10 Sunday
December 2023
2023 December 10
1445 Joumada I 27

വിനാശത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണം

അബ്ദുല്‍ ഹമീദ്

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ, കൃത്യമായി പറഞ്ഞാല്‍ കോവിഡ് മഹാമാരിയുടെ കാലത്ത് ഇന്ത്യയില്‍ നിന്നുള്ള ബഹുരാഷ്ട്ര കുത്തക കമ്പനിയായ അദാനി ഗ്രൂപ്പ് ലോകത്തിലെ ഏറ്റവും സമ്പന്നമായ കമ്പനികളിലൊന്നായി. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥന്‍ ഗൗതം അദാനി കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പന്നനായി. ടെസ്‌ല, സ്‌പേസ് എക്‌സ് സി ഇ ഒ ഇലോണ്‍ മസ്‌കിനു തൊട്ടുപിന്നില്‍ ഗൗതം അദാനി എത്തിയത് ആമസോണിന്റെ ജെഫ് ബെസോസിനെയും ആഡംബര വ്യവസായത്തിന്റെ അവസാന വാക്കായ എല്‍ വി എം എച്ചിന്റെ ബെര്‍നാഡ് ആര്‍നോള്‍ട്ടിനെയും മറികടന്നാണ്. അതിനിടെ ആര്‍നോള്‍ട്ട് പിന്നെയും മുന്നോട്ടുപോയെങ്കിലും ഇലോണ്‍ മസ്‌കിനെ പിന്തള്ളി ഗൗതം അദാനി വീണ്ടും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനാകുമെന്ന് 2023 ജനുവരിയില്‍ ഫോബ്‌സ് മാഗസിന്‍ അടക്കം പ്രവചിച്ചു. അപ്പോഴാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്താകുന്നത്.
ആഗോള കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പാണ് ഗൗതം അദാനി നടത്തിയതെന്ന് രണ്ടു വര്‍ഷത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ട് ആരോപിക്കുന്നു. ഓഹരിവിപണിയിലെ തട്ടിപ്പുകള്‍, അക്കൗണ്ടുകളിലെ ക്രമക്കേടുകള്‍, അദാനി ഗ്രൂപ്പ് തന്നെ നിയന്ത്രിക്കുന്ന വിദേശ ഷെല്‍ കമ്പനികള്‍ വഴി കമ്പനികളുടെ ഓഹരിവിലകള്‍ നിയന്ത്രിക്കുക, സ്വന്തം സ്വത്തുവകകളുടെ മൂല്യം വ്യാജമായി വന്‍തോതില്‍ ഉയര്‍ത്തിക്കാണിക്കുക തുടങ്ങി പല ആരോപണങ്ങളും ഗൗതം അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചു. 2.2 ലക്ഷം കോടിയോളം രൂപയുടെ വായ്പ ഇത്തരത്തില്‍ വ്യാജമായി ഉയര്‍ത്തിക്കാണിച്ച വസ്തുവകകളുടെ പേരില്‍ കമ്പനി കൈവശപ്പെടുത്തിയിട്ടുണ്ടെന്നും ഈ തുക അവര്‍ തിരിച്ചടച്ചില്ലെങ്കില്‍ ബാങ്കുകള്‍ക്ക് ആ കടം തിരിച്ചുപിടിക്കാനാവില്ലെന്നും ഈ റിപ്പോര്‍ട്ട് പറയുന്നു.
ഇതേ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ക്കും ബോണ്ടുകള്‍ക്കും ഓഹരിവിപണിയില്‍ വന്‍ തിരിച്ചടിയുണ്ടായി. 103 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് സംഭവിച്ചതെന്ന് ഫിനാന്‍ഷ്യല്‍ പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന അവസ്ഥയില്‍ നിന്നും ഗൗതം അദാനി പിറകിലേക്കു പോയി. 2023 ജനുവരി 29ന് 413 പേജുള്ള ഒരു മറുപടിയുമായി അദാനി ഗ്രൂപ്പ് രംഗത്തെത്തി. അതില്‍ ഒരു വരി മാത്രമായിരുന്നു പ്രധാനം: ”ഇന്ത്യക്കു നേരെയും ഇന്ത്യന്‍ സ്ഥാപനങ്ങളുടെ വിശ്വാസ്യത, ഗുണനിലവാരം എന്നിവയ്ക്ക് എതിരേയും ഇന്ത്യയുടെ വളര്‍ച്ചാ ഗാഥകള്‍ക്കും ഉത്കര്‍ഷേച്ഛയ്ക്കും എതിരെയും ഉള്ള കരുതിക്കൂട്ടിയുള്ള ആക്രമണമാണിത്.”
ഇതിനു ശേഷം മോദി സര്‍ക്കാര്‍ ഏതെല്ലാം തരത്തില്‍ അദാനി ഗ്രൂപ്പിനെ സഹായിച്ചുവെന്നത് രാജ്യത്തുടനീളം ചര്‍ച്ചയാണ്. രാഹുല്‍ ഗാന്ധി ഇക്കാര്യം പല വട്ടം പാര്‍ലമെന്റിനകത്തും പുറത്തും ഉന്നയിച്ചു. ഇന്ത്യയിലും ശ്രീലങ്ക, ആസ്‌ത്രേലിയ എന്നിവിടങ്ങളിലും അദാനി ഗ്രൂപ്പിന് കരാറുകള്‍ ലഭിക്കാന്‍ മോദി ഇടപെട്ടുവെന്ന ആരോപണം മുതല്‍, ഇരുപതിനായിരം കോടി രൂപ അദാനി ഗ്രൂപ്പിന്റെ ഷെല്‍ കമ്പനികളില്‍ നിക്ഷേപം നടത്തിയ ആളാരാണ് എന്ന ചോദ്യത്തിനു വരെ ഉത്തരം ലഭിച്ചിട്ടില്ല. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസംഗഭാഗങ്ങള്‍ രേഖകളില്‍ നിന്ന് നീക്കി. രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കുന്നതിലും അദ്ദേഹത്തെ ഔദ്യോഗിക വസതിയില്‍ നിന്ന് കുടിയിറക്കുന്നതിലും വരെയെത്തി കാര്യങ്ങള്‍.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x