25 Thursday
July 2024
2024 July 25
1446 Mouharrem 18

വിശ്വഗുരുവും വിമോചകനുമായ പ്രവാചകന്‍

എ കെ അബ്ദുല്‍മജീദ്


മുഹമ്മദ് നബി തിരുമേനിയെ എക്കാലവും വിശേഷിപ്പിക്കാന്‍ പര്യാപ്തമായ രണ്ടു സംജ്ഞകളാണ് വിശ്വഗുരു, വിശ്വവിമോചകന്‍ എന്നിവ. അജ്ഞാനത്തിന്റെ ഇരുട്ട് അകറ്റി വിജ്ഞാനത്തിന്റെ വെളിച്ചം പകരുക എന്നതാണ് ഗുരുധര്‍മം. അധര്‍മത്തിന്റെയും അനീതിയുടെയും കായലില്‍ അകപ്പെട്ടുപോയവരെ രക്ഷപ്പെടുത്തി ധര്‍മത്തിന്റെയും നീതിയുടെയും പാതയിലേക്ക് വഴി നടത്തുകയാണ് വിമോചകന്റെ ദൗത്യം. പ്രവാചക തിരുമേനി ഈ രണ്ട് ഉത്തരവാദിത്തങ്ങളും ഒട്ടും അലംഭാവം ഇല്ലാതെ നിര്‍വഹിച്ചു എന്നതിനു ചരിത്രം സാക്ഷിയാണ്.
സത്യം ഉദ്‌ബോധിപ്പിക്കുക, ധര്‍മം ഉപദേശിക്കുക, സംസ്‌കരിക്കുക, വേദം അഭ്യസിപ്പിക്കുക, ഏറ്റവും ഉത്തമമായതിന്റെ അനുകരണീയ മാതൃകയായി നിലകൊള്ളുക, അനുചരന്മാരുടെ മനസ്സിന്റെ പാകമറിഞ്ഞ് സന്ദര്‍ഭോചിതമായി തിരുത്തി മുന്നോട്ടു നയിക്കുക എന്നിവയെല്ലാം പ്രവാചകന്റെ അധ്യാപന ധര്‍മങ്ങളായിരുന്നു.
ഖുര്‍ആന്‍ തിരുദൂതരെ പരിചയപ്പെടുത്തിയ പല വാക്യങ്ങളില്‍ ഒന്ന് ഇങ്ങനെയാണ്: ”അക്ഷരജ്ഞാനം ഇല്ലാത്തവര്‍ക്കിടയില്‍ തന്റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചു കേള്‍പ്പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ദൂതനെ നിയോഗിച്ചവനത്രേ അല്ലാഹു” (62:3).
ഈ വചനത്തില്‍ നിന്ന് പ്രവാചക ദൗത്യത്തിന്റെ സാരാംശം എളുപ്പത്തില്‍ ഗ്രഹിക്കാവുന്നതാണ്. വാസ്തവത്തില്‍ മക്ക എന്ന ദേശത്തിന് ഇങ്ങനെ ഒരു ഗുരുവിനെ നല്‍കണമെന്നത് ഇബ്രാഹീമിന്റെ(അ) പ്രാര്‍ഥനയായിരുന്നു. ആ പ്രാര്‍ഥന ഖുര്‍ആന്‍ ഇങ്ങനെ ഉദ്ധരിച്ചിട്ടുണ്ട്: ”ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പ്പിച്ചു കൊടുക്കുകയും, വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നുതന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു” (2:129).
അജപാലകന്‍ ഇല്ലാത്ത അജഗണങ്ങളെപ്പോലെ ദിശയറിയാതെ അലയുകയായിരുന്നു അറബ് ജനത. അവര്‍ക്ക് നേര്‍വഴി കാണിച്ചുകൊടുക്കാന്‍ പ്രവാചകനെ അയക്കുക വഴി അവരെ ദൈവം അനുഗ്രഹിച്ചിരിക്കുകയാണ് എന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ഖുര്‍ആന്‍ തിരുദൂതരുടെ അധ്യാപനദൗത്യം മറ്റൊരു സന്ദര്‍ഭത്തില്‍ ആവര്‍ത്തിക്കുന്നു: ”നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിച്ചുതരുകയും നിങ്ങളെ സംസ്‌കരിക്കുകയും, നിങ്ങള്‍ക്ക് വേദവും വിജ്ഞാനവും പഠിപ്പിച്ചുതരുകയും നിങ്ങള്‍ക്ക് അറിവില്ലാത്തത് നിങ്ങള്‍ക്ക് അറിയിച്ചുതരുകയും ചെയ്യുന്ന, നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിങ്ങളിലേക്ക് നാം നിയോഗിച്ചതു (വഴി നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം) പോലെത്തന്നെയാകുന്നു ഇതും” (2:151).
എവിടെ നിന്ന് വന്നുവെന്നോ എങ്ങോട്ടാണ് പോകേണ്ടതെന്നോ അറിയാതെ പ്രയാസപ്പെടുന്നവര്‍ക്ക് വെളിച്ചവുമായി ഒരു വഴികാട്ടി വരുന്നത് തീര്‍ച്ചയായും ആശ്വാസവും അനുഗ്രഹവുമാണ്. അറബികളെ സംബന്ധിച്ചിടത്തോളം ഒരുവേള അവരില്‍ പലരും തിരിച്ചറിഞ്ഞില്ലെങ്കിലും അവര്‍ക്ക് കൈവന്നത് ഇങ്ങനെയൊരു സൗഭാഗ്യമാണ്. ഈ വസ്തുത അവരെ ഓര്‍മിപ്പിക്കുമ്പോഴും ഖുര്‍ആന്‍ തിരുനബിയുടെ അധ്യാപന ദൗത്യത്തെ ഊന്നിപ്പറയുന്നു:
”തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതിക്കേള്‍പ്പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു” (3:164).
നാലു തവണ ആവര്‍ത്തിക്കുക വഴി ഖുര്‍ആന്‍ അടിവരയിടുന്നത് പ്രവാചകന്റെ നിയോഗത്തിലാണ്. മക്കയുടെയോ അറേബ്യയുടെയോ മാത്രം ഗുരുനാഥനല്ല മുഹമ്മദ് നബി. ലോകത്തിനു മുഴുവന്‍ അനുഗ്രഹമായി നിയോഗിക്കപ്പെട്ട പ്രവാചകന്‍ എന്നാണ് ഖുര്‍ആന്‍ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്. ദിക്-കാല പരിമിതികള്‍ക്ക് അതീതനാണ് പ്രവാചകന്‍. അതുകൊണ്ടാണ് വിടപറഞ്ഞു 1400 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മറ്റേതൊരു വ്യക്തിയെക്കാളും പ്രവാചകന്‍ നിരന്തരം ചര്‍ച്ചകളില്‍ നിറയുന്നത്. ആയിരക്കണക്കിനു പുസ്തകങ്ങളാണ് ലോകഭാഷകളില്‍ തിരുനബിയെ കുറിച്ച് ഇറങ്ങിയത്. അനുദിനം പുതിയ പുസ്തകങ്ങളും ഉപന്യാസങ്ങളും രചിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ജീവചരിത്രം മുഹമ്മദ് നബിയുടേതാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രവാചക അധ്യാപനങ്ങളെ കുറിച്ച് അറിയാന്‍ ആളുകള്‍ എപ്പോഴും താല്‍പര്യപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് പ്രവാചക ജീവചരിത്രങ്ങളുടെ ആധിക്യം.

പ്രവാചക അധ്യാപനങ്ങളുടെ പ്രത്യേകത അവ അത്യന്തം ലളിതമാണ് എന്നതാണ്. മനുഷ്യജീവിതത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന പാഠങ്ങളാണ് അവ. ഒരുപക്ഷേ, മറ്റൊരു രീതിയില്‍ കണ്ടെത്താന്‍ കഴിയാത്ത കാര്യങ്ങളിലേക്കാണ് മനുഷ്യ സമൂഹത്തെ പ്രവാചകന്‍ ക്ഷണിച്ചത്. പ്രവാചകന്‍ എന്തു പഠിപ്പിച്ചു എന്ന് ഖുര്‍ആന്‍ സംക്ഷേപിച്ചു പറയുന്നുണ്ട്: ”തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ പിന്‍പറ്റുന്നവര്‍ക്ക്. അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ് വിജയികള്‍. നബിയേ പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവനാണോ അവന്റെ. അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുക” (7: 157, 158).
മനുഷ്യ ജീവിതത്തിന്റെ സമസ്ത വശങ്ങളെയും സ്പര്‍ശിക്കുന്നു പ്രവാചകാധ്യാപനങ്ങള്‍. താരതമ്യേന അപ്രധാനങ്ങളെന്നു തോന്നുന്ന കാര്യങ്ങളില്‍ പോലും അവിടന്ന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ‘എങ്ങനെ ശൗച്യം ചെയ്യണം എന്നുവരെ നിങ്ങളുടെ പ്രവാചകന്‍ പഠിപ്പിക്കുന്നുവല്ലോ’ എന്ന് ശിഷ്യരെ എതിരാളികള്‍ കളിയാക്കി. ശുചിത്വം, വസ്ത്രധാരണം, ആരോഗ്യ പരിപാലനം, പരിസ്ഥിതി സംരക്ഷണം, കുടുംബ ജീവിതം, സാമൂഹിക ബന്ധങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, കുറ്റവും ശിക്ഷയും, വ്യാപാരം, യാത്ര, ഭരണനിര്‍വഹണം, യുദ്ധം തുടങ്ങി കുടില്‍ മുതല്‍ കൊട്ടാരം വരെയുള്ള മനുഷ്യ ജീവിതത്തെ ബാധിക്കുന്ന മുഴുവന്‍ വിഷയങ്ങളും അതില്‍ ഉള്‍പ്പെടുന്നു.
നബിയുടെ ജീവിതമായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. പറയുന്നതു പ്രവര്‍ത്തിക്കുക, പ്രവര്‍ത്തിക്കുന്നത് പറയുക എന്നതായിരുന്നു അവിടത്തെ രീതി. താന്‍ മീതെയും മറ്റുള്ളവര്‍ താഴെയും എന്ന സമീപനം പ്രവാചകന് ഉണ്ടായിരുന്നില്ല. ‘നിങ്ങളില്‍ ഒരാള്‍’ എന്നതായിരുന്നു അനുയായികള്‍ക്ക് സ്വന്തത്തെക്കുറിച്ച് അവിടന്ന് നല്‍കിയ ചിത്രം. ”മര്‍യമിന്റെ മകനെ ക്രിസ്ത്യാനികള്‍ വാഴ്ത്തുന്നതുപോലെ നിങ്ങളെന്നെ വാഴ്ത്തരുത്. ഞാന്‍ ദൈവത്തിന്റെ ദാസനും ദൂതനും മാത്രമാണ്. അതിലുപരി ഒന്നുമല്ല”- തിരുദൂതര്‍ അനുചരന്മാരോട് പറഞ്ഞു.
ജനങ്ങളോടൊപ്പം അദ്ദേഹവും എല്ലാ പണികളിലും പങ്കാളിയായി. കിടങ്ങ് കീറി. വിറകു പെറുക്കി, കല്ല് ചുമന്നു, ദേഹാധ്വാനം മൂലം അവിടത്തെ ശരീരത്തില്‍ മണ്ണു പുരണ്ടു. വിയര്‍ത്തു. അവരോടൊപ്പം പട്ടിണി കിടന്നു. ഉള്ളത് അവരുമായി പങ്കുവെച്ചു. സന്തോഷം പങ്കിട്ടു. കളിതമാശകളില്‍ ഏര്‍പ്പെട്ടു. പരുക്കന്‍ പായയില്‍ കിടന്നുറങ്ങി. ”പറയുക: ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യന്‍ മാത്രമാകുന്നു” (വി.ഖു. 41:6). തിന്നുകയും കുടിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്ന ആള്‍ എന്ത് പ്രവാചകന്‍ എന്ന നാട്ടുകാരുടെ ചോദ്യത്തിനു മറുപടിയായി ഖുര്‍ആന്‍ പറഞ്ഞു: ”ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവരല്ലാത്ത ആരെയും നിനക്കു മുമ്പും നാം ദൂതന്മാരായി അയച്ചിട്ടില്ല” (25:20).
താന്‍ എന്താണെന്നും തന്റെ ചുമതല എന്താണെന്നും താന്‍ എന്തല്ലെന്നും അസന്ദിഗ്ധമായി അവിടന്ന് പറയുന്നുണ്ട്: ”പറയുക: അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല. ഞാന്‍ ഒരു മലക്കാണ് എന്നും നിങ്ങളോട് പറയുന്നില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്തുടരുന്നില്ല. പറയുക: അന്ധനും കാഴ്ചയുള്ളവനും സമമാകുമോ? നിങ്ങളെന്താണ് ചിന്തിച്ചുനോക്കാത്തത്?” (6:50).
സഹാനുഭൂതിയുടെയും അനുകമ്പയുടെയും ഗുണകാംക്ഷയുടെയും സവിശേഷമായ ഒരു തലം നബിയുടെ അധ്യാപന സമ്പ്രദായത്തിന് ഉണ്ടായിരുന്നു. തന്റെ സഹയാത്രികരുടെ സവിശേഷമായ സാഹചര്യങ്ങളും പശ്ചാത്തലങ്ങളും മനസ്സിലാക്കി, അവരുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസരിച്ച് തന്റെ അധ്യാപനങ്ങളെ അവിടന്ന് ക്രമീകരിച്ചു. ആത്മാര്‍ഥമായ കരുതലും പിന്തുണയും നല്‍കുക വഴി പഠനത്തിനു പ്രചോദനാത്മകമായ അന്തരീക്ഷം തിരുദൂതര്‍ വളര്‍ത്തിയെടുത്തു. തന്റെ പ്രബോധനങ്ങള്‍ ശിഷ്യരില്‍ ആഴത്തില്‍ പതിയുന്നുണ്ടെന്നും പ്രഭയോടെ പ്രതിഫലിക്കുന്നുണ്ടെന്നും അവിടന്ന് ഉറപ്പുവരുത്തി.
പഠിപ്പിക്കുക മാത്രമല്ല, പഠിപ്പിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്തു പ്രവാചകന്‍. അറിവ് നേടല്‍ മുസ്‌ലിം സ്ത്രീയുടെയും പുരുഷന്റെയും നിര്‍ബന്ധ ബാധ്യതയാണ് എന്ന് അനുയായികളെ ഓര്‍മിപ്പിച്ചു. വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്, അത് എവിടെ കണ്ടാലും സ്വന്തമാക്കുക, ജ്ഞാനമാര്‍ഗത്തില്‍ ഇറങ്ങിപ്പുറപ്പെട്ടവന്‍ മാലാഖമാരുടെ തണലിലാണ്, വിദ്യ നേടുന്നതിനിടയില്‍ അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങള്‍ക്ക് പ്രതിഫലമുണ്ട്, അറിവുള്ളവന് അറിവില്ലാത്തവനെക്കാള്‍ ഉയര്‍ന്ന പദവിയുണ്ട് എന്നിങ്ങനെ വിജ്ഞാന സമ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി വചനങ്ങള്‍ അദ്ദേഹത്തിന്റേതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ബദ്ര്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ട ശത്രുക്കളെ വിട്ടയക്കുന്നതിന് അവിടന്ന് നിശ്ചയിച്ച മോചനദ്രവ്യം പത്തു പേരെ എഴുത്തും വായനയും പഠിപ്പിക്കുക എന്നതായിരുന്നു. വിദ്യ പകര്‍ന്നുകൊടുക്കുക സ്വര്‍ണാഭരണത്തിനു പകരം നില്‍ക്കുന്ന വിവാഹമൂല്യം (മഹ്ര്‍) ആയി അവിടന്ന് നിശ്ചയിച്ച ഉദാഹരണങ്ങളുണ്ട്. തന്റെ സന്ദേശം പുതിയ ജനപദങ്ങളില്‍ എത്തിക്കുന്നതിന് അദ്ദേഹം ജ്ഞാനപ്രബോധകരെ അയച്ചു. ഇങ്ങനെ അയക്കുന്ന ആളുകളെ പെരുമാറ്റ മര്യാദകള്‍ പ്രവാചകന്‍ പ്രത്യേകം പഠിപ്പിച്ചു. എങ്ങനെ പഠിപ്പിക്കണം എന്ന് പരിശീലിപ്പിക്കുകയായിരുന്നു ഇതുവഴി.
വ്യക്തിയുടെയും സമൂഹത്തിന്റെയും സമ്പൂര്‍ണമായ സംസ്‌കരണമായിരുന്നു പ്രവാചകന്റെ അധ്യാപന ലക്ഷ്യം. നീതിയും സമാധാനവും നിര്‍ഭയത്വവും പുലരുന്ന സമൂഹ നിര്‍മിതി പ്രവാചക അധ്യാപനങ്ങളുടെ താല്‍പര്യമാണെന്നു കാണാം. എല്ലാവിധ അജ്ഞതകളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും അധമബോധങ്ങളില്‍ നിന്നും അടിമത്തങ്ങളില്‍ നിന്നുമുള്ള വിമോചനമാണ് പ്രവാചക അധ്യാപനങ്ങളുടെ അടിത്തട്ടിലെ ആശയം. ഉച്ചനീചത്വങ്ങള്‍ ഇല്ലാത്ത, ആര്‍ക്കും ആരെയും അനാവശ്യമായി ഭയപ്പെടേണ്ടതില്ലാത്ത, ചൂഷണരഹിതമായ സാമൂഹിക വ്യവസ്ഥിതി പ്രവാചക അധ്യാപനങ്ങള്‍ ലക്ഷ്യംവെച്ചു.
തന്റെ വഴി പിന്തുടരുന്നവര്‍ നന്മ ഉപദേശിക്കുന്നവരും തിന്‍മ തടയുന്നവരുമായിത്തീരണം എന്നതായിരുന്നു പ്രവാചകന്റെ നിഷ്‌കര്‍ഷ. ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള വിദ്വേഷം അവരോട് അനീതി കാണിക്കാന്‍ നിങ്ങള്‍ക്ക് പ്രേരണയാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മനിഷ്ഠയോട് ഏറ്റവും അടുത്തത്” (വി.ഖു.5:8).
പ്രവാചകന്‍ നിര്‍വഹിച്ച ആദ്യത്തേതും അവസാനത്തേതുമായ ഹജ്ജിന്റെ അറഫാ പ്രഭാഷണത്തില്‍ അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ സംഗ്രഹമുണ്ട്. ”ജനങ്ങളേ, എന്റെ വാക്കുകള്‍ കേള്‍ക്കുക. നിങ്ങളുടെ രക്തവും ധനവും അഭിമാനവും അല്ലാഹു പവിത്രമാക്കിയിരിക്കുന്നു. ഈ ദിവസവും ഈ മാസവും പവിത്രമായതുപോലെ. തീര്‍ച്ചയായും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവുമായി സന്ധിക്കും. അവന്‍ നിങ്ങളോട് നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചോദിക്കും. പലിശ നിഷിദ്ധമാകുന്നു. ആരും ആരെയും ആക്രമിക്കരുത്. പിശാചിനെ കുറിച്ച് ജാഗ്രത പുലര്‍ത്തുക. സ്ത്രീകളെ മാന്യമായി സംരക്ഷിക്കുക. ദൈവകല്‍പനകള്‍ മുറുകെപ്പിടിച്ച് ജീവിക്കുക. ദൈവത്തിനു മുമ്പില്‍ എല്ലാവരും സമന്മാരാകുന്നു. അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ വിശേഷ പദവിയൊന്നുമില്ല. ആരും ആരുടെയും അവകാശങ്ങള്‍ കൈയേറരുത്…”
മഹത്വത്തിന്റെ മാനദണ്ഡം വര്‍ണമോ വര്‍ഗമോ കുലമോ ഗോത്രമോ അല്ല, ദൈവബോധമാണ് എന്നതാണ് പ്രവാചക അധ്യാപനങ്ങളുടെ കാതലായ ആശയങ്ങളില്‍ ഒന്ന്. ഭൂമിയില്‍ അശരണര്‍ക്ക് ആശ്രയമാണ് തിരുദൂതര്‍. ആ സന്ദേശം ആദ്യം ഉള്‍ക്കൊണ്ടവരില്‍ നല്ലൊരു പങ്ക് അറേബ്യയിലെ അടിമകളായിരുന്നു. അവരെ നബി(സ) സമൂഹത്തിന്റെ മുന്‍നിരയില്‍ നിര്‍ത്തി. അവരില്‍ നിന്ന് നേതാക്കളുടെയും ജേതാക്കളുടെയും പുതിയ വംശാവലി പിറന്നു.
”ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെടുന്നവരെ അനുഗ്രഹിക്കണണമെന്നു നാം ഉദ്ദേശിക്കുന്നു; അവരെ നേതാക്കന്മാരും അനന്തരാവകാശികളുമാക്കാനും നാം ഉദ്ദേശിക്കുന്നു” (28:5) എന്ന വചനത്തിന്റെ പുലര്‍ച്ചയായിരുന്നു അത്.

3 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x