17 Thursday
June 2021
2021 June 17
1442 Dhoul-Qida 6

വിസ്മയകരമായ ഖുര്‍ആനും മ്യൂസിയവും

എന്‍ജി. പി മമ്മദ് കോയ

മസ്ജിദുന്നബവിയുടെ അഞ്ചാം നമ്പര്‍ കവാടത്തിന് മുന്നിലാണ് പ്രശസ്തമായ ഖുര്‍ആന്‍ മ്യൂസിയം. ജീവിതത്തില്‍ ഒരിക്കല്‍ പോലും അനുഭവവേദ്യമാവാന്‍ സാധ്യതയില്ലാത്ത കൗതുകങ്ങളും കാഴ്ചകളുമാണ് പ്രസ്തുത മ്യൂസിയത്തില്‍ ഒരുക്കിയിരിക്കുന്നത്. വിശുദ്ധ ഖുര്‍ആനിന്റെ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കൈയെഴുത്ത് പ്രതികള്‍, പലതരത്തിലുള്ള ലിപികളിലും നിറങ്ങളിലും വിരചിതമായ ഖുര്‍ആന്‍ പേജുകള്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ളതും വ്യത്യസ്ത വലിപ്പത്തിലുള്ളതുമായ ഖുര്‍ആന്‍. മാന്‍തോല്‍, പാപ്പിറസ്, പ്രാചീന കാലത്തെ പരുപരുത്ത കടലാസ് തുടങ്ങി വ്യത്യസ്ത പ്രതലങ്ങളിലെഴുതിയവ.
മൂന്നാം ഖലീഫ ഉസ്മാനുബ്‌ന് അഫ്ഫാന്‍ സ്വന്തം കൈ കൊണ്ടെഴുതിയ ഖുര്‍ആന്‍ ഉസ്ബക്കിസ്ഥാന്‍ സന്ദര്‍ശനവേളയില്‍ കണ്ടിരുന്നു. സമര്‍ഖണ്ഡിലെ ഇമാം ഖുഖാരി ഇസ്‌ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വലിയ ഗ്ലാസ് കൂടിനകത്താണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മൂന്നടി നീളവും രണ്ടടി വീതിയുമുള്ള മാന്‍തോല്‍ പേജുകളില്‍ അക്കാലത്ത് പ്രചാരത്തിലിരുന്ന അറബി ലിപി ഉപയോഗിച്ചാണ് സൂക്തങ്ങള്‍ എഴുതിയത്. നിവര്‍ത്തി വെച്ച ഖുര്‍ആന്റെ പേജില്‍ അവിടവിടെയായി ഒരു തരം ഇരുണ്ട കറകള്‍ കണ്ടു. സൂക്ഷിപ്പുകാരനോട് അന്വേഷിച്ചപ്പോള്‍ ഈ ഖുര്‍ആന്‍ പാരായണം ചെയ്തിരിക്കുമ്പോഴാണ് കലാപകാരികള്‍ അദ്ദേഹത്തെ വധിച്ചതെന്നും അദ്ദേഹത്തിന്റെ രക്തം വീണതാണ് മുസ്ഹഫില്‍ കാണുന്ന ഇരുണ്ട കറകളെന്നുമാണ് പറഞ്ഞത്. (അല്ലാഹു അഅ്‌ലം)
അറബി കാലിഗ്രഫിയുടെ വിവിധ വകഭേദങ്ങള്‍, ചെറുതും വലുതുമായ അനേകം മുസ്ഹഫുകളുടെ ശേഖരം, വ്യത്യസ്ത കാലഘട്ടങ്ങളില്‍ വിവിധ രാജ്യങ്ങളിലുണ്ടായിരുന്ന ഖുര്‍ആന്‍ എന്നിവ മദീന ഖുര്‍ആന്‍ മ്യൂസിയത്തിന്റെ ആകര്‍ഷകങ്ങളാണ്. ഏറ്റവും വലുതും അത്ഭുതകരമായതുമായ ഖുര്‍ആന്‍ പാക്കിസ്താന്‍കാരിയായ നസീം അക്തറിന്റേതാണ്. ഈ സഹോദരി സൂചിയും നൂലുമുപയോഗിച്ച് കൈകൊണ്ട് തുണിയില്‍ അക്ഷരങ്ങള്‍ തുന്നിച്ചേര്‍ത്തുണ്ടാക്കിയ ഈ ഖുര്‍ആന്‍ മദീന മ്യൂസിയത്തിലെ അത്ഭുത കാഴ്ചയാണ്. 300 മീറ്റര്‍ ഐറിഷ് തുണിയില്‍ ഇരുപത്തയ്യായിരം മീറ്റര്‍ നൂലുപയോഗിച്ചു അക്ഷരങ്ങള്‍ തുന്നി ഓരോ പേജും സെറ്റു ചെയ്തിരിക്കുകയാണ്. ഈ കൗതുകകരമായ മുസ്ഹഫിന് 10 വാള്യങ്ങളും 55 കിലോ തൂക്കവുമുണ്ട്. അവര്‍ മ്യൂസിയത്തിന് സംഭാവന ചെയ്തതാണ് ഇത്.
ഖുര്‍ആന്‍ പൂര്‍ണമായും തുണിയില്‍ എഴുതാന്‍ 15 വര്‍ഷമെടുത്തു. പിന്നീട് ആ എഴുത്ത് ഐറിഷ് നൂലുപയോഗിച്ച് എംബ്രോയിഡറി ചെയ്യുകയായിരുന്നു. എംബ്രോയിഡറി ചെയ്യാന്‍ മാത്രം 17 വര്‍ഷമെടുത്തു. നസീം അക്തര്‍ എന്ന ഈ അതുല്യ കലാ പ്രതിഭ തന്റെ മുപ്പതാം വയസ്സിലാണ് ഈ സപര്യ ആരംഭിക്കുന്നത്. പൂര്‍ത്തിയാക്കിയത് അറുപത്തി രണ്ടാമത്തെ വയസ്സിലും.
പത്ത് വാള്യങ്ങളുള്ള ഖുര്‍ആന്റെ ഓരോ വാള്യത്തിലും മൂന്ന് ജുസ്അ് വീതമാണ് സംവിധാനിച്ചിരിക്കുന്നത്. കറുത്ത പുറംചട്ടയില്‍ വളരെ ഭംഗിയായി ബൈന്റ് ചെയ്തിട്ടുണ്ട്. മൂന്നു വാള്യങ്ങള്‍ സന്ദര്‍ശകര്‍ക്ക് വായിക്കാന്‍ പറ്റുന്ന രീതിയില്‍ മൂന്നു ഭാഗത്തേക്കായി തുറന്നു വെച്ചിരിക്കുന്നു. ബാക്കി ഏഴു വാള്യങ്ങള്‍ അവയ്ക്ക് നടുവില്‍ അടുക്കി വെച്ചിരിക്കുകയാണ്. മ്യൂസിയം അധികൃതര്‍ ഇത് വളരെ പ്രാധാന്യത്തോടെ ഒരു ഗ്ലാസ് ചേംബറില്‍ പ്രദര്‍ശിച്ചിരിക്കുകയാണ്. മറ്റൊരു പ്രധാന ആകര്‍ഷണം വ്യത്യസ്ത ഖുര്‍ആന്‍ പാരായണങ്ങള്‍ കേള്‍ക്കാനുള്ള സൗകര്യമാണ്. പ്രശസ്തരായ പഴയ ഖാരിഈങ്ങളുടെപാരായണം ശ്രവ്യ മധുരമായി കേള്‍ക്കാം! വിവിധ രാജ്യങ്ങളിലുളള ഇക്കൊല്ലത്തെ ഖാരിഈങ്ങളുടെ പാരായണം കേള്‍ക്കാനും സൗകര്യമുണ്ട്. ഹെഡ്‌സെറ്റും മറ്റും അറേഞ്ച് ചെയ്തിട്ടുണ്ട്. ആത്മ സായൂജ്യത്തിന്റെ അനിര്‍വചനീയമായ സന്തോഷമാണ് മ്യൂസിയത്തിന്റെ പടികളിറങ്ങിയപ്പോള്‍ അനുഭവപ്പെട്ടത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x