30 Thursday
March 2023
2023 March 30
1444 Ramadân 8

വിശിഷ്ടമായത് ഭക്ഷിക്കുക

എം ടി അബ്ദുല്‍ഗഫൂര്‍


അബ്ദുല്ലാഹിബ്‌നു അംറ്(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു: മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെ സത്യം. തീര്‍ച്ചയായും സത്യവിശ്വാസിയുടെ ഉപമ തേനീച്ചയുടേതു പോലെത്തന്നെയാണ്. വിശിഷ്ടമായത് ഭക്ഷിക്കുകയും വിശിഷ്ടമായത് നല്‍കുകയും ചെയ്യുന്നു. എവിടെയിരുന്നാലും അത് ചീത്തയാവുകയോ പൊട്ടിപ്പോവുകയോ ഇല്ല. (അഹ്മദ്)

പുഷ്പങ്ങളില്‍ നിന്നും തേന്‍ ശേഖരിച്ച് മധുരവും ഔഷധ ഗുണവുമുള്ള പാനീയമായ തേന്‍ ഉല്പാദിപ്പിക്കുന്ന ഒരു ഷഡ്പദമാണ് തേനീച്ച. തേനീച്ച പുഷ്പങ്ങളില്‍ നിന്നോ പുഷ്‌പേതര ഗ്രന്ഥികളില്‍ നിന്നോ ശേഖരിച്ച മധു വഹിച്ചുകൊണ്ട് ദീര്‍ഘദൂരം സഞ്ചരിച്ച് കൂട്ടില്‍ വന്നാല്‍ ജോലിക്കാരായ മറ്റ് ഈച്ചകള്‍ക്ക് കൈമാറുകയും 150 മുതല്‍ 250 തവണവരെ ഇതിനെ വയറിലേക്ക് വലിച്ചെടുക്കുകയും തികട്ടുകയും ചെയ്യുന്ന പ്രക്രിയയിലൂടെ നല്ലവണ്ണം ദഹിപ്പിച്ച് പാകം ചെയ്ത തേന്‍ അറകളില്‍ നിക്ഷേപിക്കുന്നു. ശേഷം അതിലെ ജലാംശം ചിറകുകള്‍കൊണ്ട് വീശി ഉണക്കിയെടുക്കുന്നു. ഇങ്ങനെ സംഭരിക്കുന്ന തേനാണ് വര്‍ഷങ്ങളോളം കേടുകൂടാതെയിരിക്കുന്നത്.
ശരീരത്തിന് ഉണര്‍വും ഉന്മേഷവും പ്രദാനം ചെയ്യുന്ന ഔഷധഗുണമുള്ള തേന്‍ നല്‍കുന്ന തേനീച്ചയെപ്പോലെയാവണം വിശ്വാസി എന്നാണ് നബിതിരുമേനി ഈ വചനത്തിലൂടെ നല്‍കുന്ന സന്ദേശം.
തേനീച്ച എവിടെയെത്തിയാലും നല്ലതുമാത്രം ഭക്ഷിക്കുന്നതുപോലെ വിശ്വാസിയുടെ ഭക്ഷണവും വിശിഷ്ടമായതായിരിക്കണം. ശേഖരിക്കുന്ന പൂമ്പൊടിയെ തേനാക്കി മാറ്റുന്ന പ്രക്രിയ പോലെ തന്നെ വിശ്വാസി തന്റെ ജീവിതത്തില്‍ കര്‍മനിരതനായിരിക്കുക എന്നതാണ് ദീനിന്റെ താല്പര്യം. ന്യൂനതകള്‍ നന്നാക്കിത്തീര്‍ക്കുന്ന, വിടവുകള്‍ നികത്തുന്ന, പോരായ്മകള്‍ പരിഹരിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
മറ്റുള്ളവരുടെ ന്യൂനതകള്‍ ചികയാതെ അന്യന്റെ അവകാശം തട്ടിപ്പറിക്കാതെ നല്ലതുമാത്രം ചിന്തിക്കുകയും നന്മ മാത്രം മറ്റുള്ളവര്‍ക്കായി പകര്‍ന്നു നല്‍കുകയും ചെയ്യുന്ന സ്വഭാവമാണ് വിശ്വാസികള്‍ക്ക് അനിവാര്യമായതെന്ന് ഈ ഹദീസിലെ ഉപമ ബോധ്യപ്പെടുത്തുന്നു. മറ്റുള്ളവര്‍ക്ക് എപ്പോഴും ഉപകാരിയായിക്കുക എന്നത് വിശ്വാസിയിലുണ്ടായിരിക്കേണ്ട മറ്റൊരു ഗുണമത്രെ. കാരണം ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഉപകാരം ചെയ്യുന്നവനാണ് ദൈവസ്‌നേഹം കരസ്ഥമാക്കുന്നവന്‍.
തേനീച്ചയെക്കൊണ്ട് ആര്‍ക്കും ഒരു ഉപദ്രവവുമുണ്ടാകുന്നില്ല. അത് ആരെയും കുഴപ്പത്തിലാക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്നില്ല എന്നതുപോലെ തന്നെ വിശ്വാസിയില്‍ നിന്നും ഗുണമല്ലാതെ മറ്റൊന്നും ജനങ്ങള്‍ അനുഭവിക്കേണ്ടി വരരുത് എന്നാണ് ഈ വചനത്തിന്റെ പൊരുള്‍. തേനീച്ചകളുടെ കൂട് നിര്‍മാണത്തിലും പൂന്തേന്‍ ശേഖരണത്തിലും തേനുല്‍പാദനത്തിലുമൊക്കെയുള്ള കൂട്ടായ്മ വിശ്വാസികള്‍ മാതൃകയാക്കേണ്ട കര്‍മനൈരന്തര്യത്തെയും ഐക്യത്തെയും സൂചിപ്പിക്കുന്നു.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x