വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ
ശംസുദ്ദീന്‍ പാലക്കോട്
ആറാം നൂറ്റാണ്ടിന്റെ ഇരുട്ടില്‍ നിന്ന് ഏഴാം നൂറ്റാണ്ടിലെ വെളിച്ചത്തിലേക്ക് ലോകം നടന്നു കയറിയ ചരിത്രം ആവേശോജ്ജ്വലമാണ്. വിമോചനത്തിന് ആത്മീയതയില്‍ അധിഷ്ഠിതമായ പുതിയ അര്‍ഥതലം ലോകം കണ്ടെത്തിയത് ഏഴാം നൂറ്റാണ്ടില്‍ മക്കയില്‍ പ്രവാചകനായി നിയോഗിതനായ മുഹമ്മദ് നബി(സ)യിലൂടെയാണ്. ജീവനും ജീവിതവും നല്‍കിയ പ്രപഞ്ചനാഥനെയാണ് മനുഷ്യന്‍ ആരാധിക്കേണ്ടത്, പ്രാര്‍ഥനയും നേര്‍ച്ച-വഴിപാടുകളുമെല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രമായിരിക്കണം എന്ന സന്ദേശം വലിയ ഒരു വിപ്ലവം തന്നെയായിരുന്നു. മനുഷ്യ മനസ്സില്‍ ചിന്തയുടെ ആന്ദോളനങ്ങള്‍ ഉണ്ടായപ്പോള്‍ ഉണ്ടായ തിരിച്ചറിവിന്റെ വിപ്ലവം.
കാണുന്ന പെണ്ണിനെയെല്ലാം കാമിക്കാനും സാധിക്കുന്നവരുമായെല്ലാം ലൈംഗിക വേഴ്ച നടത്താനും സാധിക്കുക എന്നതാണ് വിമോചനവും സ്വാതന്ത്ര്യവും ആനന്ദവും എന്നു തെറ്റിദ്ധരിച്ച് ആ വിധം അരാജകത്വ ജീവിതം നയിക്കുന്നവരായിരുന്നു ആറാം നൂറ്റാണ്ടിലെ മനുഷ്യരില്‍ പലരും. മതിവരുവോളം മദ്യം നുകരലാണ് ജീവിതാനന്ദം എന്നും അക്കാലത്തെ ജനം ധരിച്ചുവശായി. അപരവിദ്വേഷം പ്രസരിപ്പിച്ച് ഇഷ്ടമില്ലാത്തവരുടെ നേരെയെല്ലാം ചാടിവീണ് കൊലവിളി നടത്തുക എന്ന മൃഗീയവാസനയെ വാരിപ്പുണരലാണ് പൗരുഷം എന്നു കരുതിയിരുന്ന മൃഗമനുഷ്യര്‍ ധാരാളമായി അഴിഞ്ഞാടിയിരുന്ന ഇരുണ്ട കാലമായിരുന്നു ആറാം നൂറ്റാണ്ട്. സ്ത്രീകള്‍ക്ക് സ്വത്തവകാശം പോയിട്ട്, അവള്‍ തന്നെയും സ്വത്തായി പരിഗണിക്കപ്പെട്ട് വീതം വെച്ചെടുക്കപ്പെട്ടിരുന്ന ഇരുണ്ട കാലഘട്ടമായിരുന്നു ആറാം നൂറ്റാണ്ട്.
യുദ്ധം, പെണ്ണ്, കള്ള് എന്നിവയില്‍ ആനന്ദവും ലഹരിയും നുണയാനുള്ളതാണ് ജീവിതം എന്ന് തെറ്റിദ്ധരിച്ച് ഒരുതരം അലസ-സുഖഭോഗ-പോക്കിരി ജീവിതം നയിച്ചിരുന്ന ഒരു കാടന്‍ ജനതയെ, എന്താണ് ജീവിതമെന്നും എന്തിനാണ് ജീവിതമെന്നും എങ്ങനെയാവണം ജീവിതമെന്നും പ്രമാണസാക്ഷ്യത്തോടെ പ്രവാചകന്‍ മുഹമ്മദ്(സ) പഠിപ്പിച്ചു കടന്നുവന്നത് ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്.
വേദഗ്രന്ഥത്തിന്റെ ശാദ്വലതീരത്തേക്ക് അവരെ ചേര്‍ത്തുനിര്‍ത്തി പ്രവാചകന്‍ അവരെ ജീവിതം പരിശീലിപ്പിച്ചു. ഈ ജീവിതത്തിന് മരണാനന്തര പരലോകത്ത് പടച്ചവന്റെ കോടതിയില്‍ കണക്ക് അവതരിപ്പിക്കേണ്ടിവരും എന്ന ബോധവും ബോധ്യവും പ്രവാചകന്‍(സ) അവരുടെ മനസ്സുകളില്‍ സന്നിവേശിപ്പിച്ചു. അങ്ങനെയാണ് അവര്‍ മദ്യത്തോടും വ്യഭിചാരത്തോടും അപരവിദ്വേഷത്തോടും സലാം പറഞ്ഞ് പിരിഞ്ഞ് സഹൃദയരായ മനുഷ്യരായി ജീവിക്കാന്‍ തുടങ്ങിയത്.
പരിവര്‍ത്തനം
സാധിച്ച വിധം
എങ്ങനെയാണ് അത്ഭുതകരമായ ഈ പരിവര്‍ത്തനം ഒരു വലിയ ജനവിഭാഗത്തില്‍ പ്രവാചകന്‍ സാധിച്ചെടുത്തത്? ഈ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതമാണ്. സത്യശുദ്ധമായ ദൈവവിശ്വാസവും ജീവിതത്തുടര്‍ച്ച എന്നു വിശേഷിപ്പിക്കാവുന്ന പരലോക ജീവിതബോധവും പ്രമാണബോധ്യത്തോടെ പ്രവാചകന്‍ അവരെ പഠിപ്പിച്ചു എന്നതാണ് ആ ലളിതസത്യം. 14 നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ലോകത്തെ 200ഓളം രാജ്യങ്ങളില്‍ 200 കോടിയോളം വരുന്ന മനുഷ്യര്‍ ഇന്നും ഏഴാം നൂറ്റാണ്ടില്‍ പ്രവാചകന്‍(സ) കൊളുത്തിവെച്ച ആ ദിവ്യപ്രകാശത്തിന്റെ വെള്ളിവെളിച്ചത്തില്‍ വിമോചനത്തിന്റെ മധുരം നുകര്‍ന്ന് ജീവിക്കുന്നു.
തന്റെ പ്രവര്‍ത്തനങ്ങളെ തനിക്ക് ജീവനും ജീവിതവും നല്‍കിയ പ്രപഞ്ച നാഥന്‍ സദാ നിരീക്ഷിക്കുന്നുണ്ടെന്നും ബഹുദൈവത്വം, കൊലപാതകം, വിധ്വംസക പ്രവര്‍ത്തനം, വ്യഭിചാരം, മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം, അഴിമതി, മോഷണം, ചൂഷണം, എന്തിന് പരദൂഷണം പോലും വര്‍ജിച്ചിട്ടില്ലെങ്കില്‍ മരണാനന്തര ജീവിതത്തുടര്‍ച്ചയില്‍ പടച്ചവന്റെ വിചാരണക്കോടതിയില്‍ കണക്കു പറയേണ്ടിവരുമെന്നും നരകശിക്ഷ നേരിടേണ്ടിവരുമെന്നുമുള്ള വിശ്വാസമാണ് സത്യസമ്പൂര്‍ണമായ വിമോചനത്തിന്റെ ചാലകശക്തി.
ദൈവവിശ്വാസം
അന്ധവിശ്വാസമല്ല
ദൈവവിശ്വാസവും പരലോകവിശ്വാസവും അന്ധവിശ്വാസമല്ലെന്നും യുക്തിഭദ്രവും പ്രമാണനിബദ്ധവുമായ ബോധ്യമാണെന്നും മനുഷ്യരെ പഠിപ്പിക്കുന്ന നിരവധി സൂക്തങ്ങള്‍ ഖുര്‍ആനില്‍ കാണാം. അവയില്‍ ഒന്നു മാത്രം ഉദ്ധരിക്കാം: ”അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ട് അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കി. പിന്നെ നിങ്ങളെ അവന്‍ മരിപ്പിക്കുന്നു. പിന്നീട് അവന്‍ നിങ്ങളെ ജീവിപ്പിക്കുകയും ചെയ്യും. അതില്‍പ്പെട്ട ഏതെങ്കിലും ഒരു കാര്യം ചെയ്യുന്ന ആരെങ്കിലും നിങ്ങള്‍ ദൈവത്തില്‍ പങ്കാളിയാക്കിയവരുടെ കൂട്ടത്തിലുണ്ടോ? അവന്‍ എത്ര പരിശുദ്ധന്‍! അവര്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്നെല്ലാം അവന്‍ അതീതനായിരിക്കുന്നു” (വി.ഖു 30:40).
ജനനം, ജീവിതം, മരണം എന്നീ മൂന്നു ദൃശ്യസത്യങ്ങളും പുനര്‍ജന്മം എന്ന വരാന്‍ പോകുന്ന ഒരു അദൃശ്യസത്യവും ചിന്തിക്കുന്ന മനുഷ്യന്റെ ബോധമണ്ഡലത്തെ തട്ടിയുണര്‍ത്താന്‍ പാകത്തില്‍ അവതരിപ്പിക്കപ്പെട്ട ശ്രദ്ധേയമായ ഒരു ദിവ്യസൂക്തമാണിത്.
ഏറ്റവും വലിയ
വിമോചനം
ഏകദൈവവിശ്വാസവും പരലോകവിശ്വാസവുമാണ് മനുഷ്യനെ ഇഹലോക ജീവിതത്തില്‍ സന്മാര്‍ഗ ചിട്ടയുള്ളവനും പരലോകത്ത് സ്വര്‍ഗപ്രാപ്യനുമാക്കുന്നത് എന്ന തിരിച്ചറിവാണ് ഇക്കാലത്ത് മനുഷ്യന്‍ തിരിച്ചറിയേണ്ട ഏറ്റവും വലിയ വിമോചനം. അഥവാ അത്തരമൊരു വിമോചനം സാധ്യമാകാന്‍ സത്യശുദ്ധമായ ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായ ജീവിതവിശുദ്ധി നാം സ്വായത്തമാക്കണം. കാലവും ലോകവും ഇന്ന് ആവശ്യപ്പെടുന്നതും അതുതന്നെയാണല്ലോ.