11 Saturday
May 2024
2024 May 11
1445 Dhoul-Qida 3

വിവാഹാഘോഷവും ലാളിത്യവും

എ ജമീല ടീച്ചര്‍


ജീവികള്‍ക്കെല്ലാം പ്രകൃതിദത്തമായി സ്രഷ്ടാവ് നല്‍കിയ വരദാനമാണ് ലൈംഗികതൃഷ്ണയും പ്രജനനശേഷിയും. മനുഷ്യനൊഴികെ മറ്റ് ജീവികളില്‍ ഇത് ഇണചേരലില്‍ അവസാനിക്കുന്നു. മനുഷ്യന്‍ തന്റെ ഇണയെ സ്വന്തമാക്കുകയും അവളോടൊത്ത് ജീവിതം പങ്കുവെക്കുകയും ചെയ്യുന്നു. ഈ സ്വന്തമാക്കലിനെ വിവാഹം എന്നു വിളിക്കുന്നു. ഇതിനുശേഷം മാത്രമേ മനുഷ്യന്‍ ഇണയുമായി സംസര്‍ഗം നടത്തുന്നുള്ളൂ. വിവാഹം എന്ന ഈ വ്യവസ്ഥാപിതമായ ചടങ്ങ് എല്ലാ മതങ്ങളിലും ജാതികളിലുമുണ്ട്. വിവിധ രൂപത്തിലും സ്വഭാവത്തിലുമായി വൈവിധ്യത്തോടെ ആ ചടങ്ങ് മനുഷ്യരില്‍ നിലനിന്നുവരുന്നുണ്ട്.
ഇസ്‌ലാമില്‍ വിവാഹത്തിന് അതിന്റേതായ ചില നിയമങ്ങളും ചിട്ടകളുമെല്ലാമുണ്ട്. അതില്‍ പ്രധാനമാണ് ദമ്പതിമാരാകാന്‍ പോകുന്നവര്‍ക്ക് അതിനു നേരത്തെ സമ്മതമുണ്ടായിരിക്കുക എന്നത്. വിശുദ്ധ ഖുര്‍ആന്‍ സൂറത്തുല്‍ ബഖറ 232-ാം സൂക്തത്തില്‍ പറയുന്നു: ”അവര്‍ (സ്ത്രീയും പുരുഷനും) പരസ്പരം മാന്യമായ നിലയ്ക്ക് തൃപ്തിപ്പെട്ടാല്‍ അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ സ്വീകരിക്കുന്നതിന് നിങ്ങള്‍ (രക്ഷാധികാരികള്‍) തടസ്സം നില്‍ക്കരുത്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരോടാണ് ഇപ്രകാരം ഉപദേശിക്കുന്നത്. നിങ്ങള്‍ക്ക് ഏറ്റവും ഉത്തമവും സംശുദ്ധമായതും ഇതുതന്നെയാണ്. അല്ലാഹു അതിലുള്ള തത്വം അറിയും, നിങ്ങള്‍ അറിയുന്നില്ല.” മഅ്ഖല്‍(റ) എന്ന വ്യക്തി തന്റെ സഹോദരിയെ വിവാഹം ചെയ്തുകൊടുക്കാന്‍ തടസ്സം നില്‍ക്കുകയുണ്ടായി. ഈ സന്ദര്‍ഭത്തിലാണ് ഈ സൂക്തം അവതരിച്ചത് (മുസ്‌ലിം).
ധാരാളം മഹത്തായ തത്വങ്ങള്‍ ഈ ആയത്തിന്റെ സാരാംശത്തില്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ട്. സ്ത്രീ തൃപ്തിപ്പെട്ട പുരുഷന് വിവാഹം ചെയ്തുകൊടുക്കാതെ അവളെ പ്രലോഭിപ്പിച്ച് മറ്റൊരു പുരുഷനു വിവാഹം ചെയ്തുകൊടുത്തിട്ട് ആ വിവാഹം പരാജയപ്പെട്ടാല്‍ സ്വന്തം പുത്രിയുടെ പ്രാര്‍ഥന രക്ഷിതാവിന് എതിരായി സംഭവിക്കുന്നതാണ്. എന്നാല്‍ മകള്‍ തൃപ്തിപ്പെട്ട ഭര്‍ത്താവിന് വിവാഹം ചെയ്തുകൊടുത്താല്‍ അത് വിജയമാണെങ്കിലും പരാജയമാണെങ്കിലും പിതാവിന് ഗുണകരമാണ്. തനിക്കെതിരായി മകള്‍ പ്രാര്‍ഥിക്കുകയില്ല. അതുകൊണ്ടാണ് ആണും പെണ്ണും ഇഷ്ടപ്പെട്ടാല്‍ രക്ഷിതാവ് വിവാഹത്തിന് എതിരായി നില്‍ക്കരുതെന്ന് വിശുദ്ധ ഖുര്‍ആന്‍ നിര്‍ദേശിക്കാന്‍ കാരണം.
സ്ത്രീയുടെ അനുവാദം
സ്ത്രീയുടെ അനുവാദമില്ലാതെ രക്ഷിതാവ് അവളെ വിവാഹം ചെയ്തുകൊടുക്കാന്‍ പാടില്ല. അത്തരം വിവാഹം ദുര്‍ബലപ്പെടുത്തുവാന്‍ വരെ ഇസ്‌ലാം ഖാദിക്കും സ്ത്രീക്കും അവകാശം നല്‍കുന്നു. നബി(സ) പറഞ്ഞു: ”വിവാഹിതയെ പുനര്‍വിവാഹം ചെയ്യുവാന്‍ അവളുടെ നിര്‍ദേശം ലഭിച്ചിരിക്കണം. കന്യക അവളോട് അനുവാദം ചോദിച്ചിട്ടല്ലാതെ വിവാഹം ചെയ്യപ്പെടാന്‍ പാടില്ല. അപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു: എങ്ങനെയാണ് പ്രവാചകരേ അവളുടെ സമ്മതം? നബി(സ) പറഞ്ഞു: അവള്‍ മൗനം പാലിക്കുക” (ബുഖാരി, മുസ്‌ലിം).
ഈ മനപ്പൊരുത്തം ഉണ്ടായിരിക്കേണ്ടത് കേവലം സൗന്ദര്യത്തിന്റെ പേരിലോ കുടുംബമഹിമയുടെ പേരിലോ ഒന്നുമായിരിക്കാന്‍ പാടില്ല. മറിച്ച്, മതബോധത്തിന്റെ പേരിലായിരിക്കണം. അതാണ് നബി(സ) പഠിപ്പിക്കുന്നത്: ”സ്ത്രീകള്‍ നാല് കാര്യങ്ങളില്‍ വിവാഹം ചെയ്യപ്പെടാറുണ്ട്. സ്വത്തിന്റെ പേരില്‍, സൗന്ദര്യത്തിന്റെ പേരില്‍, കുടുംബമഹിമയുടെ പേരില്‍, ദീനിന്റെ പേരില്‍. ദീനിന്റെ പേരില്‍ നിങ്ങള്‍ വിവാഹം ചെയ്യുക, നിങ്ങള്‍ മണ്ണ് തിന്നേണ്ടിവന്നാലും ശരി” (ബുഖാരി, മുസ്‌ലിം).
ധാര്‍മികബോധവും മാനസികമായ ഐക്യവുമാണ് ഇസ്‌ലാം വിവാഹത്തിലെ യോജിപ്പായി ദര്‍ശിക്കുന്നത്. പരസ്പര വിശ്വാസവും ആത്മാര്‍ഥമായ സ്‌നേഹവും കുടുംബജീവിതത്തിന്റെ അടിത്തറയായും ഇസ്‌ലാം കാണുന്നു. വിശുദ്ധ ഖുര്‍ആന്‍ 25-ാം അധ്യായത്തിലെ 54-ാം സൂക്തത്തില്‍ പറയുന്നു: ”ജലത്തില്‍ നിന്നു മനുഷ്യനെ സൃഷ്ടിച്ചവനത്രേ അവന്‍. എന്നിട്ടവന്‍ രക്തബന്ധവും വിവാഹബന്ധവും ഉണ്ടാക്കി.” ഇസ്‌ലാമില്‍ വിവാഹമെന്നത് സ്ത്രീക്ക് ഒരു ബന്ധനമല്ല. അതിനു മുമ്പുണ്ടായിരുന്ന സകലമാന ബന്ധനങ്ങളില്‍ നിന്നുമുള്ള ഒരു മോചനമാണത്. വിശുദ്ധ ഖുര്‍ആന്‍ 4-ാം അധ്യായത്തിലെ 19-ാം സൂക്തത്തില്‍ പറയുന്നു: ”അല്ലയോ സത്യവിശ്വാസികളേ, സ്ത്രീകളെ ബലാല്‍ക്കാരം അനന്തരമെടുക്കുന്നത് നിങ്ങള്‍ക്ക് അനുവദനീയമല്ല. നിങ്ങള്‍ നല്‍കിയ വിവാഹമൂല്യത്തില്‍ നിന്ന് ഒരു ഭാഗം തട്ടിയെടുക്കേണ്ടതിനു വേണ്ടി അവരെ ഞെരുക്കുന്നതും അനുവദനീയമല്ല.”
അബൂഖൈസുബ്‌നു അസ്‌ലത്ത് എന്ന അന്‍സാരി സ്വഹാബി മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ കുബൈശ എന്ന അന്‍സാരി വനിത ജീവിച്ചിരിപ്പുണ്ടായിരുന്നു. അബൂഖൈസിന് മറ്റൊരു ഭാര്യയില്‍ പിറന്ന ഫിസിന്‍ എന്ന പുത്രന്‍ തന്റെ വസ്ത്രം കുബൈശയുടെ മേല്‍ ഇട്ടു. അങ്ങനെ അയാള്‍ അവളെ അനന്തരാവകാശമായി എടുത്തു. പിന്നീട് അവരെ ഉപേക്ഷിച്ചു. അയാള്‍ അവരെ കൂടെ പാര്‍പ്പിക്കുകയോ ചെലവിന് കൊടുക്കുകയോ ചെയ്തില്ല. ഖുബൈശ റസൂല്‍ തിരുമേനിയുടെ അടുക്കല്‍ ചെന്ന് പരാതി ബോധിപ്പിച്ചു. തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട് മേല്‍ പറഞ്ഞ ആയത്ത് അവതരിച്ചു. അതോടെ സ്ത്രീ ദായധനമായി ഭാഗിച്ചെടുക്കാവുന്നതോ ക്രയവിക്രയം ചെയ്യാവുന്നതോ ആയ ഉപഭോഗവസ്തുവാണെന്ന ജാഹിലീ സങ്കല്‍പം ഇല്ലാതായി. ഒരു സ്ത്രീയെ അവളുടെ ഇഷ്ടം മാനിക്കാതെ യാതൊരു പുരുഷനും ഭാര്യയായോ അല്ലാതെയോ അധീനപ്പെടുത്താന്‍ അവകാശമില്ല എന്ന് അനുശാസിച്ചതുവഴി ഈ സൂക്തം സ്ത്രീയുടെ സ്വതന്ത്രവ്യക്തിത്വം സ്ഥിരപ്പെടുത്തി. സ്ത്രീക്കും പുരുഷനും സംശുദ്ധമായ ജീവിതം നയിക്കാന്‍ അവസരമുണ്ടാക്കുക എന്നതാണ് ഇസ്‌ലാമില്‍ വിവാഹത്തിന്റെ ലക്ഷ്യം. തലമുറകളെ സംരക്ഷിക്കേണ്ടതും ഭാര്യാഭര്‍ത്താക്കന്മാരുടെ കടമയാണ്. സന്യാസജീവിതം ഒരിക്കലും ഇസ്‌ലാമിലില്ല.
മഹ്ര്‍ എന്ന വിവാഹമൂല്യം
വിവാഹസമയത്ത് പുരുഷന്‍ സ്ത്രീക്ക് നല്‍കേണ്ട സമ്മാനമാണ് മഹ്ര്‍. സ്വദുഖാത്ത് എന്ന പേരിലാണ് ഖുര്‍ആനില്‍ ഇത് അറിയപ്പെടുന്നത്. സത്യപ്പെടുത്തുന്നത്, യാഥാര്‍ഥ്യമാക്കുന്നത് എന്നൊക്കെയാണ് ഈ വാക്കിന്റെ അര്‍ഥം. മഹ്ര്‍ ഇല്ലാത്ത യാതൊരു വിവാഹവും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഖുര്‍ആന്‍ പറയുന്നു: ”അവര്‍ക്കുള്ള വിവാഹമൂല്യം ഒരു ബാധ്യത എന്ന നിലയില്‍ നിങ്ങള്‍ നല്‍കേണ്ടതാണ്” (4:24). വിവാഹമൂല്യമാണ് വിവാഹത്തെ സാധുവാക്കുന്നത്. ”അവരുടെ വിവാഹമൂല്യം (മഹ്ര്‍) നിങ്ങള്‍ അവര്‍ക്ക് നല്‍കിയാല്‍ അവരെ വിവാഹം ചെയ്യുന്നതിന് നിങ്ങള്‍ക്ക് വിരോധമില്ല” (60:10). മഹ്ര്‍ സ്ത്രീയുടെ അവകാശമാണ്. അത് അനുഭവിക്കേണ്ടതും അവളാണ്. വിവാഹജീവിതം പരാജയപ്പെടുകയാണെങ്കിലും മഹ്ര്‍ തിരികെ വാങ്ങാന്‍ പുരുഷന് അവകാശമില്ല.
വിവാഹസദ്യ
വിവാഹത്തോടനുബന്ധിച്ച് സദ്യ നല്‍കാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നുണ്ട്. വലീമത്ത് എന്ന പേരിലാണ് അത് അറിയപ്പെടുന്നത്. വിശുദ്ധ ഖുര്‍ആനില്‍ വിവാഹസദ്യയെക്കുറിച്ച് സൂചന കാണാം: ”അല്ലയോ പ്രവാചകരേ, പ്രവാചക ഭവനങ്ങളില്‍ നിങ്ങള്‍ ഭക്ഷണത്തിനായി ക്ഷണിച്ചാലൊഴികെ നിങ്ങള്‍ പ്രവേശിക്കരുത്. ഭക്ഷണം പാകമാകുന്നതു കാത്തിരിക്കുന്നവരല്ലാത്ത നിലയില്‍ (നിങ്ങള്‍ക്ക് പ്രവേശിക്കാം). നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ പ്രവേശിക്കട്ടെ. എന്നാല്‍ നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞുപോവുകയും ചെയ്യുക” (33:53).
നബി(സ)യുടെ ഒരു വിവാഹസദ്യയോടനുബന്ധിച്ചാണ് ഈ സൂക്തങ്ങള്‍ അവതരിച്ചത്. വിശപ്പടക്കാന്‍ വല്ലതും ലഭിക്കുമെന്നു കരുതി പ്രവാചകന്റെ(സ) വീട്ടില്‍ കടന്നുചെല്ലുന്നവരുണ്ടായിരുന്നു. അവിടെ വല്ലതും ഭക്ഷണമായി ലഭിക്കുകയും ചെയ്യും. വിശേഷ ദിവസങ്ങളില്‍ നബി(സ) ശിഷ്യന്മാരെ ക്ഷണിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യാറുണ്ടായിരുന്നു. അപ്പോഴെല്ലാം അതിഥികള്‍ പാലിക്കേണ്ട മര്യാദകള്‍ പഠിപ്പിക്കുകയാണിവിടെ. ബുദ്ധിപരമായ മാനം ഇതാണ്: പ്രവാചക പത്‌നിമാര്‍ സമുദായത്തിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും സന്മാര്‍ഗദര്‍ശകരും അധ്യാപകരുമാണ്. ആ പദവിയില്‍ അല്ലാഹു നിശ്ചയിച്ചതാണവരെ. സമൂഹത്തിലെ സ്ത്രീകളും പുരുഷന്മാരും അവരെ മാതൃപദവിയില്‍ കാണുക എന്നതാണ് അതിന്റെ താല്‍പര്യം. എങ്കിലേ അവരുടെ ദൗത്യം ഭംഗിയായി നിറവേറ്റാനാകൂ. വിവാഹസദ്യയിലും മറ്റും ഉണ്ടായിരിക്കേണ്ട മര്യാദകളാണ് ഇവിടെ പഠിപ്പിക്കുന്നത്. അതോടൊപ്പം വിവാഹസദ്യ നടക്കുകയും വേണം.
”ഒരു ആടിനെ അറുത്തിട്ടെങ്കിലും നീ വിവാഹസദ്യ നല്‍കുക” എന്ന് തിരുമേനി(സ) പറഞ്ഞതായി ഇമാം ബുഖാരി ഉദ്ധരിക്കുന്നുണ്ട്. ബുറൈദ(റ) നിവേദനം: ”അലി(റ) ഫാത്വിമ(റ)യെ വിവാഹാലോചന നടത്തിയപ്പോള്‍ നബി(സ) പറഞ്ഞു: വിവാഹത്തിന് വിവാഹസദ്യ അനിവാര്യമാണ്, തീര്‍ച്ച” (അഹ്മദ്).
മുസ്‌ലിം പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ ഏകാഭിപ്രായക്കാരല്ല. ഒന്നും രണ്ടും ദിവസം വിവാഹസദ്യ നല്‍കാം. മൂന്നാം ദിവസം നല്‍കല്‍ കറാഹത്താണെന്ന അഭിപ്രായമാണ് ഇമാം ശാഫിക്കുള്ളത്. എന്നാല്‍ പ്രസിദ്ധ പണ്ഡിതരായ ഇമാം മാലികും ഇമാം ബുഖാരിയും മറ്റും പറയുന്നത് ഏഴ് ദിവസം വിവാഹസദ്യ നടത്താമെന്നാണ്. നബി(സ) വിവാഹസദ്യക്ക് പരിധി നിശ്ചയിച്ചിട്ടില്ല എന്നും അവര്‍ പറയുന്നു.
വിവാഹസദ്യക്ക് വിളിച്ചാല്‍ ഉത്തരം നല്‍കല്‍ നിര്‍ബന്ധമാണ് എന്നതാണ് ഇമാം ബുഖാരിയുടെ അഭിപ്രായം. വരന്റെ കഴിവനുസരിച്ചാണ് വിവാഹസദ്യ നല്‍കേണ്ടത്. ആടിനെ അറുത്തെങ്കിലും വിവാഹസദ്യ നല്‍കുക എന്ന ഹദീസിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇബ്‌നു ഹജര്‍(റ) എഴുതുന്നു: ”നബി(സ)യുടെ ശൈലിയില്‍ നിന്ന് ലഭിക്കാവുന്ന കാര്യം കഴിവുള്ളവനോട് വിവാഹസദ്യ വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നു എന്നുള്ളതാണ്” (ഫത്ഹുല്‍ബാരി).
എന്നുവെച്ച് അനാവശ്യമായ ആര്‍ഭാടങ്ങളും ധൂര്‍ത്തുകളും പാടില്ല. അതോടൊപ്പം വിവാഹസദ്യ ലളിതവത്കരിച്ച് അര ഗ്ലാസ് പായസത്തില്‍ ഒതുക്കുന്നതിനും ഇസ്‌ലാമില്‍ തെളിവില്ല. അനസ്(റ) നിവേദനം: ”നബി(സ) അവിടത്തെ ഭാര്യ സൈനബിനെ വിവാഹം ചെയ്തപ്പോള്‍ മാംസവും റൊട്ടിയുമാണ് വിവാഹസദ്യ നടത്തിയത്” (ബുഖാരി). നബി(സ) സ്വഫിയ(റ)യെ വിവാഹം ചെയ്തപ്പോള്‍ ഒരു തരം ഹല്‍വ കൊണ്ടാണ് വിവാഹസദ്യ നല്‍കിയത് (ബുഖാരി).
ദൂരെ നിന്ന് വരെ ആളുകളെ ക്ഷണിച്ചുവരുത്തി അവര്‍ക്കു വിശപ്പടക്കാനുള്ള ഭക്ഷണം നല്‍കാതെ തിരികെ വിടുന്ന ലാളിത്യം വിവാഹസദ്യയുടെ വിഷയത്തില്‍ ഇസ്‌ലാമിക ചരിത്രത്തില്‍ എവിടെയും കാണില്ല. സാമ്പത്തികമായി കഴിവുള്ളവര്‍ക്ക് അവരുടെ കഴിവനുസരിച്ചും ഇല്ലാത്തവന് അവന്റെ പരിധിയനുസരിച്ചുമാണ് വിവാഹസദ്യ നല്‍കേണ്ടത്. അതേസമയം, ഇന്നത്തെപ്പോലെ വിവാഹാഘോഷം മൂന്നും നാലും ദിവസങ്ങളിലായി ആഗോളവത്കരിക്കുന്നതും ശരിയല്ല. മഞ്ഞള്‍ കല്യാണം, മെഹന്തി കല്യാണം, മൈലാഞ്ചി കല്യാണം എന്നിങ്ങനെ ഈ ആഘോഷപ്പൂരങ്ങള്‍ക്ക് പേരു വിളിക്കുന്നുമുണ്ട്. പാട്ടും കൂത്തും ഡാന്‍സും ഒപ്പനയുമെല്ലാം എല്ലാറ്റിനും അകമ്പടിയായിട്ടുണ്ടാവും താനും. ഇവിടെയെല്ലാം അല്ലാഹുവിനെ സൂക്ഷിക്കുക എന്നതല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. അല്ലാഹുവില്‍ നിന്നു മറച്ചുവെക്കാന്‍ ആര്‍ക്കുമാവില്ലല്ലോ.

4 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x