വിശ്വാസം പുലര്‍ത്താത്ത മുസ്്‌ലിംകള്‍
എ അബ്ദുസ്സലാം സുല്ലമി
സൂറത്തുല്‍ ബഖറ 8,9 ആയത്തുകളെ അടിസ്ഥാനമാക്കിയാണ് ഈ ഖുത്ബ. മുസ്‌ലിമായി ജനിക്കുകയും വിശ്വാസം പുലര്‍ത്താതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചാണ് ഈ ആയത്തുകളിലെ പരാമര്‍ശം. പരലോകത്തും അല്ലാഹുവിലും വിശ്വാസമുള്ള മുസ്‌ലിംകളാണ് ഞങ്ങളെന്ന് അവര്‍ വാദിക്കും. പക്ഷേ, അവര്‍ മുസ്‌ലിമായി ജീവിക്കുകയില്ല, തങ്ങള്‍ കാഫിറുകളാണെന്ന് സമ്മതിക്കുകയുമില്ല. ചില ഉദാഹരണങ്ങള്‍:
1. നമസ്‌കാരം നിര്‍വഹിക്കാത്തവന്‍: മുസ്‌ലിം കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ഒരാള്‍ പ്രായപൂര്‍ത്തിയായ ശേഷം ഒരിക്കല്‍ പോലും നമസ്‌കാരം നിര്‍വഹിച്ചിട്ടുണ്ടാവില്ല. എന്നാല്‍ ഇയാള്‍ മുസ്‌ലിമാണെന്ന് അവകാശപ്പെടുകയും ചെയ്യും. അയാളോട് നീ മുസ്‌ലിമല്ലെന്ന് പറഞ്ഞാല്‍ അയാള്‍ സമ്മതിക്കുകയില്ല. ചിലപ്പോള്‍ പറഞ്ഞവനെ കയ്യേറ്റം വരെ ചെയ്‌തേക്കും.
2. മദ്യപന്‍: മുസ്‌ലിം നാമധാരികളില്‍ നിരവധി പേര്‍ മദ്യപന്മാരായുണ്ട്. എന്നാല്‍ ഇവരൊന്നും തന്നെ ത ങ്ങള്‍ മുസ്‌ലിമല്ലെന്നു പറയുകയില്ല. മുസ്‌ലിമാണെന്ന് അവകാശപ്പെടുകയും ചെയ്യും. എന്നാല്‍ മദ്യപാനം ഉപേക്ഷിക്കാന്‍ തയ്യാറാവുകയുമില്ല.
3. ഹറാം തിന്നുന്നവന്‍: പലിശയും കൈക്കൂലിയും വഞ്ചനയും ചതിയും കവര്‍ച്ചയും നടത്തി പണം സമ്പാദിക്കുന്നവര്‍ നിരവധി പേരുണ്ട്. അവരും തങ്ങള്‍ മുസ്‌ലിംകളാണെന്ന് അവകാശവാദം ഉന്നയിക്കും. എന്നാല്‍ ഇത്തരം ശീലങ്ങളൊന്നും ഉപേക്ഷിക്കുകയില്ല.
4. മരണപ്പെട്ടവരെ വിളിച്ചുതേടുന്നവന്‍: മക്കാമുശ്‌രിക്കുകള്‍ പോലും അല്ലാഹുവിനെ വിളിച്ച് മാത്രം തേടുന്ന സന്ദര്‍ഭത്തില്‍ പോലും മരണപ്പെട്ടവരെ വിളിച്ചു തേടുന്ന നിരവധി മുസ്‌ലിംകളുണ്ട്. താനാണ് ശരിയായ മുസ്‌ലിമെന്ന് അവര്‍ അവകാശവാദം ഉന്നയിക്കും. മുശ്‌രിക്കാണെന്ന് സമ്മതിക്കുകയില്ല.
5. അല്ലാഹുവല്ലാത്തവര്‍ക്ക് നേര്‍ച്ച ചെയ്യുന്നവന്‍: അല്ലാഹു അല്ലാത്തവര്‍ക്ക് നേര്‍ച്ച ചെയ്യുകയും അവരെ പിടിച്ചു സത്യം ചെയ്യുകയും ചെയ്യുന്നവരും തങ്ങള്‍ മുസ്‌ലിംകളാണെന്ന് അവകാശപ്പെടുന്നവരാണ്. ഒന്നാമതായി ഇവര്‍ ആണ് ചെയ്യുന്നത്. അല്ലാഹുവിനെ വഞ്ചിക്കുക എന്നത് അവന്റെ മതത്തെ തെറ്റിദ്ധരിപ്പിക്കലാണ്. ഇവരെ കാണുന്ന അമുസ്‌ലിംകള്‍ ഇതുതന്നെയാണ് ഇസ്‌ലാമെന്ന് തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. ഇസ്‌ലാം മുകളില്‍ വിവരിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് എതിരല്ല എന്നു ധരിക്കും.
രണ്ടാമതായി, ഇവര്‍ സത്യവിശ്വാസികളെ വഞ്ചിക്കുകയാണ്. മുകളില്‍ വിവരിച്ച പ്രവര്‍ത്തനങ്ങളില്‍ നിന്ന് സൂക്ഷ്മതയോടെ വിട്ടുനില്‍ക്കുന്ന യഥാര്‍ഥ മുസ്‌ലിംകളെയും ഇവര്‍ തെറ്റിദ്ധരിപ്പിക്കുന്നു. മുഹമ്മദിന്റെ അനുയായികള്‍ ഇതാണെന്ന് തെറ്റിദ്ധരിക്കുന്നു. മരണപ്പെട്ടാലും മദ്യപിക്കാത്ത, വഞ്ചിക്കാത്ത, കരാര്‍ ലംഘനം നടത്താത്ത, വ്യഭിചരിക്കാത്ത, അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കാത്ത മുസ്‌ലിംകളെയും, മദ്യപന്മാരും വഞ്ചകരും കരാര്‍ ലംഘിക്കുന്നവരായും വ്യഭിചാരികളായും മുശ്‌രിക്കുകളായും ഹറാം ഭക്ഷിക്കുന്നവരായും ഭാര്യമാരോട് മോശമായി പെരുമാറുന്നവരായും അയല്‍വാസിയുമായി കലഹിക്കുന്നവരായും തെറ്റിദ്ധരിക്കുന്നു. അകത്തെ ശത്രുക്കളായ ഇവരാണ് പുറത്തെ ശത്രുക്കളേക്കാള്‍ ഇസ്‌ലാമിന് അപകടം ഉണ്ടാക്കുന്നവര്‍. അതിനാല്‍ ഇവര്‍ക്കാണ് കഠിന ശിക്ഷ.
സൂറത്തുന്നിസാഅ് 142-ാം ആയത്തിലും ഇവര്‍ അല്ലാഹുവിനെ വഞ്ചിക്കുന്നവരാണെന്ന് പറയുന്നുണ്ട്. തെറ്റ് ചെയ്തു ജീവിക്കുന്നവര്‍ ഇസ്‌ലാമില്‍ നിന്ന് മറ്റുള്ളവരെ തടയുക കൂടിയാണ് ചെയ്യുന്നത്.
ഇവരുടെ വിചാരം, ഇസ്‌ലാമില്‍ പ്രവേശിക്കുന്നവരോട് നീ ഇസ്‌ലാമില്‍ പ്രവേശിക്കേണ്ടതില്ല എന്നു പറയലാണ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് മറ്റുള്ളവരെ തടുക്കല്‍ എന്നാണ്. എന്നാല്‍ അതങ്ങനെയല്ല. യഥാര്‍ഥ തടുക്കല്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കലാണ്. കരാര്‍ ലംഘനം നടത്തുന്നത് ഇസ്‌ലാമില്‍ നിന്ന് മറ്റുള്ളവരെ തടുക്കലാണെന്ന് സൂറത്തുന്നഹ്‌ല് 94-ാം ആയത്തില്‍ പറയുന്നുണ്ട്.3
കുറിപ്പുകള്‍
(1) തീര്‍ച്ചയായും കപടവിശ്വാസികള്‍ നരകത്തിന്റെ അടിത്തട്ടിലാകുന്നു. അവര്‍ക്കൊരു സഹായിയെയും നീ കണ്ടെത്തുന്നതല്ല
(2) അവര്‍ അവരുടെ ശപഥങ്ങളെ ഒരു പരിചയാക്കിയിരിക്കുകയാണ്. അങ്ങനെ അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടഞ്ഞിരിക്കുന്നു.
(3) ഇസ്്‌ലാമിനും മുസ്്‌ലിംകള്‍ക്കുമെതിരില്‍ കുതന്ത്രം മെനയുന്ന കപടവിശ്വാസികള്‍ ആത്മരക്ഷാര്‍ഥം തങ്ങള്‍ മുസ്്‌ലിംകളാണെ് ആണയിട്ടു പറഞ്ഞിരുന്നു. അതവരുടെ തന്ത്രം മാത്രമാണ്. ഇക്കാര്യമാണ് മേല്‍ ആയത്തുകളില്‍ അല്ലാഹു സൂചിപ്പിക്കുന്നത്. അവരുടെ കരാര്‍, പ്രതിജ്ഞാ ലംഘനങ്ങള്‍ ഇസ്്‌ലാമിലേക്ക് ആളുകള്‍ കടന്നുവരുന്നതിനെ തടയുന്ന വിധത്തിലുള്ളതായി മാറുകയും ചെയ്യുന്നു.