3 Tuesday
December 2024
2024 December 3
1446 Joumada II 1

വിവാഹപ്രായം മതപ്രമാണങ്ങള്‍ എന്ത് പറയുന്നു?

അബ്ദുല്‍അലി മദനി


വിവാഹമെന്നാല്‍ എന്താണ്, എന്തിനു വേണ്ടിയാണ്? വിവാഹം നടന്നാലും നടന്നില്ലെങ്കിലും ഉണ്ടായേക്കാവുന്ന നേട്ടകോട്ടങ്ങള്‍ എന്തെല്ലാമാണ്? ആരൊക്കെ തമ്മിലാണ് വിവാഹിതരാവാന്‍ പാടുള്ളത്? വിവാഹിതരായി ജീവിക്കുന്നവര്‍ക്കിടയിലും അവിവാഹിതരിലും പ്രകടമായ അനുഭവ പാഠങ്ങള്‍ എന്തെല്ലാമാണ്? വിവാഹവുമായി ബന്ധപ്പെട്ട ഏതെല്ലാം രംഗങ്ങളിലാണ് ഭരണകൂടത്തിന്റെ ഇടപെടലുകള്‍ക്ക് പരിധിയും അധികാരവുമുള്ളത്? എന്നിങ്ങനെയുള്ള ഒട്ടനവധി അടിസ്ഥാനപരവും മൗലികവുമായ ചോദ്യങ്ങള്‍ക്ക് സമൂഹം അഥവാ മാനവരാശി ഉത്തരം കാണേണ്ടതുണ്ട്.
മനുഷ്യ നാഗരികതയും സംസ്‌കാരങ്ങളും അവയുടെ വിജയപരാജയങ്ങളും മനുഷ്യ വംശപരമ്പരയുടെ ജീവിതാനുഭവങ്ങളും മനുഷ്യത്വപരമായി സമീപിക്കുമ്പോള്‍ സമുന്നതമായി വേറിട്ടുനില്ക്കുന്ന ദാര്‍ശനിക കാഴ്ചപ്പാട് ഇസ്‌ലാമിക തത്വസംഹിതകളിലാണ് കൂടുതല്‍ മികവുറ്റതായി കാണുന്നത്. കാരണം ദൈവിക മതമായ ഇസ്‌ലാം മേല്‍ സൂചിപ്പിച്ച ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി മറുപടി നല്‍കുന്നുണ്ട്. അതുകൊണ്ട് ശബ്ദകോലാഹലങ്ങളും സംവാദങ്ങളും സങ്കീര്‍ണമായ ഭീതിപ്പെടുത്തലും ബുദ്ധിയും ഭാവനകളുമുള്ള മനുഷ്യരെ സംതൃപ്തമാക്കിക്കൊള്ളണമെന്നില്ല. എന്തായാലും ലോകം കാലത്തോടൊപ്പവും മനുഷ്യ പ്രകൃതിക്കൊപ്പവും ഒരിക്കല്‍ മടങ്ങി വരാതിരിക്കില്ല. അരാജകത്വവും മനുഷ്യത്വ രഹിതവുമായ അഴിഞ്ഞാട്ടവും നിയന്ത്രിക്കാനാവാതെ ജനജീവിതം ദുസ്സഹമാവുമ്പോള്‍ പ്രത്യേകിച്ചും!
പ്രപഞ്ചനാഥനായവന്‍ ആരാണോ, അവന്‍, തന്റെ സൃഷ്ടികള്‍ പ്രകൃതി നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ അവരുടെ ചെവിക്കുപിടിച്ച് യഥാര്‍ഥ വഴിയിലേക്ക് കൊണ്ടുവന്നുകൂടെന്നില്ല. അത്തരം അനുഭവങ്ങളുടെ ചരിത്രവും മനുഷ്യര്‍ വായിച്ചറിഞ്ഞിട്ടുണ്ട്. എന്നിട്ടും ധിക്കാരം തന്നെയെങ്കില്‍ കൊണ്ടാലറിയുമെന്നേ പറയാനാകൂ. ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പില്‍ കൂടുതല്‍ അംഗബലത്താല്‍ വിജയം വരിച്ചു എന്നത് പൗരന്മാരുടെ വിചാര വികാരങ്ങളെ മുഴുവനും തളച്ചിടാനുള്ള അനുമതിയായി കാണുന്നത് അല്പത്തമെന്നല്ലാതെ മറ്റെന്താണ്?
ഖുര്‍ആനും പ്രവാചകാധ്യാപനങ്ങളും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉദ്‌ഘോഷിക്കുന്ന അറിവുകള്‍ സുവിശേഷങ്ങളും മുന്നറിയിപ്പുകളുമായി കാണേണ്ടതാണ്. മനുഷ്യ പ്രകൃതിയുടെ മേല്‍ ഭരണകൂടങ്ങള്‍ കയ്യേറ്റം ചെയ്താല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ തന്നെയാണുണ്ടാവുക. ഫറോവ മൂസാനബി(അ)യോട് ചോദിച്ചു: ഹേ, മൂസാ, അപ്പോള്‍ ആരാണ് നിങ്ങളുടെ രണ്ടുപേരുടെയും രക്ഷിതാവ്? അദ്ദേഹം, മൂസാ(അ) പറഞ്ഞു. ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നല്‍കുകയും എന്നിട്ട് (അതിന്) വഴികാണിക്കുകയും ചെയ്തവനാരോ അവനാണ് ഞങ്ങളുടെ രക്ഷിതാവ്’ (വി.ഖു 20:49,50).
ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു സംവിധാനിച്ചവന്‍ സൃഷ്ടികള്‍ക്കോരോന്നിനും ആകൃതിയും പ്രകൃതിയും നിശ്ചയിച്ചിട്ടുണ്ട്. അതൊന്നും മാറ്റി നിര്‍ണയിക്കാന്‍ ആരാലും സാധ്യമാവില്ല. അങ്ങനെയാരെങ്കിലും ചെയ്താലോ അതിന്റെ പര്യവസാനം അശുഭകരവുമായിരിക്കും, തീര്‍ച്ച. ഈയൊരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വിവാഹപ്രായപരിധി നിര്‍ണയവും ഭരണകൂടങ്ങളുടെ ധിക്കാരവും നാം വിലയിരുത്തേണ്ടതുണ്ട്. ഇസ്‌ലാമികാധ്യാപനങ്ങളുടെ വെളിച്ചത്തില്‍ നമുക്കിങ്ങനെ സംഗ്രഹിക്കാം.
വിവാഹമെന്നത് മനുഷ്യ പ്രകൃതിയുടെ തേട്ടവും പരിഹാരവുമാണ്. ഒന്നുകൂടി വിശദമാക്കിയാല്‍ ആഹാരം കഴിക്കുക, മലമൂത്ര വിസര്‍ജനം നടത്തുക, പ്രത്യുല്‍പാദനം നിര്‍വഹിക്കുക, ശത്രുവെ പ്രതിരോധിക്കുക എന്നിത്യാദി കാര്യങ്ങള്‍ അടിസ്ഥാനപരമായി ജീവികള്‍ക്കെല്ലാം അത്യാവശ്യമാണല്ലോ. എന്നാല്‍ മനുഷ്യനും മനുഷ്യരല്ലാത്ത ജീവികളും ഇവിടെ സവിശേഷമായ വ്യതിരിക്തത കാത്തുസൂക്ഷിക്കുവാനാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. കണ്‍മുന്നില്‍ കാണപ്പെടുന്ന ഭക്ഷ്യവിഭവങ്ങളെല്ലാം എടുത്ത് ഭക്ഷിക്കാനോ തോന്നിയേടത്തൊക്കെ യാതൊരു മറയും കൂടാതെ വിസര്‍ജിക്കാനോ നിശ്ചയങ്ങളും നിയന്ത്രണങ്ങളുമില്ലാതെ സന്താനോല്പാദനം നടത്തുവാനോ ആലോചനകളും സജ്ജീകരണങ്ങളുമില്ലാതെ പ്രതിരോധ പ്രവൃത്തികളില്‍ ഏര്‍പ്പെടാനോ മനുഷ്യനാണെങ്കില്‍ പാടില്ലെന്ന് മനുഷ്യരെ വിവരമറിയിച്ചിട്ടുണ്ട്. അഥവാ, ആരാണോ പ്രപഞ്ചനാഥന്‍ അവന്‍ തന്നെ ഇങ്ങനെയൊരു ബോധവും സൃഷ്ടികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഈയൊരു യാഥാര്‍ഥ്യത്തിന്റെ പൂര്‍ത്തീകരണം മനുഷ്യരല്ലാത്ത ജീവികള്‍ യഥാവിധി നിര്‍വഹിക്കുമ്പോള്‍ മനുഷ്യന്‍ മാത്രം വിഘ്‌നം വരുത്തുന്നുവെന്നത് പ്രാപഞ്ചിക വ്യവസ്ഥകളെ തന്നെ അട്ടിമറിക്കും വിധമായിത്തീരുന്നുവെന്നതാണ്.
ഇവിടെ ജനിച്ചു വളര്‍ന്ന മനുഷ്യന്‍ ഇനിയും പിറക്കാനിരിക്കുന്ന മനുഷ്യരുടെ വരവ് അനുഭവിച്ചാലുണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്താനെന്നോണം ഉണ്ടാക്കിയെടുത്ത നിയമമാണ് കുടുംബാസൂത്രണമെന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാലെന്ത് സംഭവിച്ചു? മാനവരാശിക്കെതിരിലും മനുഷ്യ പ്രകൃതിക്കെതിരിലുമുള്ള ഈയൊരു സംവിധാനം തനി പ്രകൃതി വിരുദ്ധമായി മനുഷ്യര്‍ പുച്ഛിച്ചു പരിഹസിച്ചു തള്ളിയെന്നല്ലാതെ, കോടിക്കണക്കില്‍ സമ്പത്ത് തുലച്ചുകളഞ്ഞുവെന്നല്ലാതെ മറ്റെന്താണുണ്ടായത്? അതേയവസ്ഥ തന്നെയാണ് വിവാഹിതരാവേണ്ടവരുടെ മേല്‍ നിയന്ത്രണമേര്‍പ്പാടാക്കിയാലും സംഭവിക്കുക. അതായത് വ്യഭിചാരവും ജാരസന്താനങ്ങളും ഗര്‍ഭഛിദ്രവും കൊലപാതകങ്ങളും മനുഷ്യജന്മങ്ങളെ തടയലുമെല്ലാം വര്‍ധിക്കുക വഴി മനുഷ്യവംശ പരമ്പര തന്നെ ഭീകരമായ ഒരവസ്ഥയിലേക്ക് കൂപ്പുകുത്തുമെന്നതാണ് ഇതുവഴി സംഭവിക്കുക.
പ്രപഞ്ചനാഥന്‍ ഓരോ ജീവിക്കും ആവശ്യമായ വിഭവങ്ങള്‍ ഇവിടെ സംവിധാനിച്ചിട്ടുണ്ടെന്ന് അറിയിച്ചിരിക്കെ, അവയുടെ വികാര വിചാര ദാഹമോഹങ്ങള്‍ തീര്‍ക്കാന്‍ നിയമവിധേയമായിത്തന്നെ സംവിധാനമേര്‍പ്പാടാക്കിയിട്ടുണ്ടെന്നിരിക്കെ, ഇതിലൊക്കെയെന്തിനാണ് ഭരണകൂടങ്ങള്‍ ഇടപെടുന്നത്? അരാജകത്വങ്ങള്‍ സൃഷ്ടിക്കുന്നത്? ആലോചിക്കുക.
ശൈശവം, യൗവനം, വാര്‍ധക്യം എന്നീ ഘട്ടങ്ങളിലെല്ലാം മനുഷ്യശരീരത്തില്‍ അനിവാര്യമായുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ചുള്ള നിയമസംഹിതകളും ഇസ്‌ലാം അറിയിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയായി യൗവനത്തിലേക്ക് കടന്നാല്‍ വിവാഹത്തിലൂടെ കുടുംബ ജീവിതം സമാധാനപൂര്‍വം നിലനിര്‍ത്താനാണ് നിര്‍ദേശം. ഇത്തരമൊരു ഘട്ടത്തില്‍ ബ്രഹ്മചര്യമോ വനവാസമോ സന്യാസമോ ദൈവികമതം അനുശാസിക്കുന്നില്ല. സന്യാസമെന്നത് മനുഷ്യ പ്രകൃതിയല്ലാത്തതാണ്. പ്രായപൂര്‍ത്തിയെത്തിയാലും ഇല്ലെങ്കിലും സ്ത്രീയും പുരുഷനും സൃഷ്ടിപ്പില്‍ തന്നെ വ്യത്യാസങ്ങളുള്ളതു പോലെ തന്നെ കര്‍ത്തവ്യ നിര്‍വഹണത്തിലും ഉത്തരവാദിത്തങ്ങളിലും വേര്‍തിരിച്ചുളള നിയമനിര്‍ദേശങ്ങളുള്ളതായി കാണാം.
സ്ത്രീയെ വിവാഹം കഴിച്ചുകൊടുക്കുന്നതുവരെ അവളുടെ രക്ഷിതാവും തുടര്‍ന്ന് വിവാഹിതയായാല്‍ അവളുടെ ഭര്‍ത്താവുമാണ് അവളെ സംരക്ഷിക്കേണ്ടത്. സാമ്പത്തിക ചിലവുകളൊന്നും ഇസ്‌ലാം സ്ത്രീയുടെ മേല്‍ നിയമമാക്കുന്നില്ല. അതിനാല്‍ തന്നെ പുരുഷന്‍ പ്രായപൂര്‍ത്തിയായാല്‍ മാത്രം പോരാ, മറിച്ച് ‘റുശ്ദ്’ (തന്റേടം, കാര്യബോധം) വന്നു ചേരണമെന്നും ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ട്. ഖുര്‍ആനിലെ 4:6 ല്‍ അനാഥകളോടുള്ള സമീപനത്തെ വിവരിക്കുന്നേടത്ത് വിവാഹപ്രായമെത്തിയാലും കാര്യബോധം വേണമെന്ന് പറഞ്ഞത് പ്രത്യേകം സ്മരണീയമാണ്. അതിനാല്‍ പുരുഷന്റെ വിവാഹപ്രായം റുശ്ദ് വന്നുചേരലാണെന്ന് മനസ്സിലാക്കാം.
വിവാഹപ്രായമെത്തുകയും കാര്യബോധം വന്നുചേരുകയും ചെയ്താല്‍ പുരുഷന്‍ വിവാഹിതനാകണമെന്നും അത്തരക്കാരെ വേണ്ടപ്പെട്ടവര്‍ വിവാഹിതരാക്കണമെന്നും ഇസ്‌ലാം അനുശാസിക്കുന്നു. സുരക്ഷിതവും സമാധാനപൂരിതവുമായ മാനുഷിക ജീവിതം അര്‍ഥസമ്പന്നാകാന്‍ അതാണ് ഉത്തമമായത്. ഈയൊരു പ്രകൃതിപരമായ അത്യാവശ്യ നിര്‍വഹണത്തില്‍ സാമ്പത്തിക മഹിമയേക്കാളും ഭംഗിയേക്കാളും തറവാടിനേക്കാളും മതാധ്യാപനങ്ങള്‍ക്കും ധാര്‍മികതയ്ക്കും മുന്‍ഗണന നല്‍കാനാണ് മതനിര്‍ദേശം. ആദ്യം പറഞ്ഞ മൂന്നിനും അവസാനം പറഞ്ഞതിന്റെയത്ര തന്നെ നിലനില്‍ക്കാനാവില്ലെന്നതുകൊണ്ടാണത്. കെട്ടുറപ്പും സമാധാന അന്തരീക്ഷവും സ്‌നേഹസൗഹാര്‍ദാവസ്ഥയും മനുഷ്യത്വവും വിളയാടുന്ന ഒരു കുടുംബാന്തരീക്ഷം വിഭാവനം ചെയ്യുകയാണ് ഇസ്‌ലാം. ഖുര്‍ആന്‍ 25:25ല്‍ അല്ലാഹുവിന്റെ അപാരമായ കഴിവിന്റെ വലുപ്പം ചൂണ്ടിക്കാണിക്കുന്ന കൂട്ടത്തില്‍ മനുഷ്യര്‍ കാത്തുസൂക്ഷിക്കേണ്ട ബന്ധങ്ങളെപ്പറ്റിയും ഒരു ദൃഷ്ടാന്തമെന്ന നിലയ്ക്ക് എടുത്തുപറയുന്നുണ്ട്. കൂടാതെ, ഖുര്‍ആന്‍ 30:21 ല്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ദൈവം നിക്ഷേപിച്ച സ്‌നേഹവും കാരുണ്യവും അത്യുന്നതമായ ദൃഷ്ടാന്തമായി വിവരിക്കുന്നുണ്ട്. വളരെയേറെ ബലിഷ്ഠവും ശക്തവുമായ കരാറായി വിവാഹബന്ധത്തെ ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്നതായും കാണാം (വി.ഖു 4:21 നോക്കുക)
വിവാഹപ്രായപരിധി നീട്ടുകയെന്നത് സ്ത്രീകളുടെ സുരക്ഷ കൂടുതല്‍ ഉറപ്പാക്കാനുള്ള ലക്ഷ്യം വെച്ചാകാന്‍ തരമില്ല. ശാസ്ത്രീയമായും മാനുഷികമായും അങ്ങനെയൊരവസ്ഥ വിലയിരുത്തപ്പെട്ടിട്ടില്ല. വിശുദ്ധ ഖുര്‍ആനിലെ സ്ത്രീകള്‍ എന്ന അധ്യായത്തിലുള്ള ഒട്ടനേകം സൂക്തങ്ങള്‍ സ്ത്രീകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടതാണ്. 1400 വര്‍ഷങ്ങള്‍ക്കപ്പുറം പ്രവാചകനിലൂടെ അവതരിച്ച ഈ വാക്യങ്ങളുടെയൊന്നും നാലയലത്ത് പോലും ആധുനിക ലോകം ഇന്നുവരെ എത്തിയിട്ടില്ല. (വി.ഖു 4:1,3,4,7,11,12,15,19,20, 23,24,25 വചനങ്ങള്‍ കാണുക)
21ല്‍ താഴെ വയസ്സുള്ളവര്‍ വിവാഹിതരാവാതെ ലൈംഗികമായ ബന്ധത്തിലേര്‍പ്പെട്ടാല്‍ അത് സമ്മതവും ഇഷ്ടവും കൊണ്ടാണെങ്കില്‍ കുറ്റകരമോ ശിക്ഷാര്‍ഹമോ അല്ലെന്ന് പ്രഖ്യാപിക്കുന്ന കോടതി യഥാര്‍ഥത്തില്‍ വ്യഭിചാരത്തിന് ലൈസന്‍സ് നല്‍കിയിരിക്കുകയല്ലെന്ന് പറയാനാകുമോ? എന്നാല്‍ അത്തരക്കാര്‍ 21 വയസ്സാകാതെ വിവാഹിതരായാലോ അവരെ കുറ്റവാളികളായി കണക്കാക്കി ജയിലിലടക്കണമത്രേ! വിരോധാഭാസമെന്നല്ലാതെ മറ്റെന്ത് പറയാന്‍? തത്വത്തില്‍ മനുഷ്യ പ്രകൃതിയുടെ തേട്ടമോ വികാരങ്ങളോ പരിഗണിക്കാതെ സദാചാര വിരുദ്ധ നീക്കങ്ങള്‍ക്ക് പച്ചക്കൊടി കാണിക്കുകയാണ് ഭരണക്കാര്‍ ഇതിലൂടെ ചെയ്യുന്നത്.
ഖുര്‍ആനില്‍ വിവാഹ പ്രായപരിധി നിര്‍ണയിച്ചിട്ടില്ല. കാരണം, ഒരാള്‍ ‘ബാലിഗാ’വുക (പ്രായപൂര്‍ത്തിയാവുക) എന്നത് അയാളുടെ ആരോഗ്യം, കായികശേഷി, ശക്തി എന്നിവയുടെ വ്യാത്യാസങ്ങള്‍ക്കനുസരിച്ച് ഏറ്റക്കുറവുണ്ടാവുന്ന ഒന്നാണ്. സ്ത്രീകളിലായാലും പുരുഷന്മാരിലായാലും ഈ വ്യത്യാസം യാഥാര്‍ഥ്യമാണ്. യഥാര്‍ഥത്തില്‍ ഭരണാധിപന്മാര്‍ പ്രായപൂര്‍ത്തിയെത്തിയവര്‍ക്ക് വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാനും അതുവഴി കുടുംബ ജീവിതം സുഖകരമാക്കി മനുഷ്യവംശപരമ്പരയെ പവിത്രമാക്കിത്തീര്‍ക്കാനുമുതകുന്ന സംവിധാനങ്ങളെപ്പറ്റി ആലോചിക്കുകയാണ് വേണ്ടത്. ലോകത്തുള്ള കോടാനുകോടി മനുഷ്യരുടെയും മാതാപിതാക്കളെ തിരിച്ചറിയുന്നത് ഉല്‍കൃഷ്ടമായ കുടുംബ സംവിധാനമുള്ളതിനാലാണല്ലോ. മറ്റിതര ജീവികളില്‍ ഈയൊരവസ്ഥയില്ല താനും.
ഇതിന്റെയര്‍ഥം 21 വയസ്സ് തികയാത്തവരും ശാരീരികമായി പ്രായപൂര്‍ത്തിയെത്തിയവരുമായ എല്ലാ യുവതീ യുവാക്കളും ലൈംഗികാഴിഞ്ഞാട്ടം നടത്തുന്നവരാണ് എന്നല്ല. മറിച്ച്, പ്രായപൂര്‍ത്തിയാവുകയും വിവേകവും കാര്യബോധവും വന്നുചേരുകയും നല്ല കുടുംബ ജീവിതം ആസ്വദിക്കുകയും ചെയ്യണമെന്നാശിക്കുന്നവരെ തടയിടുന്നത് ശരിയായില്ല എന്നതാണ്. പരസ്പരം ഇഷ്ടത്തോടെ 21 തികയും വരെ അവര്‍ ലൈംഗികതയിലേര്‍പ്പെട്ടാല്‍ കുറ്റകരമാവാതിരിക്കുമെന്നും വിവാഹം കഴിച്ചാല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് കേസെടുക്കുകയും ചെയ്യുകയെന്നതാണ് ഗുരുതരമായിട്ടുളളത്. ഒരാള്‍ക്ക് ഞാന്‍ 21ാം വയസ്സിലൊന്നും വിവാഹിതനാകാനുദ്ദേശിക്കുന്നില്ലെന്ന് പറയുകയാണെങ്കില്‍ അത് അയാളുടെ സ്വന്തം തീരുമാനമായി കണ്ടാല്‍ മതി. മതപരമായി 21 വയസായവരെല്ലാം വിവാഹിതരാവണമെന്ന് നിര്‍ദേശമില്ല. പ്രായപൂര്‍ത്തിയായി വിവേകവും കാര്യബോധവുമെത്തിയാല്‍ വിവാഹിതനാകാം എന്നേയുള്ളൂ.
ഖുര്‍ആനിലെ 46:15ല്‍ അശുദ്ദഹു (പൂര്‍ണശക്തി പ്രാപിക്കുക) എന്ന ഒരു പദപ്രയോഗം കാണാനാകും. ഇങ്ങനയൊക്കെ ഒരാള്‍ എത്തിച്ചേര്‍ന്നാലും വിവാഹ ജീവിതം നയിക്കാന്‍ ഭരണകൂടം സമ്മതിക്കില്ലെങ്കില്‍ അതിന്റെ പര്യവസാനമെന്താകും? ഇത്തരം നിയമങ്ങള്‍ മാനവസമൂഹത്തിന് ആരെന്ത് ന്യായീകരണം പറഞ്ഞാലും ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും. ഇസ്‌ലാം വിഭാവനം ചെയ്യുന്ന സൗഭാഗ്യ നാഗരീകതക്ക് (മദീനത്തുസ്സആദ) ഇത്തരം നിയമങ്ങള്‍ വെല്ലുവിളിയാകുമെന്നാണ് സാമൂഹിക സാഹചര്യം വിളിച്ചോതുന്നത്. പ്രായപൂര്‍ത്തിയായി, അഭിപ്രായ പ്രകടനം നടത്താനായിട്ടാണല്ലോ വോട്ട് രേഖപ്പെടുത്താന്‍ 18 വയസ്സ് നിശ്ചയിച്ചത്. അത്തരമൊരാളോട് നീ വിവാഹം ചെയ്യാതെ കഴിച്ചുകൂട്ടണമെന്ന് പറയുമ്പോള്‍ മനുഷ്യപ്രകൃതിയിലെ വിചാര വികാരങ്ങളെയല്ലാതെ മറ്റെന്തിനെയാണ് തടയിടുന്നത്?
അതുകൊണ്ടെല്ലാമാണ് ദൈവികമതമായ ഇസ് ലാം അവരെ രക്ഷിതാക്കളുടെ കയ്യില്‍ സംരക്ഷണച്ചുമതല ഏല്പിച്ചത്. ഓരോ സൃഷ്ടിക്കും ജീവിതചര്യയും സൃഷ്ടിപ്പും ആകൃതിയും പ്രകൃതിയും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെ കണക്കിലെടുത്തു കൊണ്ടും ആവശ്യങ്ങളും പൂര്‍ണമായി അറിയുന്ന നാഥന്‍ നിയമമാക്കിയതിനെ ആര്‍ക്കും മാറ്റാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ അത് മാനവ നാഗരീകതയുടെ ഉറക്കം കെടുത്തും, തീര്‍ച്ച.

Back to Top