3 Wednesday
December 2025
2025 December 3
1447 Joumada II 12

വിരല്‍ത്തുമ്പിലെ കരുതല്‍സ്പര്‍ശങ്ങള്‍

സി കെ റജീഷ്‌

സ്‌കൂള്‍ അസംബ്ലി നടക്കുകയാണ്. കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായ കുട്ടികളെ ആദരിക്കാനാണ് അധ്യാപകരും വിദ്യാര്‍ഥികളും ഒത്തുകൂടിയത്. വൃക്കകള്‍ തകരാറിലായ ഒരു കുട്ടി രോഗശയ്യയിലാണ്. അവന്റെ ചികിത്സാ ചെലവിന് പണം കണ്ടെത്താന്‍ സഹപാഠികള്‍ മുന്നിട്ടിറങ്ങി. ‘സ്‌നേഹക്കതിര്‍’ എന്ന പേരില്‍ വാട്ട്‌സാപ്പ് കൂട്ടായ്മയുണ്ടാക്കി. നാട്ടിലും മറുനാട്ടിലുമുള്ള അനേകം സുമനസ്സുകള്‍ അവനെ സഹായിക്കാന്‍ രംഗത്തെത്തി. ചുരുങ്ങിയ ദിവസം കൊണ്ട് വലിയ തുക സമാഹരിക്കാന്‍ അവര്‍ക്കായി. ആ കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ കഴിഞ്ഞ കൃതാര്‍ഥതയിലാണ് സഹപാഠികള്‍. സമൂഹമാധ്യമം വഴിയുള്ള സഹായാഭ്യര്‍ഥനയാണ് ആ ദരിദ്രകുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ തുണയായത്. അതിന്നായി പ്രയത്‌നിച്ച സഹപാഠികളെ പ്രധാന അധ്യാപകന്‍ അഭിനന്ദിച്ചു. അവര്‍ക്കൊരു പാരിതോഷികവും നല്കി.
വിവര സാങ്കേതിക വിദ്യയുടെ സൃഷ്ടിയാണ് സമൂഹ മാധ്യമങ്ങള്‍. അതിരില്ലാത്ത അവസരങ്ങളുടെ ജാലകങ്ങളാണ് അവ തുറന്നിടുന്നത്. ഒരു വിരല്‍സ്പര്‍ശം കൊണ്ട് വിവര വിപ്ലവത്തിന്റെ വിസ്മയപ്രപഞ്ചമാണ് നമ്മുടെ കൈപ്പിടിയിലൊതുങ്ങുന്നത്. അറിഞ്ഞും അറിയിച്ചും ‘ഇ’ ലോകത്തോടൊപ്പമുള്ള നമ്മുടെ സഞ്ചാരത്തിന് ഗതിവേഗം കൂടിയിരിക്കുന്നു. മൊബൈല്‍ ഫോണ്‍ ഇന്ന് നമുക്ക് വെറുമൊരു ഫോണല്ല, സ്മാര്‍ട്ട് കൂട്ടുകാരന്‍ കൂടിയാണ്. ഊണിലും ഉറക്കിലും ആ സന്തത സഹചാരി നമ്മുടെ കൂടെയുണ്ടാവുന്നു. പണവും രഹസ്യങ്ങളും രേഖകളും ബന്ധങ്ങളും വരെ സൂക്ഷിക്കുന്ന ഖജനാവാണത്. വിവരങ്ങള്‍ വിരല്‍ തുമ്പാല്‍ ചോരും കാലത്ത് കരുതലില്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ അപകടക്കെണിയൊരുക്കും. വിനിയോഗം വിവേകപൂര്‍വം ആക്കുന്നവര്‍ക്ക് വിജ്ഞാനത്തിന്റെ വിഹായസ്സില്‍ വിഹരിക്കാം. ഭാഷ ദേശാതിര്‍ത്തികളെ മറികടന്ന് നന്മകളില്‍ കണ്ണി ചേരാം.
ആധുനിക സാങ്കേതിക വിദ്യയുടെ തടവറയിലാണ് മനുഷ്യന്‍. അതില്ലാതെ ജീവിതം ഇനി അസാധ്യവുമാണ്. കരുതലിന്റെ കുറവ് കനത്ത നഷ്ടങ്ങള്‍ക്ക് വഴിവെക്കും. ആ നഷ്ടങ്ങളാകട്ടെ അപരിഹാര്യമായിത്തീരും. ഒരായുസ്സ് മുഴുവന്‍ ഖേദിക്കേണ്ട ദുരന്തമായി നാമത് ഓര്‍ക്കേണ്ടിവരും. ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കാനും വിളക്കിച്ചേര്‍ത്ത ബന്ധങ്ങളില്‍ വിള്ളല്‍ വീഴാനും ഒരൊറ്റ ഫോണ്‍ സന്ദേശം മതി. മിനി സ്‌ക്രീനില്‍ തെളിയുന്ന ലൈക്കും ഷെയറും കമന്റും ഒക്കെ ജീവിത്തെ തന്നെ മാറ്റിമറിച്ചേക്കാം. സാധ്യതയെ പ്രയോജനപ്പെടുത്തുമ്പോഴും പരിമിതിയെ കൂടി തിരിച്ചറിഞ്ഞ് ഉപയോഗിക്കാനുള്ള വിവേകമാണ് വേണ്ടത്. പ്രശസ്ത ഗായിക ബയോണ്‍സ് നോവല്‍സ് പറഞ്ഞ വാക്കുകളാണ് ഓര്‍മ വരുന്നത്. ”മൊബൈല്‍ ഫോണിനെ ഞാന്‍ വെറുക്കുന്നത് ജീവിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ്.”
സ്വകാര്യത ഏതൊരു വ്യക്തിയുടെയും സ്വാതന്ത്ര്യമാണ്. സമൂഹമാധ്യമങ്ങള്‍ സ്വകാര്യതയിലേക്ക് കടന്നുകയറാനുള്ള ആയുധമാക്കിക്കൂടാ. മൊബൈല്‍ ഫോണും ലാപ്‌ടോപ്പും നമ്മുട കളിക്കൂട്ടുകാരാകുമ്പോള്‍ ചാറ്റിംഗും ഗെയിമുമൊക്കെ സന്തോഷത്തിന്റെ സ്വകാര്യ തുരുത്തുകളായി മാറുന്നു. മനുഷ്യന്‍ യന്ത്രവുമായി ഇണപിരിയാത്ത ചങ്ങാത്തം കൂടുമ്പോള്‍ മനുഷ്യനില്‍ ‘യാന്ത്രികത’ പിടി മുറുക്കാതിരിക്കുമോ? സ്‌ക്രീനില്‍ തെളിയുന്നതിനോട് നാം വല്ലാതെ അടിമപ്പെട്ട് പോകുമ്പോള്‍ ഈ ജീവിതത്തിന്റെ സൗന്ദര്യവും സുഗന്ധവും നമുക്ക് നഷ്ടപ്പെട്ടുപോകും. മിനിസ്‌ക്രീനിലുള്ളത് നമ്മുടെ മനം കവരുമ്പോള്‍ പ്രകൃതിയുടെ മനോഹാരിതക്ക് നേരെ മുഖം നല്കാന്‍ മറക്കരുത്. അവിടെ കിളികളുടെ കളകൂജനങ്ങളുണ്ട്, മരച്ചില്ലകളുടെ മര്‍മരങ്ങളുണ്ട്, കാട്ടരുവികളുടെ കളകളാരവങ്ങളുണ്ട്. അതൊന്നും നമുക്കും തലമുറകള്‍ക്കും അന്യമായിക്കൂടാ.

Back to Top