗ്യകരമായ സംവാദത്തിനു പോലും ത്രാണിയില്ലാത്ത നിലവാരമില്ലാത്ത ഉള്ളടക്കത്തിലൂടെ വളഞ്ഞ മാര്‍ഗത്തില്‍ പ്രചാരം തേടുന്ന മാഗസിനുകള്‍ പുറത്തിറങ്ങുന്നത്. അത് ആദ്യമായി ചോദ്യം ചെയ്യുന്നതും അവഹേളിക്കുന്നതും കുഴിച്ചുമൂടുന്നതും പേരുകേട്ട ഫ്രഞ്ച് ജനാധിപത്യ ബോധത്തെ തന്നെയാണ്. നിലവാരമില്ലാത്ത ഉള്ളടക്കങ്ങള്‍ കൊണ്ടു മാത്രം പിടിച്ചുനില്‍ക്കുന്ന, മലാഭിഷേകം വലിയ പ്രതിഷേധമാര്‍ഗമായി ഊറ്റം കൊള്ളുന്നവരോട് സഹതപിക്കുക.
എതിരാളികളോട് മാന്യമായ പ്രതിഷേധമാണ് നല്ലത്. ആശയപരമായ മറുപടി തോല്‍ക്കുന്നിടത്താണ് ആയുധവും ആക്ഷേപവും ഇടംപിടിക്കുക. വിമര്‍ശനങ്ങളില്‍ കാമ്പുണ്ടെങ്കില്‍ അതിനു ജനാധിപത്യപരമായി മറുപടി നല്‍കാം. മതപരമായ കാര്യങ്ങളിലാകട്ടെ നിയമം കൈയിലെടുക്കുന്നത് ആശയദാരിദ്ര്യമാണ്. ആശയ പിന്‍ബലം നഷ്ടപ്പെട്ടാലുണ്ടാകുന്ന വെപ്രാളമായി ആക്രമണങ്ങളെ വിലയിരുത്തപ്പെടുമെങ്കില്‍ കുറ്റം പറയാനാവുമോ!
പ്രവാചക സ്‌നേഹം പ്രകടിപ്പിക്കേണ്ടത്, മതങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളെ നേരിടേണ്ടത് ആ മതങ്ങളും മഹാനുഭാവനായ പ്രവാചകനും പഠിപ്പിക്കാത്ത മൂല്യബോധം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാവുന്നത് എന്തുമാത്രം മതകീയമാണ്. എഴുതിത്തള്ളേണ്ടതും തൊട്ടാല്‍ കൈയില്‍ വൃത്തികേടാകുന്നതുമായ ഏര്‍പ്പാടുകളെ അതര്‍ഹിക്കുന്ന പരിഗണനയോടെ തള്ളിവിടാനും നിയമപരമായി നേരിടാനും പഠിക്കുന്നതാണ് ഈ കാലത്തെ വലിയ പാഠങ്ങളിലൊന്ന്.`

Back to Top