വിശ്വാസത്തിന്റെ കരുത്തില്‍ ജീവിതം ക്രമപ്പെടുത്തുക – സി പി ഉമര്‍ സുല്ലമി
ദോഹ: വിശ്വാസത്തിന്റെ കരുത്തില്‍ ജീവിതം ക്രമപ്പെടുത്തുന്നതില്‍ വിശ്വാസികള്‍ ശ്രദ്ധ ചെലുത്തണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. ശൈഖ് അബ്ദുല്ലബിന്‍ സൈദ് ആലു മഹ്‌മൂദ് ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇസ്‌ലാമിന്റെ അടിത്തറ ഏകദൈവവിശ്വാസമാണ്. പ്രപഞ്ചത്തെ സൃഷ്ടിച്ചതും പരിപാലിക്കുന്നതും നിയന്ത്രിക്കുന്നതും സ്രഷ്ടാവായ അല്ലാഹു മാത്രമാണന്നും ആരാധനകളുടെ എല്ലാ ഭാവപ്രകടനങ്ങളും അവന്റെ മുമ്പില്‍ മാത്രമേ പ്രകടിപ്പിക്കാവൂ എന്നതുമാണ് ഏകദൈവ വിശ്വാസത്തിന്റെ പൊരുള്‍. വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്ത സമൂഹങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരിലൂടെ പ്രബോധനം ചെയ്യപ്പെട്ട ആ വിശ്വാസത്തെ മുറുകെ പിടിക്കുക എന്നതാണ് ശാശ്വത വിജയത്തിന്റെ മാര്‍ഗം. മരണപ്പെട്ട മഹാന്‍മാര്‍ എന്ന് വിശ്വസിക്കപ്പെടുന്നവര്‍ ഈ ലോകത്തെ സര്‍വകാര്യങ്ങളും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു എന്ന വിശ്വാസം പ്രവാചക കാലത്തെ ബഹുദൈവ വിശ്വാസത്തിന്റെ തനിയാവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകളെയും സ്പര്‍ശിക്കുന്ന വേദഗ്രന്ഥമാകുന്നു വിശുദ്ധ ഖുര്‍ആനെന്നും ആ ഖുര്‍ആനിനെ പിന്‍പറ്റുന്നതിലൂടെ നമുക്ക് സമാധാനം കണ്ടെത്താന്‍ സാധിക്കുമെന്നും ‘ഖുര്‍ആന്‍ ജീവിതത്തിന്റെ മാര്‍ഗ ദര്‍ശനം’ എന്ന വിഷയത്തില്‍ സംസാരിച്ച എം അഹ്‌മദ് കുട്ടി മദനി പറഞ്ഞു. ഷമീര്‍ വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. അലി ചാലിക്കര, മുജീബുറഹ്‌മാന്‍ മദനി, കെ എന്‍ സുലൈമാന്‍ മദനി, അഷ്‌റഫ് മടിയാരി, ബഷീര്‍ അന്‍വാരി, അബ്ദുല്ലത്തീഫ് നല്ലളം, അബ്ദുല്‍കലാം ഒറ്റത്താണി പ്രസംഗിച്ചു.