22 Sunday
December 2024
2024 December 22
1446 Joumada II 20

ആധാര്‍ റിവ്യൂ കേസ് ഭൂരിപക്ഷ വിധിയുടെ പ്രശ്‌നങ്ങള്‍

പി ബി ജിജീഷ്

ഇന്ത്യന്‍ നിയമ വൈജ്ഞാനിക ചരിത്രത്തില്‍ എ ഡി എം ജബല്‍പ്പൂരിനോടൊപ്പം ചേര്‍ത്തു വായിക്കാവുന്നതാണ് ആധാര്‍ കേസിലെ സുപ്രീംകോടതി വിധി. വിധിയിലുടനീളം നിയമപരമായ വൈരുധ്യങ്ങളും വസ്തുതാപരമായ പിശകുകളും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ആധാര്‍ പുനപ്പരിശോധനാ ഹര്‍ജികള്‍ ചേംബറില്‍ പരിഗണനക്കെടുത്ത് തള്ളിയിരിക്കുന്നു. ജസ്റ്റിസ് ഖാന്‍വാല്‍കര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് അശോക് ഭൂഷന്‍, ജസ്റ്റിസ് ഗവായി എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. റിവ്യൂ ഹര്‍ജികള്‍ തള്ളിയ തീരുമാനത്തോട് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വിയോജിപ്പ് പ്രകടിപ്പിച്ചു.
ആധാര്‍ കേസിലെ ‘മണിബില്‍’ സംബന്ധിച്ച നിരീക്ഷണത്തില്‍ മറ്റൊരു അഞ്ചംഗ സുപ്രീംകോടതി ബെഞ്ച് സംശയം പ്രകടിപ്പിക്കുകയും വിഷയം ഏഴംഗ ബെഞ്ചിന് വിടുകയും ചെയ്തിരുന്നു. ഇതില്‍ തീരുമാനമാകും വരെ ആധാര്‍ റിവ്യൂ ഹര്‍ജി മാറ്റി വയ്ക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ മറ്റൊരു കേസില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ ഈ വിധി പുനപ്പരിശോധിക്കാനുള്ള കാരണമല്ല എന്നായിരുന്നു ഭൂരിപക്ഷത്തിന്റെ അഭിപ്രായം.
ആധാര്‍ വിധി
ലോകചരിത്രത്തിലാദ്യമായി ഒരു വാട്‌സ്ആപ് മെസേജില്‍ നിന്ന് ആരംഭിക്കുന്ന സുപ്രീംകോടതി വിധി ആധാര്‍ കേസിലേതായിരിക്കും. ജസ്റ്റിസ് ഖാന്‍വാല്‍ക്കൂര്‍ എഴുതിയ ഭൂരിപക്ഷ വിധി ആരംഭിക്കുന്നത് ഒരു മനുഷ്യന്റെ വിരലടയാളമാണ് അയാളുടെ വ്യതിരിക്തതയെ നിര്‍വചിക്കുന്നത് എന്ന അസംബന്ധത്തില്‍ നിന്നുമാണ്. ശേഷിക്കുന്ന ഭാഗം മുഴുവന്‍ ആധാര്‍ പദ്ധതിയെ ഏതുവിധേനയും സംരക്ഷിച്ചെടുക്കാനായി എഴുതിയതാണ് എന്ന പ്രതീതി സൃഷ്ടിക്കുന്നു.
വിധിയില്‍ ഏറ്റവും ആശ്ചര്യകരമായ കാര്യം ആധാര്‍ നിയമം ഒരു മണി ബില്‍ ആയി പാസാക്കിയ നടപടി സുപ്രീംകോടതി അംഗീകരിച്ചു എന്നതാണ്. 2016-ല്‍ ആധാര്‍ നിയമം പാസാക്കിയപ്പോള്‍ തന്നെ സമര്‍പ്പിക്കപ്പെട്ട ഈ ഹര്‍ജി, എന്തിനാണ് ആധാറിന്റെ പ്രധാന കേസുമായി കൂട്ടിക്കുഴച്ചത് എന്നത് അവ്യക്തമാണ്. കാരണം ഇവിടെ തര്‍ക്കം ആധാര്‍ മൗലികാവകാശങ്ങളെ ലംഘിക്കുന്നുണ്ടോ എന്നതായിരുന്നില്ല, മറിച്ച് ഭരണഘടനയുടെ 110-ാം അനുച്ഛേദപ്രകാരം ആധാര്‍ ബില്ലിനെ മണി ബില്‍ ആയി സാക്ഷ്യപ്പെടുത്തിയ സ്പീക്കറുടെ നടപടി മാത്രമാണ് ചോദ്യം ചെയ്യപ്പെട്ടത്.
സാധാരണഗതിയില്‍ ഒരു ബില്‍ നിയമമാകാന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും അംഗീകാരം ആവശ്യമാണ്. എന്നാല്‍, ഇന്ത്യ ഗവണ്‍മെന്റിന്റെ സഞ്ചിതനിധിയില്‍ നിന്നുള്ള മണി വിനിയോഗത്തെ മാത്രം സംബന്ധിച്ച നിയമങ്ങള്‍ക്ക് രാജ്യസഭയുടെ അംഗീകാരം അനിവാര്യമല്ല. അത്തരം കാര്യങ്ങള്‍ ഒരു ‘മണി ബില്‍’ ആയി പരിഗണിച്ചു ലോക്‌സഭക്ക് പാസാക്കാം. രാജ്യസഭക്ക് ബില്ലില്‍ ഭേദഗതി വരുത്താനോ തിരിച്ചയക്കാനോ കഴിയില്ല. ലോക്‌സഭാ സ്പീക്കര്‍ ആണ് ഒരു ബില്‍ ‘മണി ബില്‍’ ആണോ എന്ന് സാക്ഷ്യപ്പെടുത്തുന്നത്. നികുതിനിരക്കുകള്‍, ഗവണ്‍മെന്റിന്റെ ബാധ്യതാപരിധി, സഞ്ചിത നിധിയില്‍ നിന്നുള്ള ധനവിനിയോഗം തുടങ്ങി ഭരണഘടനയുടെ സെക്ഷന്‍110 (1) (എ) മുതല്‍ 110 (1) (ജി) വരെയുള്ള കാര്യങ്ങളെ മാത്രം ബാധിക്കുന്ന ബില്ലുകളാണ് മണി ബില്‍.
ആധാര്‍ കേസില്‍ ഒരു ബില്ലിനെ മണി ബില്ലായി സാക്ഷ്യപ്പെടുത്തുന്ന സ്പീക്കറുടെ നടപടി കോടതിക്ക് പരിശോധിക്കാവുന്നതാണെന്ന് എല്ലാ ജഡ്ജിമാരും വിധിയെഴുതി. എന്നാല്‍, അനുച്ഛേദം 110(1) എങ്ങനെ വ്യാഖ്യാനിക്കണമെന്നും ഒരു നിയമം മണി ബില്ലായി പാസാക്കിയത് ശരിയായ നടപടിയാണോ എന്ന് എങ്ങനെ പരിശോധിക്കണമെന്നുമുള്ള കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമുയര്‍ന്നു. ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രയും മറ്റു മൂന്നുപേരും ആധാര്‍ ആക്ട് മണി ബില്‍ ആയി അവതരിപ്പിച്ചതില്‍ തെറ്റില്ല എന്നു വിധിച്ചപ്പോള്‍ ജസ്റ്റിസ് ചന്ദ്രചൂഢ് ആധാര്‍ ബില്‍ മണി ബില്‍ അല്ലെന്ന് കണ്ടെത്തി നിയമം റദ്ദുചെയ്യണം എന്നു വിധിയെഴുതി.
ആധാറിനെ മണി ബില്‍ ആയി കണക്കാക്കിയ വിധി നീതിന്യായ യുക്തിയെ തലതിരിച്ചിടുന്ന നടപടിയാണ്. കാരണം, ആധാര്‍ മണി ബില്‍ ആണോ എന്ന കാര്യമല്ല കോടതി ആദ്യം പരിശോധിച്ചത്. ആധാര്‍ മണി ബില്ലല്ല എന്നു വന്നാല്‍ പദ്ധതി ഭരണഘടനാപരമായി നിലനില്‍ക്കാനാകില്ല. പൗരന്മാരുടെ മൗലികാവകാശങ്ങളെ ബാധിക്കുന്ന പദ്ധതികള്‍ നിയമമില്ലാതെ ഗവണ്‍മെന്റിന് നടപ്പിലാക്കാനാകില്ലല്ലോ. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാനായിരിക്കണം കേസിന്റെ പരിഗണനാക്രമത്തില്‍ തന്ത്രപരമായ മാറ്റം വരുത്തിയത്. പത്തു ചോദ്യങ്ങളായാണ് ആധാറിനെതിരെയുള്ള ആക്ഷേപങ്ങളെ കോടതി പരിശോധിച്ചത്. ആദ്യം ചോദിക്കേണ്ടിയിരുന്ന ‘ആധാര്‍ മണി ബില്‍ ആണോ?’ എന്ന ചോദ്യം പക്ഷേ കോടതി പരിശോധിച്ചത് ആറാമതായാണ്. അതിന് മുന്‍പ് അഞ്ച് കാര്യങ്ങള്‍ പരിഗണിച്ചു.
(1) ആധാര്‍ സര്‍വൈലന്‍സിന് കാരണമാകുമോ?
(2) ആധാര്‍ സ്വകാര്യതയെ ലംഘിക്കുന്നുവോ?
(3) കുട്ടികളെ ആധാര്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കഴിയുമോ?
(4) ആധാര്‍ നിയമത്തിലെ, പരാതിക്കാര്‍ ഉന്നയിച്ച പതിനെട്ടു വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമാണോ?
(5) പരിമിതമായ ഗവണ്‍മെന്റ്, ഉത്തമ ഭരണം, ഭരണഘടനാപരമായ വിശ്വസ്തത എന്നിവയ്‌ക്കെതിരാണോ ആധാര്‍?
അങ്ങനെ ഭൂരിപക്ഷവിധിയില്‍, സ്പീക്കറുടെ നടപടി ജുഡീഷ്യല്‍ റിവ്യൂവിന് വിധേയമാണോ എന്നു പരിശോധിക്കുന്നതിനും ബില്‍ മണി ബില്ലാണോ എന്നു നോക്കുന്നതിനും മുമ്പു തന്നെ, ആധാര്‍ ആക്ട് പരിശോധിക്കുകയും അതിലെ സെക്ഷന്‍ രണ്ട് (ഡി)ക്കു കീഴിലുള്ള ചട്ടം 26 (സി), 27, സെക്ഷന്‍ 33 (1 ) (ഭാഗികമായി), സെക്ഷന്‍ 33 (2 ), 47, 57 (ഭാഗികമായി) തുടങ്ങി നിരവധി വകുപ്പുകളും ചട്ടങ്ങളും റദ്ദാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തു. പ്രത്യേകിച്ചും സ്വകാര്യ സ്ഥാപനങ്ങള്‍ക്കുകൂടി ആധാര്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കുന്ന സെക്ഷന്‍ 57. ഇതൊക്കെ റദ്ദാക്കിയ ശേഷം ഇപ്പോള്‍ ഇതൊന്നും നിയമത്തിന്റെ ഭാഗമല്ല, അതുകൊണ്ട് മണി ബില്‍ ആണെന്ന വ്യാഖ്യാനമാണ് നടത്തിയത്. എന്നാല്‍, സ്പീക്കര്‍ സാക്ഷ്യപ്പെടുത്തിയത് ഈ വകുപ്പുകള്‍കൂടി ഉള്ള ബില്‍ ആണെന്ന കാര്യം ഭൂരിപക്ഷവിധിയില്‍ പരിഗണിച്ചില്ല.
മറ്റു വകുപ്പുകളെല്ലാം സബ്‌സിഡികള്‍ക്കും ഗവണ്‍മെന്റ് ആനുകൂല്യങ്ങള്‍ക്കും ആധാര്‍ ഉപയോഗിക്കാന്‍ അധികാരപ്പെടുത്തുന്ന സെക്ഷന്‍ ഏഴിന്റെ അനുബന്ധങ്ങളായാണ് കോടതി കണ്ടത്. ‘സെക്ഷന്‍ ഏഴ് ആണ്, നിയമത്തിന്റെ ഹൃദയഭാഗം. അത് ഭരണഘടനയുടെ 110-ാം അനുഛേദത്തിന്റെ പരിധിയില്‍ വരുന്നതാണ്’ എന്ന് കോടതി പറയുന്നു. അതുപോലെ, ആധാര്‍ അതോറിറ്റിക്ക് രൂപം കൊടുക്കുകയും അതിന്റെ ഘടനയും പ്രവര്‍ത്തനവുമൊക്കെ നിര്‍ണയിക്കുകയും ചെയ്യുന്ന സെക്ഷന്‍ 24 നെക്കുറിച്ചു പറയുന്നത്; അതോറിറ്റിയുടെ രൂപവത്കരണവും പ്രവര്‍ത്തനവും, ദൈനംദിന കാര്യനിര്‍വഹണ പരിശോധനകളും, ശിക്ഷാനടപടികളും, സോഫ്റ്റ്‌വെയറും തുടങ്ങി എല്ലാം ഇന്ത്യ ഗവണ്‍മെന്റിന്റെ സഞ്ചിതനിധിയില്‍നിന്നുള്ള പണം കൊണ്ടാണ് നടത്തപ്പെടുന്നത്; അതുകൊണ്ട് അത് മണി ബില്ലിന്റെ പരിധിയില്‍ വരുന്നതാണ് എന്നാണ് (ഖണ്ഡിക 411)
അതുപോലെ തന്നെയാണ് ആധാര്‍ ആക്ട് ആര്‍ട്ടിക്കിള്‍ 110 (ഇ)യുടെ കീഴില്‍ വരുന്നതാണെന്ന ജസ്റ്റിസ് അശോക് ഭൂഷന്റെ കണ്ടെത്തല്‍. യഥാര്‍ഥത്തില്‍ 110 (ഇ) ഗവണ്‍മെന്റിന്റെ സഞ്ചിതനിധിയില്‍നിന്നുള്ള എല്ലാ ചെലവുകളെയും സംബന്ധിക്കുന്നതല്ല. ഇന്ത്യ ഗവണ്‍മെന്റിന്റെ സഞ്ചിതനിധിയില്‍നിന്ന് ‘ചാര്‍ജ്’ ചെയ്യാവുന്ന ചെലവുകള്‍ സംബന്ധിക്കുന്ന കാര്യങ്ങള്‍ മാത്രമേ 110 (ഇ) യുടെ പരിധിയില്‍ വരൂ. അതായത് പാര്‍ലമെന്റ് വോട്ടിനിട്ട് അനുമതി നല്‍കേണ്ടതില്ലാത്ത ചെലവുകള്‍. ഭരണഘടനയുടെ അനുച്ഛേദം 112 (3) പ്രകാരം രാഷ്ട്രപതിയുടെ വേതനം, ഓഫിസ് ചെലവുകള്‍; രാജ്യസഭയുടെയും ലോക്‌സഭയുടെയും അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷരുടെയും വേതനം; ഇന്ത്യ ഗവണ്‍മെന്റിന്റെ കടബാധ്യതകളുമായി ബന്ധപ്പെട്ട ചെലവുകള്‍; സുപ്രീം കോടതി ജഡ്ജിമാരുടെ വേതനം, പെന്‍ഷന്‍; ഹൈക്കോടതി ജഡ്ജിമാരുടെ പെന്‍ഷന്‍, സി എ ജിയുടെ വേതനം, പെന്‍ഷന്‍; ഏതെങ്കിലും കോടതിവിധികള്‍ നടപ്പാക്കാനുള്ള ചെലവുകള്‍; നിയമപ്രകാരം ചാര്‍ജ് ചെയ്യാവുന്ന ചെലവുകള്‍ എന്നിങ്ങനെയാണ്. ആധാര്‍ ആക്ട് ഇതുമായൊന്നും ബന്ധപ്പെട്ടതല്ല.
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് തന്റെ വിയോജന വിധിന്യായത്തില്‍ തലതിരിയാത്ത നിയമവഴിയിലൂടെ ഇക്കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. ”(ആധാര്‍) നിയമത്തിന്റെ വകുപ്പുകള്‍ ആമുഖത്തില്‍ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങളില്‍ ഒതുങ്ങുന്നതല്ല. അനുച്ഛേദം 110(1) ല്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്ന മണി ബില്ലിന്റെ പരിധിക്കും വളരെയപ്പുറത്താണത്. ജനസംഖ്യാപരവും ജൈവപരവുമായ വിവരങ്ങളുടെ ശേഖരണം, ആധാര്‍ നമ്പറുകള്‍ നല്‍കല്‍, വിവരശേഖരണത്തിനു മുന്‍പ് ആളുകളുടെ സമ്മതപത്രം വാങ്ങല്‍, അത് നടപ്പിലാക്കാനും പരിശോധിക്കാനായി നിയമപരമായ ഒരു സ്ഥാപനത്തിന്റെ രൂപീകരണം, ശേഖരിച്ച വിവരങ്ങളുടെ സംരക്ഷണം, വിവരത്തിന്റെ ഉപയോഗം, കുറ്റങ്ങളും ശിക്ഷാവിധികളും നിര്‍വ്വചിക്കുന്നത്, ആധാറിന്റെ ഉപയോഗം അങ്ങനെയുള്ള കാര്യങ്ങളൊക്കെ അനുച്ഛേദം 110നു വെളിയിലുള്ള കാര്യങ്ങളാണ്. ഇതൊന്നും 110 (എ) മുതല്‍ (എഫ്) വരെയുള്ള വകുപ്പുകളില്‍ പറയുന്ന കാര്യങ്ങള്‍ക്ക് അനുബന്ധമായി വരുന്നതുമല്ല. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന വകുപ്പ് 57 നിശ്ചയമായും അനുച്ഛേദം 110 നു കീഴില്‍ വരില്ല. ഇന്ത്യാനിവാസികളുടെ മൗലീകാവകാശങ്ങളെ കാര്യമായ തരത്തില്‍ ബാധിക്കുന്ന നിയമ സംവിധാനമാണ് ആധാറിന്റേത്.”
ആധാര്‍ നിയമത്തിലെ സെക്ഷന്‍ 7 പോലും മണി ബില്ലിന്റെ പരിധിയില്‍ വരുന്നതല്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്: ”സഞ്ചിതനിധിയില്‍ നിന്നുമുള്ള സബ്‌സിഡികള്‍ക്കും സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുകയാണ് സെക്ഷന്‍ 7 ചെയ്യുന്നത്. ഈ സേവനങ്ങളെ സഞ്ചിത നിധിയില്‍ നിന്ന് ചാര്‍ജ് ചെയ്യുന്ന ചെലവുകളാണ് എന്ന് ഈ നിയമം നിര്‍ണയിക്കുന്നില്ല, നിലവില്‍ സഞ്ചിതനിധിയില്‍ പെടുന്ന സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുക മാത്രമാണ് ചെയ്യുന്നത്. അതായത് സെക്ഷന്‍ 7 ഏതെങ്കിലും ചെലവിനെ സഞ്ചിതനിധിയില്‍ നിന്ന് ചാര്‍ജ്ജ് ചെയ്യാവുന്നത് എന്ന് പറയുകയല്ല, ഒരു തിരിച്ചറിയല്‍ പ്രക്രിയയുടെ ആവശ്യകത സ്ഥാപിച്ചെടുക്കുകയാണ്. അതുകൊണ്ട് സെക്ഷന്‍ 7 ഉം അനുച്ഛേദം 110 (1)ന്റെ പരിധിക്കുമപ്പുറത്താണ്.” (ഖണ്ഡിക 109)
ആധാര്‍ വിധിയില്‍ മണി ബില്ലുകളെ സംബന്ധിച്ച നിഗമനങ്ങള്‍ ഒരുപാട് ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട് എന്ന് സാരം. ഒരു ജനാധിപത്യ സംവിധാനത്തില്‍ ഈ വിധി ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. രാജ്യസഭയെ അപ്രസക്തമാക്കി, ലോകസഭയില്‍ ഭൂരിപക്ഷമുള്ള ഏത് ഗവണ്‍മെന്റിനും ഏതൊരു നിയമവും നടപ്പില്‍ വരുത്താമെന്ന സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കാരണം അങ്ങനെ ഒരു ബില്‍ കൊണ്ടുവന്നാല്‍ അതിലെ പ്രശ്‌നമുള്ള വകുപ്പുകള്‍ റദ്ദാക്കിയതിനു ശേഷം മാത്രം അതിനെ വിലയിരുത്തുന്ന ഒരു കീഴ്‌വഴക്കം സൃഷ്ടിച്ചിരിക്കുന്നു നീതി പീഠം. പ്രസ്തുത നിയമത്തിന് ഗവണ്‍മെന്റിന്റെ സഞ്ചിതനിധിയില്‍ നിന്നുള്ള ധന വിനിയോഗവുമായി ബന്ധപ്പെട്ടത് മാത്രമാകണം എന്ന ഭരണഘടനാപരമായ നിഷ്‌കര്‍ഷ, ബില്ലിന് ധനവിനിയോഗവുമായി ‘ഗണ്യമായ ബന്ധം’ ഉണ്ടായാല്‍ മതി എന്ന തരത്തില്‍ ലഘൂകരിച്ച ഭൂരിപക്ഷ ബഞ്ച്, അതോടൊപ്പം സഞ്ചിത നിധിയില്‍ നിന്നുള്ള ചെലവുകളും സഞ്ചിത നിധിയില്‍ നിന്ന് ചാര്‍ജ്ജ് ചെയ്യാവുന്ന ചെലവുകളും ഒന്നാണെന്ന തരത്തിലും തെറ്റായി വായിക്കുന്നു.
ഇത് തിരുത്തപ്പെട്ടില്ലെങ്കില്‍ ഭാവിയില്‍ വലിയ പ്രതിസന്ധികളും നിയമപ്രശനങ്ങള്‍ക്കും കാരണമായേക്കാം. നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന ഘടകങ്ങളായ രണ്ടു സഭകളില്‍ ഒന്നിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തിയേക്കാവുന്ന വിധത്തില്‍ അധോസഭയിലെ ഭൂരിപക്ഷത്തിന്റെ ധാര്‍ഷ്ഠ്യം കൊണ്ട് ഉപരിസഭയെ അപ്രസക്തമാക്കുംവിധം ദുരുപയോഗം ചെയ്യാന്‍ സാധ്യതകള്‍ അവശേഷിപ്പിക്കുന്ന ഈ സവിശേഷ സാഹചര്യത്തിന് ത്വരിതഗതിയിലുള്ള ഒരു തിരുത്തല്‍ അനിവാര്യമാണ്. അല്ലെങ്കില്‍ ഇനിയും ‘മണി ബില്ലുകള്‍’ ധാരാളം വരും. രാജ്യസഭ നോക്കുകുത്തിയാവും. ഭരണഘടന ദുര്‍ബലപ്പെടും. ജനാധിപത്യം പ്രതിസന്ധിയിലാകും. ഇതു സംഭവിച്ചു കഴിഞ്ഞു.
രാജ്യത്തെ ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനത്തെയും സ്വാതന്ത്ര്യത്തെയും സാരമായി ബാധിക്കുന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷം ഗവണ്‍മെന്റ് കൊണ്ടുവന്ന ഭേദഗതികള്‍ അതിന്റെ ഉദാഹരണമാണ്. ഫിനാന്‍സ് ആക്ടിന്റെ ഭേദഗതിയായിട്ടാണ് നിയമം കൊണ്ടുവന്നത്. രാജ്യസഭയില്‍ ഉയര്‍ന്നുവരാവുന്ന എതിര്‍പ്പുകള്‍ മറികടക്കാനായി ആധാര്‍ ബില്ലിന്റെ കാര്യത്തില്‍ ചെയ്തതുപോലെ ‘മണി ബില്‍’ ആയാണ് ഇതും ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഈ നടപടിയാണ് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്. ഫിനാന്‍സ് ബില്‍ ഭേദഗതികള്‍ മണി ബില്ലായി സാക്ഷ്യപ്പെടുത്തിയ ലോക്‌സഭ സ്പീക്കറുടെ നടപടി കോടതിയില്‍ ചോദ്യം ചെയ്യാനാവുമോ, കഴിയുമെങ്കില്‍ പ്രസ്തുത ബില്‍ മണിബില്‍ ആണോ, കേന്ദ്രസര്‍ക്കാറിന്റെ അധികാരങ്ങള്‍ വിപുലപ്പെടുത്തുന്ന ഫിനാന്‍സ് ആക്ടിന്റെ സെക്ഷന്‍ 184 ഭരണഘടനാപരമാണോ, അതുപ്രകാരം രൂപപ്പെടുത്തിയ ചട്ടങ്ങള്‍ നിലനില്‍ക്കുമോ തുടങ്ങിയ കാര്യങ്ങളാണ് കോടതി പരിശോധിച്ചത്. ഇതിലെ അപകടം സുപ്രീംകോടതി ശരിയാംവണ്ണം മനസിലാക്കി എന്നുവേണം കരുതാന്‍. അതുകൊണ്ട് ഇക്കാര്യങ്ങള്‍ ഏഴംഗ ബെഞ്ച് പരിഗണിച്ചു തീര്‍പ്പു കല്‍പ്പിക്കേണ്ടതാണ് എന്നാണ് ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബഞ്ച് വിധിയെഴുതിയത്. ഈ തീരുമാനത്തിന് കാത്തിരിക്കണം എന്നാണ് ആധാര്‍ റിവ്യൂ പരിഗണിക്കവേ, ഡി വൈ. ചന്ദ്രചൂഢ് ആവശ്യപ്പെട്ടത്, പക്ഷേ മറ്റു നാലു ജഡ്ജിമാരും അത് വേറൊരു കേസാണെന്നും റിവ്യൂവിന് അതു പരിഗണിക്കേണ്ടതില്ല എന്നുമായിരുന്നു വിലയിരുത്തിയത്?
എന്നാല്‍ ഇതിന് കടകവിരുദ്ധമായ രീതിയാണ് ശബരിമല റിവ്യൂ ഹര്‍ജിയില്‍ ഇതേ സുപ്രീംകോടതി സ്വീകരിച്ചത്. മുസ്‌ലിം സ്ത്രീകളുടെ മസ്ജിദ് പ്രവേശം, ദാവൂദ ബോറ വിഭാഗത്തില്‍ പെട്ട സ്ത്രീകളുടെ ചേലാകര്‍മം, പാഴ്‌സി ഫയര്‍ ടെമ്പിളിന്റെ പ്രശ്‌നം എന്നിങ്ങനെ മറ്റു ചില കേസുകളില്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട് എന്നു കോടതി കരുതുന്ന അനുച്ഛേദനം 25-ന്റെ വ്യാഖ്യാനത്തിലെ ചില വ്യക്തതകള്‍ക്കായി ശബരിമല വിഷയം തല്‍ക്കാലം മാറ്റി വച്ചിരിക്കുകയാണ്. കോടതിയ്ക്ക് മുന്നില്‍ ഇപ്പോഴുള്ള പ്രശ്‌നങ്ങളെ സംബന്ധിച്ചല്ല പ്രതിപാദിച്ചിരിക്കുന്നത്, ശബരിമല വിധിയിലെ വ്യാഖ്യാനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെന്ന് തോന്നിയതുകൊണ്ടും അല്ല, ഇനി വരാവുന്ന കാര്യങ്ങളെ പ്രതിയാണ് ആവലാതി.
കോടതിയുടെ പരിഗണനയില്‍ പോലുമില്ലാത്ത, ഭാവിയില്‍ ‘ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള’, വിഷയങ്ങള്‍ സ്വയം ഏറ്റെടുത്ത് മറ്റൊരു വിശാലബെഞ്ചിനു റഫര്‍ ചെയ്തുകൊണ്ടാണ് കോടതി ശബരിമല പുനഃപരിശോധനാ ഹര്‍ജിയില്‍ തീരുമാനമെടുക്കാതെ മാറ്റിവച്ചത്. അതേ കോടതിയാണ് ഇപ്പോള്‍ ആധാര്‍ കേസില്‍ ശരിക്കും മറ്റൊരു അഞ്ചംഗ ബഞ്ച് സംശയം പ്രകടിപ്പിച്ച മണി ബില്‍ സംബന്ധിച്ച വിധിയുടെ പുനഃപരിശോധനാ ഹര്‍ജി നിരാകരിച്ചത്.
സ്വകാര്യതയും സര്‍വൈലന്‍സും അനുബന്ധ പ്രശ്‌നങ്ങളുമെല്ലാം പരിശോധിക്കുമ്പോഴും ഇതുപോലെയുള്ള വസ്തുതാപരമായ പിശകുകള്‍ വിധിയിലുടനീളം ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ഒരു ഘട്ടത്തില്‍ ഹര്‍ജിക്കാര്‍ പോലും ആധാറിന്റെ വിവര ശേഖരണത്തെ എതിര്‍ക്കുന്നില്ല, വിവരസഞ്ചയത്തിന്റെ സുരക്ഷയും ഉപയോഗവും സംബന്ധിച്ചു മാത്രമാണ് ആശങ്ക എന്ന് പറയുന്നു. ഈ പ്രസ്താവന വസ്തുതാപരമല്ല. മറ്റൊരു കാര്യം ആധാറിന് പകരം വയ്ക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല എന്ന വാദമാണ്. ഹര്‍ജിക്കാര്‍ക്കുപോലും ബദല്‍ മാര്‍ഗം ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും പറയുന്നു. രണ്ടു കാര്യങ്ങളാണ് ഇതിലുള്ളത് ഒന്ന്, ബദല്‍ മാര്‍ഗങ്ങളില്ല എന്ന് ബോദ്ധ്യപ്പെടുത്തേണ്ട ബാധ്യത ഗവണ്മെന്റിനോ അതോ ഹര്‍ജിക്കാര്‍ക്കോ എന്നതാണ്. രണ്ട്, പദ്ധതിക്ക് ബദലുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളും, വിതരണശൃംഖലകളുടെ പരിഷ്‌കരണവുമെല്ലാം ഹര്‍ജിക്കാര്‍ കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നുവെന്നും ഓപ്പണ്‍ കോര്‍ട്ടില്‍ വാദിക്കുകയും ചെയ്തിരുന്നുവെന്നതുമാണ്. ഇതുപോലെ നിരവധി തെറ്റുകള്‍ ആധാര്‍ വിധിയില്‍ ചൂണ്ടിക്കാണിക്കാം. ഇക്കാര്യങ്ങളെല്ലാം ജസ്റ്റിസ്. ഡി വൈ ചന്ദ്രചൂഢിന്റെ വിയോജന വിധിന്യായം ചര്‍ച്ചചെയ്യുന്നുണ്ട്.
2019 ജൂലൈയില്‍ ജമൈക്കന്‍ സുപ്രീംകോടതി, ആധാറിന് സമാനമായ അവിടുത്തെ ബയോമെട്രിക് തിരിച്ചറിയല്‍ പദ്ധതിയെക്കുറിച്ചുള്ള കേസില്‍ വിധിയെഴുതിയപ്പോള്‍ മാതൃകയാക്കിയത് ഈ വിയോജനമാണ്. ജമൈക്കന്‍ കോടതി ഇന്ത്യന്‍ സുപ്രീംകോടതിയുടെ ‘സ്വകാര്യത വിധി’യും ‘ആധാര്‍ വിധി’യും വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. പിന്നീട് കെനിയന്‍ ആധാറായ ‘ഹിഡുംബ നമ്പ’യുടെ ഭരണഘടനാസാധുത പരിശോധിച്ച അവരുടെ സുപ്രീംകോടതി ഏറ്റവും കൂടുതല്‍ ആശ്രയിച്ചത് ജസ്റ്റിസ് ചന്ദ്രചൂഢിന്റെ നിരീക്ഷണങ്ങളെയാണ്. ഇന്ത്യന്‍ സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധി ആധുനിക കാലത്തിന്റെ യുക്തിക്ക് നിരക്കുന്നതല്ല എന്നുകൂടി എഴുതിച്ചേര്‍ത്തു കെനിയന്‍ കോടതി.
ആധാര്‍ പുനപ്പരിശോധനാ ഹര്‍ജിയിന്മേലുള്ള വാദം തുറന്ന കോടതിയില്‍ ആകണം എന്ന ഹര്‍ജിക്കാരുടെ ആവശ്യം പോലും പരിഗണിക്കാതെ തള്ളിയ സുപ്രീംകോടതി നടപടിയെ നാളത്തെ നിയമവൈജ്ഞാനികചരിത്രം രേഖപ്പെടുത്തുക സുവര്‍ണലിപികളാലാകില്ല എന്നുറപ്പാണ്. സുപ്രീംകോടതി അഭിഭാഷകനും നിയമ വിചക്ഷണനുമായ ഗൗതം ഭാട്ടിയ എഴുതിയതുപോലെ സുപ്രീംകോടതി ഒരു എക്‌സിക്യൂട്ടീവ് കോടതിയായി മാറിയിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആധാര്‍ റിവ്യൂ കേസ് വിധി. ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗത്തില്‍ നിന്ന് പൗരന്മാരെ രക്ഷിക്കുന്ന കവചം എന്നിടത്തു നിന്ന് എക്‌സിക്യൂട്ടീവിന്റെ നടപടികള്‍ക്ക് നിലമൊരുക്കുന്ന തരത്തിലേക്കുള്ള കോടതിയുടെ പരിണാമം ജനാധിപത്യത്തിന് ഒട്ടും ആശ്വാസ്യമല്ല.
(കടപ്പാട്: ട്രൂകോപ്പി തിങ്ക്)

Back to Top