19 Friday
April 2024
2024 April 19
1445 Chawwâl 10

വിവാഹപ്രായം ഏകീകരിക്കുന്നതിനെ എതിര്‍ക്കുന്നത് എന്തുകൊണ്ട്?

എ പി അന്‍ഷിദ്‌


സ്ത്രീകളുടെ വിവാഹ പ്രായം 18-ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്നതിനുള്ള വ്യവസ്ഥ അടങ്ങിയ ബില്‍ പാര്‍ലമെന്റിന്റെ ഇക്കഴിഞ്ഞ ശൈത്യകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത് വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമാണ് വഴിമരുന്നിട്ടത്. ഇത്ര വ്യാപകമായ രീതിയിലുള്ള എതിര്‍പ്പ് ബില്ലിനെതിരെ ഉയര്‍ന്നുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഒരു വര്‍ഷത്തിലധികം നീണ്ട പിടിവാശിക്കൊടുവില്‍ ഗത്യന്തരമില്ലാതെ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വന്നതിന്റെ അനുഭവപാഠം മുന്നിലുള്ളതു കൊണ്ടാകാം, വിവാഹപ്രായ ബില്ല് ഏകപക്ഷീയമായി പാസാക്കാന്‍ മുതിരാതെ സ്റ്റാന്റിങ് കമ്മിറ്റിയുടെ പരിഗണനക്ക് വിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്.
ഇതോടെ ബില്‍ ഇനി വീണ്ടും സഭയുടെ പരിഗണനക്ക് വരാന്‍ അടുത്ത ബജറ്റ് സമ്മേളനം വരെയെങ്കിലും കാത്തിരിക്കണം. നയപ്രഖ്യാപനം, ബജറ്റ് അവതരണം, ബജറ്റിന്മേലുള്ള ചര്‍ച്ച, ധനവിനിയോഗ ബില്‍ പാസാക്കല്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ബജറ്റ് സമ്മേളനം എന്നതു കൊണ്ടുതന്നെ ഈ സെഷനിലും വിവാഹ പ്രായ ബില്‍ പരിഗണനക്ക് വരാന്‍ സാധ്യത കുറവാണ്. സഭയെ മറികടന്ന് ഓര്‍ഡിനന്‍സ് രാജിന് കേന്ദ്രം മുതിര്‍ന്നില്ലെങ്കില്‍ ബില്‍ നിയമമായി വരാന്‍ ചുരുങ്ങിയത് ആറു മാസമെങ്കിലും സമയമെടുത്തേക്കുമെന്നര്‍ഥം. എന്നാല്‍ വിവാഹപ്രായ ഭേദഗതി നീക്കം സംബന്ധിച്ച ആശങ്ക ശാശ്വതമായി ഇല്ലാതായി എന്ന് ഇതിനര്‍ഥമില്ല. ഡെമോക്ലസിന്റെ വാള്‍ പോലെ അത് ശിരസ്സിനു മുകളില്‍ തന്നെ തൂങ്ങിനില്‍ക്കുന്നുണ്ടെന്ന് ചുരുക്കം.
എന്തുകൊണ്ടായിരിക്കാം വിവാഹ പ്രായം ഉയര്‍ത്തല്‍ ബില്ലിനെതിരെ ഇത്ര വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നുവന്നത്. പ്രത്യക്ഷത്തില്‍ പുരോഗമനപരമെന്ന് തോന്നുന്ന ഈ നിയമത്തിനു പിന്നില്‍ ഒളിപ്പിച്ചുകടത്തുന്ന അജണ്ട അത്ര ശുദ്ധമല്ല എന്നതു തന്നെയാണ് അതിന്റെ പ്രധാന കാരണം. ഏക സിവില്‍ കോഡിലേക്കുള്ള ചവിട്ടുപടി എന്നടക്കമുള്ള വിമര്‍ശനങ്ങളെയും കുറ്റം പറയാന്‍ കഴിയില്ല. വിവാഹ പ്രായം ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരിക മുസ്്‌ലിം ന്യൂനപക്ഷങ്ങളില്‍ നിന്നായിരിക്കും എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ധാരണ. മുസ്്‌ലിം വിരുദ്ധ നീക്കം എന്ന നിലയില്‍ ചിത്രീകരിക്കപ്പെട്ടുകഴിഞ്ഞാല്‍ എല്ലാ പ്രതിഷേധങ്ങളും ആ നിലയില്‍ തന്നെ ഒതുങ്ങും എന്നും കേന്ദ്രം പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ പ്രതീക്ഷിച്ച പോലെയല്ല കാര്യങ്ങള്‍ നീങ്ങിയത്. ബില്ലിനെതിരെ ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത് ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ് ആണ്. ഇത്തരമൊരു ബില്‍ അടുത്ത ദിവസം കേന്ദ്രമന്ത്രിസഭയുടെ പരിഗണനക്ക് വരാന്‍ ഇടയുണ്ടെന്ന മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന സൂചന മുസ്്‌ലിംലീഗ് നല്‍കിയത്. എന്നാല്‍ സി പി ഐ നേതാവ് ആനിരാജ, സി പി എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് എന്നിവരില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങളാണ് കാര്യങ്ങളുടെ ഗതി മാറ്റിമറിച്ചത.് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവരും എതിര്‍പ്പുമായി രംഗത്തെത്തി. കോണ്‍ഗ്രസ്, സമാജ് വാദിപാര്‍ട്ടി, ഡി എം കെ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ ചെറുതും വലുതുമായ നിരവധി കക്ഷികള്‍ എതിര്‍പ്പുമായി രംഗത്തെത്തി. മുസ്‌ലിംലീഗ് ഉയര്‍ത്തിയ എതിര്‍പ്പും പിന്നീട് മതേതര കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്ന എതിര്‍പ്പും വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടായിരുന്നുവെങ്കിലും ബില്ലിനെ എതിര്‍ക്കുന്നു എന്ന നിലയില്‍ ഈ കക്ഷികള്‍ക്കിടയിലുണ്ടായ യോജിപ്പാണ് കേന്ദ്രത്തിന്റെ കണ്ണു തുറപ്പിച്ചത്.
മുസ്്‌ലിം വ്യക്തിനിയമത്തിലേക്കുള്ള കടന്നുകയറ്റം, ഏക സിവില്‍ കോഡിലേക്കുള്ള ചവിട്ടുപടി എന്നീ രണ്ടു നിലയിലാണ് മുസ്്‌ലിംലീഗ് വിവാഹ പ്രായ ഭേദഗതി ബില്ലിനെ എതിര്‍ത്തത്. സംഘ്പരിവാറിനെ എല്ലാ കാലത്തും നയിച്ചിട്ടുള്ള വലിയ ലക്ഷ്യങ്ങളില്‍ ഒന്നാണ് ഏക സിവില്‍ കോഡ് എന്നത്. ഏകശിലാത്മകമായ നിയമസംഹിതക്കു കീഴില്‍ എല്ലാ ജാതി, മത, ഗോത്ര, വര്‍ഗ, വര്‍ണ വിഭാഗങ്ങളെയും അണിനിരത്തുന്ന ഏക സിവില്‍കോഡ് സങ്കല്‍പം ഇന്ത്യ പോലെയുള്ള ഒരു ബഹുസ്വര സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണോ എന്ന ചോദ്യം പല തവണ ഉയര്‍ന്നുകേട്ടതാണ്.
മാത്രമല്ല, ഒരു ബഹുസ്വര സമൂഹത്തില്‍ പൊതു നിയമം രൂപപ്പെടുത്തുമ്പോള്‍ എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യമായ ഒന്നായിരിക്കണം എന്നത് പ്രാഥമിക മര്യാദയാണ്. ഇതിനുപകരം പഴയ ചാതുര്‍വര്‍ണ്യത്തിന്റെ കെട്ടുപാടുകളില്‍ നിന്ന് മുക്തമായിട്ടില്ലാത്ത ഭൂരിപക്ഷത്തിന്റെ നിയമങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കലാകും സംഭവിക്കാന്‍ പോകുന്നതെന്ന കൃത്യമായ ധാരണ ഉള്ളതുകൊണ്ടു കൂടിയാണ് ഏക സിവില്‍ കോഡ് നീക്കങ്ങള്‍ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നത്. വിവാഹ പ്രായ ഭേദഗതിയെ എതിര്‍ക്കുമ്പോഴും ഏകസിവില്‍കോഡ് എന്ന ആശയത്തോട് രാജ്യത്തെ കമ്മ്യൂണിസ്റ്റുകള്‍ മനസാ വാചാ കര്‍മണാ അനുകൂലമാണ് എന്നതാണ് മറ്റൊരു വിരോധാഭാസം. മാത്രമല്ല, ഇത്തരം വിഷയങ്ങളില്‍ മുസ്്‌ലിംലീഗിന്റെ ഭാഗത്തുനിന്ന് എതിര്‍പ്പ് ഉയര്‍ന്നുവരുന്നതില്‍ അത്ഭുതപ്പെടാനുമില്ല. ഇത്തരം വിഷയങ്ങളില്‍ മുസ്്‌ലിംലീഗ് എല്ലാ കാലത്തും കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട് എന്നത് ചരിത്രം പരിശോധിച്ചാല്‍ കാണാനാകും. വിവാഹ പ്രായം 15-ലേക്കും പിന്നീട് 18-ലേക്കും ഉയര്‍ത്തുമ്പോഴും മുസ്‌ലിംലീഗ് എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ശാബാനു കേസില്‍ അടക്കം പാര്‍ലമെന്റിനകത്തും പുറത്തും മുസ്‌ലിംലീഗ് സ്വീകരിച്ച നിലപാടുകളില്‍ ഇത് തെളിഞ്ഞു കണ്ടതാണ്. വിവാഹ പ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിലും ഇത് തന്നെയാണ് പ്രകടമാകുന്നത്.
എന്നാല്‍ അതിനപ്പുറത്ത് മുസ്്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ പൊതുവായി കാണുന്ന ചില ആശങ്കകള്‍ ഇക്കാര്യത്തില്‍ ഉണ്ട്. അതാണ് വിവാഹ പ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട എതിര്‍പ്പിന്റെ പ്രധാന കാരണം. എന്നാല്‍ ഈ അടിസ്ഥാന കാരണങ്ങളേക്കാള്‍ ഉപരിപ്ലവമായ കാര്യങ്ങളാണ് ചര്‍ച്ചകളില്‍ കടന്നുവരാറ്. ഉദാഹരണത്തിന് വിവാഹപ്രായം ഉയര്‍ത്തുന്നതിലെ എതിര്‍പ്പ് യഥാര്‍ഥത്തില്‍ വിവാഹ പ്രായം ഉയര്‍ത്തുന്നതിലല്ല, മറിച്ച് വിവാഹ പ്രായം നിശ്ചയിക്കാനുള്ള അവകാശം മുസ്‌ലിം വ്യക്തി നിയമത്തില്‍ നിന്ന് എടുത്തുമാറ്റുകയും മറ്റൊരു നിയമത്തില്‍ നിക്ഷിപ്തമാക്കുകയും ചെയ്യുന്നതിലാണ്. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആ മതത്തിന്റെ വിശ്വാസാചാരങ്ങള്‍ അനുസരിച്ച് ജീവിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന പൗരന് മൗലികമായ അവകാശമായി അനുവദിച്ചു നല്‍കിയിട്ടുള്ള രാജ്യമാണ് ഇന്ത്യ. ഹിന്ദുവിനും മുസ്്‌ലിമിനും ക്രിസ്ത്യാനിക്കും സിഖുകാരനും പാഴ്‌സിക്കും ജൈന മതക്കാരനുമെല്ലാം ഇതിന്റെ ആനുകൂല്യങ്ങള്‍ പറ്റുന്നവരാണ്. ഈ മൗലികാവകാശത്തിന്റെ പുറത്താണ് രാജ്യത്ത് വ്യക്തി നിയമങ്ങള്‍ നിലനില്‍ക്കുന്നത്.
വിവാഹം, വിവാഹമോചനം, മരണാനന്തരകര്‍മങ്ങള്‍, പിതൃസ്വത്തവകാശം തുടങ്ങിയ കാര്യങ്ങളില്‍ ഓരോ മതങ്ങള്‍ക്കും അവരുടേതായ രീതികളും സമ്പ്രദായങ്ങളുമുണ്ട്. ഹിന്ദു മതത്തിലെ ഉയര്‍ന്ന ജാതിക്കാര്‍ മരിച്ചാല്‍ മൃതദേഹം ദഹിപ്പിക്കുമ്പോള്‍ താഴ്ന്ന ജാതിക്കാര്‍ മണ്ണില്‍ മറമാടുകയാണ് ചെയ്യുന്നത്. മുസ്്‌ലിംകളും ക്രിസ്ത്യാനികളും ഖബറടക്കരീതി പിന്തുടരുന്നവരാണ്. ഈ ഖബറടക്കത്തില്‍ തന്നെ വിവിധ മതവിഭാഗങ്ങള്‍ വിവിധ രീതികളാണ് പിന്തുടരുന്നത്. ഖബറടക്കത്തിന് മുന്നോടിയായുള്ള ആചാരങ്ങളും നടപടിക്രമങ്ങളും വ്യത്യസ്തമാണ്. പ്രാര്‍ഥനാ രീതികളിലും വ്യത്യാസമുണ്ട്. വിവാഹത്തിലും ഇത് പ്രകടമാണ്. ഓരോ മതത്തിനും അവരുടേതായ വിവാഹ രീതികളുണ്ട്. ആചാരങ്ങളും ആരാധനകളുമുണ്ട്. ഇവയെ ഒരേ നൂലുകൊണ്ട് കൂട്ടിക്കെട്ടല്‍ ഇന്ത്യ പോലെ എല്ലാ മതങ്ങളെയും അവയുടെ ആത്മാവില്‍ തൊട്ട് ഉള്‍ക്കൊള്ളുന്ന ഒരു രാജ്യത്തിന് സാധ്യമല്ല. വ്യത്യസ്തതകളെ നിലനിര്‍ത്തിക്കൊണ്ട് ഒന്നാകുന്നിടത്താണ് ഇന്ത്യയുടെ ബഹുസ്വരതയും മതേതരത്വ വും തുടികൊള്ളുന്നത്. അതിനെതിരായ ഏതു നീക്കവും ഇന്ത്യന്‍ മതേതരത്വത്തേയും ബഹുസ്വര സങ്കല്‍പത്തേയും തകര്‍ക്കുകയേ ഉള്ളൂ. അതുകൊണ്ടുതന്നെയാണ് വിവാഹ പ്രായ ഏകീകരണം എന്നത് സംഘ്പരിവാറിന്റെ ഏകസിവില്‍കോഡ് അജണ്ടയുടെ ഭാഗമാണെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നത്.
വിവാഹ പ്രായ ഏകീകരണ നിയമം പാര്‍ലമെന്റില്‍ പാസായാല്‍ ഏഴു നിയമങ്ങള്‍ കൂടി ഇതിന് അനുബന്ധമായി ഭേദഗതി ചെയ്യേണ്ടതുണ്ട്. മുസ്്‌ലിം വ്യക്തി നിയമം, സിഖ് വ്യക്തി നിയമം, പാഴ്‌സി വ്യക്തി നിയമം, ഹിന്ദു വിവാഹ നിയമം, ശൈശവ വിവാഹ നിരോധന നിയമം എന്നിവയിലെല്ലാം ഇതിന് ഭേദഗതികള്‍ കൊണ്ടുവന്നെങ്കില്‍ മാത്രമേ നിലവിലെ നിയമഭേദഗതി പ്രാബല്യത്തില്‍ വരുത്താനാകൂ. വ്യക്തി നിയമ ഭേദഗതികള്‍ ആകട്ടെ നേരത്തെ പൗരന്റെ മൗലികാവകാശവുമായി ബന്ധപ്പെട്ടത് ആയതിനാല്‍ കേന്ദ്ര നീക്കത്തിന്റെ നിയമപരമായ നിലനില്‍പ്പും ചോദ്യചിഹ്നമാണ്. ബില്‍ പാര്‍ലമെന്റില്‍ പാസായാലും സുപ്രീംകോടതിയില്‍ നിയമനടപടികള്‍ ആലോചിക്കുമെന്ന് മുസ്്‌ലിംലീഗ് അടക്കം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള നിര്‍ദിഷ്ട വിവാഹ പ്രായ ഭേദഗതി എതിര്‍ക്കപ്പെടുന്നതിന് മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട്. അതില്‍ പ്രധാനം ബില്ല് കൊണ്ടുവരുന്നതിന് അടിസ്ഥാനമായി കേന്ദ്ര സര്‍ക്കാര്‍ നിരത്തുന്ന വാദങ്ങള്‍ ബാലിശമാണ് എന്നതു തന്നെയാണ്. വിവാഹ പ്രായ ഏകീകരണം വഴി ലിംഗസമത്വം സാധ്യമാകും എന്നതാണ് വാദങ്ങളില്‍ ഒന്ന്. അതിന് സ്ത്രീകളുടെ വിവാഹ പ്രായം 21-ലേക്ക് ഉയര്‍ത്തണമെന്ന് നിര്‍ബന്ധമുണ്ടോ, പകരം പുരുഷന്മാരുടെ വിവാഹ പ്രായം 18-ലേക്ക് ചുരുക്കിയാലും പോരേ എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ട ബാധ്യത ഇവിടെ കേന്ദ്രസര്‍ക്കാറിനുണ്ട്.
18 വയസ്സില്‍ ജനാധിപത്യത്തിലെ ഏറ്റവും പവിത്രമായ വോട്ടവകാശത്തിന് അര്‍ഹത കൈവരുന്നവരാണ് ഇന്ത്യയിലെ സ്ത്രീയും പുരുഷനും. അതായത് പഞ്ചായത്ത് മെമ്പര്‍ തൊട്ട് പ്രധാനമന്ത്രി വരെയുള്ളവര്‍ ആരാകണം എന്ന് തീരുമാനിക്കാനുള്ള അവകാശം പൗരന് 18-ാം വയസ്സില്‍ പതിച്ചുകിട്ടുന്ന രാജ്യമാണ് ഇന്ത്യ. സ്ത്രീയും പുരുഷനും അടക്കം ഓരോ പൗരനും 18 വയസ്സില്‍ അതിന് പക്വത കൈവരുന്നുണ്ട് എന്ന ശാസ്ത്രീയ പഠനങ്ങളുടെ പിന്‍ബലത്തില്‍ കൂടിയാണ് ഇത്തരമൊരു പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. അത്തരം ഒരു രാജ്യത്താണ് ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാന്‍ 21 വയസ്സു വരെ സ്ത്രീയും പുരുഷനും കാത്തിരിക്കണം എന്ന് പറയുന്നത്.
മാത്രമല്ല, 18 വയസ്സു കഴിഞ്ഞ ഏതൊരു സ്ത്രീക്കും പുരുഷനും ഭാര്യ ഭര്‍ത്താക്കന്മാരെപോലെ ജീവിക്കാന്‍ (ലിവിങ് ടുഗെദര്‍) അവകാശമുള്ള രാജ്യമാണ് ഇന്ത്യ. 18 കഴിഞ്ഞവര്‍ സ്വേഛപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകൃത്യമല്ലാത്ത രാജ്യം. അവിടെയാണ് നിയമപ്രകാരം വിവാഹം കഴിക്കാന്‍ 21 വയസ്സുവരെ കാത്തിരിക്കണമെന്ന മരമണ്ടന്‍ ആശയം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. അത്തരം സാഹചര്യങ്ങളില്‍ എതിര്‍പ്പുയരുന്നത് സ്വാഭാവികമല്ലേ. ശൈശവ വിവാഹങ്ങള്‍ തടയുന്നതിനുള്ള നിശ്ചിത പ്രായപരിധിക്കപ്പുറം എപ്പോള്‍ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം സ്ത്രീക്കും പുരുഷനും വിട്ടുനല്‍കുന്നതല്ലേ ഇവിടെ കൂടുതല്‍ യുക്തിഭദ്രമായ നിലപാട്. അത് 18-ല്‍ വേണോ 21-ല്‍ വേണോ 25-ല്‍ വേണോ അതും കഴിഞ്ഞ് വേണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോരുത്തരും സ്വയം ഏറ്റെടുക്കട്ടെ.
പെണ്‍കുട്ടികള്‍ക്ക് ഉന്നത പഠനത്തിന് കൂടുതല്‍ സമയം ലഭിക്കും എന്നതാണ് സര്‍ക്കാറിന്റെ മറ്റൊരു വാദം. ഇതും ബാലിശമാണ്. കാരണം നിര്‍ബന്ധിതവും സാര്‍വത്രികവുമായ വിദ്യാഭ്യാസം 14 വയസ്സു വരെ മാത്രമാണ് രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഇപ്പോഴും നിലവിലുള്ളത്. ചില സംസ്ഥാനങ്ങളില്‍ ഇത് സെക്കണ്ടറി പഠനം വരെയുണ്ട്. എന്നാലും അതിനപ്പുറത്തേക്ക് എങ്ങനെ പഠിക്കും എന്ന ചോദ്യത്തിന് കൂടി ഇവിടെ ഉത്തരം നല്‍കാനുള്ള ബാധ്യത സര്‍ക്കാറിനില്ലേ? സാമ്പത്തികമായി ശേഷിയുള്ളവര്‍ക്ക് ഉന്നത പഠനം പ്രയാസമായിരിക്കില്ല. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍, മുഖ്യധാരാ സമൂഹത്തിന്റെ ഓരംചേര്‍ത്ത് നിര്‍ത്തപ്പെട്ടവര്‍… ഇവര്‍ക്കെല്ലാം സര്‍ക്കാര്‍ നീക്കം തിരിച്ചടിയല്ലേ ഉണ്ടാക്കുക. ചുരുങ്ങിയത് മേല്‍പറഞ്ഞ വിഭാഗങ്ങളുടെയെങ്കിലും 21 വയസ്സുവരെയുള്ള വിദ്യാഭ്യാസ ചെലവ് പൂര്‍ണമായി ഏറ്റെടുക്കാന്‍ ഇത്തരമൊരു നിയമം കൊണ്ടുവരുന്ന സര്‍ക്കാര്‍ മനസ്സു കാണിക്കേണ്ടിയിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ഉന്നം വച്ച് മോദിസര്‍ക്കാര്‍ നടപ്പാക്കിയ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ 80 ശതമാനം തുകയും ചെലവിട്ടത് പത്ര, ടെലിവിഷന്‍ മാധ്യമങ്ങളിലൂടെയുള്ള ബഹുവര്‍ണ പരസ്യങ്ങള്‍ക്കു വേണ്ടിയാണ് എന്ന റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തുവരുന്നത്.
ഏതെങ്കിലുമൊരു കലാലയം സ്ത്രീ സൗഹൃദമാക്കുന്നതിനോ സ്ത്രീകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനോ സ്ത്രീ വിദ്യാഭ്യാസ സാധ്യതകളിലേക്കുള്ള തരത്തിലുള്ള സ്ഥാപനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനോ ഇതുവരെ കേന്ദ്രം തയ്യാറായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. വിവാഹാനന്തരവും സ്ത്രീകളെ പഠനരംഗത്തേക്ക് ആകര്‍ഷിക്കാനും സ്വയംപര്യാപ്തത കൈവരിക്കാനും പ്രാപ്തമാക്കുന്ന തരത്തിലേക്ക് താഴെതലം മുതലുള്ള ബോധവല്‍ക്കരണമാണ് യഥാര്‍ഥത്തില്‍ ഈ പ്രശ്‌നത്തിനുള്ള പോംവഴി.
സ്്ത്രീകളിലേയും കുട്ടികളിലേയും പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ വിവാഹ പ്രായം ഉയര്‍ത്തുന്നത് വഴി കഴിയുമെന്നതാണ് കേന്ദ്രം നിരത്തുന്ന ബാലിശമായ മറ്റൊരു വാദം. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിലെ പോരായ്മ മറികടക്കാന്‍ ഇത്തരം ലൊഡുക്കു ചിന്തകള്‍ കൊണ്ടൊന്നും കഴിയില്ല. നവജാത ശിശുവിന്റെ ആരോഗ്യം നിശ്ചയിക്കുന്നതില്‍ ഗര്‍ഭസ്ഥ കാലയളവില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന പോഷകാഹാരം, ജീവിതസൗകര്യം എന്നിവക്ക് വലിയ പങ്കുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് വരുന്ന വീഴ്ച മറച്ചുവെക്കാനുള്ള മാര്‍ഗം മാത്രമാണ് വിവാഹ പ്രായം ഉയര്‍ത്തല്‍.
ഇതിനെല്ലാം അപ്പുറത്ത് വിവാഹ പ്രായം ഉയര്‍ത്തലുമായി ബന്ധപ്പെട്ട് കേന്ദ്രം മുന്നില്‍വെക്കുന്ന രഹസ്യ അജണ്ടയുണ്ട്. അത് ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ടതാണ്. നേരത്തെ പ്രത്യുത്പാദനശേഷി കൈവരിക്കുന്നതും നേരത്തെതന്നെ പ്രത്യുത്പാദനശേഷി നഷ്ടപ്പെടുന്നതുമാണ് സ്ത്രീകളുടെ ശാരീരിക പ്രകൃതി. വിവാഹ പ്രായം വൈകുന്തോറും അമ്മമാരാകാനുള്ള സാധ്യത കുറഞ്ഞു വരികയോ ഒന്നോ രണ്ടോ കുട്ടികളില്‍ കുടുംബത്തിന്റെ അംഗബലം നിയന്ത്രിക്കാന്‍ നിര്‍ബന്ധിതരാക്കപ്പെടുകയോ ചെയ്‌തേക്കാം. ഇത് ഒന്നോ രണ്ടോ തലമുറകള്‍ക്കപ്പുറം ജനസംഖ്യയില്‍ കാര്യമായ കുറവിന് വഴിവെച്ചേക്കാം. ഇത് സംഘ്പരിവാരം കൃത്യമായ ചില ലക്ഷ്യങ്ങളോടെ ഒളിച്ചുകടത്തുന്ന ഗൂഢ അജണ്ടയാണ്. കാരണം ഇത്തരം നടപടികള്‍ വഴി ഏറ്റവും കൂടുതല്‍ ജനസംഖ്യാ നിയന്ത്രണത്തിന് വിധേയരാകാന്‍ പോകുന്നത് മുസ്്‌ലിംകളോ താഴ്ന്ന ജാതിയില്‍ പെട്ട ഹിന്ദുക്കളോ ആയിരിക്കും എന്നതാണ് സംഘ്പരിവാരത്തിന്റെ കണക്കുകൂട്ടല്‍.
വിവാഹ പ്രായ ഭേദഗതി ബില്‍ അവതരിപ്പിച്ച രീതിയും പ്രതിപക്ഷ എതിര്‍പ്പിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. സാധാരണ ഗതിയില്‍ പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിഗണനയില്‍ വന്ന് ലിസ്റ്റുചെയ്താണ് ഒരു ബില്‍ സഭയുടെ മേശപ്പുറത്ത് വെക്കുന്നത്. എന്നാല്‍ സപ്ലിമെന്ററി നടപടിയായാണ് വിവാഹ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഇത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്നാണ് പ്രതിപക്ഷ ആരോപണം.

4 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x