29 Wednesday
November 2023
2023 November 29
1445 Joumada I 16

വിശ്വാസിയുടെ വ്യക്തിത്വം

എം ടി അബ്ദുല്‍ഗഫൂര്‍


അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു. തീര്‍ച്ചയായും ജനങ്ങളില്‍ മോശം ആളുകള്‍ ഇരുമുഖമുള്ളവരാകുന്നു. ഇവിടെ വരുമ്പോള്‍ ഒരു മുഖവും അവിടെ പോകുമ്പോള്‍ വേറൊരു മുഖവും (ബുഖാരി, മുസ്‌ലിം).

സത്യസന്ധത വിശ്വാസിയുടെ മുഖമുദ്രയാണ്. വാക്കിലും പ്രവൃത്തിയിലും ആരാധനയിലുമെല്ലാം അത് പ്രകടമാവേണ്ടതുണ്ട്. അതിന് വിരുദ്ധമായ നിലപാടുകള്‍ കാപട്യത്തിലേക്കാണ് എത്തിക്കുന്നത്. കപടതയാകട്ടെ ഏറ്റവും മോശമായ സമീപനവുമാകുന്നു.
ഏതവസ്ഥയിലും സത്യസന്ധതയിലധിഷ്ഠിതമായ നിലപാടുകള്‍ സ്വീകരിക്കുക എന്നതാണ് വിശ്വാസിയുടെ പ്രത്യേകത. തന്റെ നിലപാടുകള്‍ തുറന്നുപറഞ്ഞുകൊണ്ട് എല്ലാ നന്മകളിലും സഹകരിക്കാന്‍ ശ്രമമുണ്ടാവണം. തിന്മകളോട് പുറംതിരിഞ്ഞുനില്‍ക്കാന്‍ ശ്രദ്ധയുമുണ്ടാവണം.
ഏതെങ്കിലുമൊരു നിലപാടില്‍ ഉറച്ചുനില്‍ക്കാതിരിക്കുന്നത് സമൂഹത്തിന് തന്നിലുള്ള വിശ്വാസ്യതയെ നശിപ്പിക്കുന്നതാണ്. അതുപോലെത്തന്നെ കൂടെയുള്ളവരോട് തന്റെ സമീപനം വ്യക്തമാക്കുന്നതിനും വിശദീകരിക്കുന്നതിനുമായി ധാരാളം കളവ് പറയേണ്ട സാഹചര്യവുമുണ്ടാവുന്നു.
ഒരു കൂട്ടരില്‍ അവരുടെ കൂടെയാണ് താനെന്ന് അവരെ ബോധ്യപ്പെടുത്തുന്നതിനായി മറ്റുള്ളവരെ കുറ്റം പറയാനും അവരുടെ ന്യൂനതകള്‍ പ്രചരിപ്പിക്കാനുമാണ് നിലപാടില്ലായ്മ പ്രേരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഏഷണിയും പരദൂഷണവും പറയുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടിവരുന്നത് ദ്വിമുഖരുടെ സ്വഭാവമായി മാറുന്നു. ഇത്തരം സ്വഭാവദൂഷ്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുന്നതിനു മാത്രമേ ഉപകരിക്കുകയുള്ളൂ.
വിശ്വാസി ഏതൊരവസ്ഥയിലും അവന്റെ ആദര്‍ശത്തിനും വിശ്വാസത്തിനും അനുസൃതമായ നിലപാടുകള്‍ സ്വീകരിക്കുന്നവനായിരിക്കണം എന്ന സന്ദേശമാണ് ഈ നബിവചനം നമുക്ക് നല്‍കുന്നത്. സ്ഥലത്തിനും സന്ദര്‍ഭത്തിനുമനുസരിച്ച് നിലപാടുകള്‍ മാറ്റുന്നത് വ്യക്തിത്വത്തെ പ്രതികൂലമായി ബാധിക്കുന്നു.
വിശ്വാസരംഗത്തെന്നപോലെ അനുഷ്ഠാനങ്ങളിലും ഇടപാടുകളിലും പെരുമാറ്റങ്ങളിലും വേഷവിധാനങ്ങളിലും വരെ കൃത്യമായ വ്യക്തിത്വം നിലനിര്‍ത്തുന്ന നിലപാടിലെത്താന്‍ വിശ്വാസിക്ക് കഴിയണം. പള്ളിയില്‍ ഒരു വേഷവും പള്ളിക്കുപുറത്ത് മറ്റൊരു വേഷവും സ്വീകരിക്കുന്നത് വസ്ത്രധാരണത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കാത്തതുകൊണ്ടത്രേ. സംഘടനാ യോഗങ്ങളിലും മറ്റു മതപരമായ സദസ്സുകളിലും കാണിക്കുന്ന മര്യാദകളും ഇടപഴകലും തന്നെയാവണം കല്യാണ സദസ്സുകളിലും കോളജ് അങ്കണത്തിലും കാണിക്കേണ്ടത്.
ജീവിതത്തിന്റെ ഏത് സന്ദര്‍ഭത്തിലും ഒരു വിശ്വാസി തന്റെ വ്യക്തിത്വം നിലനിര്‍ത്തി മുന്നോട്ടുപോകണമെന്ന് ഈ നബിവചനം പഠിപ്പിക്കുന്നു. അതിന് വിരുദ്ധമായ സമീപനം സ്വീകരിക്കുന്നതിന്റെ ഗൗരവത്തെയാണ് ഈ നബിവചനം ബോധ്യപ്പെടുത്തുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x