‘വെര്‍ച്വല്‍ പ്രദര്‍ശന’വുമായി റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍
ദക്ഷിണ ബംഗ്ലാദേശിലെ കുട്ടുപാലോങിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളായ ഫോട്ടോഗ്രാഫര്‍മാര്‍ ‘വെര്‍ച്വല്‍ പ്രദര്‍ശന’ത്തിന് തുടക്കമിട്ടിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായ കുട്ടുപാലോങിലെ ജീവിതം അടയാളപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. വെര്‍ച്വല്‍ പ്രദര്‍ശനം, അഞ്ച് വര്‍ഷം മുമ്പ് മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ ലക്ഷക്കണക്കിന് റോഹിങ്ക്യന്‍ മുസ്ലിംകളുടെ ജീവിതം കൂടുതല്‍ മനസ്സിലാക്കാന്‍ ഉതകുന്നതാണ്. ‘അന്റ റോഹിങ്ക്യ’ (ഞങ്ങള്‍ റോഹിങ്ക്യക്കാരാണ്) പ്രദര്‍ശനം അഭയാര്‍ഥി ക്യാമ്പിലെ ദുരിതജീവിതം ചിത്രീകരിക്കുന്നു. റോഹിങ്ക്യന്‍ സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്ന റോഹിങ്ക്യറ്റോഗ്രാഫര്‍ എന്ന മാസികയില്‍ നിന്നുള്ള 11 ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളാണ് അവതരിപ്പിക്കുന്നത്. 2017ല്‍ മ്യാന്‍മര്‍ സൈന്യം നടത്തിയ ക്രൂരമായ അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് മില്യണ്‍കണക്കിന് റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് ബംഗ്ലാദേശ് അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നത്. മ്യാന്മറിലെ ക്രൂരമായ സൈനിക അടിച്ചമര്‍ത്തലിനെ സംബന്ധിച്ച് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വംശഹത്യാ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.