10 Tuesday
June 2025
2025 June 10
1446 Dhoul-Hijja 14

മുജാഹിദ് സമ്മേളന വിളംബരജാഥ ഉജ്ജ്വലമായി വിദ്വേഷ രാഷ്ട്രീയത്തെ തോല്പിക്കണം: എ പി ഉണ്ണികൃഷ്ണന്‍


മഞ്ചേരി: ‘വിശ്വമാനവികതയ്ക്ക് വേദവിളിച്ചം’ പ്രമേയത്തില്‍ ഫെബ്രു. 15 മുതല്‍ 18 വരെ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താമത് സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി കെ എന്‍ എം മര്‍കസുദ്ദഅവ മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച വിളംബര ജാഥ ജനപങ്കാളിത്തം കൊണ്ട് ഉജ്ജ്വലമായി. മഞ്ചേരിയില്‍ നിന്ന് കരിപ്പൂര്‍ സമ്മേളന നഗരി വരെ കാല്‍നടയായാണ് പ്രവര്‍ത്തകര്‍ ജാഥ സംഘടിപ്പിച്ചത്. ജാഥയില്‍ സ്ത്രീകളടക്കം ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു.
രാവിലെ 8ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ പി ഉണ്ണികൃഷ്ണന്‍ വിളംബര ജാഥ ഫ്‌ളാഗ്ഓഫ് ചെയ്തു. ഇതര മതസ്ഥരുടെ ആരാധനാലയങ്ങള്‍ കയ്യേറി അധികാരം സ്ഥാപിച്ച് വിജയാഹ്ലാദം നടത്തുന്ന വര്‍ഗീയ ശക്തികളാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ പേരില്‍ അക്രമവും അനീതിയും നടത്തുന്നത് ദൈവത്തോടുള്ള ധിക്കാരമാണ്. ഇന്ത്യയുടെ വിശ്വ സാഹോദര്യത്തിന്റെ പൈതൃകം വീണ്ടെടുക്കാന്‍ വിദ്വേഷ രാഷ്ട്രീയത്തിന്റെ ശക്തികളെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി കെ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ഐ എസ് എം ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട്, സെക്രട്ടറി അബ്ദുല്ലത്തീഫ് മംഗലശ്ശേരി, വി സി ഫാസില്‍ പ്രസംഗിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണ യോഗങ്ങളില്‍ നിസാര്‍ കുനിയില്‍, അമീനുല്ല സുല്ലമി, തഹ്‌സീന്‍ മഞ്ചേരി, ഹബീബ് മങ്കട, ഫസല്‍ റഹ്‌മാന്‍, ജൗഹര്‍ അരൂര്‍, ഷാദില്‍ മുത്തന്നൂര്‍ പ്രസംഗിച്ചു. കെ എം ഹുസൈന്‍, എ നൂറുദ്ദീന്‍, ശാക്കിര്‍ബാബു കുനിയില്‍, കെ അബ്ദുറഷീദ്, ഹബീബ് മൊറയൂര്‍, ഇല്യാസ് മോങ്ങം, സി എം സനിയ ടീച്ചര്‍, ത്വാഹിറ ടീച്ചര്‍ നേതൃത്വം നല്‍കി.

Back to Top