‘വിറ’
മുബാറക് മുഹമ്മദ്
മണ്ണിലപ്പെയ്ത്തിന്റെ
രാവെള്ളിടിക്കിടിലത്തില്‍
ചുള്ളിയടുക്കിയ തലമുറക്കിനാവ്
താഴെ വീണുടയുന്നത്
ഭയന്ന കിളികള്‍
ഒച്ചിഴയാത്ത നാട്ടിലേക്ക്
സ്വപ്‌നാടനം നടത്തി
നിറുത്താതെ പെയ്യുന്ന
മഴയെ കാത്തു കാത്ത്
ഒച്ചയില്ലാതെ പേക്രോം
ചൊല്ലാമെന്നശരീരിയില്‍
ആമേന്‍ പറഞ്ഞ് തവളകള്‍
ഒറ്റക്കിണറ്റിലേക്ക് മടങ്ങി
അടുക്കളപ്പടിയെത്തകര്‍ത്ത്
അനുവാദമില്ലാതെ കേറി വന്ന്
പുല്‍ത്തലപ്പിനെക്കുനിച്ച്
താഴ്ചകളിലേക്ക്
തിരിച്ചിറങ്ങാറുണ്ടായിരുന്ന
ജലനൂലിഴകളില്‍ പിടിച്ച്
എതിരെത്തുഴഞ്ഞിരുന്ന
സ്ഫടികപ്പരല്‍ച്ചാര്‍ത്തുകള്‍
ചേറില്‍ ഒളി നിദ്രപൂണ്ടു
പ്രപഞ്ചത്തിലെ ദുരകളെ
ഒറ്റച്ചരടില്‍ കോര്‍ത്തെടുത്ത്
വലനെയ്ത് കൈതഴമ്പിച്ചവന്‍
അദൃശ്യതയുടെ സ്പര്‍ശപ്പകര്‍ച്ചകളില്‍
ശ്വാസത്തിന്
തിരിച്ചൊഴുകാനാവില്ലെന്ന കേട്ടറിവില്‍
വലക്കണ്ണിയുടെ
കാഴ്ചാതുറസ്സിലൂടെ നോക്കി
ഇപ്പോഴും വയല്‍ വരമ്പത്ത്
വിറച്ചു നില്‍പ്പുണ്ട്…