8 Tuesday
July 2025
2025 July 8
1447 Mouharrem 12

വിവാഹമാണ് കണ്‍സെന്റ്‌

സുഫ്‌യാന്‍


ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തില്‍ സിനിമാ നടന്‍ വിനായകന്‍ പറഞ്ഞ ചില അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയകളിലും മറ്റും ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമായി. ലൈംഗിക ആസ്വാദനം നേടാന്‍ വേണ്ടി ഒരു സ്ത്രീയോട് സെക്‌സ് ചോദിക്കുന്നത് കണ്‍സെന്റ് തേടുന്നതാണെന്നും അങ്ങനെ ചോദിക്കുന്നത് കൊണ്ട് മാത്രമേ കിട്ടൂവെന്നും അത് പീഡനമോ ബലാല്‍ക്കാരമോ അല്ല എന്നുമാണ് വിനായകന്റെ പക്ഷം. സ്വാഭാവികമായും ലിബറലുകള്‍ മുന്നോട്ട് വെക്കുന്ന കണ്‍സെന്റ് എന്ന ആശയത്തിന്റെ പ്രശ്‌നമാണ് ഇവിടെ ചര്‍ച്ചയാകുന്നത്.
കണ്‍സെന്റ്
സമ്മതം, അനുവാദം എന്നൊക്കെയാണ് കണ്‍സെന്റ് കൊണ്ടുദ്ദേശിക്കുന്നത്. അതിന്റെ വാക്കര്‍ഥവും അതുതന്നെ. ലിബറല്‍ മൊറാലിറ്റിയുടെ അടിസ്ഥാന ആശയങ്ങളിലൊന്നായ ഹാം പ്രിന്‍സിപ്പിള്‍ അഥവാ നിരുപദ്രവ തത്വത്തിന്റെ ഭാഗമാണിത്. മറ്റൊരാളുടെ കണ്‍സെന്റ് ഉണ്ടെങ്കില്‍ അയാളുമായി ബന്ധപ്പെട്ട് ഏത് വിധേനയും ആസ്വാദനം സാധ്യമാക്കാം എന്നാണ് ലിബറലുകള്‍ കരുതുന്നത്. എന്നാല്‍, ഇതേ കണ്‍സെന്റ് എന്ന ആശയത്തെ വിനായകന്‍ വിശദീകരിച്ചപ്പോള്‍ അതിനെതിരെ കലാപമുണ്ടാക്കുകയാണ് ഇപ്പോള്‍ ലിബറലുകള്‍ ചെയ്യുന്നത്.
കണ്‍സെന്റ് ചോദിക്കുന്നതിന് സന്ദര്‍ഭം ഉണ്ടെന്നും പൊതു ഇടങ്ങളില്‍ ഏതെങ്കിലും കാര്യത്തിന് വേണ്ടി നില്‍ക്കുമ്പോള്‍ ഒരു പരിചയമോ ആമുഖമോ ഇല്ലാതെ ചോദിക്കുന്നത് ഹിംസയാണെന്നും ലിബറലുകള്‍ പറയുന്നു. കണ്‍സെന്റിന് മുമ്പും ശേഷവും നൂറ് കൂട്ടം കാര്യങ്ങളും നിബന്ധനകളും ഉണ്ടെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വിശദീകരണം. കണ്‍സെന്റിന് മുമ്പുള്ള കാര്യങ്ങളും ശേഷമുള്ള നിബന്ധനകളും ഏതെല്ലാമാണെന്ന് എങ്ങനെ നിജപ്പെടുത്തും? ലിബറലുകളുടെ ഭാഷയിലെ കണ്‍സെന്റ് കുഴപ്പം പിടിച്ച ഒരു സംഗതിയാണ്. ഒരിക്കല്‍ കണ്‍സെന്റ് ലഭിക്കുകയും അതനുസരിച്ച് ലൈംഗികാസ്വാദനം നടക്കുകയും ചെയ്തു എന്ന് കരുതുക. പിന്നീട്, അതേ വ്യക്തി മറ്റ് പലരോടും സമാനമായി കണ്‍സെന്റ് വാങ്ങുന്നു എന്നറിയുമ്പോള്‍, നേരത്തെയുണ്ടായിരുന്ന റിലേഷന്‍ഷിപ്പിലെ കണ്‍സെന്റ് പിന്‍വലിക്കുന്നതായും ചില ഘട്ടങ്ങളില്‍ അന്ന് കണ്‍സെന്റ് നല്‍കുകയേ ചെയ്തിട്ടില്ല എന്ന വാദത്തിലേക്ക് പോവുന്നതായും ഇവിടെ കാണുന്നുണ്ട്. ലിബറല്‍ ഇടങ്ങളിലെ ചില തുറന്നു പറച്ചിലുകളില്‍ നിന്ന് നമുക്കിത് മനസ്സിലാക്കാവുന്നതാണ്. മാത്രമല്ല, ഈ കണ്‍സെന്റ് ചോദിക്കലും അതുവഴിയുള്ള ശാരീരികാസ്വാദനം നേടലും പലപ്പോഴും ലിബറല്‍ പുരുഷന്മാരുടെ മാത്രം വിശേഷാധികാരമായാണ് നിലനില്‍ക്കുന്നത്. അതായത്, ലിബറലിസം പറയുന്ന ലൈംഗിക സ്വാതന്ത്ര്യത്തിന്റെ ഗുണഭോക്താവ് പുരുഷന്‍ മാത്രമാകുന്ന സ്ഥിതി വിശേഷമാണുള്ളത്.
ഇസ്ലാമിക വിധി പ്രകാരം നികാഹിലൂടെയുള്ള ലൈംഗികബന്ധം മാത്രമേ സാധുവാകുകയുള്ളൂ. ഇസ്ലാം ആണിനും പെണ്ണിനും ഇടയില്‍ ഉണ്ടാക്കുന്ന കണ്‍സെന്റാണ് നികാഹ്. വലിയ്യ്, സാക്ഷികള്‍, ഈജാബ്, ഖുബൂല്‍ തുടങ്ങിയവ ആ കണ്‍സെന്റിന്റെ ഭാഗമാണ്. ഒരു പെണ്ണിനെ കാണുമ്പോള്‍ തന്നെ നേരിട്ട് പോയി ചോദിക്കുന്നതല്ല അതിന്റെ രീതി. നികാഹിന് ശേഷം പരസ്പരം പുലര്‍ത്തേണ്ട കടമകളും ബാധ്യതകളും വേറെയുമുണ്ട്. ലിബറലുകള്‍ പറയുന്ന പോലെ കണ്‍സെന്റിന് മുമ്പും ശേഷവും നൂറ് കൂട്ടം കാര്യങ്ങളുണ്ടെങ്കില്‍, അതൊന്നും എവിടെയും വിശദീകരിച്ചിട്ടില്ല എന്നിരിക്കെ, കൃത്യമായ നിയമനിര്‍ദേശങ്ങളുള്ള വിവാഹം തന്നെയല്ലേ എല്ലാകാലത്തും വേണ്ടത്?

Back to Top