19 Sunday
May 2024
2024 May 19
1445 Dhoul-Qida 11

വിശ്വാസ സംസ്‌കരണവും സാമൂഹിക പരിഷ്‌കരണവും

ഇബ്‌നു അബ്ദില്ല


മനുഷ്യരാശിയെ പരിവര്‍ത്തിപ്പിക്കണമെന്നാഗ്രഹിക്കുന്ന ഏതൊരാളും അയാളുടെ പ്രവര്‍ത്തനത്തില്‍ ഊന്നിനില്‌ക്കേണ്ടത് മാനസികമായും വിശ്വാസപരമായും അവരെ മാറ്റിയെടുക്കുകയെന്നതിലാണ്. ഇസ്‌ലാം മനുഷ്യനെ സമൂലമായി പരിവര്‍ത്തിപ്പിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. മനസ്സില്‍ സ്വാധീനിക്കുന്ന വിശ്വാസത്തിനാണ് ഈ പരിവര്‍ത്തനത്തില്‍ നിര്‍ണായകമായ പങ്കുവഹിക്കാന്‍ കഴിയുക. നബി(സ) പ്രഖ്യാപിച്ച അതുല്യമായ ഒരു തത്ത്വം ഈ രംഗത്ത് പ്രസ്താവ്യമാണ്.
”മനുഷ്യശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അത് നന്നായാല്‍ ശരീരമാസകലം നന്നായി. അത് നാശമായാല്‍ ശരീരമാസകലം നാശമായി. അറിയുക, അതത്രെ ഹൃദയം.” എക്കാലത്തുമുള്ള ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്കും പ്രബോധകര്‍ക്കും മാര്‍ഗദര്‍ശകമാണ് ഈ വാക്യം. മനസിനകത്ത് നടക്കുന്ന പരിവര്‍ത്തനം ശരീരമാസകലം വ്യാപിക്കുന്നു. ജീവിതമേഖലയാകെ അത് സ്വാധീനിക്കും. മന:സ്ഥിതി നല്ലതെങ്കില്‍ നന്മയിലേക്കും ചീത്തയെങ്കില്‍ തിന്മയിലേക്കും മനുഷ്യനെ അത് നയിക്കും.
പ്രബോധനപ്രവര്‍ത്തനങ്ങളിലൂടെ ഒരു വ്യക്തിയെയോ സമൂഹത്തെയോ മാറ്റിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ സ്വാഭാവികമായും സംഭവിക്കും. കാരണം, പരമ്പരാഗതമായി നിലനില്ക്കുകയും മനസ്സിന്റെ അകത്തളങ്ങളില്‍ വേരുറപ്പിക്കുകയും ചെയ്ത വിശ്വാസങ്ങളെ പിഴുതെറിയുമ്പോഴുണ്ടാകുന്ന സംഘര്‍ഷവും പ്രതികരണവും സ്വാഭാവികം മാത്രം. കാലങ്ങളായി ഇളക്കംതട്ടാതെ ഉറച്ചുകഴിഞ്ഞ മൂഢവിശ്വാസങ്ങളുടെ കടയ്ക്ക് കത്തിവെക്കുമ്പോള്‍ പ്രതിഷേധിക്കാതിരിക്കാന്‍ കഴിയില്ല. ഇത് വ്യക്തികള്‍ക്കും സാഹചര്യങ്ങള്‍ക്കുമനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. പക്ഷേ, സാവധാനത്തില്‍ മനാും ശരീരവും പുതിയ വിശ്വാസത്തിനനുസരിച്ച് പാകപ്പെട്ട് വരുന്നു. അല്ലാഹു പറയുന്നു: ”വല്ലവനും അല്ലാഹുവില്‍ വിശ്വസിക്കുന്ന പക്ഷം അവന്റെ ഹൃദയത്തെ അവന്‍ നേര്‍വഴിയിലാക്കുന്നതാണ്.” (64:11)
ആദര്‍ശമാറ്റം
എതിര്‍പ്പുകളും വിയോജിപ്പിക്കുകളും എത്ര ശക്തമാണെങ്കിലും സാമൂഹിക പരിവര്‍ത്തനം ലക്ഷ്യമാക്കുന്ന ഒരു സംഘത്തിന് അവയെ അതിജീവിച്ച് പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകാതിരിക്കാന്‍ കഴിയില്ല. അതാണ് ധീരമായ നിലപാട്. ഇസ്‌ലാം ഈ ധീരമായ നിലപാടിന്റെ പക്ഷത്താണുള്ളത്. പ്രതിസന്ധികളും പ്രതിരോധങ്ങളും തടയിടുമ്പോള്‍, ശക്തമായ ജലപ്രവാഹം കണക്കെ അവയെ മറികടന്ന് ലക്ഷ്യത്തിലേക്ക് കുതിക്കുകയെന്നതാണ് ഇത്. എതിരാളികള്‍ തീര്‍ക്കുന്ന പ്രതിരോധങ്ങളുടെ മുമ്പില്‍ അടിപതറുകയും നിസ്സംഗതയോടെ പിന്‍മാറുകയും ചെയ്യുമ്പോള്‍ ആദര്‍ശധീരത നിര്‍വീര്യമായി മാറുന്നു. ഒരു ആദര്‍ശമാറ്റത്തിലേക്ക് ക്ഷണിക്കാന്‍ മുതിരുന്നവര്‍ സ്വന്തം ജീവിതത്തില്‍ പ്രസ്തുത ആദര്‍ശത്തിന്റെ ധീരമായ നിലപാട് സ്വീകരിച്ചേ മതിയാകൂ. വക്രതയും വളവുമില്ലാത്ത തുറന്ന സമീപനമാണിത്. പ്രബോധനരംഗത്തെ സമുചിതമായ നിലപാടും ഇതുതന്നെ.
നബി(സ)ക്ക് പരസ്യപ്രബോധനത്തിനുള്ള കല്പനയായി വന്ന സൂക്തം ഇങ്ങനെയാണ്: ”അതിനാല്‍ നീ കല്പിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ചുകൊള്ളുക” (വി.ഖു 15:94). ആദര്‍ശം തുറന്നുപറഞ്ഞും പ്രവര്‍ത്തിച്ചും ജനങ്ങളിലെത്തിക്കാനുള്ളതാണ്. അതിന്റെ അനുബന്ധമായി ഉണ്ടാകാവുന്ന പ്രയാസങ്ങളും പ്രതിസന്ധികളും ക്ഷമാപൂര്‍വം തരണം ചെയ്യുകയെന്നതാണ് സുതാര്യവും ധീരവുമായ നിലപാട്. പ്രവാചകന്മാരഖിലവും ആദര്‍ശപ്രബോധന രംഗത്ത് സുവ്യക്തവും സുതാര്യവുമായ ഈ നിലപാടുകാരായിരുന്നു. ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന പ്രവാചകന്മാരുടെ ചരിത്രത്തില്‍ ഇത് തെളിഞ്ഞുകാണാം.
പ്രബോധിതനറിയാതെ, കൈമാറുന്ന സന്ദേശത്തിന് വ്യക്തതയോ കൃത്യതയോ വരുത്താതെ, പ്രബോധിത വിഭാഗത്തെ ആകര്‍ഷിക്കാനെന്ന ഭാവേന ചെയ്യുന്ന ഏര്‍പ്പാടുകള്‍ക്ക് പ്രബോധിതരുടെ മനസ്സില്‍ താരതമ്യേന മതിപ്പും സ്വാധീനവും കുറയുമെന്നത് സുവ്യക്തമാണ്. പ്രത്യുത, പറയാനുള്ളത് തുറന്ന് പറയുകയും അതിന്റെ പ്രതികരണമെന്നോണം കടന്നുവരുന്നതെന്തും ക്ഷമാപൂര്‍വം അതിജീവിക്കാന്‍ കരുത്തുനേടുകയും ചെയ്യുകയെന്നതാണ് പ്രബോധന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് അനിവാര്യമായുണ്ടാകേണ്ട ഗുണം. പ്രവാചകന്മാരില്‍ നിന്ന് പഠിച്ച ഇതേ രീതിയാണ് കേരളത്തിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനം സ്വീകരിച്ചുപോരുന്നത്.
സുവ്യക്തത
സുവ്യക്തമാണ് ഇസ്‌ലാമിന്റെ സന്ദേശം. അത് അതേവിധം തന്നെ വ്യക്തതയോടെ അവതരിപ്പിക്കുകയാണ് പ്രബോധകര്‍ ചെയ്യേണ്ടത്. സാഹചര്യവും സന്ദര്‍ഭവുമാവശ്യപ്പെടുന്ന രീതിയില്‍ ഔചിത്യബോധം പ്രയോഗിക്കാമെന്നല്ലാതെ, സമര്‍പ്പിക്കുന്ന സന്ദേശത്തിന് വ്യക്തത കുറഞ്ഞുപോയിക്കൂടാ. സാമാന്യ ജനങ്ങളുടെ ഇഷ്ടങ്ങള്‍ക്കും സമ്പ്രദായങ്ങള്‍ക്കും വിരുദ്ധമായിപ്പോകുമോ എന്ന ആശങ്ക സമര്‍പ്പിക്കുന്ന ആശയങ്ങളുടെ സുവ്യക്തതയ്ക്ക് ഒരിക്കലും മങ്ങലേല്പിച്ചുകൂടാത്തതാണ്. പൊതുജനങ്ങളെയെല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്തിക്കൊണ്ട് ലോകത്ത് ഒരു പരിവര്‍ത്തനശ്രമവും നടന്നിട്ടില്ല. പ്രവാചകന്മാരുടെ ചരിത്രം ഇത് സാക്ഷീകരിക്കുന്നു.
ഇസ്‌ലാമിന്റെ ആദര്‍ശാടിത്തറയില്‍ പ്രഥമമാണല്ലോ തൗഹീദ് അഥവാ ഏകദൈവാരാധന. ഇതിലേക്ക് ക്ഷണിക്കുകയെന്നത് പ്രബോധകന്റെ ഒന്നാമത്തെ ബാധ്യതയാണ്. പ്രവാചകന്മാരെല്ലാം ഈ കാര്യം യാതൊരു വളച്ചുകെട്ടുമില്ലാതെ ജനസമക്ഷം സമര്‍പ്പിച്ചിട്ടുണ്ട്. പ്രവാചകന്മാരുടെ വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശപ്രബോധനശൈലി ശത്രുക്കളെ അരിശംകൊള്ളിച്ചിട്ടുണ്ട്. ഇത്രയും കര്‍ക്കശമായ ശൈലി ഒഴിവാക്കി, മൃദുല സമീപനം സ്വീകരിച്ചെങ്കില്‍ എന്നവര്‍ ആഗ്രഹിച്ചിട്ടുമുണ്ട്. വിശുദ്ധ ഖുര്‍ആന്‍ അവരുടെ മനോഗതം ഇങ്ങനെ ഉദ്ധരിക്കുന്നു: ”നീ അനുനയ നിലപാട് സ്വീകരിക്കുന്ന പക്ഷം അവര്‍ക്കും അനുനയ നിലപാട് സ്വീകരിക്കാമെന്നവര്‍ ആഗ്രഹിക്കുന്നു” (68:9)
മക്കയിലെ ബഹുദൈവാരാധകരായ അവിശ്വാസിസംഘം നബി(സ)യെ സമീപിച്ച്, അവര്‍ക്കിടയില്‍ നിലനില്ക്കുന്ന ഭിന്നതയും വിയോജിപ്പും അവസാനിപ്പിക്കാനുള്ള ‘ഫോര്‍മുല’ എന്ന നിലക്ക് ആരാധനയില്‍ പരസ്പരം ഐക്യപ്പെടാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചപ്പോള്‍ അതിനു മറുപടിയായി അല്ലാഹു അവതരിപ്പിച്ച അധ്യായമാണ് അല്‍കാഫിറൂന്‍. പ്രസ്തുത അധ്യായത്തില്‍ ആരാധനാപരമായ ഐക്യത്തിന്റെ സാധ്യതകളെ പൂര്‍ണമായും തള്ളിക്കളയുകയും രണ്ട് ആദര്‍ശവും തമ്മില്‍ തികച്ചും ഭിന്നമാണെന്ന് അര്‍ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിക്കുകയും ചെയ്യുന്നു: ”നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതവും.” (109:6)
പ്രവാകന്മാരെല്ലാം തൗഹീദ് പ്രബോധനത്തിന് സ്വീകരിച്ച ശൈലി അതീവലളിതവും സുവ്യക്തവുമായിരുന്നു. വിശുദ്ധ ഖുര്‍ആനില്‍ പ്രവാചകന്മാരുടെ തൗഹീദ് പ്രബോധനവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുടെ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന ആര്‍ക്കും ഇത് ബോധ്യമാകും. വിശുദ്ധ ഖുര്‍ആന്‍ ഏഴാം അധ്യായം അഅ്‌റാഫില്‍ അനേകം പ്രവാചകന്മാരുടെ പ്രസ്താവം ഒരേ പോലെ എടുത്തുചേര്‍ത്തിട്ടുണ്ട്. അതിങ്ങനെയാണ്: ”എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. അവനല്ലാതെ നിങ്ങള്‍ക്ക് ഒരു ദൈവവുമില്ല” (7:59,65,73,85)
ഇതേപോലെ സൂറത്തു ഹൂദിലും കാണാവുന്നതാണ്. മറ്റൊരു പ്രസ്താവം നോക്കുക: ”വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത്, അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ റബ്ബുകളാക്കാതിരിക്കുകയും ചെയ്യുക”(3:64). മനുഷ്യബുദ്ധിക്ക് ബോധ്യമാകുന്ന തെളിവുകള്‍ ഉദ്ധരിച്ച് ഖുര്‍ആന്‍ ഉന്നയിക്കുന്ന ചോദ്യമിതാണ്: ”അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? പറയുക: നിങ്ങ ള്‍ സത്യവാന്മാരാണെങ്കില്‍ നിങ്ങള്‍ക്കുള്ള തെളിവ് നിങ്ങള്‍ കൊണ്ടുവരിക.” (27:64)
പരലോകം പരാമര്‍ശിക്കുമ്പോഴും വിഷയത്തിന്റെ മര്‍മം യാതൊരു മയപ്പെടുത്തലുമില്ലാതെ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു: ”അപ്പോള്‍, ആര്‍ ഒരണുത്തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും. ആര്‍ ഒരണുത്തൂക്കം തിന്മ ചെയ്തിരുന്നുവോ അവന്‍ അതും കാണും” (99:7,8). ഇതുപോലെ അനേകം സൂക്തങ്ങളില്‍ പരലോകത്തെ രക്ഷാശിക്ഷകളും നീതിന്യായ നടപടികളും വിചാരണയുമെല്ലാം പരാമര്‍ശിക്കുന്നു. ഈ വ്യക്തത ഇസ്‌ലാമിക പ്രബോധകരിലും കാണേണ്ടതുണ്ട്.
നിത്യേനയെന്നോണം ലോകത്തിന്റെ ഏതെങ്കിലുമൊക്കെ കോണുകളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിലെല്ലാം നിരന്തരം അഭിപ്രായപ്രകടനങ്ങളും പ്രതികരണങ്ങളും രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയും അത് ഇസ്‌ലാമിക പ്രബോധന മേഖലയിലെ മുഖ്യമായ കര്‍ത്തവ്യമായി കാണുകയും കോടിക്കണക്കിന് മനുഷ്യരെ നിത്യേനയെന്നോണം നരകാഗ്നിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ശിര്‍ക്ക് അടക്കമുള്ള വിശ്വാസവൈകൃതങ്ങള്‍ക്കെതിരില്‍ കുറ്റകരമായ മൗനംപാലിക്കുകയും ചെയ്യുന്നത് ഒരു പ്രബോധക പ്രസ്ഥാനത്തിന് ന്യായീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. ഒരു പ്രബോധകസംഘം എന്നും ഊന്നല്‍ നല്‌കേണ്ടത് വിശ്വാസരംഗത്തെ സംസ്‌കരണത്തിന് തന്നെയാണ്. അഥവാ, തൗഹീദും പരലോകവിശ്വാസവും. ആനുകാലികവിഷയങ്ങളില്‍ ഇടപെടുന്നുവെന്നതിന്റെ പേരില്‍ ഇതില്‍ വീഴ്ചവരുത്താന്‍ ഒരു ന്യായവുമില്ല തന്നെ.
കര്‍ശന നിലപാടുകള്‍
പ്രബോധിത വിഭാഗത്തോട് അങ്ങേയറ്റത്തെ സ്‌നേഹവും ആര്‍ദ്രതയും അവര്‍ സന്മാര്‍ഗത്തിലേക്ക് വരാനുള്ള അടങ്ങാത്ത ആഗ്രഹവും നിലനിര്‍ത്തിക്കൊണ്ട് തന്നെ പ്രബോധനം ചെയ്യുന്ന വിഷയങ്ങളില്‍- വിശിഷ്യാ തൗഹീദും പരലോകവിശ്വാസവും- നീക്കുപോക്കുകളില്ലാത്ത ആദര്‍ശമെന്ന നിലക്ക് ശക്തമായിത്തന്നെ അവതരിപ്പിക്കേണ്ടതുണ്ട്. ഇതില്‍, അഴകുഴമ്പന്‍ നിലപാടു സ്വീകരിക്കുന്നതും ഋജുവായും സ്വച്ഛമായും അവതരിപ്പിക്കുന്നതിനു പകരം പ്രബോധിതന്മാരുടെ മനസ്സുകളിലേക്ക് ഒളിച്ചുകടത്തുന്ന വിധം അവതരിപ്പിക്കുന്നതും തികച്ചും സ്വീകാര്യമായ ഒരു പ്രബോധന രീതിയായിരിക്കില്ല. പ്രത്യുത, ആത്മനിന്ദയോടടുത്തു നില്ക്കുന്ന ഒരു പണിയായി മാറുന്നതാണ്.
നബി(സ) പറഞ്ഞു: ”നിങ്ങളാരും ആത്മനിന്ദ ചെയ്യരുത്. അവര്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളില്‍ ഒരാള്‍ എങ്ങനെയാണു ആത്മനിന്ദ നടത്തുന്നത്? അവിടുന്നു പറഞ്ഞു: അല്ലാഹുവുമായി ബന്ധപ്പെട്ട കാര്യത്തില്‍ അവന്‍ ചിലതു പറയേണ്ടതുണ്ടായിരുന്നു. എന്നാല്‍ അവന്‍ അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. അങ്ങനെ പുനരുത്ഥാനനാളില്‍ ഉന്നതനും പ്രതാപവാനുമായ അല്ലാഹു അവനോടു ചോദിക്കും: എന്താണ് ഇന്നയിന്ന കാര്യങ്ങളില്‍ സംസാരിക്കുന്നതിന് നിനക്ക് തടസ്സമായി ഭവിച്ചത്? അപ്പോള്‍ അവന്‍ പറയും: ജനങ്ങളെ ഭയന്നതുകൊണ്ട്. അപ്പോള്‍ അല്ലാഹു ചോദിക്കും: നീ ഏറ്റവും കൂടുതല്‍ ഭയപ്പെടാന്‍ അര്‍ഹനായിട്ടുള്ളവന്‍ ഞാനായിരുന്നില്ലേ?” (ഇബ്‌നുമാജ)
തൗഹീദ്-ശിര്‍ക്ക്-പരലോകവിശ്വാസം പോലെ അടിസ്ഥാന പ്രാധാന്യമുള്ള വിഷയങ്ങള്‍ ഒരു സന്ദര്‍ഭത്തിലും പ്രബോധനരംഗത്തുനിന്ന് പ്രവാചകന്മാര്‍ മാറ്റിനിറുത്തിയിരുന്നില്ല. ഇതര വിഷയങ്ങളില്‍ ഇടപെടുമ്പോഴും ഇവയ്ക്ക് അതിയായ പ്രാധാന്യം നല്കിയിരുന്നു. എന്നല്ല, ഏതൊരു സന്ദര്‍ഭം കിട്ടുമ്പോഴും ഇത് പറയാന്‍ അവര്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഹിജ്‌റ ആറാം വര്‍ഷം ഹുദയ്ബിയയില്‍ മഴ പെയ്തപ്പോള്‍ അവിടെ കൂടിയ സഹചരന്മാരോടു അവിടുന്ന് മഴയുടെ പശ്ചാത്തലത്തില്‍ പറഞ്ഞത്: ”മഴ പെയ്തത് ഞാറ്റുവേലകള്‍ കൊണ്ടാണെന്ന് വിശ്വസിക്കുന്നവന്‍ അല്ലാഹുവില്‍ അവിശ്വസിച്ചവനും നക്ഷത്രങ്ങളില്‍ വിശ്വസിച്ചവനുമാണെന്നും അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണെന്ന് പറയുന്നവന്‍ അല്ലാഹുവില്‍ വിശ്വസിച്ച് നക്ഷത്രങ്ങളെ അവിശ്വസിച്ചവനുമാണെന്നാണ്.” വിശ്വാസത്തില്‍ സംഭവിക്കുന്ന ലോലമായ വ്യതിയാനം പോലും അവിടുന്ന് തത്സമയം തന്നെ തിരുത്തി.
ഹുനയ്ന്‍ യുദ്ധത്തിന് പുറപ്പെട്ട പ്രവാചകന്റെ കൂടെയുണ്ടായിരുന്ന ചില പുതുവിശ്വാസികള്‍ ബഹുദൈവാരാധകരെപ്പോലെ, വാളുകള്‍ തൂക്കിയിട്ട് ബര്‍കത്തെടുക്കാന്‍ മരം നിശ്ചയിച്ചുതരണമെന്ന് നബി(സ)യോട് ആവശ്യപ്പെട്ടപ്പോള്‍ ഒരു യുദ്ധമുന്നണിയിലായിരുന്നിട്ടും ഉടനെത്തന്നെ അത് തിരുത്തിപ്പഠിപ്പിച്ച ശേഷമാണ് തിരുമേനി മുന്നോട്ടുപോയത്. ഈ ചോദ്യം മുമ്പ് ഇസ്‌റാഈല്യര്‍ മൂസാ(അ)യോടു ഒരു ആരാധ്യവിഗ്രഹം ചോദിച്ചതുപോലെയാണെന്ന് താരതമ്യംചെയ്തു പറയുകയും ചെയ്തു.
ശിര്‍ക്കിനെതിരില്‍ ഏതു സന്ദര്‍ഭത്തിലും നിലപാട് കര്‍ശനം തന്നെ. ഒരു യുദ്ധ മുന്നണിയിലെ ഭടന്മാരെ തല്ക്കാലം വെറുതെവിട്ട് യുദ്ധംകഴിഞ്ഞ് സാവകാശം പഠിപ്പിക്കാം എന്നുപോലും അവിടുന്ന് ചിന്തിക്കുന്നില്ല. ‘പ്രായോഗിക പരിജ്ഞാന’മുള്ള നേതാവ് ഇത്തരം സന്നിഗ്ധഘട്ടങ്ങളില്‍ മൗനമവലംബിക്കും എന്നാണല്ലോ പൊതുധാരണ. എന്നാല്‍, പ്രവാചകന്‍(സ) ശിര്‍ക്കിനെതിരെ ഒരു ദാക്ഷിണ്യവും കാണിക്കുന്നില്ല.
സഖീഫ് ഗോത്രക്കാര്‍ അവരുടെ ആരാധ്യവസ്തുവായ ലാത്തയെ ഏതാനും മാസത്തേക്ക് നശിപ്പിക്കാതെ വിട്ടുതരണമെന്ന് അപേക്ഷിച്ചിട്ടും അബൂസുഫ്‌യാന്‍, മുഗീറ എന്നിവരെ വിട്ട് അതിനെ ഉടയ്ക്കുകയാണ് ചെയ്തത്. ഇബ്‌റാഹീം(അ) ശിര്‍ക്കിനെതിരെ ഏറ്റവും ശക്തമായ നിലപാടു സ്വീകരിച്ച പ്രവാചകനാണ്. അദ്ദേഹത്തിന്റെ മാതൃക പിന്‍പറ്റണമെന്ന് പറഞ്ഞുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത് ശിര്‍ക്കിനോടും ശിര്‍ക്ക് ചെയ്യുന്നവരോടും ആദര്‍ശത്തിന്റെ കാര്യത്തില്‍ പൂര്‍ണ അകല്‍ച്ച പാലിക്കണമെന്നും അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നതുവരെ ആദര്‍ശകാര്യത്തില്‍ എന്നേക്കും അവരോട് ശത്രുതയും വിദ്വേഷവുമാണെന്നും പ്രഖ്യാപിക്കാനാണ്. (60:4)
കേരള മുസ്‌ലിംകളുടെ നവോത്ഥാനത്തില്‍ ഏറെ പങ്കു വഹിച്ച ഇസ്വ്‌ലാഹീ പ്രസ്ഥാനം, ആദര്‍ശ പ്രബോധനരംഗത്ത് സ്വീകരിച്ച ശക്തമായ നിലപാടാണ് മുസ്‌ലിം സമൂഹത്തിന് ഏറെ പ്രയോജനപ്പെട്ടത്. ശിര്‍ക്കിന്റെയും ബിദ്അത്തുകളുടെയും ചില അത്യാചാരങ്ങളുടെയും ആഴക്കയങ്ങളില്‍ മുങ്ങിനിന്നിരുന്ന ഒരു ജനതയെ വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും തങ്കത്തേരിലേറ്റി പുരോഗതിയിലേക്ക് നയിക്കുകയായിരുന്നു. കടുത്ത എതിര്‍പ്പുകളും ബഹിഷ്‌കരണങ്ങളും ഊരുവിലക്കുകളും എല്ലാം അനുഭവിച്ചും അതീജിവിച്ചും ചെയ്ത പ്രബോധനപ്രവര്‍ത്തനങ്ങളുടെ സല്‍ഫലമാണ് പില്‍ക്കാല തലമുറ അനുഭവിക്കുന്നത്. ത്യാഗനിര്‍ഭരമായ പ്രബോധനത്തിന്റെ അതേ വഴി പിന്തുടര്‍ന്ന് നിലവിലുള്ള തലമുറയെയും വരും തലമുറയെയും ഇസ്‌ലാമിന്റെ ശുദ്ധവെളിച്ചത്തിലെത്തിക്കുകയെന്നത് ഇന്നത്തെ പ്രബോധകരുടെ ബാധ്യതയാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x