21 Thursday
November 2024
2024 November 21
1446 Joumada I 19

കോവിഡില്‍ മുങ്ങി ട്വന്റി ട്വന്റി

വി കെ ജാബിര്‍

നമ്മുടെ ഓര്‍മകളാണ് നാം എന്നു പറയാറുണ്ട്. നമ്മെ തീരുമാനങ്ങളെടുക്കാന്‍ ധൈര്യപ്പെടുത്തുന്നതും പിന്തിരിപ്പിക്കുന്നതും പലപ്പോഴും അനുഭവങ്ങളാണ്. ഓര്‍മകളില്ലെങ്കില്‍ പിന്നെ നാം ഇല്ലെന്നു പലരും പറഞ്ഞു. എല്ലാം ഓര്‍ത്തെടുക്കാന്‍ കഴിയില്ല. എല്ലാം ഓര്‍ക്കണമെന്നുമില്ല. മറക്കാന്‍ കഴിയാത്തത് പലതുമുണ്ടാകും. വൈകാരികാനുഭവങ്ങള്‍ സമ്മാനിച്ചു കടന്നുപോയ പലതും നമ്മള്‍ അത്ര പെട്ടെന്നു മറക്കാന്‍ കൂട്ടാക്കില്ല.
പൊതുജനങ്ങളുടെ ഓര്‍മയെ തല്ലിക്കെടുത്തി ബോധപൂര്‍വം മറവിയിലേക്കു തള്ളിവിട്ടു മയക്കിക്കിടത്തിയാണ് പുതിയ രാഷ്ട്രീയം അധികാര സ്ഥാനങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുന്നത്. അമിതാധികാരം തേടി കസേരകളിലേക്കുള്ള ഓട്ടത്തിനിടെ നല്‍കിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും മുഖത്തു നോക്കി വികൃതമായി ചിരിക്കുമ്പോള്‍ ഓര്‍മകള്‍ കുറ്റകൃത്യമാകുന്നത് നാം കാണുന്നു. കാര്യങ്ങള്‍ കൃത്യമായി ഓര്‍ത്തുവെക്കുന്നതും വിളിച്ചു പറയുന്നതും വലിയ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്. അധികാരത്തിന്റെ കൈകള്‍ ഓര്‍മകളുടെ അസുഖമുള്ള ധീരന്മാരെ വളഞ്ഞുവെച്ച് ചികിത്സിക്കുന്നു. ചിലര്‍ക്ക് ഓര്‍മകളില്ലാതാകും, മറ്റു ചിലര്‍ ഓര്‍മകളോടൊപ്പം അപ്രത്യക്ഷമാകും.
കൊഴിഞ്ഞുപോയ കാലം ഒരര്‍ഥത്തില്‍ ഓര്‍മകളാണ്. പുതിയ കാലത്തേക്കുള്ള ഇന്ധനവും മുന്നോട്ടു നയിക്കുന്ന വെളിച്ചവും കൂടിയാണവ. മികവുറ്റ ഓര്‍മകള്‍ നിറം മങ്ങിയ മഷി പോലെയാണെന്നൊരു പഴമൊഴിയുണ്ട്. ഡിജിറ്റല്‍ യുഗത്തില്‍ കണിശമായി ഒന്നും ഓര്‍ത്തുവയ്ക്കാന്‍ പോലും വയ്യാതായ കാലത്താണു നാം.
അപൂര്‍വാനുഭവമായി ട്വന്റി ട്വന്റി
സാമൂഹിക- രാഷ്ട്രീയ- സാമ്പത്തിക ജീവിതത്തില്‍ മറക്കാനാവാത്ത പലതും മുന്നിലേക്കു വെച്ചാണ് 2020 കൊഴിഞ്ഞുപോകുന്നത്. ക്രിക്കറ്റിലെ വേഗത്തിന്റെ പര്യായമായി സമീപകാലത്ത് ആരംഭിച്ച 20/20 ചുറുചുറുക്കിന്റെയും പ്രതീക്ഷയുടെയും പ്രതീകം കൂടി ആയാണ് യുവത്വം അടയാളപ്പെടുത്തിയിട്ടുള്ളത്.
2020 പ്രതീക്ഷകളുടെ പ്രത്യാശയുടെയും നിറകുടമായിരിക്കുമെന്ന് പ്രവചനക്കാര്‍ കട്ടായം പറഞ്ഞിരുന്നു. എങ്കിലും സാമൂഹിക സാമ്പത്തിക വൈയക്തിക ജീവിതത്തില്‍ പരിചയമില്ലാത്ത പാഠങ്ങള്‍ വരച്ചുവെച്ചാണ് ഒരു കലണ്ടര്‍ വര്‍ഷം കൊഴിഞ്ഞുപോകുന്നത്. മുന്നോട്ടുവച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ (2020) ഒന്നും നേടാതെ പോയ കാലമാണ് ട്വന്റി ട്വന്റി എന്ന് ഡിസംബറില്‍ പുറത്തിറക്കിയ യു എന്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് പറയുന്നു.
കോവിഡ് എന്ന പകര്‍ച്ചവ്യാധി(പാന്‍ഡമിക്)യാണ് പോയ വര്‍ഷ കണക്കെടുപ്പില്‍ ഒളിമങ്ങാതെ തെളിഞ്ഞു കത്തിക്കൊണ്ടിരിക്കുന്നത്. ഫെബ്രുവരി 11നാണ് കൊറോണ വൈറസിന് കോവിഡ് 19 എന്നു ലോകാരോഗ്യ സംഘടന പേരിടുന്നത്. 2019 നവംബര്‍ അവസാനം ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ തുടങ്ങി പിന്നീട് ലോകത്തിന്റെ എല്ലാ മൂലകളിലും പ്രഹരമേല്പിച്ച കോവിഡ് വൈറസ് ഇതിനകം 7.51 കോടി പേര്‍ക്കു ബാധിച്ചുവെന്നാണ് കണക്കുകള്‍. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി മുപ്പത്തിരണ്ട് ലക്ഷം കടന്നു. വൈറസ് ബാധയേറ്റ് 16,80,181 പേര്‍ മരിച്ചു.
കോവിഡ് വൈറസിനെ നേരിടാന്‍ പല രാജ്യങ്ങളും പല വഴികളും സ്വീകരിച്ചു. മുന്‍ പരിചയമില്ലാത്തതിനാല്‍ തന്നെ പലരും തപ്പിത്തടഞ്ഞു. ആഗോള തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടു. വളരെ വലിയ സാമൂഹിക പ്രത്യാഘാതത്തിന് കാരണമാക്കിയ കോവിഡ് സാമ്പത്തിക തകര്‍ച്ചയ്ക്കും പ്രതിസന്ധിക്കും വഴിവെച്ചു. അടച്ചിടല്‍ കാലം വലിയ തോതില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും കടുത്ത ഭരണകൂട നടപടികള്‍ക്കും വഴിയൊരുക്കി.
മഹാമാരിയുടെ പകര്‍ച്ചപ്പേടിയില്‍ മനുഷ്യര്‍ പകച്ചു വീടുകളിലേക്കൊതുങ്ങിയപ്പോള്‍ പാരിസ്ഥിതികമായി പൊസിറ്റീവായ ചില നല്ല വാര്‍ത്തകളും കാണാറായി. നഗരങ്ങളെ ചുറ്റിയൊഴുകി അഴുകി ഇരുണ്ടുപോയ നദികളും കായലുകളും തെളിനീരാകാന്‍ തുടങ്ങി. കിളികളുടെ ആരവങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി. മലിനീകരണം കൊണ്ടു വീര്‍പ്പുമുട്ടിയ നഗരങ്ങളിലെ വായു ശ്വസിക്കാമെന്നായി. ജീവികളും സൂക്ഷ്മജീവികളും മണ്ണില്‍ അവകാശബോധത്തോടെ വിഹരിച്ചു തുടങ്ങി.
മണ്ണിന്റെ മണം ആസ്വാദ്യകരമാണെന്ന് മനുഷ്യരും തിരിച്ചറിഞ്ഞു തുടങ്ങി. നഗര സൗകര്യങ്ങളുടെയും വേഗത്തിന്റെയും പളപളപ്പിനു മേല്‍ ഇല്ലായ്മയുടെ ആശങ്ക മനുഷ്യര്‍ക്കുണ്ടായി എന്നതു തന്നെയാണ് സുപ്രധാന കാര്യം. അങ്ങനെയാണവര്‍ മണ്ണു കിളയ്ക്കാനും വിത്തു കുത്താനും ഇലക്കറികള്‍ കഴിക്കാനും തുടങ്ങിയത്.

ഗതാഗതം സൗജന്യമാക്കി ലക്‌സംബര്‍ഗ്
പൊതുഗതാഗതം സൗജന്യമാക്കിയ ലക്‌സംബര്‍ഗ് എന്ന യൂറോപ്പിലെ കൊച്ചുരാജ്യം വാര്‍ത്തകളില്‍ നിന്നത്ര പെട്ടെന്നു മാഞ്ഞുപോകില്ല. റോഡുകളിലെ ട്രാഫിക് കുരുക്ക് കുറയ്ക്കുകയും മലിനീകരണം ഇല്ലാതാക്കുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കൊറോണപ്പേടിയും ആശങ്കയും പ്രചരിപ്പിക്കുന്ന തിരക്കില്‍ മാധ്യമങ്ങളില്‍ അധികം ഇടംപിടിക്കാതെ പോയ വാര്‍ത്തയായിരുന്നു അത്.
യു എസും ട്രംപും കറുത്തവരുടെ
ഉയിര്‍ത്തെഴുന്നേല്പും
അധികാരത്തിനു നേരെ വെല്ലുവിളി ഉയരുമ്പോള്‍ യു എസ് എന്നും മുന്നോട്ടു വയ്ക്കാറുളളത് ആക്രമണമോ യുദ്ധ ഭീഷണിയോ ആണ്. ഇറാനും യൂറോപ്യന്‍ യൂനിയനും യു എന്നും സമാധാനത്തിന്റെ വഴിയിലൂടെ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് യു എസ് പ്രകോപനത്തിന്റെ പടക്കങ്ങള്‍ പൊട്ടിച്ചത്. യു എസിന്റെ ആളില്ലാ വിമാനം ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ നടത്തിയ ഷെല്ലാക്രമണത്തില്‍ ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചത് ജനുവരി 3-നായിരുന്നു. തിരിച്ചടിയായി ഇറാഖി സൈനിക ആസ്ഥാനത്തേക്ക് ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തുകയും നിരവധി അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
യു എസിന്റെ രാഷ്ട്രീയ അന്തസ്സിനു തന്നെ ഇടിവുണ്ടാക്കിയ കാലമായിരുന്നു ഡൊണാള്‍ഡ് ട്രംപ് എന്ന ബിസിനസുകാരന്റെ ഭരണകാലം. വൈറ്റ് ഹൗസിലേക്കുള്ള യാത്രയില്‍ യു എസ് ജനത വരുത്തിയ പിഴവിന് അവര്‍ തന്നെ പരിഹാരം കണ്ടതും 2019 ലാണ്. 232 നെതിരെ 304 ജനപ്രതിനിധികളുടെ വോട്ടിനാണ് ജോ ബൈഡനു മുന്നില്‍ ട്രംപ് നിലംപൊത്തിയത്. വൈറ്റ് ഹൗസില്‍ കടിച്ചുതൂങ്ങാതെ അന്തസ്സോടെ ഇറങ്ങിപ്പോരാനുള്ള മാന്യത പോലും കാണിക്കാന്‍ ട്രംപിന് കഴിഞ്ഞില്ല. തോറ്റില്ലെന്നും വിധിയെ നിയമപരമായി നേരിടുമെന്നും പ്രഖ്യാപനം നടത്തിയെങ്കിലും ട്രംപിന്റെ കുട്ടിക്കളികള്‍ക്ക് കോടതികള്‍ നിന്നു കൊടുത്തില്ല. എഴുപത് ലക്ഷം ജനകീയ വോട്ടു അധികം നേടിയാണ് ബൈഡന്‍ മാന്യതയോടെ വൈറ്റ് ഹൗസിലേക്കു കയറാനൊരുങ്ങുന്നത്.
ജനാധിപ്യത്തോടും മാനവികതയോടും മനുഷ്യാവകാശങ്ങളോടും അന്തസ്സോടെയുള്ള സമീപനമാണ് തെരഞ്ഞെടുപ്പു കാലത്ത് ബൈഡനില്‍ നിന്ന് ലോകം അറിഞ്ഞത്. ബൈഡനൊപ്പം കമലാ ഹാരിസ് എന്ന വൈസ് പ്രസിഡന്റും വാര്‍ത്തകൡ ഇടം നേടി. ബഹുമത സമൂഹത്തോടും കറുത്തവരോടുമുള്ള മമത തെരഞ്ഞെടുപ്പുവേളയില്‍ പരസ്യമായി പ്രഖ്യാപിച്ചാണ് ഇരുവരും തെരഞ്ഞെടുപ്പു നേരിട്ടത്.
യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ കേളി കൊട്ട് നടക്കുന്നതിനിടെയാണ് ജോര്‍ജ് ഫ്ളോയിഡ് എന്ന തൊലി കറുത്ത മനുഷ്യനു നേരെ വെള്ളപ്പൊലീസുകാരന്റെ വംശ വെറി പുറത്തു ചാടിയത്. യു എസിലെ മിനിയാപ്പൊലിസില്‍ വെളുത്ത വര്‍ഗക്കാരനായ പൊലീസ് ഓഫിസറുടെ ഇടതു കാല്‍മുട്ട് കഴുത്തില്‍ അമരുമ്പോള്‍, എനിക്കു ശ്വാസം കിട്ടുന്നില്ല എന്ന ഫ്‌ളോയിഡിന്റെ രോദനം ലോകത്തിന്റെ തന്നെ ഉറക്കം കെടുത്തിയ സംഭവമാണ്്. അതേത്തുടര്‍ന്ന് കറുത്തവര്‍ക്കും ജീവിക്കണം (ബ്ലാക് ലിവ്സ് മാറ്റര്‍) എന്ന മുദ്രാവാക്യം അമേരിക്കയിലെ തെരുവുകളെ പ്രകമ്പനം കൊള്ളിച്ചു. ലോകം മുഴുക്കെ ശ്രദ്ധേ നേടിയ പോരാട്ടമായി അതു മാറി.
ജനവിരുദ്ധതയുടെയും
സമരത്തിന്റെയും ഇന്ത്യ
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ ചൂടിലാണ് 2020 പുലര്‍ന്നത്. (2019 ഡിസംബര്‍ 4 നാണ് നിയമം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്. പിന്നീട് പാര്‍ലമന്റ് പാസാക്കുകയായിരുന്നു). ബില്ലിനെ എതിര്‍ക്കുന്ന നിവേദനത്തില്‍ ആയിരത്തിലധികം ഇന്ത്യന്‍ ശാസ്ത്രജ്ഞരും പണ്ഡിതന്മാരും ഒപ്പിടുകയും അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അമേരിക്കന്‍ കമ്മീഷന്‍ വിമര്‍ശിക്കുകയും ചെയ്തു.
ഷഹീന്‍ബാഗ് സമരം രാജ്യത്തിന്റെ സമര ചരിത്രത്തില്‍ പുതിയൊരു ഏടാണ് ഉയര്‍ത്തിയത്. സ്ത്രീകളുടെയും വിദ്യാര്‍ഥികളുടെയും മുന്‍കൈയില്‍ ഉയര്‍ന്ന അഹിംസയില്‍ ഊന്നിയ സമരം, ബി ജെ പിയുടെ ഹിംസാത്മക രാഷട്രീയത്തെ, പൊതുജനങ്ങളെ അണിനിരത്തി സര്‍ഗാത്മകമായി നേരിടുന്ന മനോഹര മുഹൂര്‍ത്തമായിരുന്നു. ബി ജെ പി സമരത്തെ അതിക്രൂരമായാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോഴും സമരക്കാരെ തെരഞ്ഞുപിടിച്ച് കള്ളക്കേസില്‍ കുടുക്കുന്ന കലാപരിപാടി ഡല്‍ഹി പൊലീസ് തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒരുപക്ഷെ കഴിഞ്ഞ ഇരുപതു വര്‍ഷത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്ഷോഭമായിരുന്നു പൗരത്വ ഭേഗദതിക്കെതിരായ സമരങ്ങള്‍. സമരം സിഎഎ വിരുദ്ധം മാത്രമായിരുന്നില്ല, രാജ്യത്ത് മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കുന്നു എന്നു ബോധ്യപ്പെടുത്തിയതു കൂടിയായിരുന്നു.
ദല്‍ഹി കലാപവും കൊള്ളയും
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ജുമാ മസ്ജിദ്, ഷഹീന്‍ബാഗ് എന്നിവിടങ്ങളില്‍ ആരംഭിച്ച സമരങ്ങള്‍ക്ക് നേരെ തീവ്ര ഹിന്ദുത്വ വാദികള്‍ ആരംഭിച്ച കലാപം ഡല്‍ഹിയിലുടനീളം പടര്‍ന്നു. ഫെബ്രുവരി 23ന് ആരംഭിച്ച കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 200 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഷഹീന്‍ബാഗിലെ സമരക്കാരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട ബി ജെ പി അംഗവും മുന്‍ നിയമസഭാംഗവുമായ കപില്‍ മിശ്രയുടെ അതി തീവ്രവും പ്രകോപനപരവുമായ പ്രസംഗമാണ് കലാപത്തിന് തിരി കൊളുത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കപില്‍ മിശ്രയുടെ പ്രസ്താവനക്കു പിന്നാലെയാണ് വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മൂന്നു പള്ളികള്‍ കലാപകാരികള്‍ തീവെച്ചു നശിപ്പിച്ചു. നിരവധി വിദ്യാലയങ്ങളും കടകളും വീടുകളും വാഹനങ്ങളും നശിപ്പിക്കപ്പെട്ടു. കലാപം നടക്കുമ്പോള്‍, ദല്‍ഹി പോലീസ് നിഷ്‌ക്രിയ ദൃക്സാക്ഷികള്‍ മാത്രമായി നില്‍ക്കുകയായിരുന്നു. നിരവധി മാധ്യമപ്രവര്‍ത്തകരേയും കലാപകാരികള്‍ ആക്രമിച്ചു. നൂറിലധികം കുറ്റവാളികള്‍ ഉള്‍പ്പെട്ടിട്ടുള്ള 48 എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പോലീസ് അറിയിച്ചു. കലാപത്തോടുള്ള ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും ആം ആദ്മിയുടെയും മതേതര നിലപാടുകളും സത്യസന്ധതയും ചോദ്യ ചെയ്യപ്പെട്ടതു കൂടിയായിരുന്നു ദല്‍ഹി കലാപം.
ഹത്രാസ് കൂട്ട ബലാത്സംഗം
യു പിയിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് രാജ്യത്തെ നടുക്കിയ സംഭവമാണ്. അവശനിലയില്‍ വയലില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആദ്യം അലിഗഢിലെ ആശുപത്രിയിലും പിന്നീട് ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും സെപ്റ്റംബര്‍ 30 ന് മരണത്തിനു കീഴടങ്ങി. പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളെ കാണിക്കുക പോലും ചെയ്യാതെ പൊലീസ് അര്‍ധരാത്രി രഹസ്യമായി സംസ്‌കരിച്ചത് ഭരണകൂട ക്രിമിനലിസത്തിന്റെ വലിയ ഉദാഹരണമാണ്. പ്രതിഷേധം ഭയന്നായിരുന്നു ഇതെന്നാണ് യുപി പൊലീസ് പറഞ്ഞത്. ബലാത്സംഗം നടന്നിട്ടില്ലെന്നായിരുന്നു, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് യുപി പൊലീസിന്റെ മറ്റൊരു അവകാശവാദം.
ഗ്രാമത്തിലേക്ക് മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടെ ആരെയും പ്രവേശിപ്പിക്കാതെ യുപി പൊലീസ് കനത്ത കോട്ടയൊരുക്കുകയായിരുന്നു. ഗ്രാമത്തിലേക്ക് പോകാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് ആക്രമിച്ചു. ഉറച്ച നിലപാടുമായി ഇവര്‍ ഗ്രാമത്തിലേക്കു പോയതിനെ തുടര്‍ന്നാണ് മാധ്യമ പ്രവര്‍ത്തകള്‍ ഉള്‍പ്പെടെ സംഭവ സ്ഥലത്തേക്ക് എത്താനായത്.
ഇന്ത്യ ചൈന അതിര്‍ത്തിയിലെ ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും ഇന്ത്യ- ചൈന സംഘര്‍ഷത്തിന് വഴിമരുന്നിടുകയും ചെയ്തു. ചൈനീസ് വിരുദ്ധ നടപടികളുടെ ഭാഗമായി ടിക് ടോക്, എക്‌സെന്റര്‍, ഹെലോ തുടങ്ങിയ ജനകീയ ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഗിമ്മിക്കുകള്‍ക്കും രാജ്യം സാക്ഷിയായി. അപ്പോഴും വന്‍ ചൈനീസ് നിക്ഷേപമുള്ള ഫോണ്‍ പേ പോലുള്ളവ പരിക്കേല്‍ക്കാതെ സുലഭമായി വിഹരിച്ചുകൊണ്ടിരിക്കുന്നു.
പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനവും പാചകവാതകത്തിന് ബാങ്ക് മുഖേന നല്‍കിയ സബ്സിഡി ഇല്ലാതാക്കിയതും കേന്ദ്രസര്‍ക്കാരിന്റെ വഞ്ചനാ നടപടികളുടെ ഭാഗമായി തുടരുന്നു. നിരവധി ജനവിരുദ്ധ- വിവാദ നിയമനിര്‍മാണങ്ങളാണ് ഇക്കാലത്തു നടത്തിയത്.

കാര്‍ഷിക ബില്ലുകള്‍
കാര്‍ഷിക ഉല്‍പന്ന വ്യാപാര, വാണിജ്യ ബില്‍, ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓഫ് പ്രൈസ് അഷ്വറന്‍സ്, ഫാം സര്‍വീസ് എന്നീ ബില്ലുകള്‍ നടപ്പാക്കിയത് സെപ്തംബറിലാണ്. കാര്‍ഷികോല്പന്ന വില്പനയ്ക്കു മേലുള്ള നിയന്ത്രണങ്ങള്‍ നീക്കി കര്‍ഷകര്‍ക്ക് കൂടുതല്‍ വിപണന സാധ്യതകല്‍ ലഭ്യമാക്കുമന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ കാര്‍ഷിക ചന്തകള്‍ ഉള്‍പ്പെടെ ഇല്ലാതാക്കി കൃഷിയിടങ്ങള്‍ വന്‍കിട കമ്പനികള്‍ക്കു തീറെഴുതി കൊടുക്കാന്‍ ബില്‍ വഴിയൊരുക്കുമെന്നും മിനിമം താങ്ങുവില ഇല്ലാതാകുമെന്നുമാണ് പ്രധാന ആരോപണം. രാജ്യത്തെ കര്‍ഷകര്‍ കൊടും തണുപ്പിലും സമര പാതയിലാണ്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് പ്രധാനമായും സമരമുഖത്തുള്ളത്. ഇതെഴുതുമ്പോള്‍ സമരം 25 ദിവസം പിന്നിട്ടെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടെങ്കിലും അതു നടപ്പില്ലെന്നും തറവില ഉറപ്പുവരുത്താമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്കെതിരെ കൊലവിളിയുമായി ഹിന്ദുത്വ നേതാവ് രാഗിണി തിവാരി രംഗത്തെത്തിയിരിക്കുകയാണ്. പ്രതിഷേധക്കാര്‍ ഒഴിഞ്ഞുപോയില്ലെങ്കില്‍ താനും കൂട്ടരും ഇറങ്ങി ഇവരെ ഒഴിപ്പിക്കുമെന്നും ദല്‍ഹി കലാപം ആവര്‍ത്തിക്കുമെന്നുമാണ് രാഗിണി തിവാരി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെ കൊലവിളി നടത്തിയത്. രാഗിണിക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രശാന്ത് ഭൂഷണടക്കമുള്ള പ്രമുഖ സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.
മനുഷ്യരുടെ രക്ഷയ്ക്ക് കാര്യമായ നടപടികളെടുക്കാത്ത നാട്ടില്‍ ഗോക്കളുടെ സംരക്ഷണവും ക്ഷേമവും മുന്‍നിര്‍ത്തി രൂപീകരിച്ച ‘കൗ ക്യാബിനറ്റ്’ വാര്‍ത്തകളിലിടം നേടി. മധ്യപ്രദേശ് സര്‍ക്കാരിന്റെതാണ് തീരുമാനം. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, ഗ്രാമീണ വികസനം, കര്‍ഷക്ഷേമം തുടങ്ങിയ വകുപ്പുകള്‍ കാബിനറ്റിന്റെ ഭാഗമാകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന്‍ പറയുന്നു.
ദുര്‍ബലമാക്കപ്പെടുന്ന ഭരണഘടനാ സ്ഥാപനങ്ങളും കോടതികളുമാണ് മാറിയ രാജ്യത്തിന്റെ മുഖമുദ്ര. പൗരത്വ നിയമത്തിനെതിരായ സുപ്രിം കോടതിയുടെ സമീപനത്തിനു പിന്നാലെ, കര്‍ഷക സമരത്തെ ചോദ്യം ചെയ്തുള്ള നടപടിയില്‍ കേന്ദ്രത്തോടുള്ള കോടതിയുടെ ദയനീയമായ ചോദ്യം (നിയമം പിന്‍വലിച്ചുകൂടേ) എന്ന ചോദ്യം അത്ഭുതവും സംഭ്രമവുമാണ് ജനങ്ങളിലുയര്‍ത്തിയത്. കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളും അശാസ്ത്രീയമായ ലോക്ഡൗണും ജനജീവിതത്തെ സാരമായി ബാധിച്ച നടപടികളിലൊന്നാണ്. പ്രവാസികളോടുള്ള മനുഷ്യത്വ വിരുദ്ധ സമീപനവും ചര്‍ച്ച ചെയ്യപ്പെട്ടു. ബിഹാര്‍ ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പും അസദുദ്ദീന്‍ ഉവൈസി നേതൃത്വം നല്‍കുന്ന എ ഐ എം ഐ എം സ്വാധീനവും വാര്‍ത്തകളിലിടം പിടിച്ചു.

ദേശീയ വിദ്യാഭ്യാസ നയം
വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പരിഷ്‌കാരം വിഭാവനം ചെയ്യുന്ന ദേശീയ വിദ്യാഭ്യാസ നയം പ്രതീക്ഷയും ഏറെ ആശങ്കയും സമ്മാനിച്ച നടപടിയാണ്. ഡോ കസ്തൂരിരംഗന്‍ സമര്‍പ്പിച്ച വിദ്യാഭ്യാസനയരേഖ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും തുറക്കുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടത്. രാജ്യത്തെ ബോധന സമ്പ്രദായത്തിന് ദേശീയതലത്തില്‍ ഒരു ചട്ടക്കൂട് ഉണ്ടാക്കുക എന്നതാണ് നയത്തിന്റ മുഖമുദ്ര. ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഭാരതീയതയുടെ നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്പത്തോടു യോജിക്കുന്നതാണെന്നും അനുകൂലിക്കുന്നവര്‍ പറയുന്നു. ഭാരതത്തിന്റെ പരമ്പരാഗതമായ വൈജ്ഞാനിക സ്രോതസ്സുകളെ ആധുനിക ശാസ്ത്രത്തിന്റെ വീക്ഷണവുമായി സമന്വയിപ്പിച്ചു നവതലമുറയില്‍ വിന്യസിപ്പിക്കാന്‍ പുതിയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നുവെന്നും ഇന്ത്യ സെന്‍ട്രിക് എജ്യുക്കേഷന്‍ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസ ദര്‍ശനമാണ് നയം മുന്നോട്ടുവെക്കുന്നതെന്നും ഡോ. സി വി ആനന്ദബോസ് ഐ എ എസ് ചൂണ്ടിക്കാണിച്ചു.

പ്രതിസന്ധികളില്‍ തളരാതെ
നിരവധി പ്രതിസന്ധികളുയര്‍ന്നു വന്നെങ്കിലും ജനകീയ പങ്കാളിത്തത്തോടെ അവയെ നേരിടാന്‍ കഴിയുമെന്ന വലിയ പാഠം കൂടി പോയ വര്‍ഷം സമ്മാനിക്കുകയുണ്ടായി. ഒരേ തമാശ വീണ്ടും വീണ്ടും ആസ്വദിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരേ ദു:ഖത്തിന്റെ ഓര്‍മകള്‍ നമ്മെ വീണ്ടും വീണ്ടും അലോസരപ്പെടുത്തുന്നത് എന്തിന് എന്ന ചാര്‍ലി ചാപ്ലിന്റെ വിഖ്യാതമായ ഓര്‍മപ്പെടുത്തലുണ്ട്. കോവിഡ് തീര്‍ത്തുകൊണ്ടിരിക്കുന്ന ദുരന്ത സമാനമായ സാഹചര്യത്തില്‍ ഈ ചോദ്യം പ്രസക്തമാണ്. പ്രതിസന്ധികളില്‍ പുതിയ അവസരം കണ്ടെത്താനും കരുത്തു നേടാനും കഴിയുമെന്ന് 2020 പഠിപ്പിച്ച വലിയ പാഠമാണ്.

ഇസ്‌റാഈലും യു എ ഇയും
ഫലസ്തീന്‍ പ്രദേശങ്ങളില്‍ അതിക്രമിച്ചും വീടുകള്‍ കൈയേറിയും ഇസ്‌റാഈല്‍ തുടര്‍ന്നു വരുന്ന ധിക്കാരങ്ങള്‍ക്കിടെ ശ്രദ്ധേയമായ ചില സംഭവങ്ങള്‍ക്കും പോയ വര്‍ഷം സാക്ഷിയായി. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു എ ഇ) ഇസ്‌റാഈലിനെ രാജ്യമായി ഔദ്യോഗികമായി അംഗീകരിക്കുകയും ഇരു രാജ്യങ്ങളും പൊതു നയതന്ത്ര-സാമ്പത്തിക ബന്ധങ്ങള്‍ സ്ഥാപിക്കുകയും ചെയ്യാന്‍ തീരുമാനിക്കുകയുണ്ടായി. ആഗസ്ത് 13-നാണിതിന് ഔദ്യോഗികമായി മഷി പുരളുന്നത്. ഇതോടെ ഇസ്‌റാഈല്‍ പൗരന്മാരെ യു എ ഇയിലേക്ക് പ്രവേശിക്കാന്‍ യു എ ഇ അനുവദിച്ചു. ഇസ്‌റാഈലുമായുള്ള സമാധാന ഉടമ്പടി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വര്‍ഷങ്ങള്‍ പഴക്കമുള്ള ഇസ്‌റാഈല്‍ ബഹിഷ്‌കരണ നിയമവും ശിക്ഷകളും റദ്ദാക്കിയുള്ള ഉത്തരവിറക്കി. 1972-ല്‍ അംഗീകരിക്കപ്പെട്ട ഫെഡറല്‍ നിയമം 15 ആണ് റദ്ദാക്കിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം യു എ ഇയുടെ ടൂറിസം, ഗതാഗത രംഗങ്ങളില്‍ വന്‍ നേട്ടമുണ്ടാക്കാനാകുമെന്നും ഇസ്‌റാഈലിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നും റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് വിശകലന വിദഗ്ധന്‍ വ്യക്തമാക്കി. ഇസ്‌റാഈലുമായി സമാധാന കരാറുണ്ടാക്കിയ യു എ ഇയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തുര്‍ക്കി രംഗത്തു വന്നു. ഫലസ്തീനെതിരായ നടപടി അംഗീകരിക്കാനാകില്ലെന്നും യു എ ഇയുമായുള്ള നയതന്ത്ര ബന്ധം പൂര്‍ണമായും വിച്ഛേദിക്കുമെന്നും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പ്രതികരിച്ചു.
പതിറ്റാണ്ടുകളായി ഇസ്‌റാഈലുമായി നയതന്ത്രബന്ധം തുടരുന്നുണ്ടെങ്കിലും ഫലസ്തീനികള്‍ക്കൊപ്പമാണെന്ന നിലപാടാണ് ഉര്‍ദുഗാന്‍ സ്വീകരിച്ചു വരുന്നത്.
1967 ലെ അറബ്-ഇസ്‌റാഈല്‍ യുദ്ധത്തില്‍, കൈയടക്കിയ ഭൂമിയുള്‍പ്പെടുന്ന സ്ഥലം ഫലസ്തീന്‍ രാഷ്ട്രത്തിന്റെ ഭാഗമാണെന്ന് അംഗീകരിക്കാന്‍ സാധിക്കണമെന്നായിരുന്നു ജോര്‍ദാന്റെ പ്രതികരണം. യു എ ഇയുടെ നടപടി സുഹൃത്തുക്കളെ ഒറ്റുകൊടുക്കുന്നതാണെന്ന് പലസ്തീന്‍ വിമോചന സംഘടനയിലെ ഹനാന്‍ അഷ്‌റവി പ്രതികരിച്ചു. യു എസ് നടപ്പാക്കിയ ഉടമ്പടി ഫലസ്തീന്‍ ജനതയുടെ വികാരം മാനിക്കാത്ത ഉടമ്പടിയാണെന്ന് ഹമാസ് പ്രതികരിച്ചു.
വഞ്ചനയെന്നായിരുന്നു ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവിന്റെ പ്രതികരണം. ഫലസ്തീന്‍ തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ യു എ ഇയില്‍ നിന്ന് തിരിച്ചുവിളിച്ചു. സ്വതന്ത്ര രാജ്യമായി നിലനില്‍ല്‍ക്കാനുള്ള തങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് നടപടി തിരിച്ചടിയാകുമെന്നാണ് ഫലസ്തീന്റെ നിലപാട്. സഊദി പോലുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്‌റാഈലുമായി അടുക്കാന്‍ തുടങ്ങുന്ന വാര്‍ത്തകളുമുണ്ടായിരുന്നു.
പുതിയ കാലത്ത് ബഹിഷ്‌കരണങ്ങള്‍ക്കു പ്രസക്തിയില്ലെന്നു പറയുമ്പോഴും ഇത്തരമൊരു കരാര്‍ ഔദ്യോഗികവത്കരിക്കുമ്പോള്‍ അത് ഫലസ്തീന് വലിയ തിരിച്ചടി തന്നെ സമ്മാനിക്കാനാണ് സാധ്യത.

ആശ്വാസമാണ് ജസിന്‍ഡയും ഗള്‍ഫും
അഭിശപ്തമായ വാര്‍ത്തകള്‍ക്കിടയിലും ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള വിശ്വാസക്കുറവിനും ഉപരോധത്തിനും അയവു വരുന്നുവെന്ന വാര്‍ത്തകളും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍ വലിയ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെടുന്നതും 2020 സമ്മാനിച്ച ശുഭ വാര്‍ത്തകളാണ്. ഇറാന്‍ ബന്ധത്തിന്റെ പേരിലുടലെടുത്ത ഖത്തറും മറ്റു ഗള്‍ഫ് രാജ്യങ്ങളുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയും ഉപരോധവും മൂന്നാം വര്‍ഷത്തിലേക്കു കടക്കവേയാണ് വെളുത്ത പുകയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നത്. കുൈവത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മധ്യസ്ഥ നീക്കങ്ങളെ തുടര്‍ന്നാണ് മഞ്ഞുരുകാന്‍ സാഹചര്യമുടലെടുത്തത് എന്നു കരുതുന്നു. 2022 ഫുട്ബാള്‍ ലോകകപ്പിന് ഖത്തര്‍ വേദിയാകാനിരിക്കേ, ഖത്തറുമായി മുട്ടി നില്‍ക്കുന്നത് ഗുണകരമല്ലെന്ന കണക്കുകൂട്ടലും നീക്കങ്ങള്‍ക്ക് ബലം നല്‍കിയിരിക്കാം. ലോകകപ്പിന്റെ വലിയ സാമ്പത്തിക നേട്ടം സ്വന്തമാക്കാവുന്ന രാജ്യങ്ങളിലൊന്ന് യു എ ഇയാണ്.
ന്യൂസിലാന്‍ഡില്‍ പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍ വീണ്ടും അധികാരത്തിലേക്ക് വന്നത് മനുഷ്യ സ്‌നേഹികളെ ഒരുപോലെ ആനന്ദിപ്പിച്ച കാഴ്ചയാണ്. ഒക്ടോബറില്‍ നടന്ന ന്യൂസിലാന്‍ഡ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജസിന്‍ഡയുടെ ലേബര്‍ പാര്‍ട്ടി വന്‍ വിജയം നേടി. കൊവിഡ് മഹാമാരിയെ വിജയകരമായി നേരിട്ടത് ജസിന്‍ഡയുടെ തെരഞ്ഞെടുപ്പിലെ സുഗമമായ വിജയത്തിന് വഴിതെളിച്ചു.
ക്രൈസ്റ്റ് ചര്‍ച്ച് തീവ്രവാദ ആക്രമണവും വൈറ്റ് ഐലന്‍ഡ് അഗ്നിപര്‍വത സ്ഫോടനവും കൈകാര്യം ചെയ്ത രീതിയും അവര്‍ക്കു ലോകമാകെ ആരാധകരെ നേടിക്കൊടുത്തു. 2017 ല്‍ അപ്രതീക്ഷിതമായാണ് ലേബര്‍ പാര്‍ട്ടി നേതാവും സഖ്യസര്‍ക്കാരിന്റെ പ്രധാനമന്ത്രിയുമായി അവര്‍ അവരോധിതയാവുന്നത്. ബേനസീര്‍ ഭൂട്ടോയ്ക്കു ശേഷം പ്രധാനമന്ത്രി പദത്തിലിരിക്കെ കുഞ്ഞിനു ജന്മം നല്‍കിയ വ്യക്തി എന്ന നിലയിലും മാന്യമായ പെരുമാറ്റവും അവരുടെ ഗ്രാഫ് ഉയര്‍ത്തി. 1966 നു ശേഷം ന്യൂസിലാന്‍ഡില്‍ ആദ്യമായാണ് ഒരു കക്ഷി ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നേടുന്നത്. 120 അംഗ പ്രതിനിധി സഭയില്‍ 65 സീറ്റ് നേടി അത്ഭുത വിജയമാണ് ജസിന്‍ഡ നേടിയത്.
വിജയിച്ച ശേഷം അവര്‍ നടത്തിയ പ്രസംഗം അത്ഭുതപ്പെടുത്തുന്നതായിരുന്നു: തെരഞ്ഞെടുപ്പുകള്‍ ജനങ്ങളെ വിഭജിക്കുന്നതാകേണ്ട കാര്യമില്ല. ഏറെ ധ്രുവീകരിക്കപ്പെട്ട ലോകത്താണ് നാം ജീവിക്കുന്നത്. ജനങ്ങളെ നെടുകെ പിളര്‍ത്തി തെരഞ്ഞെടുപ്പു ജയിക്കേണ്ട കാര്യമില്ല. മറ്റൊരാളുടെ അഭിപ്രായങ്ങളെ മാനിക്കാനുള്ള കഴിവു നഷ്ടപ്പെട്ടവര്‍ വര്‍ധിച്ചു വരുന്ന ലോകത്താണ് നാം ഉള്ളത്. ഒരു രാഷ്ട്രമെന്ന നിലയില്‍ എതിര്‍ ശബ്ദങ്ങളെ ശ്രദ്ധിക്കാനും അതേക്കുറിച്ച് ചര്‍ച്ച നടത്താനും നമുക്കു കഴിയും… തുടങ്ങി ശ്രദ്ധേയമായ പ്രസംഗം ജസിന്‍ഡ തുടങ്ങിയത് ന്യൂസിലാന്‍ഡിലെ ആദിമ നിവാസികളുടെ മാവ്റി ഭാഷയിലായിരുന്നു.

കോവിഡും പ്രകൃതിക്ഷോഭങ്ങളും പ്രത്യാശയും
ലോകമാകെ പടര്‍ന്ന കോവിഡിനെ കേരളം കൈകാര്യം ചെയ്ത രീതി പ്രശംസിക്കപ്പെട്ടുവെങ്കിലും പ്രവാസികളോടുള്ള കാപട്യം നിറഞ്ഞ സമീപനം എടുത്തു പറയേണ്ടതാണ്. കോവിഡില്‍ കേരളം ആദ്യ ഘട്ടത്തില്‍ കാട്ടിയ ജാഗ്രത ലോക തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന നാട്ടുകാരെ പുറത്തു നിര്‍ത്തിയ ഈ ജാഗ്രത ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്തു. പിന്നീട് കോവിഡ് വ്യാപ്തി കൂടിയെങ്കിലും മരണ നിരക്കു കുറഞ്ഞു നിന്നത് ആശ്വാസമായി.
പാലക്കാട് മണ്ണാര്‍ക്കാട്ട് ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവമാണ് ദേശീയ തലത്തില്‍ കേരളത്തെ വീണ്ടും ചര്‍ച്ചയാക്കിയത്. പടക്കം നിറച്ച കൈതച്ചക്ക കഴിച്ചതിനെ തുടര്‍ന്ന് പൊള്ളലേറ്റായിരുന്നു ആന ചരിഞ്ഞത്. അന്താരാഷ്ട്ര മാധ്യമങ്ങളിലും ആനയോടുള്ള കൊടുംക്രൂരത ചര്‍ച്ചയായി. പാലക്കാടായിരുന്നു സംഭവമെങ്കിലും കേരളത്തിനെതിരെയും പ്രത്യേകിച്ച് മലപ്പുറത്തിനെതിരെയും വിദ്വേഷ പ്രചരണത്തിനും വ്യാജ വാര്‍ത്തകള്‍ക്കുമുള്ള അവസരമാക്കി ഹിന്ദുത്വ ഗ്രൂപ്പുകള്‍ വിഷയം ഉയര്‍ത്തി. മുന്‍ കേന്ദ്രമന്ത്രി മനേക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ മലപ്പുറത്തിനെതിരെ ഉറഞ്ഞു തുള്ളി രംഗത്തെത്തിയിരുന്നു. പിന്നീട് സത്യം പുറത്തുവന്നപ്പോഴേക്കും കളവ് കാതങ്ങള്‍ക്കപ്പുറത്തേക്ക് ഓടിയെത്തിയിരുന്നു.
കേരളം മൂന്നാം പ്രളയത്തിന്റെ സാധ്യതകളുടെ ആശങ്കയില്‍ തുടരവേയാണ് നാടിനെ കണ്ണീരിലാഴ്ത്തി പെട്ടിമുടി ദുരന്തം ഉണ്ടായത്. ആഗസ്റ്റ് ആറിന് രാത്രി തോട്ടം തൊഴിലാളികളുടെ ലയങ്ങള്‍ക്ക് മുകളിലേക്ക് ഉരുള്‍പൊട്ടിയെത്തിയ കല്ലും മണ്ണും പതിക്കുകയായിരുന്നു. 19 ദിവസം നീണ്ട തിരച്ചിലില്‍ 66 മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും കണ്ടെത്താനാകാത്ത നാലുപേര്‍ മരിച്ചതായി സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു.
കരിപ്പൂര്‍ വിമാനത്താവളത്തിലെ ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് – കോഴിക്കോട് വിമാനം അപകടത്തില്‍ പെട്ടതും ദുഖ വാര്‍ത്തകളുടെ കൂട്ടത്തിലിടം നേടി. റണ്‍വേയില്‍ നിന്നു നിയന്ത്രണം തെറ്റി വിമാനം തെന്നിമാറുകയായിരുന്നു. തകര്‍ച്ചയില്‍ വിമാനം രണ്ട് കഷണങ്ങളാവുകയും വിമാനത്തിലുണ്ടായിരുന്ന 191 പേരില്‍ രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ പതിനെട്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. കോവിഡ് ഭീതിക്കിടയില്‍ സംഭവിച്ച അപകടമായിരുന്നിട്ടും കൊണ്ടോട്ടിയിലെയും മലപ്പുറത്തേയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ നേടി.

Back to Top