2 Monday
December 2024
2024 December 2
1446 Joumada II 0

വിശ്വമാനവികതയ്ക്ക് വേദവെളിച്ചം

ഡോ. ജാബിര്‍ അമാനി


യുഗാന്തരങ്ങള്‍ക്ക് ഇപ്പുറത്തും ലോകത്തിന് മാതൃകയായി പതിനാല് ദശാബ്ദം മുന്‍പ് കഴിഞ്ഞുപോയ ഒരു ചരിത്രമുണ്ട്. അതുല്യമായ ആ ചരിത്രത്തെ ലോകര്‍ക്ക് സമര്‍പ്പിച്ച യുഗപുരുഷനെക്കുറിച്ച് ഫ്രഞ്ച് ദാര്‍ശനികനായ ലാമാര്‍ട്ടിന്‍ പറഞ്ഞതിങ്ങനെയാണ്: മനുഷ്യ മഹത്വത്തിന്റെ എല്ലാ മാനദണ്ഡങ്ങളും പരിഗണിക്കുമ്പോള്‍; മുഹമ്മദിനെക്കാള്‍ മഹാനായ മറ്റാരെങ്കിലും ഭൂലോകത്ത് ഉണ്ടോ എന്ന് നാം വ്യക്തമായും ചോദിച്ചുപോവും.
വംശീയ കുടിപ്പകയുടെ പേരില്‍ പരസ്പരം വെട്ടിമരിച്ചവര്‍, സാമൂഹിക ജീര്‍ണതകളും തിന്മകളും ജീവിതചര്യയാക്കിയവര്‍, പ്രാദേശിക സങ്കുചിതത്വവും ഗോത്രവൈര്യങ്ങളും ജാതീയതയും അടിമത്തവും അപമാനവീകരണവും കട്ട പിടിച്ച് കിടന്ന ഇരുണ്ട യുഗത്തിന്റെ വക്താക്കള്‍, യുദ്ധവും പെണ്ണും ലഹരിയും ജീവിതത്തില്‍ തിമര്‍ത്താടിയ അറബിക്കൂട്ടങ്ങള്‍. നിത്യ ശത്രുക്കളായ ആ മനുഷ്യരാണ് വിശ്വമാനവികതയുടെ നിത്യവസന്തം ലോകത്തിന് സമര്‍പ്പിച്ചത്. ഗോത്ര ദുരഭിമാനം പേറിനടന്ന അഭിജാതരും അധഃകൃതരും അടിമകളും ഉടമകളും ഏകോദര സഹോദരന്മാരായി മാതൃക കാണിച്ചു. നിറവും ഭാഷയും ദേശവും വംശവും തീര്‍ത്ത വിഭാഗീയതയുടെ കോട്ടകളെ തകര്‍ത്തെറിഞ്ഞ് ഏകമാനവികതയുടെ പ്രതീകങ്ങളായി മാറി. ഉന്മൂലനത്തിന്റെ പടവാളുകള്‍ വിശ്വമാനവികതയുടെ വിശുദ്ധ ഖഡ്ഗങ്ങളായി വെട്ടിത്തിളങ്ങി. സകലഭേദ ചിന്തകളുടെയും അടിവേരറുത്ത് ആദര്‍ശാത്മക കോസ്‌മോപൊളിറ്റന്‍ സമൂഹമായി മക്കയും മദീനയും ചരിത്രത്തില്‍ ഉജ്വല ശോഭയോടെ നിലനിന്നു. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും താരസമൂഹങ്ങളും ഗോളങ്ങളും പുഴയും കടലും മഞ്ഞും മലയും വിണ്ണും മണ്ണും സൃഷ്ടിപ്പിന്റെ അത്യത്ഭുതകരമായ ദൃഷ്ടാന്തമാണെന്ന പോലെ ഇരുട്ടിന്റെ രാജാക്കന്മാരെ ദൈവീകമായ മാര്‍ഗത്തില്‍ വെളിച്ചത്തിന്റെ ജേതാക്കളാക്കി മാറ്റിയതും ഒരു ദൃഷ്ടാന്തമത്രെ.
”നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ചു പോകരുത്. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്‌നികുണ്ഠത്തിന്റെ വക്കിലായിരുന്നു. എന്നിട്ടതില്‍നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി” (വി.ഖു. 3:103)
അവിശ്വാസവും അധാര്‍മികതയും വംശീയതയും വഴി ആത്മനാശത്തിന്റെ വക്കിലെത്തിയ ഒരു ജനപഥത്തെ വിമോചിപ്പിക്കുകയും വിശ്വമാനവികതയുടെ വക്താക്കളാക്കി ഏകീകരിക്കുകയും ചെയ്തു. മുഹമ്മദ് നബിയുടെ ഈ വിസ്മയ ദൗത്യത്തില്‍ ആധുനിക മനുഷ്യന് ചെറുതല്ലാത്ത കാര്യങ്ങള്‍ പഠിക്കാനുണ്ട്.
‘ലോകത്ത് ഇന്നേവരെ ഒരാള്‍ക്കും മുഹമ്മദ് നബി ചെയ്തതുപോലെ മനുഷ്യരെ ഒന്നായി കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന്’ ബെല്‍ജിയന്‍ ചരിത്രകാരനായ ജോര്‍ജ് സാള്‍ട്ടണ്‍ പ്രഖ്യാപിക്കുന്നു. ഇരുണ്ട യുഗത്തിലെ അധാര്‍മികരായ അറബി കൂട്ടങ്ങളെ മാനവികതയുടെ വിശ്വമാതൃകയുള്ളവരാക്കിത്തീര്‍ത്ത ദര്‍ശനത്തിന് അജ്ഞരായ ആധുനിക മനുഷ്യരെയും വിമോചിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന ലോകചരിത്രകാരന്‍ ഗോര്‍ഡന്‍ ചൈല്‍ഡിന്റെ നിരീക്ഷണം പ്രസക്തമാണ്.
സ്പര്‍ധയും സംഘട്ടനങ്ങളും വംശവെറിയും വര്‍ഗീയതയുമില്ലാത്ത ഒരു ലോകം മനുഷ്യാത്മാവിന്റെ തേട്ടമാണ്. കലക്കും സാഹിത്യത്തിനും ശാസ്ത്രത്തിനും പ്രത്യയശാസ്ത്രങ്ങള്‍ക്കും ജീവനും ചലനവും നല്‍കുന്നത് ഈ ആഗ്രഹങ്ങളാണ്.
മോസസും കണ്‍ഫ്യൂഷ്യസും ബുദ്ധനും ശ്രീരാമനും 1516ലെ തോമസ് മൂറിന്റെ ഉട്ടോപ്പിയയും 1602ലെ തോമസ് കിംപെല്ലെയുടെ ഠവല ഇശ്യേ ീള വേല ടൗി ഉം രാമായണത്തിലെ മാനിഷാദാ പ്രഖ്യാപനവും ബൈബിളിന്റെ ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനത്തിനായുള്ള സ്‌നേഹശുശ്രൂഷയും എല്ലാമെല്ലാം മാനവികനായ സഹവര്‍ത്തിത്തമുള്ള മനുഷ്യന്റെ വീണ്ടെടുപ്പിനായുള്ള ദാഹമാണ്. പക്ഷേ സഹസ്രകോടി മനുഷ്യരുള്ള ലോകത്ത് വിശ്വമാനവികതയ്ക്കു വേണ്ടി പിന്‍മടക്കമില്ലാതെ പൊരുതുന്നവര്‍ എത്രപേരുണ്ട്? പ്രായോഗികമായി സത്യാന്വേഷണം നടത്തുന്നവര്‍ എത്രപേരുണ്ട്?
ലോകം ഇന്ന് വെറുപ്പിന്റെ വയലേലകളില്‍ വിനാശത്തിന്റെ വിത്തിറക്കുകയാണ്. സങ്കുചിതത്വവും യുദ്ധോത്സുകതയും വംശവെറിയും നിറഞ്ഞ ഷോവനിസം. അപരന്റെ രാജ്യാതിര്‍ത്തികള്‍ വെടിയുണ്ടകള്‍കൊണ്ട് വെട്ടിപ്പൊളിക്കുന്ന സാമ്രാജ്യത്വം. മൃദുലതയും ഓമനത്തവും നിറഞ്ഞ ഫലസ്തീന്‍ പിഞ്ചോമനകളുടെ കരളു പിളര്‍ത്തി ആയുധക്കച്ചവടത്തിന്റെ അപ്പോസ്തലന്മാരായ ജൂതരും സയണിസവും. കപട ദേശീയതയും രാജ്യസ്‌നേഹവും വര്‍ഗീയതയും ഉന്മൂലനശ്രമങ്ങളും കുടിപ്പകയും കൈമുതലാക്കി മാനവികതയുടെ വിരുദ്ധചേരിയില്‍ നിറഞ്ഞാടുന്ന ഫാസിസം. അധഃസ്ഥിതരെ അടിച്ചമര്‍ത്തിയും, അപരവിദ്വേഷത്തിന് തീ കൊടുത്തും കഴിയുന്ന ഭരണാധികാരികളുടെ ധാര്‍ഷ്ട്യത്തിന്റെ എത്രയെത്ര ഉദാഹരണങ്ങളാണ് നാം കേള്‍ക്കുന്നത്. നീതിയുടെയും മാനവികതയുടെയും പക്ഷത്ത് നില്‍ക്കേണ്ട, സര്‍ക്കാറുകളും സംവിധാനങ്ങളും അരുത്, അരുത് എന്ന് പറയുകയല്ല, വേട്ടക്കാരന് വിരുന്നൊരുക്കുകയാണ് ചെയ്യുന്നത്. ഉന്മത്തമായ ദേശീയതയുടെ അക്രമോത്സുകതയാണ് ഇന്ത്യയുടെ പ്രഭാതങ്ങള്‍.
വര്‍ഗീയതയും പ്രതിവര്‍ഗീയതയും മാനവികതയുടെ ശത്രുക്കളാണ്. ഭൂരിപക്ഷ ന്യൂനപക്ഷ വേര്‍തിരിവുകള്‍ തീവ്രവാദ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഇല്ല. ഐഎസ്‌ഐഎസും അറബി പേരിട്ട് അട്ടഹസിക്കുന്ന ജിഹാദീ സംഘങ്ങളും മതത്തിന്റെ പേരില്‍ മരണം വരിച്ച് വീരപരിവേഷമണിയാന്‍ ശ്രമിക്കുന്ന ആത്മഹത്യാ കൂട്ടങ്ങളും വിശ്വമാനവികതയുടെ ശത്രുക്കളാണ്. വര്‍ഗീയതക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവനും സഹായിക്കുന്നവനും മൗനം പാലിക്കുന്നവന്‍ പോലും മുസ്‌ലിമായി പരിഗണിക്കപ്പെടുന്നില്ല.
പശ്ചിമേഷ്യയില്‍ മനുഷ്യത്വം മരവിച്ച നാടുകള്‍ നാം കാണുന്നു. ഭീകര സംഘങ്ങളാവുന്ന സര്‍ക്കാറുകള്‍ (അഭയാര്‍ഥി കൂട്ടങ്ങളുടെ കണ്ണുനീരില്‍ ആനന്ദനൃത്തം ചവിട്ടുന്നവര്‍). കറുപ്പും വെറുപ്പും നിറങ്ങളായല്ല, അടിച്ചമര്‍ത്താനും ഉന്മൂലനം ചെയ്യാനുള്ള തൊലി വര്‍ണങ്ങളായി കാണുന്ന സാമ്രാജ്യത്വം. ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞിനെ കൊല്ലുന്നത് മത്സ്യ മാംസാദികള്‍ ഭക്ഷിക്കുന്നതുപോലെ നിസാരമാണെന്ന് വ്യാഖ്യാനിക്കുന്ന ഫെമിനിസവും ലിബറലിസവും ഇണജീവിതത്തിന്റെ മാനദണ്ഡം കുടുംബവും വിവാഹവുമല്ലെന്നും മാതാവിന് മകനോടും പിതാവിന് മകളോടും ശരീര സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ പരസ്പര സമ്മതം മാത്രം മതിയെന്നും സിദ്ധാന്തിക്കുന്ന ജെന്‍ഡര്‍ പൊളിറ്റിക്‌സും അവയ്ക്ക് കുടപിടിച്ചുകൊടുക്കുന്ന ഭൗതികവാദികളും മനുഷ്യനെയാണ് മറക്കുന്നത്. മാനവികതയാണ് ചവിട്ടിമെതിക്കുന്നത്. മാനവസമൂഹത്തിന് ധര്‍മത്തിന്റെ ഒരു കണികപോലും ഇവര്‍ക്ക് നല്‍കാനാവുന്നില്ല.
അറബി മാന്ത്രികവും സന്താന ഗോപാലയന്ത്രവും ധ്യാന കേന്ദ്രങ്ങളിലെ നൃത്തനൃത്യങ്ങളും മൈത്രിയുടെ പുതുലോകമല്ല, മനുഷ്യന്റെ ആത്മീയ ചൂഷണത്തിന്റെ അപ്പോസ്തലന്മാരായിട്ടാണ് കാണേണ്ടത്. ജ്ഞാനത്തിന്റെയും തിരിച്ചറിവിന്റെയും പ്രകാശം പരത്തേണ്ട അറിവിന്‍ നഗരങ്ങള്‍, പക്ഷേ, ആത്മീയ വാണിഭത്തിന്റെ കോട്ട കൊത്തളങ്ങള്‍കൊണ്ട് കോര്‍പറേറ്റ്‌ലോകം തീര്‍ക്കുകയാണ്. ഇന്ന് മണ്ണറകളില്‍ മറമാടപ്പെട്ടവരെ മഹത്വപ്പെടുത്തി സ്രഷ്ടാവിനെപ്പോലും വെല്ലുവിളിക്കുന്ന അത്ഭുതജന്മങ്ങളായി നിര്‍ലജ്ജം സമര്‍പ്പിക്കുമ്പോള്‍, നശിച്ച് പോകുന്നത് മനുഷ്യത്വവും പ്രകൃതി ധര്‍മങ്ങളുമാണ്. പൈശാചികത പകരം വെക്കുന്ന എവിടെയും മാനവിക വിരുദ്ധതയും വിശ്വാസത്തിലെ വര്‍ഗീയതകളുമാണ് ഉണ്ടാവുക. ചൂഷണരഹിതമായ ആത്മീയത മാത്രമേ വിശ്വമാനവികതയെ ശക്തിപ്പെടുത്തുകയുള്ളൂ. ശാസ്ത്രവും സാങ്കേതിക വിദ്യയും ലോകത്തെ ആഗോളഗ്രാമമാക്കി മാറ്റിക്കഴിഞ്ഞെങ്കിലും ഒരുവിഭാഗം ചൂഷകരും മറ്റൊരു വിഭാഗം ചൂഷിതരുമായി തുടരുകയാണ്.
രക്തകുടുംബമാനുഷിക ബന്ധങ്ങള്‍, ലാഭക്കൊതിയുടെയും ഭൗതിക സുഖലോലുപതയുടെയും പേരില്‍ ബന്ധനങ്ങളായി മാറുന്ന കദനകാഴ്ചകളാണ് നാം കാണുന്നത്. കുടിപ്പകയുടെ കഠാരപ്രയോഗങ്ങളിലും അക്രമോത്സുകതയിലും രക്തം പൊടിയുന്ന വീടകങ്ങളായി മരവിച്ചു കിടക്കുകയാണ് പലയിടങ്ങളിലും കുടുംബബന്ധങ്ങള്‍. സ്‌നേഹം തിരതല്ലുമ്പോഴാണ് സൗഹൃദവും സാഹോദര്യവും ശക്തിയാര്‍ജിക്കുന്നത്.
മഹോന്നതമായ മാതൃത്വവും സ്‌നേഹ കാരുണ്യത്തിന്റെ കനകകാന്തിയും നിറയുന്ന പെണ്ണഴകിലും പെണ്ണിടങ്ങളിലും അരാജക ജീവിതത്തിന്റെ വിളനിലമാക്കുന്ന കാമകഴുകന്മാര്‍ വട്ടമിട്ട് പറക്കുന്നു. ലൈംഗിക വൈകൃതങ്ങളും അരാജകത്വങ്ങളും സ്ത്രീ സുരക്ഷയെ വെല്ലുവിളിക്കുന്നു. ലോകജനതയുടെ അര്‍ധപാതി അരക്ഷിതമായാല്‍ മാനവികത പൂര്‍ണമാകുന്നത് എങ്ങനെ?
വിജ്ഞാന വിസ്‌ഫോടനം കൊണ്ട് നാഗരികമായ ലോക സമൂഹത്തെ ആപല്‍ക്കരവും ആത്മനാശകരവുമായ ശത്രുതയില്‍ നിന്നും പൈശാചികതയില്‍ നിന്നും വിമോചിപ്പിച്ചെടുക്കേണ്ടത് അനിവാര്യമാണ്. എന്താണിതിന് മാര്‍ഗം? ഇതിന് പ്രായോഗികമായ തത്വങ്ങളും ദര്‍ശനങ്ങളും എന്താണ്? സകലമാന കക്ഷിത്വങ്ങള്‍ക്കും വിഭാഗീയ ചിന്തകള്‍ക്കും അതീതമായ മാനവമൈത്രിയും സാഹോദര്യവും സഹിഷ്ണുതയും സ്ഥാപിതമായ വല്ല ചരിത്രവും ഇന്നലെകള്‍ക്ക് പറയാനുണ്ടോ?
ഭൗതികനിര്‍മിത പ്രത്യയശാസ്ത്രങ്ങള്‍ക്കൊന്നും മാനവസാഹോദര്യത്തിനും വിശ്വമാനവികതയ്ക്കും പ്രായോഗികമായ ദര്‍ശനങ്ങള്‍ സംഭാവന ചെയ്യാനായിട്ടില്ലെന്ന് 19ാം നൂറ്റാണ്ടിലെ പ്രത്യയശാസ്ത്രങ്ങളുടെ പതനം ബോധ്യപ്പെടുത്തുന്നു. ഉദാര ജനാധിപത്യവാദങ്ങളും ഹ്യൂമനിസവും സോഷ്യലിസവും ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട സമാന മനസ്‌കരെ സൃഷ്ടിച്ചതിനപ്പുറത്ത് ദേശഭാഷാ ജാതിവര്‍ണ വര്‍ഗ ഭേദങ്ങള്‍ക്കതീതമായി വിശാലമായ സാര്‍വലൗകികതയും വിശ്വമാനവികതയും സ്ഥാപിച്ചെടുക്കാന്‍ വിശ്വസനീയവും പ്രായോഗികമായ വഴികാണിക്കാന്‍ സാധ്യമായിട്ടില്ല.
സമ്പൂര്‍ണനീതിയും മാനവസമത്വവും വിശ്വമാനവികതയും ഭൗതിക ശാസ്ത്ര ദര്‍ശനങ്ങളുടെ ദാര്‍ശനിക ഗര്‍ഭാശയങ്ങളില്‍ ജന്മംകൊള്ളുകയില്ലെന്നും ന്യൂനതയോ താളക്രമഭംഗമോ ഇല്ലാതെ പ്രപഞ്ചത്തെയും ജൈവലോകത്തെയും മനുഷ്യനെയും സൃഷ്ടിച്ച് പരിപാലിക്കുന്ന സ്രഷ്ടാവിന്റെ ദര്‍ശനങ്ങള്‍ക്ക് മാത്രമേ പ്രായോഗിക പരിഹാരം നിര്‍ദേശിക്കാനാവുകയുള്ളൂവെന്നും ലോകം തിരിച്ചറിയുന്നു. സൃഷ്ടിപൂജയും വ്യക്തിയാരാധനയും സങ്കുചിത താല്‍പര്യങ്ങളും പ്രകടമാവുന്ന മതങ്ങള്‍, കാലത്തിന്റെ കുത്തൊഴുക്കിലും കുതിച്ച് മുന്നേറുന്നതിലും കാലിടറിപ്പോവുന്ന പരാജയ സിദ്ധാന്തങ്ങളാണെന്നും ലോകവും പക്വമതികളും വിലയിരുത്തുന്നുണ്ട്. പ്രകൃതിക്കും മനുഷ്യനും മഹത്വവും പരിഗണനയും കാലഹരണപ്പെടാത്ത വിശ്വാസം നല്‍കുകയും ധര്‍മ മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പിക്കുകയും ചെയ്യുന്ന സത്യദര്‍ശനത്തിനേ ആധുനിക മനുഷ്യനെ വിമോചിപ്പിച്ചെടുക്കാനാവുകയുള്ളൂവെന്ന് പ്രത്യയശാസ്ത്ര പതനങ്ങളുടെ ചരിത്രം ഉറക്കെ വിളിച്ചുപറയുന്നുണ്ട്.
പ്രപഞ്ചം അതിന്റെ ഉല്‍പത്തി മുതല്‍ തട്ടുതടവുകളില്ലാതെ സ്വഛന്ദമായി സഞ്ചരിക്കുകയാണ്. സ്വയമേവ പ്രപഞ്ചത്തിലെ ഒരു സംവിധാനവും തകരുന്നില്ല. റൂട്ട് തെറ്റുന്നില്ല. ഒരു ജീവിയും കുത്തിമലര്‍ത്തപ്പെടുന്നില്ല. ഒരു പര്‍വതവും ഇടിഞ്ഞ് പൊളിയുന്നില്ല. അന്തരീക്ഷവും മലിനമാവുന്നില്ല, ഒരവയവവും രോഗാതുരമാവുന്നില്ല. കാരണം അവയെല്ലാം അന്യൂനമായാണ് സൃഷ്ടിച്ചത്. അവയുടെ സഞ്ചാരപാതകള്‍ വക്രതയില്ലാത്തതുമാണ്. സ്രഷ്ടാവിന് സമര്‍പ്പിച്ച് മുന്നേറുന്നവയാണ്. എന്നാല്‍ മനുഷ്യ കരങ്ങളുടെ പ്രവര്‍ത്തനഫലമായിട്ടാണ് തകരുന്നതും നശിക്കുന്നതും. പ്രകൃതിയുടെ സൃഷ്ടിപ്പില്‍ ആദിമവിശുദ്ധിയിലേക്ക്, അന്യൂനമായ ക്രമീകരണത്തിലേക്ക് തിരിച്ചുനടക്കലാണ് പരിഹാരം. പ്രപഞ്ച സൃഷ്ടിപ്പില്‍ ന്യൂനതയും ക്രമഭംഗവും തെറ്റും കാണാന്‍ കഴിയില്ല. മാനവസമൂഹത്തോട്, സമര്‍പ്പണത്തിന്റെ ഈ ദൈവിക പാതയിലേക്ക് വരാനാണ് അന്തിമവേദം ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്. ഇരുട്ടും വെളിച്ചവും വേര്‍തിരിച്ച് കണ്ണിന് കാഴ്ച ക്രമീകരിച്ച സ്രഷ്ടാവ് എങ്ങനെ കാണണമെന്ന് പറയുന്നതാണ് ദൈവികമതം.
വെള്ളവും വെളിച്ചവും വായുവും നല്‍കിയ അനുഗ്രഹദാതാവ്, ശരി തെറ്റുകള്‍ ബോധ്യപ്പെടുത്താനാണ് വേദവെളിച്ചം നല്‍കിയത്. സ്രഷ്ടാവിന്റെ സന്ദേശമാണ് വേദം. തിന്മയുടെ ഇരുട്ടുകളില്‍ നിന്ന് സത്യത്തിന്റെ ദിവ്യപ്രകാശത്തിലേക്കുള്ള സഞ്ചാരമാണ് വേദവെളിച്ചം. വേദം മനുഷ്യരുടെയോ മഹത്തുക്കളുടെയോ വെളിപാടുകളും സ്വപ്‌നങ്ങളും സിദ്ധാന്തങ്ങളുമല്ല. സ്രഷ്ടാവിന്റെ സന്ദേശങ്ങള്‍ മാത്രമാണ്. പ്രകൃതിമതമായ ഇസ്‌ലാം സമര്‍പ്പണത്തിന്റെ രാജപാതയാണ്. ഇസ്‌ലാമിന്റെ മനുഷ്യ സങ്കല്‍പത്തില്‍ നിന്നാണ് മാനവികതാ ദര്‍ശനം രൂപപ്പെടുന്നത്.
മനുഷ്യനാണ് വേദത്തിന്റെ മുഖ്യശ്രദ്ധാകേന്ദ്രം. ഒരു മാതാവില്‍ നിന്നും പിതാവില്‍ നിന്നും ഭൂമിയിലെത്തിയവരാണവര്‍. വര്‍ണ വര്‍ഗ ഭാഷ ദേശ വ്യത്യാസങ്ങള്‍ തിരിച്ചറിയാന്‍വേണ്ടി മാത്രമാണ് കുടുംബങ്ങളും ഗോത്രങ്ങളുമായി കഴിയുന്നത്. ഒരൊറ്റ ജനത എന്നതാണ് അടിസ്ഥാന സ്വഭാവം. ഈ മനുഷ്യനെ സങ്കുചിത താല്‍പര്യങ്ങളുടെയും ദേശീയതയുടെയും വര്‍ഗീയതയുടെയും അധികാര ത്വരയുടെയും പേരില്‍ വിവേചനത്തോടെ അതിരുകളിട്ട് വേര്‍തിരിക്കുമ്പോഴാണ് മാനവിക വിരുദ്ധത ജനിക്കുന്നത്. നമ്മള്‍ക്കു പകരം ഞാനും നീയും ഉണ്ടാവുന്നത്, സ്വജന ചിന്തവഴി അപരവിദ്വേഷവും വെറുപ്പും തലപൊക്കുന്നത് ഗുരുതരമായ പ്രശ്‌നമാണ്. എത്രമേല്‍ പരിമിതിയും ന്യൂനതയും ഭിന്ന ചിന്തയും അഭിപ്രായവും ഇതര ആശയങ്ങളും ജീവിതരീതികളുമുണ്ടായാലും എല്ലാവരെയും മനുഷ്യനായി, സഹോദരനായി കാണുമ്പോഴാണ് വിശ്വമാനവികത രൂപപ്പെടുക. ജനങ്ങള്‍ മനുഷ്യരെന്ന ഏകസമൂഹമാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു.
സ്രഷ്ടാവായ ദൈവം, ദൈവനിഷേധികളോടുപോലും കാരുണ്യം ചൊരിയുന്ന അനുഗ്രഹദാതാവാണ്. ശത്രുക്കളെപ്പോലും കാരുണ്യസ്പര്‍ശത്തില്‍ പരിഗണിച്ച അന്തിമ ദൂതന്‍ ലോകര്‍ക്ക് കാരുണ്യമാണ്. സന്മാര്‍ഗദര്‍ശനം പകരുന്ന ഖുര്‍ആന്‍, മാനവതയ്ക്ക് കാരുണ്യവും ഹൃദയങ്ങള്‍ക്ക് ശമനവുമാണ്. പ്രവാചകന്‍ പറയുന്നു: പ്രപഞ്ചത്തിന്റെ സ്രഷ്ടാവിനെ ആരാധ്യനായി സ്വീകരിച്ച സൃഷ്ടിയായ മനുഷ്യനോട് പ്രഖ്യാപിച്ചു, വിശ്വാസത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ തലം ക്ഷമയും സഹിഷ്ണുതയുമാണ്. അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് ശ്രേഷ്ഠ ഗുണങ്ങള്‍, ദയയും സഹിഷ്ണുതയുമാണ്.
വിയോജിപ്പുകളെയും എതിര്‍വാദക്കാരെയും തടവിലിട്ടും ചാട്ടയടിച്ചും ചുട്ടുകൊന്നും ബുള്‍ഡോസറുകളാല്‍ അടിച്ചുനിരത്തിയും, അസഹിഷ്ണുതയുടെ ഉന്മാദ ലഹരിയാഘോഷിക്കുന്നു മനുഷ്യര്‍. ചരിത്രത്തിലെ മതവിചാരണ കോടതികളും (inquisition centre) വര്‍ത്തമാനകാല ഭീകരതകളും വെറുപ്പിന്റെ ഫാസിസ്റ്റ് കമ്പോളങ്ങളുമെല്ലാം വിശ്വമാനവികതയും സഹിഷ്ണുതയും കൊണ്ട് നമുക്ക് ചെറുക്കാന്‍ കഴിയണം. ലോകത്തെ മാറ്റിപ്പണിയാന്‍ സഹിഷ്ണുതയെ സാമൂഹിക ജീവിതത്തിന്റെ അടിക്കല്ലായി ഗ്രഹിക്കുന്ന നവീന രാഷ്ട്രീയ ദര്‍ശനം ഇവിടെ അനിവാര്യമാവുകയാണ്.
മനുഷ്യ വൈവിധ്യങ്ങളില്‍ നിന്ന് വംശവെറിയും വെറുപ്പും ഉല്‍പാദിപ്പിക്കുകയല്ല വേണ്ടതെന്ന് വേദവെളിച്ചം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു. മതദര്‍ശനങ്ങളുടെ നെയിംബോര്‍ഡുവെച്ച് അപരവല്‍ക്കരണത്തിന് ആക്കം കൂട്ടുന്നത് ചെറുക്കണം. മുജ്ജന്മ പാപവും ആദിപാപവും ചാതുര്‍വര്‍ണ്യ വ്യവസ്ഥകളും അയിത്തവും സവര്‍ണാധിപത്യവും പൗരോഹിത്യവും മനുഷ്യനെ വീണ്ടും കളംതിരിച്ച് അപമാനവീകരണമുണ്ടാക്കുകയാണ് ചെയ്യുക.
വൈവിധ്യങ്ങളോടൊപ്പം തന്നെ സൃഷ്ടികളെ ഏകോദരസഹോദരന്മാരായി കാണാന്‍ പ്രപഞ്ചത്തിലെ രണ്ട് അസ്തിത്വത്തെ ഉള്‍ക്കൊള്ളണം. ഒന്ന്, സ്രഷ്ടാവ്. മറ്റൊന്ന് സൃഷ്ടി. സ്രഷ്ടാവിനെ മാത്രം ആരാധ്യനായി കാണുമ്പോഴാണ് വേദങ്ങളുടെ മൗലിക സാരാംശം മനുഷ്യന് സ്വീകരിക്കാനാവുക. ഹിരണ്യഗര്‍ഭന്‍, വിശ്വകര്‍മാവ്, പ്രജാപതി എന്നെല്ലാം ഋഗ്വേദം പരിചയപ്പെടുത്തുന്ന ഏക ആരാധ്യന്‍, സ്രഷ്ടാവാണ്. കര്‍ത്താവ് ദൈവമെന്ന് ബൈബിളും ലോകത്തെ പഠിപ്പിക്കുന്നു. നിങ്ങളെയും നിങ്ങള്‍ക്ക് മുമ്പുള്ള മനുഷ്യരെയും സൃഷ്ടിച്ച മഴയും വെളിച്ചവും നല്‍കി ഭൂമിയെ മെത്തയാക്കിയവനുമാണവന്‍. പ്രപഞ്ച സ്രഷ്ടാവിനെ മാത്രം ആരാധ്യനായി കാണമെന്ന് ഇസ്‌ലാമും പ്രഖ്യാപിക്കുന്നു. തന്റെ ജീവിതലക്ഷ്യം ഭൗതികാഭിവൃദ്ധിയല്ലെന്നും സമ്പൂര്‍ണ നീതി കൈവരുന്ന മരണാനന്തര ജീവിതത്തിന്റെ സ്വര്‍ഗപ്രവേശനമാണെന്നും ദൃഢബോധ്യം അനിവാര്യമാണ്.
കേവലമായ സത്യം എന്ന ഒന്നില്ലെന്നും എല്ലാ ദര്‍ശനവും സമ്പൂര്‍ണമായും സത്യമാണെന്നും ഒരേ യാഥാര്‍ഥ്യത്തിന്റെ ഭിന്നാശയങ്ങള്‍ മാത്രമാണെന്നുമുള്ള ധാര്‍മിക ആപേക്ഷികതാ വാദവും സര്‍വ മതസത്യവാദവും മനുഷ്യനെ വീണ്ടും വീണ്ടും കള്ളിതിരിച്ച് വേര്‍തിരിക്കുകയാണ് ചെയ്യുക. സ്രഷ്ടാവിന്റെ ദര്‍ശനം മാത്രമാണ് അന്യൂനമായിട്ടുള്ളതെന്ന് പ്രഖ്യാപിക്കുമ്പോള്‍ തന്നെ, അവയെ തിരസ്‌കരിക്കാനുള്ള സ്വാതന്ത്ര്യവും പ്രസ്തുത ആവിഷ്‌കാരത്തെ അംഗീകരിക്കേണ്ടത് സത്യപ്രബോധകന്റെ ബാധ്യതകൂടിയാണെന്നും മതത്തില്‍ ബലാല്‍ക്കാരമോ നിര്‍ബന്ധമോ നിര്‍ബന്ധിത പരിവര്‍ത്തനമോ പാടില്ലെന്നും മതം മനസ്സിന്റെ ബോധ്യമാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു.
ഇതാണ് വെളിച്ചം. അന്യൂനമായ ചൊവ്വായ വെളിച്ചം. ഏകദൈവാരാധന മനുഷ്യന് സമ്മാനിക്കുന്ന ഏകമാനവികതയുടെ വേദവെളിച്ചം. തിന്മകളുടെ ഇരുട്ടുകളില്‍ ജീവിച്ച് അശാന്തിയുടെ ആഴക്കടലിലേക്ക് ആണ്ടുപോകുന്ന മനുഷ്യന് വിശ്വമാനവികതയുടെ ആകാശലോകം ഒരുക്കുന്ന പ്രകാശത്തിനുമേല്‍ പ്രകാശമാണ് ഇസ് ലാം. മനുഷ്യനെയും മണ്ണിനെയും വിണ്ണിനെയും തുല്യബോധ്യത്തോടെ, വിവേചന സ്വാതന്ത്ര്യത്തോടെ ഉള്‍ക്കൊണ്ട് ഏകോദര സഹോദരരായി കഴിയുന്നതിന് ആഹ്വാനമേകുന്ന വെളിച്ചം. ആ വെളിച്ചമാണ് ഒരു നൂറ്റാണ്ടുകാലമായി മലയാളികള്‍ക്കിടയില്‍ നവോത്ഥാനസംഘം പ്രസരിപ്പിക്കുന്നത്. സ്രഷ്ടാവിന്റെ സത്യസന്ദേശം സ്വീകരിച്ച പതിനാല് നൂറ്റാണ്ടുമുമ്പുള്ള ഖുര്‍ആനിന്റെ ആദിമ സമൂഹം നന്മയുടെ ഉദാത്തമാതൃകകള്‍ ലോകത്തിന് പകര്‍ന്നു. വേദവെളിച്ചത്തിന്റെ പ്രകാശവും പ്രകാശനവുമായിരുന്നു അത്. ലോകം തിരിച്ചുപിടിക്കേണ്ട മൂല്യങ്ങള്‍. അവയുടെ ജീവിതമാതൃകയുള്ള ഒരു സമൂഹം വിശ്വാമാനവികതയുടെ തകരാത്ത അടയാളമായി ചരിത്രത്തില്‍ കാണുന്നു, എങ്ങനെയാണത്? എല്ലാം സ്രഷ്ടാവിന്റെ ദര്‍ശനത്തിനനുസരിച്ച് സ്വീകരിക്കുക വഴി രൂപപ്പെട്ടവയാണ്. നന്മകള്‍ നിറഞ്ഞ നിര്‍ഭയത്വം ജീവിതത്തില്‍ അനുഭവിക്കുക ഏകദൈവാരാധന കൊണ്ടാണ്. സ്രഷ്ടാവിനെ ആരാധ്യനായി അംഗീകരിക്കുന്ന ഒരു വ്യക്തി സമൂഹത്തിന് നല്‍കുന്ന ദാനവും സദ്ഫലവുമാണ് ഏകമാനവികതയും നിര്‍ഭയത്വവും.

Back to Top