വിശ്വാസ വ്യതിയാനത്തിന്റെ കാരണങ്ങള്‍
പ്രഫ. ശംസുദ്ദീന്‍ പാലക്കോട്
പൗരോഹിത്യത്തിന് കാര്യമായ ഇടമില്ലാത്ത മതമാണിസ്ലാം. അപഥ സഞ്ചാരം നടത്തുന്നവരെ ഉദ്ദേശിച്ച് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത് ‘അല്ലാഹുവിനെ അവര്‍ കണക്കാക്കേണ്ടത് പ്രകാരം കണക്കാക്കിയിട്ടില്ല’ എന്നാണ്. അഥവാ അല്ലാഹുവിനെ അവര്‍ക്ക് മനസ്സിലായിട്ടില്ലെന്ന്! (അന്‍ആം 91, ഹജ്ജ് 74, സുമര്‍ 67)
അല്ലാഹു എല്ലാത്തിനും മതിയായവനാണെന്നും അല്ലാഹു മനുഷ്യരുടെ സമീപസ്ഥനാണെന്നും അല്ലാഹു കാരുണ്യവാനാണെന്നും നിരവധി ആയത്തുകളിലൂടെ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ‘മനുഷ്യരേ, നിങ്ങളെല്ലാം അല്ലാഹുവിലേക്ക് ആവശ്യക്കാരാകുന്നു. (അഥവാ അല്ലാഹുവിനെ ആശ്രയിച്ച് ജീവിക്കാന്‍ വിധിക്കപ്പെട്ടവരാകുന്നു.) അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങളെ അവന്‍ നീക്കം ചെയ്യുകയും പുതിയൊരു സൃഷ്ടിയെ അവന്‍ കൊണ്ടുവരികയും ചെയ്യുന്നതാണ്. അത് അല്ലാഹുവിന് പ്രയാസമുള്ള കാര്യമല്ല.’ (ഫാത്വിര്‍ 15-17)
‘എന്റെ ദാസന്മാര്‍ എന്നെ പറ്റി ചോദിച്ചാല്‍ ഞാന്‍ അവരുടെ സമീപസ്ഥനാണ് (എന്ന് പറയൂ പ്രവാചകരെ.) പ്രാര്‍ഥിക്കുന്നവന്‍ എന്നോട് പ്രാര്‍ഥിച്ചാല്‍ ഞാന്‍ അവന്റെ പ്രാര്‍ഥനക്ക് ഉത്തരം ചെയ്യും. അതിനാല്‍ അവര്‍ എന്നില്‍ (ശരിയാം വിധം) വിശ്വസിക്കുകയും എന്റെ (കല്‍പനകള്‍ക്ക്) ഉത്തരം നല്‍കുകയും ചെയ്യട്ടെ.’ (അല്‍ബഖറ 186). സുമര്‍ 53, അന്‍ബിയാഅ് 83 എന്നിവയും ഇതിനോട് ചേര്‍ത്ത് വായിക്കുക.
നബി(സ)യുടെ മുടിയോ മഖ്ബറയില്‍ നിന്നെടുത്ത മണ്ണോ പൊടിയോ തന്റെ കയ്യിലുണ്ടെന്ന് പറയുമ്പോഴേക്ക് അതില്‍ ‘ബര്‍കത്ത്’ തിരയുന്നവരെ ഈ സമുദായത്തില്‍ കാണാം. ഇത് ഇസ്‌ലാം ശക്തമായി നിരുത്സാഹപ്പെടുത്തിയതാണ്. നബിയും സ്വഹാബികളും ഹുനൈന്‍ യുദ്ധത്തിന് പോകുമ്പോള്‍, ദാത്തു അന്‍വാത്ത് എന്ന ജാഹിലിയ്യാ കാലത്തെ ഒരു പുണ്യമരത്തിനടുത്തെത്തിയപ്പോള്‍ സത്യവിശ്വാസം വേണ്ടത്ര ഉറച്ചിട്ടില്ലാത്ത സംഘത്തിലെ ചിലര്‍ പ്രവാചകനോട് ഇപ്രകാരം ആവശ്യപ്പെട്ടു: പ്രവാചകരേ, അവര്‍ക്ക് ദാത്തു അന്‍വാത്ത് ഉള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ദാത്തു അന്‍വാത്ത് നിശ്ചയിച്ചു തരൂ. ഇതുകേട്ട് അല്‍പം കോപത്തോടെ പ്രവാചകന്‍ (സ) പറഞ്ഞു: മൂസാ നബിയുടെ അനുയായികള്‍ അദ്ദേഹത്തോട് ചോദിച്ചത് പോലെയുള്ള ചോദ്യമാണ് ഇപ്പോള്‍ നിങ്ങള്‍ എന്നോട് ചോദിച്ചത്!
മൂസാ നബിയുടെ അനുയായികളുടെ ചോദ്യവും അതിന് മൂസാ നബി(അ) നല്‍കിയ മറുപടിയും ഖുര്‍ആനില്‍ പ്രതിപാദിക്കുന്നുണ്ട്: ‘ഇസ്‌റാഈല്‍ സന്തതികളെ നാം കടല്‍ കടത്തി രക്ഷപ്പെടുത്തി. എന്നിട്ട് ബിംബങ്ങളുടെ മുമ്പാകെ ഭജനമിരിക്കുന്ന ഒരു ജനതയുടെ അടുക്കല്‍ അവര്‍ എത്തിയപ്പോള്‍ അവര്‍ മൂസായോട് പറഞ്ഞു: ഹേ മൂസാ, ഇവര്‍ക്ക് ദൈവങ്ങളുള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ നീ നിശ്ചയിച്ചു തരണം. അപ്പോള്‍ മൂസാ പ്രതിവചിച്ചതിപ്രകാരം: തീര്‍ച്ചയായും നിങ്ങള്‍ വിവരമില്ലാത്ത ഒരു ജനതയാകുന്നു.'(അഅ്‌റാഫ് 138). അല്ലാഹുവില്‍ നിന്നാണ് അനുഗ്രഹം (ബര്‍കത്ത്) പ്രതീക്ഷിക്കേണ്ടതെന്ന് ഈ സംഭവം ഓര്‍മപ്പെടുത്തുന്നു.
തവക്കുല്‍
അല്ലാഹുവില്‍ മാത്രം
വിശ്വാസ വ്യതിയാനത്തിന്റെ മറ്റൊരു കാരണം തവക്കുല്‍ ചെയ്യേണ്ടത് അല്ലാഹുവിലാണ് എന്ന തത്വം അവഗണിക്കുന്നതു മൂലമാണ്. ‘സത്യവിശ്വാസികള്‍ അവരുടെ റബ്ബില്‍ കാര്യങ്ങള്‍ ഭരമേല്‍പിക്കുന്നവര്‍ (തവക്കുല്‍) ആയിരിക്കും’ (8:2). ‘എനിക്കല്ലാഹു മതി, അവനല്ലാതെ വേറെ ആരാധ്യനില്ല. അവനില്‍ ഞാന്‍ തവക്കുല്‍ ചെയ്യുന്നു. അവന്‍ മഹത്തായ സിംഹാസനത്തിന്റെ നാഥനാകുന്നു’ (9:129)
ഉറുക്ക്, ഏലസ്, ഐക്കല്ല്, രക്ഷാതകിട്, മന്ത്രിച്ചൂതിയ നൂല് തുടങ്ങിയവ ശരീരത്തില്‍ കെട്ടിയാല്‍ താന്‍ സുരക്ഷിതനാണെന്ന് വിശ്വസിക്കുക വഴി ഒരാളില്‍ രണ്ടു തെറ്റുകളാണ് സംഭവിക്കുന്നത്. ഒന്ന്, അല്ലാഹുവിന് മാത്രം അവകാശപ്പെട്ട തവക്കുല്‍ അല്ലാഹു അല്ലാത്ത വസ്തുക്കളില്‍ സമര്‍പ്പിക്കുന്നു എന്ന കുറ്റം. രണ്ട്, അല്ലാഹുവിന് മാത്രം അവകാശപ്പെട്ടത് മറ്റുള്ളവര്‍ക്ക് വകവെച്ചു കൊടുക്കുന്നതിലൂടെ അല്ലാഹുവില്‍ ശിര്‍ക്ക് ചെയ്യുന്നവരായി മാറുന്നു എന്ന കുറ്റം.
നബി(സ) പറഞ്ഞു: ‘ആരെങ്കിലും വല്ലതും ബന്ധിച്ചാല്‍ അവന്‍ അതില്‍ തവക്കുല്‍ ചെയ്തു!’ മന്ത്രിച്ചൂതിയ നൂല്‍, ഏലസ്, ഐക്കല്ല് തുടങ്ങിയ ശരീരത്തില്‍ ബന്ധിക്കുന്ന വസ്തുക്കളെയാണ് ഇവിടെ ഉദ്ദേശ്യം. നബി(സ) പറഞ്ഞു: ‘ആരെങ്കിലും ഏലസ്സ് കെട്ടിയാല്‍ അവന്‍ ശിര്‍ക്ക് ചെയ്തു.’
പുരോഹിതരെ അമിതമായി ആശ്രയിക്കല്‍
മുസ്ലിം സമുദായത്തില്‍ മന്ത്രവാദം, ആഭിചാര ഭീതി തുടങ്ങിയ നിരവധി ഗുരുതരമായ അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും നിലനില്‍ക്കുന്നതിന്റെ പ്രധാന കാരണം പുരോഹിതരെ അമിതമായി ആശ്രയിക്കുന്നത് കൊണ്ടാണ്. ഉസ്താദ് ഊതിയ വെള്ളവും ഭക്ഷണവും കഴിച്ചാല്‍ അസുഖം മാറുമെന്ന വിശ്വാസം ഇതില്‍ പെട്ടതാണ്. ഖുര്‍ആന്‍ പറയുന്നു: ‘സത്യവിശ്വാസികളേ, തീര്‍ച്ചയായും പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ സമ്പത്ത് അന്യായമായി തിന്നുന്നവരും ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തടയുന്നവരുമാകുന്നു.’ (തൗബ 34)
വീടിനകത്തോ പരിസരത്തോ അസ്വാഭാവികമായ രൂപത്തില്‍ അറബി അക്ഷരങ്ങളും അക്കങ്ങളും എഴുതിയതോ അവ്യക്തമായ ചിത്രങ്ങള്‍ വരച്ചതോ ആയ കോഴി മുട്ടയോ കരിക്കിന്‍ തൊണ്ടോ കാണുമ്പോഴേക്ക് അത് ആരോ തനിക്കെതിരെ കൂടോത്രം (സിഹ്‌റ്) ചെയ്തതാണെന്നും തനിക്ക് പല വിപത്തുകളും കഷ്ടനഷ്ടങ്ങളും വരാനിരിക്കുന്നു എന്ന് ഭയപ്പെടുകയും ചെയ്യുന്ന കുറെ പേരെ ഇന്നും മുസ്ലിം സമുദായത്തില്‍ കാണാം.
‘അല്ലാഹുവില്‍ ഞാന്‍ ഭരമേല്‍പിക്കുന്നു’ എന്ന പ്രാര്‍ഥനാ കീര്‍ത്തനം വീട്ടില്‍ നിന്നിറങ്ങുമ്പോഴെല്ലാം അര്‍ഥ ബോധത്തോടെ ചൊല്ലുകയും അഞ്ചു നേരത്തെ നമസ്‌കാരം നിര്‍വഹിച്ച ഉടനെ ‘അല്ലാഹുവേ നീ നല്‍കിയത് തടയുകയോ നീ തടഞ്ഞത് നല്‍കുകയോ ചെയ്യുന്നവനായി ആരുമില്ല’ എന്ന കീര്‍ത്തനം പതിവായി ചൊല്ലുകയും അല്ലാഹു സൃഷ്ടിച്ച എല്ലാറ്റിന്റെയും തിന്മയില്‍ (ശര്‍റില്‍) നിന്ന് രക്ഷ നല്‍കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കുന്ന സൂറത്തുല്‍ ഫലഖ് പതിവായി പാ രായണം ചെയ്യുകയും ചെയ്യുന്ന യഥാര്‍ഥ വിശ്വാസി കോഴിമുട്ടയിലോ മറ്റു വസ്തുക്കളിലോ കൂടോത്രം ചെയ്ത മറ്റൊരാള്‍ തന്നെ ഉപദ്രവിക്കുമെന്ന് വിശ്വസിക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. പൗരോഹിത്യ ലോബികളാല്‍ നയിക്കപ്പെടുന്ന ‘തല്‍സമാത്തി’ന്റെ അഥവാ ആഭിചാര ക്രിയകളുടെ ആശാന്മാര്‍ സമുദായത്തില്‍ വളര്‍ത്തിക്കൊണ്ടു വന്ന ഗുരുതരമായ അന്ധവിശ്വാസമാണ് കൂടോത്ര വിശ്വാസം. ഐഹിക സമാധാനത്തിനും പരലോക രക്ഷക്കും ഈ തിരിച്ചറിവ് അനിവാര്യമാണ്.
അദൃശ്യജ്ഞാനം അല്ലാഹുവിന് മാത്രം
മറഞ്ഞ കാര്യങ്ങള്‍ അറിയാനുള്ള അദൃശ്യജ്ഞാനം അല്ലാഹുവിന് മാത്രമേയുള്ളൂവെന്നത് തൗഹീദിന്റെ അടിക്കല്ലാണ്. എന്നാല്‍, ചിലര്‍ പൗരോഹിത്യത്തിന് ഈ കഴിവുണ്ടെന്ന് വിശ്വസിക്കുന്നു. മന്ത്രിച്ചൂതിയ വെള്ളത്തിനും രോഗശമനത്തിനും സിദ്ധ, ദിവ്യ, ബീവി, ബാവാ, മുസ്ല്യാര്‍, തങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് ജനങ്ങള്‍ വന്നടിയുന്നതിന്റെ പ്രധാന കാരണം ഇവര്‍ക്ക് ഗൈബ് അറിയുമെന്ന തെറ്റായ ധാരണ മൂലമാണ്. ആകാശഭൂമികളിലുള്ള ആര്‍ക്കും ഗൈബ് അറിയുകയില്ല എന്നും അത് അല്ലാഹുവില്‍ മാത്രം നിക്ഷിപ്തമാണെന്നും സൂറത്തന്നംല് 65 ല്‍ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. ‘അല്ലാഹുവിന്റെ ഖജനാവ്’ തന്റെ കയ്യിലില്ലെന്നും തനിക്ക് ഗൈബ് അറിയില്ലെന്നും പ്രഖ്യാപിക്കാന്‍ പ്രവാചകനോട്(സ) അല്ലാഹു കല്‍പിക്കുന്നത് ഖുര്‍ആനില്‍ കാണാം. (അന്‍ആം 50, അഅ്‌റാഫ് 188)
രോഗമുണ്ടാക്കുന്നതും ഭൗതികമായ കഷ്ടനഷ്ടങ്ങള്‍ വരുത്തുന്നതും ജിന്നുവര്‍ഗത്തില്‍ പെട്ട പിശാചാണെന്ന് വിശ്വസിക്കുന്നവര്‍ ഇന്നും ഈ സമുദായത്തിലുണ്ട്. പിശാചിന് എന്തെല്ലാം കഴിവുകള്‍ ഉണ്ടെന്ന് ഖുര്‍ആന്‍ ഒന്നിലധികം സ്ഥലങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യ മനസ്സില്‍ ദുര്‍ബോധനം നടത്തി സന്മാര്‍ഗ പാതയില്‍ നിന്ന് വഴിതെറ്റിക്കുക എന്ന അധികാരം മാത്രമേ അല്ലാഹു നല്‍കിയിട്ടുള്ളൂ. 114-ാം അധ്യായത്തിലും ഹിജ്ര്‍ 34-40 ലും ഇബ്‌റാഹിം 22 ലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മനസ്സില്‍ ദുര്‍ബോധനം സൃഷ്ടിക്കാന്‍ മാത്രം കഴിവുള്ള പിശാചിന് മനുഷ്യനെ രോഗിയാക്കാനും ശാരീരികമായി ഉപദ്രവിക്കാനും കഴിയുമെന്ന് വിശ്വസിക്കുന്നത് തികഞ്ഞ മതവിരുദ്ധതയാണ്.
പൂര്‍വികരെ അന്ധമായി
പിന്തുടരല്‍
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഏതൊരു സമൂഹത്തിലും നിലനില്‍ക്കുന്നതിന്റെ മറ്റൊരു പ്രധാന കാരണമായി വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത് പൂര്‍വീകരെയും നാട്ടില്‍ കണ്ടുവരുന്ന സമ്പ്രദായങ്ങളെയും അന്ധമായി അനുകരിക്കാനുള്ള പ്രവണതയാണ്. ‘അല്ലാഹു അവതരിപ്പിച്ചതിലേക്കും അവന്റെ പ്രവാചകനിലേക്കും വരൂ എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ പറയും: ഞങ്ങളുടെ പിതാക്കളെ (പൂര്‍വീകരെ) ഞങ്ങള്‍ ഏതൊരവസ്ഥയില്‍ കണ്ടുവോ ആ മാര്‍ഗം മതി ഞങ്ങള്‍ക്ക്! അവര്‍ യാതൊന്നും അറിയാത്തവരും സന്മാര്‍ഗം പ്രാപിക്കാത്തവരും ആണെങ്കിലും (അവരെ തന്നെ പിന്‍പറ്റുമെന്നോ?!)’ (മാഇദ 104)
അപസ്മാര രോഗം പിശാച് ബാധയാണെന്നു ധരിച്ചിരുന്ന ഒരു ഇരുണ്ട കാലം കേരളീയ മുസ്‌ലിം സമൂഹത്തിലുണ്ടായിരുന്നു. അര്‍ധബോധാവസ്ഥയില്‍ ‘അതുമിതും’ വിളിച്ചു പറയുന്ന അവസ്ഥയെയും പിശാച് ബാധയെന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍ ഇന്ന് എല്ലാവര്‍ക്കുമറിയാം ഈ രണ്ടവസ്ഥകളും ചികിത്സ ആവശ്യമായ രോഗാവസ്ഥയാണ് എന്ന്. എന്നാലും പിശാച് ബാധ എന്ന തെറ്റായ പൊതുബോധം അന്ധവിശ്വാസികളില്‍ ഇപ്പോഴും അവശേഷിക്കുന്നു.
കാലഹരണപ്പെട്ട ഒരു അന്ധവിശ്വാസമാണെങ്കിലും അത് ദുര്‍ബല വിശ്വാസികളില്‍ അവശേഷിപ്പിച്ച സ്വാധീനം അന്ധവിശ്വാസം പുതിയ രൂപത്തില്‍ പുനരാനയിക്കപ്പെടാന്‍ നിമിത്തമായിത്തീരുന്നു. ഖുര്‍ആന്‍ പിശാചിനെ പറ്റി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചു പഠിക്കുക എന്നതാണ് ഇതിനുള്ള പ്രായോഗിക പരിഹാരം.