വിര്‍ച്വല്‍ പഠനത്തില്‍ ചോര്‍ന്നു പോകുന്നത്
ഷഹീന്‍ അരീക്കോട
സ്‌കൂള്‍ ജീവിതമെന്നത് ജീവിതത്തിലെ ഒരു അമൂല്യ നിധിയാണ്. ക്ലാസ് റൂമുകളും കൂട്ടുകാരും അധ്യാപകരും അടങ്ങുന്ന മനോഹരമായ ലോകം, വ്യത്യസ്തമായ ഘട്ടങ്ങളിലൂടെ, പ്രവര്‍ത്തനങ്ങളിലൂടെ കഴിവുകളെ കണ്ടെത്താനും അത് മെച്ചപ്പെടുത്താനുമുള്ള അവസരങ്ങള്‍ പള്ളിക്കൂടം നമുക്ക് നല്‍കുന്ന സമ്മാനമാണ്. പഠനത്തിന്റെയും കളിയുടെയും ശിക്ഷണത്തിന്റെയും ശിക്ഷയുടെയും സമ്മിശ്രമാണ് വിദ്യാഭ്യാസം. ധാര്‍മികബോധവും സാമൂഹിക മൂല്യങ്ങളും തിരിച്ചറിയാനും മറ്റു മതസ്ഥരുടെ മതമൂല്യങ്ങളെ ഉള്‍ക്കൊള്ളാനും മതസാഹോദര്യം നിലനിര്‍ത്താനുമുളള പാഠം സ്‌കൂളില്‍ നിന്ന് ഒരു കുഞ്ഞിന് ലഭിക്കേണ്ടതുണ്ട്.
ഇങ്ങനെ കാലം മുന്നോട്ടു പോകുമ്പോഴാണ് നമ്മുടെ പ്രതീക്ഷകള്‍ക്കും ചിന്തകള്‍ക്കും അതീതമായി പ്രതിസന്ധിയില്‍നിന്നും പ്രതിസന്ധികളിലേക്ക് നാം പ്രവേശിക്കുന്നത്. രണ്ടുവര്‍ഷമായി മഹാമാരിയില്‍ അകപ്പെടുകയും നമ്മുടെ ജീവിതം ആകമാനം അവതാളത്തിലാവുകയും ചെയ്തിരിക്കുകയാണ്. എല്ലാ മേഖലകളെയും ഈ പ്രതിസന്ധി വളരെയധികം രൂക്ഷമായി ബാധിച്ചിട്ടുണ്ട്, പ്രത്യേകിച്ച് സാധാരണക്കാരെ. വിദ്യാഭ്യാസമേഖലയും വളരെയധികം മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. പള്ളികൂടത്തില്‍ നിന്ന് ലഭിക്കേണ്ട പഠനരീതികള്‍ നഷ്ടമായതോടെ പല കുട്ടികളും അതിന്റെ ഗൗരവം തിരിച്ചറിയാതെ പോയി. പഠനകാര്യങ്ങളിലുള്ള അശ്രദ്ധയും പ്രകടമാണ്. ക്ലാസുകള്‍ കൃത്യമായി നടക്കുന്നുണ്ടെങ്കിലും അതിലെ വിദ്യാര്‍ഥികളുടെ പങ്കാളിത്തം കുറയുന്നു. എന്നാല്‍ സ്വയം ബോധമുള്ള വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കളുടെ ശ്രദ്ധ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഈയൊരു സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയുന്നുണ്ട്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കൂടുതല്‍ സാധ്യതകളും വിദ്യാഭ്യാസ മേഖലയില്‍ കാണുവാന്‍ സാധിക്കും. അല്ലാത്ത ഭൂരിഭാഗം കുട്ടികളുടെയും കാര്യം വളരെ കഷ്ടത്തിലാണ്.
ആധുനിക വിദ്യാഭ്യാസം എന്നാല്‍ ഔപചാരികവിദ്യാഭ്യാസം എന്നാണ്. അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളിലൂടെയാണ് അത് സാധ്യമാകുന്നത്. മുഖാമുഖം നടക്കുന്ന ആ ജൈവ പ്രക്രിയ മാറ്റി പ്രതിഷ്ഠിക്കാന്‍ എത്ര വിദഗ്ധമായി പ്രോഗ്രാം ചെയ്യപ്പെട്ട കമ്പ്യൂട്ടറിനും കഴിയില്ല. മനുഷ്യനു മാത്രമേ മറ്റൊരു മനുഷ്യന് വിദ്യാഭ്യാസം നല്‍കുവാനാകൂ. ഔപചാരിക വിദ്യാഭ്യാസത്തില്‍ അധ്യാപകര്‍ മാത്രമല്ല, ക്ലാസ് മുറി, സഹപാഠികള്‍, വിദ്യാലയ അന്തരീക്ഷം എന്നിവയിലൂടെയെല്ലാം പകര്‍ന്നു കിട്ടുന്ന മൂല്യത്തെയാണ് വിദ്യാഭ്യാസത്തിന്റെ ആകെത്തുകയായി ഗണിക്കുന്നത്. അനൗപചാരിക ഓണ്‍ലൈന്‍ പഠനം ഔപചാരിക വിദ്യാഭ്യാസത്തിന് പകരമല്ല, അതിന് ഉപോദ്ബലകം മാത്രമാണെന്ന അനിഷേധ്യ പാഠം എല്ലായ്‌പ്പോഴും ഓര്‍ക്കേണ്ടതുണ്ട്.
അയഥാര്‍ഥമായ വെര്‍ച്വല്‍ വിദ്യാഭ്യാസത്തിലൂടെയല്ല, യഥാര്‍ഥ ജീവിത ഗന്ധിയായ വിദ്യാഭ്യാസത്തിലൂടെയാണ് മനുഷ്യനെ സൃഷ്ടിക്കുന്നത്. ജ്ഞാനോല്പാദനത്തിന് ഉല്‍കൃഷ്ട വഴികളിലൂടെ കടന്നുപോയാല്‍ മാത്രമേ കലാലയങ്ങളില്‍ നിന്ന് ശ്രദ്ധിക്കേണ്ട കാഴ്ചപ്പാടുകളും മൂല്യങ്ങളും വിശകലന ശേഷിയുമൊക്കെ കരസ്ഥമാക്കാനാവൂ. വെബ്‌സൈറ്റുകള്‍ക്ക് അധ്യാപനത്തെ സഹായിക്കാം അധ്യാപകരുടെ റോള്‍ ഏറ്റെടുക്കാനാവില്ല. എന്നാല്‍ അധ്യാപകരെ ഒഴിവാക്കുവാനുള്ള വിദ്യകളെ കുറിച്ച് ഏറെ നാളുകളായി ഭരണകൂടം പലവഴികളിലൂടെ ചിന്തിച്ചു കൊണ്ടിരിക്കുന്നു.
ഓണ്‍ലൈന്‍ പഠനത്തില്‍ ചെറിയ കുട്ടികളുടെ രക്ഷിതാക്കള്‍ നന്നായിട്ട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. സ്‌കൂളില്‍ പറഞ്ഞയക്കുന്ന സമയത്ത് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്ന അധ്യാപകരുടെ ശിക്ഷണം എന്നുള്ളത് നിസ്സാരമായ ഒരു പ്രവൃത്തിയല്ല എന്ന് രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞു. ഉയര്‍ന്ന ക്ലാസ്സുകളില്‍ ഉള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ഉപകാരപ്പെട്ടേക്കാം. സ്വയം തിരിച്ചറിയാനുള്ള പ്രായവും പക്വതയും എത്തിയവരാണ് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ . കുഞ്ഞു ബാല്യങ്ങളെ നന്നായി ശ്രദ്ധിക്കണം. അതിനായി രക്ഷിതാക്കള്‍ തങ്ങളുടെ സമയം മാറ്റി വെക്കുക തന്നെ വേണം.